2018 ല്‍ 17 പേരുടെ ജീവന്‍ കവര്‍ന്ന നിപ്പ ജില്ല വിട്ടു പോവാതെ ഒതുക്കിയതിനു പിന്നില്‍ ഭരണകൂടത്തെ പോലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരും വഹിച്ച പങ്ക് വലുതാണ്. ഇന്ന് ലോകത്തെ മുഴുവന്‍ ബാധിച്ച കൊറോണ വൈറസ് കേസുകൾ കേരളത്തിലും സ്ഥിരീകരിക്കുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൊറോണ പോരാട്ട സേനയിൽ ആ പഴയ നിപ്പാ പോരാളികളുമുണ്ട്.

നിപ്പാ സമയത്ത് രോഗികളെ പരിചരിച്ചവരിലൊരാളാണ് സ്റ്റാഫ് നഴ്‌സായ എഡി ദിവ്യ. നിപ കാലത്തുള്ളതുപോലുള്ള തീവ്രമായ മരണഭയം കൊറോണ ഉയർത്തുന്നില്ലെങ്കിലും ത്യാഗോജ്ജ്വലമായ ജീവിതമാണ് നഴ്‌സുമാരും ഡോക്ടര്‍മാരും കോവിഡ് കാലത്തും നയിക്കുന്നത്.  40 സ്റ്റാഫ് നഴ്‌സുമാരാണ് ഐസോലേഷന്‍ വാര്‍ഡ് ഡ്യൂട്ടിയില്‍ മാത്രമുള്ളത്. 

ചൈനയിലെ വുഹാനില്‍ കൊറോണ വ്യാപനം തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമായിരുന്നു. അതിനും എത്രയോ കഴിഞ്ഞാണ് തൃശ്ശൂരിൽ ഇന്ത്യയിലെ തന്നെ ആദ്യ മൂന്ന് കൊറോണ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

"നിപാ കാലത്തെ അനുഭവ സമ്പത്ത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ചൈനയില്‍ കൊറോണ വന്നപ്പോഴേ ജിറിയാട്രിക് വാര്‍ഡ് ഐസൊലേഷന്‍ വാര്‍ഡാക്കി ഞങ്ങള്‍ തയ്യാറെടുത്തിരുന്നു. ആ സമയത്തൊന്നും കേരളത്തിൽ പോസിറ്റീവ് കേസുണ്ടായിരുന്നില്ല. നിപ്പ രോഗികളില്‍ രണ്ട് പേരൊഴിച്ച് രോഗബാധിതരായ 17പേരും മരിച്ചിരുന്നു. കൊറോണയുമായി താരതമ്യം ചെയ്യുമ്പോള്‍ നിപയുടെ മരണ നിരക്ക് വളരെ കൂടുതലായിരുന്നു. പക്ഷെ കൊറോണ ഭയപ്പെടുത്തുന്നത് എല്ലാവര്‍ക്കും നിശബ്ദ വാഹകരാവാന്‍ കഴിവുണ്ട് എന്നിടത്താണ്. ശ്രദ്ധയും ജാഗ്രതയും കൂടിയേ തീരൂ", ദിവ്യ പറയുന്നു.

"നിപ്പ ബാധിച്ചു മരിച്ച ഒരു പയ്യന്റെ വീട്ടുകാര്‍ അന്ന് പൊട്ടിക്കരഞ്ഞതോര്‍മ്മയുണ്ട്. ആളുകള്‍ തങ്ങളെയും മോനെയും വെറുപ്പോടു കൂടിയാണ് കാണുന്നതെന്നോര്‍ത്തായിരുന്നു അവര്‍ കണ്ണീര്‍ വാര്‍ത്തത്.നിപ്പ രോഗികളോടും അവരുടെ വീട്ടുകാരോടും ക്രൂരമായാണ് അന്ന് പൊതു സമൂഹം പെരുമാറിയത്. പക്ഷെ ആ ഒരു ഭീകര മാനസികാവസ്ഥയില്‍ കൂടി കൊറോണ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കടന്നു പോകേണ്ടതില്ലെന്നത് ആശ്വാസകരമാണ്. 

