നി പുതിയ പരാതികളാവാം. നരേന്ദ്ര മോദിയെ കണ്ട് മടങ്ങുകയാണ് പിണറായി വിജയനും കേരള നേതാക്കളും. മന്‍മോഹന്‍ സിംഗ് അല്ല പ്രധാനമന്ത്രി എന്ന് തിരിച്ചറിഞ്ഞാണ് ഇത്തവണ മടക്കം.

നരേന്ദ്ര മോദിയെ ഇഷ്ടപ്പെടാം. വിയോജിക്കാം. അതെന്തുമാകട്ടെ, പ്രധാനമന്ത്രി മികച്ചൊരു രാഷ്ട്രീയക്കാരനാണ്. ബ്രസീലിനോട് പന്തു കളിക്കാന്‍ പോകുമ്പോള്‍ മിനിമം പന്തടക്കം എങ്കിലും പഠിച്ചിരിക്കണം. വീണ്ടും കേരള സംഘം സെല്‍ഫ് ഗോള്‍ അടിക്കുന്നത് ഒരുക്കം കൂടാതെ വല കാത്തതിനാലാണ്. 

പണ്ട് എ.കെ. ബാലന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലം. 
അതിരപ്പള്ളി പദ്ധതിക്ക് വേണ്ടി കേന്ദ്ര മന്ത്രി ജയറാം രമേശിനെ ബാലന്‍ കണ്ടു. 
ചാനലുകളില്‍ തത്സമയം.  
ജയറാം രമേശ്:  സുഖമല്ലേ, കാരാട്ടിനോട് പറഞ്ഞ് ആണവ കരാര്‍ ഒപ്പീടാന്‍ ഏര്‍പ്പാടാക്കുമല്ലോ, അല്ലേ?
ബാലന്‍: കേരളത്തിന് വൈദ്യുതി വേണം. അതിനാണ് വന്നത്.
ജയറാം രമേശ്: അതിനെന്ത്. കല്‍പ്പാക്കത്തുനിന്ന് തരാം. അല്ലെങ്കില്‍ ഒഡിഷയിലെ കല്‍ക്കരിപ്പാടത്തു നിന്നാവാം. അല്ലെങ്കില്‍ വേണ്ട താരാപ്പൂരിലേക്ക് വിളിക്കാം. 
ബാലന്‍ വൈദ്യുത സെക്രട്ടറി രാജീവ് സദാനന്ദനുമായി സംസാരിക്കുന്നു. 
സെക്രട്ടറി പറയുന്നു: അതിനെല്ലാം ബാധ്യതയാവും. ചെലവ് കൂടുതലാണ്. അതിരപ്പള്ളി സംസാരിക്കാനല്ലേ നാം വന്നത്. 
ജയറാം രമേശ്: അതാണ് പറഞ്ഞത്. ആണവ കരാര്‍ ഒപ്പിടൂ. പിന്നെ പ്രശ്‌നമില്ല.

വടക്കന്‍ കേരളത്തില്‍നിന്ന് മറ്റൊരു മന്ത്രി പോയി. മന്ത്രി നിവേദനം കൊടുക്കാന്‍ മറന്ന് തിരിച്ചു പോന്നു. വിപ്ലവകാരിയായ ഒരു വിദ്യാഭ്യാസ മന്ത്രി ഇംഗ്ലീഷ് അക്ഷരങ്ങളില്‍ നിവേദനം എഴുതി. കത്തിലെ ഭാഷ മനസ്സിലാവാതെ കേന്ദ്രം അമ്പരന്നു. 

തലസ്ഥാനത്തെ പുതിയ നാണക്കേടാണ് കേരളത്തിന്റെ സര്‍വകക്ഷി സംഘം. 
സംഘത്തിലെ ഒരു എംഎല്‍എ പറഞ്ഞ പ്രകാരം കാര്യങ്ങള്‍ ഏതാണ്ടിങ്ങനെയാണ്. 
പിണറായിയെ പുറത്തു തട്ടി സ്വീകരിച്ച് മോദി: വരൂ, വരൂ അമേരിക്കയില്‍നിന്ന് എപ്പോള്‍ തിരിച്ചെത്തി? അല്ലെങ്കിലും നിങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അവിടെ അധികം നില്‍ക്കാന്‍ പറ്റില്ലല്ലോ അല്ലേ?

ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ട്. അതിനിടെ പ്രളയ കാര്യം വന്നു. 
പ്രധാനമന്ത്രി ചോദിച്ചു: അവിടെ വെള്ളപ്പൊക്കം രൂക്ഷമാണെന്ന് അറിഞ്ഞു. നിങ്ങള്‍ എവിടെയൊക്കെ പോയി. പോയ സ്ഥലങ്ങളിലൊക്കെ എന്താ അവസ്ഥ. എനിക്ക് റിപ്പോര്‍ട്ട് കിട്ടുന്നുണ്ട്. 
(എവിടേയും പോയിട്ടില്ലെന്ന് മോദി എങ്ങനെ അറിഞ്ഞെന്ന് അമ്പരന്നിരിക്കണം പിണറായി)

കഞ്ചിക്കോടിന്റെ കാര്യത്തില്‍, ചെന്നിത്തലയ്ക്കിട്ട് കൊട്ടി അടുത്ത മോദിയന്‍ കമന്റ്: തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇവര്‍ എല്ലായിടത്തും കല്ലിടും.അതൊക്കെ  നോക്കാന്‍ ആര്‍ക്ക് നേരം?

