മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കേണ്ട സംഗതികള്‍ വരെ പല സീരിയലുകളിലുമുണ്ട്- ജൂറി ചെയർമാൻ


നിലീന അത്തോളി

സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ ഉയര്‍ന്ന കലാമൂല്യവും സാങ്കേതിക മികവുള്ളതും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്

ആർ ശരത് | മാതൃഭൂമി

ത്തവണയും സീരിയലുകള്‍ക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിലെ പ്രധാന പുരസ്‌കാരങ്ങള്‍ നല്‍കാതിരുന്നത് വലിയ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീധന ഗാര്‍ഹിക പീഡനമടക്കം വര്‍ധിക്കുന്നതിനു പിന്നില്‍ ഇത്തരം പരമ്പരകളുടെ സ്വാധീനത്തെ കുറിച്ച് പരമാര്‍ശിച്ചു കൊണ്ടാണ് ജൂറി ഇത്തരമൊരു നിര്‍ണ്ണയത്തിലെത്തിയത്. കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ പാടില്ലാത്തവിധം നിലവാരത്തകര്‍ച്ചയിലാണ് മലയാളത്തിലെ സീരിയലുകളെന്നും ജൂറി നിരീക്ഷിക്കുകയുണ്ടായി. സമൂഹത്തെ മലിനമാക്കുന്ന സീരിയല്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ചും സർക്കാർ ഈ വിഷയത്തില്‍ കൈക്കൊള്ളേണ്ട തുടര്‍നടപടികളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകനും ജൂറി ചെയര്‍മാനുമായ ആര്‍ ശരത്.

രണ്ടാം വര്‍ഷമാണ് കേരളത്തിലെ ടെലിസീരിയലുകളുടെ നിലവാരത്തകര്‍ച്ച ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ചര്‍ച്ചയാവുന്നത്. മികച്ച സീരിയല്‍, സംവിധായകന്‍, അടക്കം പ്രമുഖ അവാര്‍ഡുകളൊന്നും തന്നെ ഇത്തവണ നല്‍കിയിട്ടില്ല. നിലവാര തകര്‍ച്ചയുണ്ടെന്നത്‌ കാലാകാലങ്ങളായി പൊതുസമൂഹമുയര്‍ത്തുന്ന കാര്യമാണ്. സീരിയലുമായി ബന്ധപ്പെട്ട് ജൂറിക്കേറ്റവും ഗൗരവമായി തോന്നിയ പ്രശ്‌നങ്ങളെന്തൊക്കെയാണ്...........കഴിഞ്ഞ തവണ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും അവാര്‍ഡില്ലായിരുന്നു. ഇത്തവണ കുറച്ചു കൂടി പരിതാപകരമാണ് കാര്യങ്ങള്‍. മികച്ച സീരിയല്‍, സംവിധാനം, കലാസംവിധാനം, ടെലിഫിലിം എന്നിവയുള്‍പ്പെടെ ആറ് അവാര്‍ഡുകള്‍ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ ഉയര്‍ന്ന കലാമൂല്യവും സാങ്കേതിക മികവുള്ളതും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഉയര്‍ന്ന കലാമൂല്യമോ, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസമൂല്യങ്ങളോ ഒട്ടും ഉയര്‍ത്തിപ്പിടിക്കുന്നതല്ല ഈ സീരിയലുകളൊന്നും തന്നെ. ഏറ്റവും ഭീതിപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചിരിക്കുന്ന രീതിയാണ്. രണ്ട് കൂട്ടരും വിലപിക്കുന്നതാണ് മിക്ക സീരിയലുകളും. സ്ത്രീയെ ബന്ധപ്പെടുത്തി വര്‍ക്ക്‌പ്ലേസോ കാമ്പസോ ഒന്നും വിഷ്വലില്‍ കാണുന്നില്ല.

ഇപ്പോ സൂചിപ്പിച്ച പോലെ സ്ത്രീയെ വീടുമായി മാത്രം ബന്ധപ്പെടുത്തി ഒരുക്കുന്ന നായികാകഥാപാത്രങ്ങള്‍ കുടുംബം നോക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ ഉത്തരവാദിത്വവും ലക്ഷ്യവും എന്ന സന്ദേശമല്ലേ കേരളത്തിലെ കുടുംബങ്ങൾക്ക് നൽകുന്നത്?

പലതിലും സാഡിസമാണ് .. സ്ത്രീധനത്തെ ചൊല്ലിയതാണ് പലതും. അമ്മായിയമ്മയുമായുള്ള ബന്ധമൊന്നിലും തന്നെ സൗഹൃദപരമായോ പുരോഗമനപരമായോ കാണിക്കുന്നില്ല. ക്വാളിറ്റി ഇല്ലെന്ന് സ്വയം മനസ്സിലാക്കികൊണ്ട് പല സീരിയലുകാരും അവാര്‍ഡിന് അപേക്ഷച്ചിട്ടേ ഇല്ല. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുക്കേണ്ട സംഗതികള്‍ വരെ പല സീരിയലുകളിലുമുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ പലപ്പോഴും പെണ്ണിന്റെ കയ്യിലിരിപ്പ് കൊണ്ടാണ് നടക്കുന്നതെന്ന തരത്തിലുള്ളതാണ് സംഭാഷണങ്ങൾ.