മെഡിക്കൽ കോളേജിലെ കോവിഡ് രോഗികള്‍ വളരെ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. കോവിഡെന്ന് സംശയിക്കുന്ന 30ഓളം പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്.ഇതില്‍ അഞ്ചോളം പോസിറ്റീവ് കേസുകളാണുള്ളത്. അലഞ്ഞുതിരിഞ്ഞു തെരുവില്‍ കഴിയുന്നവരും അവരിലുണ്ടായിരുന്നു.പക്ഷെ രോഗം സംശയിക്കുന്നവരെയും രോഗികളെയും ഒരേ പോലെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു വിധം എല്ലാവരുടെ അടുത്തും സ്മാര്‍ട് ഫോണുള്ളതു കൊണ്ട് ആര്‍ക്കും തന്നെ വലിയ പരാതികളില്ലായിരുന്നു. വീട്ടുകാര്‍ ഹോം ക്വാറന്റൈന്‍ ആയിരുന്നു. നല്ല സാമൂഹിക പ്രതിബദ്ധത പല ചെറുപ്പക്കാരിലും കണ്ടു. ഒരാള്‍ രോഗം ഭേദമായി മടങ്ങിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ച് കവിത വരെ എഴുതി", ദിവ്യ പറയുന്നു.

Nurse Divya
നഴ്സ് ദിവ്യ എ.ഡി

മുന്‍കരുതലുകള്‍, ത്യാഗങ്ങള്‍

മരണം സംഭവിക്കാതെ ആരോഗ്യത്തോടെ തിരിച്ചുപോകാന്‍ അത്രയ്ക്കധികം ഞങ്ങളോരോരുത്തരും പരിശ്രമിക്കുന്നുണ്ട്. കോവിഡ് രോഗി പിന്നീട് നെഗറ്റീവ് ആയി പോകുമ്പോള്‍ സന്തോഷം രോഗിയ്ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല. മൊത്തം സമൂഹവും ആ പ്രദേശത്തുള്ളവരും അധികാരികളും സര്‍ക്കാരും സന്തോഷിക്കുന്നുണ്ട്", ദിവ്യ പറയുന്നു.

"പിപി കിറ്റ് ധരിച്ച് ആറ് മണിക്കൂറാണ് ജോലി ചെയ്യുന്നത്. ബുദ്ധിമുട്ട് കാരണം ഇപ്പോള്‍ നാല് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഗോഗിള്‍സ്, ഹെഡ്കവര്‍, സോക്‌സ്, ഗ്ലൗസ് എന്നിങ്ങനെ ഒരു ചെറു ദ്വാരം പോലുമില്ലാതെ ശരീരം മുഴുവന്‍ മൂടുന്ന പിപികിറ്റ് ധരിച്ചാണ് ആറ് മണിക്കൂര്‍ ഓരോ ആരോഗ്യപ്രവര്‍ത്തകരും ജോലി ചെയ്യുന്നത്.പിപികിറ്റ് ധരിക്കുന്നതിനേക്കാള്‍ ശ്രദ്ധയോടെ വേണം ഊരാന്‍. ലൈസോള്‍ ദേഹം മുഴുവന്‍ സ്പ്രേ ചെയ്ത ശേഷമാണ് പിപിക്കിറ്റ് ഊരുക. പിപികിറ്റില്‍ മുഴുവന്‍ വൈറസാണെന്ന ശ്രദ്ധയോടെ വേണം ഊരാന്‍, " ദിവ്യ കൂട്ടിച്ചേർത്തു.

പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനില്‍ കഴിയുകയാണ് ദിവ്യയും ഒപ്പമുള്ളവരും. ആ പത്ത് ദിവസവും മോതിരവും വളയും താലിമാലയും ഒന്നും ധരിക്കാതെയാണ് ദിവ്യയെപ്പോലുള്ള നഴ്‌സുമാരെല്ലാവരും ജോലിക്ക് പ്രവേശിച്ചിരുന്നത്. പൊട്ടും സിന്ദൂരവും വരെ ഒഴിവാക്കി.ഡ്യൂട്ടി കഴിഞ്ഞ് പിപികിറ്റ് ഊരിയാല്‍ ദേഹം വൃത്തിയാക്കി നേരെ കാറില്‍ കയറും. ഭര്‍ത്താവ് കാറുമായി പുറത്ത് കാത്ത് നില്‍പ്പുണ്ടാവും.ദിവ്യയുടെ ഡ്യൂട്ടി കഴിയുന്ന ആറു മണിക്കൂറും ഭര്‍ത്താവ് മെഡിക്കല്‍ കോളേജ് പരിസരത്ത് കാറിലാണ് ഇരിക്കാറ്.ലോക്ക് ഡൗണിലെ യാത്രകള്‍ കുറക്കാനാണ് ഇങ്ങനെ ചെയ്തത്. കാറില്‍ തന്നെ ബാക്ക് സീറ്റിലിരുന്നാണ് ദിവ്യയുടെ യാത്ര. വീട്ടില്‍ ചെന്ന് പുറത്തെ കുളിമുറിയില്‍ നിന്ന് ഒരുതവണ കുളിക്കും. വേഷം സോപ്പുവെള്ളത്തില്‍ അരമണിക്കൂര്‍ പുതര്‍ത്തിയിടും. അത് അലക്കിയ ശേഷം വീണ്ടും കുളിക്കും. ഇതാണ് ദിവ്യ ആ പത്ത് ദിവസവും പിന്തുടര്‍ന്ന രീതി. 

കുടുംബം, നാട്ടുകാര്‍

ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സഹകരണം മാത്രമല്ല സ്വന്തം വീട്ടില്‍ നിന്നും താമസിക്കുന്ന പ്രദേശത്തുനിന്നുമുള്ളവരുടെയും പിന്തുണ തങ്ങളെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണെന്ന് ഇവരോരോരുത്തരും പറയുന്നു.നഴ്സുമാരിൽ പലരും അയല്‍വാസികളുടെയും നാട്ടുകാരുടെയും അര്‍ഥം വെച്ചുള്ള നോട്ടങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. കൊറോണയും കൊണ്ടാണ് വരുന്നതെന്ന രീതിയിലാണ് ചിലനാട്ടുകാരെങ്കിലും ആരോഗ്യപ്രവർത്തകരോട് പെരുമാറുന്നത്. പക്ഷെ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വലിയ പിന്തുണയാണ് ദിവ്യയ്ക്ക് ലഭിച്ചത്. 

മക്കളെ രണ്ട് പേരെയും നിപാ കാലത്ത് തന്നെ സ്വന്തം വീട്ടിലേക്ക് മാറ്റി നിര്‍ത്തിയ ശീലമുള്ളതിനാല്‍ കൊറോണക്കാല ഡ്യൂട്ടിയില്‍ മക്കളെയോര്‍ത്തുള്ള വേവലാതി ദിവ്യക്കുണ്ടായില്ല. ഡ്യൂട്ടിയാണ് എന്ന് പറഞ്ഞപ്പോള്‍ രണ്ട് പേരും റെഡിയായി. ഭര്‍തൃ മാതാവിന് പെട്ടെന്ന് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതിനാലാണ് വീട്ടിലേക്ക് വരേണ്ട അവസ്ഥ ദിവ്യക്കുണ്ടായത്. ബാക്കി കൊറോണ വാര്‍ഡിലെ 99% പേരും ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലുകളിലാണ് താമസം. 

