കുട്ടിക്കാലത്തുതന്നെ തുല്യതയില്‍ ഊന്നിയ ലിംഗലൈംഗികാവബോധം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമെന്ന നിലയ്ക്കാണ് വസ്ത്രങ്ങളിലും കളികളിലും ഇരിപ്പിടങ്ങളിലുമൊക്കെ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നത്. ഇത് സമഗ്രമായ ജെന്‍ഡര്‍ അവബോധത്തിലേക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സമൂഹത്തില്‍ അധമസ്ഥാനം നിലനിര്‍ത്തുന്നതില്‍ ജെന്‍ഡര്‍ റോളുകളും പെരുമാറ്റങ്ങളും വഹിക്കുന്ന പങ്ക് കാലങ്ങളായി പറഞ്ഞുവരുന്നതാണ്. കുട്ടിക്കാലം മുതല്‍ വസ്ത്രധാരണത്തിലും കളിപ്പാട്ടങ്ങളിലും ഉള്ള വേര്‍തിരിവുകളൊക്കെയാണ് ജെന്‍ഡര്‍വ്യത്യാസം നിര്‍മിച്ചെടുക്കുന്നത്. വീടുകളില്‍നിന്ന് തുടങ്ങുകയും സ്‌കൂളുകളിലൂടെയും കോളേജുകളിലൂടെയും വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും അത് നിലനിര്‍ത്തിപ്പോരുകയുമാണ്. വീട്ടിലും സമൂഹത്തിലും നിലനില്‍ക്കുന്ന ആണ്‍കോയ്മാമൂല്യങ്ങള്‍ അറിയാതെ വിദ്യാഭ്യാസമേഖലയിലുള്ളവരും പിന്തുടരുന്നതിന്റെ പ്രതിഫലനമാണ് അതില്‍ കാണുന്നത്. മറുവശത്ത് സാര്‍വത്രിക വിദ്യാഭ്യാസം നിലവിലുള്ള കേരളത്തില്‍ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന മൂല്യങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുകയും ചെയ്യും. ഏറ്റവും സുരക്ഷിതമെന്ന് നമ്മള്‍ കരുതുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ധാരാളമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. ലിംഗപദവിയിലെ അസമത്വങ്ങളാണ് അതിക്രമങ്ങളിലേക്ക് നയിക്കുന്നതെന്ന കാര്യത്തിലും ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.

ഏതുമൂല്യമാണ് ആവിഷ്‌കരിക്കേണ്ടത്

കുട്ടിക്കാലത്തുതന്നെ തുല്യതയില്‍ ഊന്നിയ ലിംഗലൈംഗികാവബോധം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമെന്ന നിലയ്ക്കാണ് വസ്ത്രങ്ങളിലും കളികളിലും ഇരിപ്പിടങ്ങളിലുമൊക്കെ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നത്. ഇത് സമഗ്രമായ ജെന്‍ഡര്‍ അവബോധത്തിലേക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ജെന്‍ഡറും ലൈംഗികതയും വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയിലും ജെന്‍ഡര്‍ അവബോധത്തിന് ആധുനികസമൂഹത്തില്‍ കേന്ദ്രസ്ഥാനം നല്‍കേണ്ടി വരും. എന്നിട്ടും എന്തുകൊണ്ട് ഇത് വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നില്ല എന്നത് ഇപ്പോഴെങ്കിലും ചിന്തിക്കണം. ഇതേപ്പറ്റി പറയുമ്പോഴൊക്കെ എതിര്‍പ്പുകള്‍ ഉണ്ടാകുന്നതെന്തു കൊണ്ടാണെന്നും.

സമഗ്രമായ ലിംഗലൈംഗികതാ ബോധത്തില്‍ എല്ലാവരും സാധാരണ പറയാറുള്ളതു പോലെ മൂല്യത്തിന് വലിയ പങ്കുണ്ട്. എന്ത് മൂല്യമാണെന്നതിലാണ് വ്യത്യാസമുണ്ടാകേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ മനുഷ്യരെ വേറിട്ടു കാണുന്ന മൂല്യത്തിനു പകരം, തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യമാണ് ആവിഷ്‌കരിക്കേണ്ടത്. അത് കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ അവരോടൊപ്പം, പഴയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പം പഠിക്കേണ്ടതുണ്ട്. അതിന് തയ്യാറായേ മതിയാകൂ. കാലം അതാവശ്യപ്പെടുന്നു.