മാത്രമല്ല ബന്ധങ്ങള്‍ തകര്‍ക്കുന്നത് പലപ്പോഴും സത്രീകളാണെന്നും ഈ സീരിയലുകള്‍ പറഞ്ഞുവെക്കുന്നുണ്ട്. സ്ത്രീകളുടെ സങ്കടങ്ങളും വിദ്വേഷങ്ങളുമാണ് പലപ്പോഴും കഥാഗതിയെ നയിക്കുന്നത്. വിദ്യാഭ്യാസമുള്ളവരോ സാമൂഹിക ബന്ധമുള്ളവരോ ബോള്‍ഡ് ആയവരോ ആയി സീരിയലുകളിലെ സ്ത്രീകളെ ഒരിക്കലും അനുഭവപ്പെടാറില്ല.

സാഡിസത്തിനു പുറമെ സ്‌നേഹത്തിന്റെ അമിത്വമഹത്വവത്കരണവും, വിധേയത്വവും അടിമത്തവുമാണ് സ്‌നേഹമെന്ന വികലധാരണകളും ഇതേ സീരിയലുകൾ നല്‍കുന്നില്ലേ.......

ഒരു ലോജിക്കുമില്ലാത്ത അടിമത്തം. മുഴുവനായും സ്ത്രീവിരുദ്ധമാണ് മലയാള സീരിയലുകള്‍. വീടിനകത്തിരിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യലാണ് സ്ത്രീ എന്ന് നായികാ നായകകഥാപാത്രങ്ങള്‍ വന്ന് പറയുകയാണ് ദിവസവും. സ്ത്രീകളുടെ ഈ കരച്ചിലിനെയും അടിമത്തത്തെയും സഹനശക്തിയെയുമെല്ലാം അമിതമഹത്വവത്കരിക്കുന്നതും അംഗീകരിപ്പിക്കുന്നതും കുട്ടി കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് എന്നതും അപകടകരമാണ്.

മറ്റൊരു പ്രശ്‌നം ഭാഷയാണ്. മലയാളത്തിന് ഏറ്റവും അപമാനമാണ് സീരിയലുകളിലെ ഭാഷ എന്നത്. കുട്ടികള്‍ കേട്ട് പഠിക്കുന്നതും ഏറ്റവും കൂടുതല്‍ എക്‌സ്‌പോസ്ഡ് ആകുന്നതും ഈ ഭാഷയോടാണ്. സിനിമയില്‍ സത്രീകളെ ചീത്തവിളിക്കുന്നതിന് സെന്‍സര്‍ഷിപ്പുണ്ട്. എന്നാല്‍ സീരിയലുകളില്‍ സ്ത്രീകളെ തെറിവിളിക്കുകയും അടിക്കുകയും നീചമായി കൈകാര്യം ചെയ്യുന്നതുമെല്ലാം അപ്പടി ചിത്രീകരിക്കുകയാണ്.

സീരിയലുകളിലെ സാങ്കേതിക നിലവാരത്തെ കുറിച്ച് എന്താണ് അഭിപ്രായം?

കാമറ ഒരേ രീതിയില്‍ സഥാപിച്ചാണ് മിക്ക ഷോട്ടുകളും. ഞങ്ങൾ പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് രണ്ട് സീരിയലുകളുടെ ക്ലൈമാക്‌സ് ഒന്നാണ് എന്നാണ്. ആളുകളെ വിഡ്ഢിയാക്കുകയാണ്. തെലുങ്ക് തമിഴ് ആർട്ടിസ്റ്റുകളാണ് പലതിലും എന്നതുകൊണ്ട് തന്നെ പല സീരിയലുകളിലെ പല കഥാപാത്രങ്ങള്‍ക്കും ഒരേ ശബ്ദമാണ്.സംഗീതമില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോറുകള്‍ക്ക് വരെ മറ്റ് സിനിമകളിലെ പാട്ടുകളാണ് ഉപയോഗിക്കുന്നത്. ആ തരത്തില്‍ അനുകരണമാണ്. ഒറിജിനല്‍ സ്‌കോറുകള്‍ ഇല്ല.

ജ‍ഡ്ജ് ചെയ്യാനായി വര്‍ഷങ്ങള്‍ നീണ്ട എപ്പിസോഡുകള്‍ ഉള്ള ഈ സീരിയലുകള്‍ കണ്ടു തീര്‍ക്കുക എന്നതും സാഹസമല്ലേ......

50 എപ്പിസോഡ് കണ്ടാല്‍ മതി. എട്ട് ഒമ്പത് അപേക്ഷകളെ വന്നിരുന്നുള്ളൂ. അത് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാക്കി.