ഐസൊലേഷൻ വാർഡുകളിലെ അണുക്കളെ തുരത്തുന്നവർ

നിപ്പാ കാലത്തെ ശുചീകരണ രംഗത്തെ സ്തുത്യര്‍ഹ സേവനത്തിന് ആരോഗ്യമന്ത്രിയുടെയടക്കം അഭിനന്ദനത്തിന് വിധോയനായ വ്യക്തിയാണ് ഇപി രജീഷ്. നിപ്പ രോഗികളുടെ വാര്‍ഡുകള്‍ തുടച്ചു തൂവി വൃത്തിയാക്കിയിരുന്നത് രജീഷിനെപ്പോലുള്ള അനേകം താത്ക്കാലിക ശുചീകരണ തൊഴിലാളികളായിരുന്നു. അവരുടെ മാലിന്യങ്ങള്‍ സ്‌ട്രെച്ചറില്‍ ഉന്തിക്കൊണ്ടുപോകുന്ന ചിത്രം നിപ്പാകാലത്ത് വലിയ രീതിയില്‍ ചര്‍ച്ചയുമായിരുന്നു. ഇന്ന് കൊറോണ കാലത്തും മെഡിക്കല്‍ കോളേജിലെ ശുചീകരണ പ്രവൃത്തിയില്‍ സജീവമായി രജീഷുമുണ്ട്. 10 ദിവസത്തെ സേവനത്തിന് ശേഷം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ് രജീഷ്. മരിച്ച് രോഗികളുടെ മൃതശരീരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാക്ക് ചെയ്യുന്ന ജോലിയും രജീഷ് ചെയ്തിരുന്നു. 
"പനി ഒപിയിലുള്ള ആര് മരിച്ചാലും നിപാ രോഗികളെ പാക്ക് ചെയ്ത പോലെ ചെയ്യും.നെഗറ്റീവ് ആണെങ്കിലും ബോഡിപാക്ക് ചെയ്യുന്നതില്‍ റിസ്‌ക് എടുക്കാറില്ല", രജീഷ് പറയുന്നു.

"പിജി വിദ്യാര്‍ഥികള്‍ക്കായി പണിത ഫ്‌ലാറ്റിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്.ജോലിക്കു ശേഷം പ്രത്യേക ആംബുലന്‍സിലാണ് ഞങ്ങളെ അധികൃതര്‍ താമസസ്ഥലത്തത്തെിച്ചത്. അത്രയ്ക്ക് ശ്രദ്ധയോടെയാണ് അധികൃതര്‍ ഈ സന്നിഗ്ധ ഘട്ടത്തെ കൈകാര്യം ചെയ്യുന്നത്. ഉദ്ഘാടനത്തിനു മുമ്പെ കെട്ടിടം ഞങ്ങള്‍ കൊറോണ വാര്‍ഡിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി തുറന്നു തരികയായിരുന്നു. 10 ദിവസത്തെ ഡ്യൂട്ടിക്കു ശേഷം ഇപ്പോള്‍ ദേവഗിരി ടാഗോര്‍ ഹോസ്റ്റലിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്.

24 മണിക്കൂര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയാണ് ആ പത്ത് ദിവസവും ചെയ്തത്.നാല് പേരുടെ മൃതദേഹമാണ് ഞങ്ങളുടെ ടീം കെട്ടി. രണ്ടാമത്തെ ടീം ആറ് ബോഡിയും മൂന്നാമത്തെ ടീം പത്ത് ബോഡിയും കെട്ടി. പനി ഒപിയിലെ രോഗികള്‍ മരിച്ചാല്‍ കോവിഡ് നെഗറ്റീവാണെങ്കിലും ഇത്തരത്തില്‍ തന്നെയാണ് കെട്ടിയിരുന്നത്, രോഗികളുടെ മുറികൾ തുടക്കലെല്ലാം ജോലിയുടെ ഭാഗമായിരുന്നു. ഇടനാഴിക ഓരോ മൂന്ന് മണിക്കൂറും ബ്ലീച്ചിട്ടാണ് കഴുകിയിരുന്നത്", രജീഷ് പറയുന്നു.

content highlights: Nipa heroes are on duty in Kozhikode medical college during Covid 19 time, Salute the heroes