അറിഞ്ഞു വളരട്ടെ

തുല്യതയില്‍ ഊന്നിയ ലിംഗലൈംഗികബോധം കുട്ടികളില്‍ ചെറുപ്രായം മുതല്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ബൗദ്ധികതലത്തിലും വൈകാരികതലത്തിലും സാമൂഹികതലത്തിലുമുള്ള ആണ്‍കോയ്മാമൂല്യങ്ങളെ പിഴുതുമാറ്റി സൗഹൃദത്തിന്റെ വേരുറപ്പിക്കണം. അതിലേക്കുള്ള ചുവടുവെപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് സമഗ്രമായ ഒരു പൊളിച്ചെഴുത്തിലേക്കെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് എന്തൊക്കെ മനസ്സിലാക്കാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ജെന്‍ഡര്‍പരിശീലനം നടത്തേണ്ടത്. അത് ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു കൂടി മനസ്സിലാക്കണം. ശരീരത്തെയും ശരീരഭാഗങ്ങളെയും മോശമായി കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കരുത്. അതേസമയം ശരീരത്തിന്റെ വ്യത്യസ്തതകള്‍ അവര്‍ അറിഞ്ഞിരിക്കുകയും വേണം. ഏത് ജെന്‍ഡര്‍ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കണം. അതെപ്പോഴും ശരീരഘടനയ്ക്കനുസരിച്ചായിക്കൊള്ളണമെന്നില്ല. അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ട്രാന്‍സ്ജെന്‍ഡറായിട്ടുള്ളവരെ അംഗീകരിക്കാന്‍ കഴിയുകയുള്ളൂ.

കാലങ്ങളായി, പഠിച്ചു പോന്നിട്ടുള്ള ആണ്‍-പെണ്‍ നിര്‍മിതികളെ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല. കൗമാരത്തിലേക്ക് വളരുന്ന ആണ്‍കുട്ടികള്‍ക്ക് ലൈംഗികമായ ഉത്തേജനം കൂടുതലായി ഉണ്ടാകും. പെണ്‍കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഫലമായി ഉണ്ടായേക്കാവുന്ന പ്രത്യുത്പാദനപരമായ മാറ്റങ്ങള്‍ ഉത്കണ്ഠയുണ്ടാക്കാന്‍ ഇടയുണ്ട്. ആണ്‍കുട്ടികള്‍ക്കും ചിലപ്പോള്‍ ശരീരത്തിലെ മാറ്റങ്ങള്‍ മാനസിക സമ്മര്‍ദമുണ്ടാക്കും. അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്നുണ്ടാകും. അതെല്ലാം അവരോട് തുറന്നുസംസാരിക്കാനുള്ള പ്രാപ്തി, ബന്ധപ്പെട്ട മുതിര്‍ന്നവര്‍ നേടേണ്ടതുണ്ട്. അതേസമയം, കുട്ടികളാണെങ്കിലും അവരുടെ സ്വകാര്യതയും സ്വകാര്യഇടവും മാനിക്കേണ്ടതുണ്ട്. ഏതു ലിംഗവിഭാഗങ്ങളില്‍പ്പെടുന്നവരാണെങ്കിലും ഇത് ഒരുപോലെ പ്രധാനമാണ്. എല്ലാ ലിംഗവിഭാഗങ്ങളിലുമുള്ളവരും ഒരുമിച്ചിരുന്നു പഠിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്വകാര്യത മാനിക്കാനും അവരെ ബഹുമാനിക്കാനും പഠിക്കേണ്ടതുണ്ട്.

സ്‌കൂളുകളില്‍ തുറന്ന ചര്‍ച്ച വേണം

കുട്ടികളുടെ ബോധനത്തില്‍ പ്രായത്തിന് പങ്കുള്ളതിനാല്‍ അഞ്ചു മുതല്‍ എട്ടുവരെ, ഒന്‍പതുമുതല്‍ പന്ത്രണ്ടുവരെ, പതിമ്മൂന്നുമുതല്‍ പതിനഞ്ചുവരെ, പതിനാറുമുതല്‍ പതിനെട്ടുവരെ എന്നിങ്ങനെ ഏകദേശം തിരിച്ചുകാണുന്നത് നല്ലതായിരിക്കും. സ്‌കൂളില്‍ കുറച്ച് മാറ്റം കൊണ്ടുവരുമ്പോള്‍ വീടുകളില്‍നിന്ന് കിട്ടുന്ന സന്ദേശവും അതിനനുസരിച്ചാകണം. അവിടെ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്തമായ റോള്‍ നല്‍കുകയും ആണ്‍കോയ്മാമൂല്യങ്ങള്‍ ശീലിപ്പിക്കുകയുമാണെങ്കില്‍ കുട്ടികള്‍ക്ക് സംഘര്‍ഷമുണ്ടാകും. അതുകൊണ്ട് സ്‌കൂളുകളില്‍ ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചയുണ്ടാവണം.

വളരുന്തോറും ബന്ധങ്ങളുടെ സ്വഭാവം മാറിവരുന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കണം. എട്ടു വയസ്സുവരെ ചിലപ്പോള്‍ അതേ ലിംഗത്തിലുള്ളവരോട് കൂട്ടു കൂടാനുള്ള പ്രവണത കുട്ടികളിലുണ്ടാവാം. അവരെ നിര്‍ബന്ധിച്ച് മാറ്റിയിരുത്താന്‍ ശ്രമിക്കരുത്. യൂണിഫോമുണ്ടെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ വേഷം ധരിക്കാന്‍ എപ്പോഴെങ്കിലും അവര്‍ക്ക് അവസരം നല്‍കണം. ജെന്‍ഡറും ജെന്‍ഡര്‍ എക്‌സ്പോഷനും (പ്രകടിപ്പിക്കല്‍) വ്യക്തിത്വത്തിന്റെ ഭാഗമാണെന്നത് മറക്കാന്‍ പാടില്ല.

സൗഹൃദത്തിന്റെ മൂല്യം

സൗഹൃദത്തിന്റെ മൂല്യം കുട്ടിക്കാലത്തുതന്നെ ബോധ്യമുണ്ടാകണം. പരസ്പരവിശ്വാസവും വൈകാരികതയും അതിലുണ്ടാവും. ചിലര്‍ അതേ ലിംഗത്തിലുള്ളവരോടും മറ്റു ചിലര്‍ എതിര്‍ ലിംഗത്തിലുള്ളവരോടും വേറെ ചിലര്‍ എല്ലാവരോടും സൗഹൃദമുണ്ടാക്കും. ഇതില്‍ ഏതെങ്കിലും ഒന്നാണ് ശരിയെന്ന് ബോധ്യപ്പെടുത്തേണ്ടതില്ല. ലിംഗത്വത്തിനപ്പുറത്തേക്ക് സൗഹൃദങ്ങള്‍ക്ക് വികസിക്കാന്‍ കഴിയും. സൗഹൃദത്തിന്റെ മൂല്യത്തെ അറിയാനും ചെറിയ പിണക്കങ്ങള്‍ മാറ്റിയെടുക്കാനുള്ള സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയാണുവേണ്ടത്. വളരുന്തോറും സുഹൃദ് ബന്ധങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നേക്കും. പ്രണയം, ശരീരത്തോടുള്ള താത്പര്യം, സൗഹൃദം, എന്നിവയെല്ലാം വേര്‍തിരിച്ചറിയാനും മറ്റേയാളെ ദോഷകരമായി അത് ബാധിക്കാത്ത തരത്തില്‍ കൈകാര്യം ചെയ്യാനും പരിശീലിക്കേണ്ടതുണ്ട്. തുറന്ന ചര്‍ച്ചകളാണ് ഇതിന് സഹായിക്കുന്നത്.

പിന്തുണാസംവിധാനങ്ങള്‍ വേണം

പ്രണയത്തിന്റെ ഭാഗമായി അസൂയ ഉണ്ടാവുകയും അത് അക്രമത്തിലേക്ക് നീങ്ങുകയും ചെയ്യാം. അത്തരം വികാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തി നേടണമെങ്കില്‍ അതിനുള്ള പിന്തുണാ സംവിധാനങ്ങളുണ്ടാകണം. പലപ്പോഴും പ്രണയത്തില്‍പ്പെട്ടവര്‍, മറ്റേയാളിന്റെ, പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തെ തടയുന്നത് കാണാം. അതവര്‍ ഇപ്പോഴത്തെ സാമൂഹികഘടനയില്‍നിന്ന് ഉള്‍ക്കൊണ്ടിട്ടുള്ളതായിരിക്കും. എന്നാല്‍, സ്ത്രീയും സ്വതന്ത്രയായ വ്യക്തിയാണെന്ന് മനസ്സിലാക്കിക്കൊടുത്ത് മാത്രമാണ് പുതിയ മൂല്യത്തിലേക്ക് മാറാന്‍ കഴിയുന്നത്. ഒരു പെണ്‍കുട്ടി ഒരാളെ പ്രണയിച്ചുപോയി എന്നതിനാല്‍, അതില്‍നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും അത് വിവാഹത്തില്‍ത്തന്നെ അവസാനിക്കണമെന്നുമുള്ള മൂല്യബോധമാണ് പുരുഷന് സ്ത്രീയുടെ മുകളില്‍ അധികാരം നല്‍കുന്നത്. ബന്ധങ്ങളില്‍ അക്രമം ഉണ്ടാകുമ്പോള്‍ അത് തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് കഴിയാതിരിക്കുന്നത് ഈ മൂല്യബോധം കൊണ്ടാണ്. ബന്ധങ്ങള്‍ക്ക് മൂല്യമുള്ളത് അതിലേര്‍പ്പെടുന്നവര്‍ക്ക് സന്തോഷവും സമാധാനവുമുള്ളപ്പോള്‍ മാത്രമാണ്. അത് തുല്യതയില്‍ അധിഷ്ഠിതമാണെന്ന ബോധം കുട്ടിക്കാലത്തുതന്നെ ഉറയ്ക്കണം.

(സാമൂഹിക നിരീക്ഷകയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമാണ് ലേഖിക)

content highlights: Need of gender awareness in society, Dr AK Jayasree speaks