തുടര്‍ച്ചയായി രണ്ട് വര്‍ഷവും നിലവാരമുള്ള സീരിയലുകളില്ല എന്ന പ്രഖ്യാപനത്തിലൂടെ ജൂറി ആ തരത്തില്‍ ബോധവത്കരണത്തിന് തുടക്കമിട്ടതായി കാണാം..പക്ഷെ എതിർപ്പുകളും നേരിട്ട് കാണുമല്ലോ?

അവാര്‍ഡ് കൊടുക്കാത്തത് ചാനലുകാര്‍ക്കും മറ്റും ദേഷ്യമുണ്ടാക്കിയിട്ടുണ്ട്. ബോധവത്കരണത്തിന്റെ ഭാഗമായി നല്ല സീരിയലുകള്‍ക്ക് സാമ്പത്തിക സഹായം സര്‍ക്കാരിനാലോചിക്കാവുന്നതാണ്. വര്‍ക്ഷോപ്പുകള്‍ നല്‍കണം. ഒരു സ്ത്രീയും സീരിയലുകളുടെ സംവിധാനരംഗത്തേക്ക് വരുന്നില്ല. നല്ല സീരിയലില്ല എന്ന പ്രഖ്യാപനത്തിലൂടെ തങ്ങള്‍ ഇത്രനാളും കണ്ടുകൊണ്ടിരുന്നത് ഒരു തരത്തിലും നിലവാരമില്ലാത്ത കണ്ടന്റ് ആണെന്ന സ്വയം ബോധ്യപ്പെടടിലേക്ക് പ്രേക്ഷകരും എത്തും എന്ന പ്രതീക്ഷ ഇല്ലാതില്ല.

ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലെല്ലാം സീരിയലുകൾ വമിപ്പിക്കുന്ന വിഷത്തിനെതിരേ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ മാറ്റങ്ങളൊന്നുമുണ്ടാവുന്നില്ല. തീരുമാനങ്ങളുണ്ടാവുന്നില്ല. അതിനാല്‍ കൂടിയാണ് ഇത്തവണ ക്വാളിറ്റി ഇല്ലാത്തതിനാല്‍ ആറ് അവാര്‍ഡുകള്‍ കൊടുക്കാതിരിക്കാനുള്ള തീരുമാനം എടുത്തതും. പണ്ട് നിരവധി സാഹിത്യകൃതികള്‍ ടെലിവിഷന്‍ സീരിയലുകളായിട്ടുണ്ട്. അവയെല്ലാം യാഥാര്‍ത്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതും നവീകരണ സ്വഭാവമുള്ളതുമായിരുന്നു.

ഐകകണ്‌ഠ്യേനയുള്ള തീരുമാനമായിരുന്നോ ജൂറിയുടേത്....

അതെ. എല്ലാവരും ഒറ്റക്കെട്ടായിട്ടായിരുന്നു തീരുമാനമെടുത്തത്.

സമൂഹത്തെ പിന്നോട്ടടിക്കുന്ന ഈ കണ്ടന്റുകള്‍ക്ക് ഏററവും കൂടുതല്‍ എക്‌സോപസ്ഡ് ആവുന്നത് വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമാണ്. അവരുടെ മാനസികാരോഗ്യത്തെ സാമൂഹിക വീക്ഷണത്തെയും ഈ ട്രാപ്പില്‍ നിന്ന് രക്ഷിക്കാന്‍ ജൂറി ഏതെങ്കിലും തരത്തില്‍ നിര്‍ദേശം മുന്നോട്ടു വെക്കുന്നുണ്ടോ.............

60 കഴിഞ്ഞവരാണ് കാഴ്ച്ചക്കാരിലെ ബഹുഭൂരിഭാഗം. കോവിഡ് കാലത്ത് സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ കുട്ടികളും ഇതിന്റെ ഇരകളാണ്. നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സാംസ്‌കാരിക മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് വന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ ചാനല്‍ മേധാവികളുടെ യോഗം വിളിച്ചുചേര്‍ക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിരോധിക്കലും സെന്‍സറിങ്ങും ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് കൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ ബോധവത്കരണമാണ് ലക്ഷ്യം വെക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ ബാക്ക്ഗ്രൗണ്ടില്‍ സീരിയലുകള്‍ കാണുന്നുവെന്ന് പല അദ്യാപകരും പറയാറുള്ള കാര്യമാണ്.

സ്‌ക്രിപ്റ്റിന് അംഗീകാരം കൊടുക്കാന്‍ ഓരോ ചാനലും പ്രത്യേക സമിതിയുണ്ടാക്കേണ്ടതാണ്. അത് സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതുമാവണം. സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിനേക്കാളും സീരിയല്‍ ബാനിനേക്കാളും അതാവും പ്രായോഗികം. ആവിഷ്‌കാര സ്വാതനത്ര്യത്തിലുള്‌ല കൈകടത്തലാവില്ല. സ്ത്രീകളെയും കുട്ടികലെയും ഇകഴ്ത്തുന്ന രംഗങ്ങളില്ലെന്ന ഉരപ്പു വരുത്താന്‍ ഈ സമിതിക്കാവണം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented