ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ ഘടകങ്ങളില്ലെന്നും ഉണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അത്തരത്തിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു) നേതാവ് രാകേഷ് ടികേത്ത്.

കര്‍ഷകസമരം തീവ്രഇടതുസംഘടനകള്‍ റാഞ്ചിയെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. സമരത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തീവ്ര ഇടതുസംഘടനകള്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. കര്‍ഷകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികേത്ത്.

"കേന്ദ്ര ഏജന്‍സികള്‍ അത്തരക്കാരെ പിടികൂടണം. ഏതെങ്കിലും നിരോധിത സംഘടനകളിലെ നേതാക്കള്‍ ഇവിടെ ഞങ്ങള്‍ക്കൊപ്പം തിരിഞ്ഞുകളിക്കുന്നുണ്ടെങ്കില്‍ അവരെ അഴികള്‍ക്കുള്ളിലാക്കണം. ഞങ്ങള്‍ അത്തരത്തിലുള്ള ഒരാാളെപ്പോലും ഇവിടെ കണ്ടിട്ടില്ല. ഇനി അങ്ങനെ കണ്ടാല്‍ തന്നെ അവരെ ഞങ്ങള്‍ പറഞ്ഞയക്കും", മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ടികേത്ത് പറഞ്ഞു.  

ഡല്‍ഹി- ഗാസിപുര്‍ അതിര്‍ത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ഈ മാര്‍ച്ചിലൂടെ തങ്ങളവര്‍ക്കൊരു സന്ദേശം നല്‍കാനാഗ്രഹിക്കുന്നു എന്നാണ് ടികേത്ത് പറഞ്ഞത്.

പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായുള്ള കര്‍ഷക സമരം 17ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സമരം അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം.

content highlights: No anti-national element in our agitation, says BKU leader Rakesh Tikait