റേഷന്‍ വിഷയത്തില്‍ മോദിയുടെ മറുപടി ഇങ്ങനെ(ചെന്നിത്തലയേയും പിണറായിയേും നോക്കി): ഇവര്‍ നടപ്പാക്കി, നിങ്ങള്‍ പിന്താങ്ങി, ഞങ്ങള്‍ക്കിപ്പോള്‍ കേരളത്തിന് മാത്രമായി എന്തു മാറ്റം വരുത്താനാവും

പോരും മുമ്പ് അവസാനം മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തി വലിയൊരു നിവേദനം മോദി കയ്യില്‍ കൊടുത്തു. അതായിരുന്നു നടപ്പാവാത്ത കേന്ദ്ര പദ്ധതികളും പാഴാക്കിയ തുകയും സ്ഥലമേറ്റെടുപ്പുമെല്ലാം. പിന്നാലെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിപ്പിച്ച് വാര്‍ത്താസമ്മേളനം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജുവിനെ കേരളത്തിലേക്ക് അയയ്ക്കുമെന്ന പ്രഖ്യാപനം.

മോദി ഭക്തര്‍ക്കും പിണറായി വിരുദ്ധര്‍ക്കും ആനന്ദിക്കാം. സംസ്ഥാനത്തിന്റെ പരാജയത്തില്‍.  മോദിവിരുദ്ധര്‍ക്ക് ഉറഞ്ഞു തുള്ളാനും വേണ്ടത്രയുണ്ട് മേല്‍ച്ചൊന്നവയില്‍. എന്നാല്‍ ജനാധിപത്യപരമായ ചില അശ്ലീലങ്ങള്‍ ഉണ്ടന്നതാണ് ഈ ചര്‍ച്ചകളെ പരിഹാസ്യമാക്കുന്നത്. 

പിണറായിയെ കാണാന്‍ മോദി മുമ്പ് അനുമതി നിഷേധിച്ചിരുന്നു. അത് വിവാദമായി. അതിന്റെ ചൊരുക്ക് തീര്‍ത്തു മോദി. പക്ഷേ, ആ വാക്കുകളിലെ പരിഹാസമുണ്ടല്ലോ. അത് നാടുവാഴിത്തത്തിന്റേതാണ്. പ്രധാനമന്ത്രിയ്ക്ക് തീര്‍ച്ചയായും കേരളത്തിലെ മഴക്കെടുതിയുടെ റിപ്പോര്‍ട്ട് കിട്ടും. അതുവച്ച് ഒരു മുഖ്യമന്ത്രിയെ അപഹസിക്കുന്നത് അനുചിതമാണ്. ആ അപമാനം തന്റേതടക്കമുള്ള പാര്‍ടികളുടെ പ്രജകളോടാണ്.

ഇമ്മാതിരി കെടുതി കേരളം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. രാജാക്കന്മാര്‍ വിമാനത്തില്‍ പോയി ദുരന്തം കാണാറുണ്ട്.  സെല്‍ഫി ഇടാറുണ്ട്. ചെന്നൈ ദുരന്തകാലത്ത് പ്രധാനമന്ത്രി ചെയ്ത പോലെ ഫോട്ടോയും വരാറുണ്ട്.  അതാണോ വേണ്ടതെന്ന് സംശയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തുനിന്ന് എത്തിയവരെ മാറ്റി നിര്‍ത്തുകയാണ് മോദി. അതിനാണ് കണ്ണന്താനം കളി. 

കോച്ച് ഫാക്ടറിയുടെ കാര്യത്തിലും മാറ്റമൊന്നുമില്ല. കപൂര്‍ത്തലയിലെ കോച്ച് ഫാക്ടറി മോദി ഓര്‍ക്കണം. എണ്‍പതുകളിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം. പിന്നീട് ഭരിച്ചവര്‍ റായ്ബറേലിക്ക്  വരെ കൊടുത്തു. എന്നിട്ടുമില്ല കേരളത്തിന് കോച്ച് ഫാക്ടറി. കഞ്ചിക്കോട്ട്  ഏതു മോഡല്‍ എന്ന തര്‍ക്കം തീര്‍ന്നിട്ടില്ല ഇപ്പോഴും. ആദ്യം റെയില്‍വേ എന്നായിരുന്നു. പിന്നീട് സ്വകാര്യ പങ്കാളിത്തമായി. കേരളം പണമിറക്കണം  എന്നും ചര്‍ച്ചയായി. 

ഇതിനിടെ നിളാ നദി പലവട്ടം വറ്റി. എന്നിട്ടാണിപ്പോള്‍ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന്  പ്രധാനമന്ത്രി  പറയുന്നത്.
അരിയുടെ കാര്യത്തിലേക്ക് വരാം. 

പണ്ട് കുട്ടിക്കാലം. ഉഴുന്നും പയറും ചാമയും കടലയും മുതിരയും റാഗിയും വിളഞ്ഞിരുന്നു കേരളത്തില്‍.  നാലഞ്ചു പതിറ്റാണ്ടിനിപ്പുറം ആ കേരളമില്ല. കേരളം നാണ്യവിളകളിലേക്ക് മാറിയത് കേന്ദ്ര നിര്‍ദേശപ്രകാരം കൂടിയാണ്. ഇനി ഭക്ഷ്യധാന്യം  കിട്ടിയില്ലെങ്കില്‍ കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് പാളും. കുഴപ്പങ്ങളുണ്ടാവാം. എങ്കിലും റേഷന്‍കടകള്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നുണ്ട്. അത് അറിയേണ്ടത് മോദി കൂടിയാണ്. കാരണം കേരളവും ഇന്ത്യയിലാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ജനങ്ങളേക്കാള്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രിയം പാറമടകളാണെന്ന് നാം തിരിച്ചറിഞ്ഞു. അത് വീണ്ടും തെളിയുന്നുണ്ട് നിവേദനത്തില്‍. അവിടേയും രാഷ്ട്രീയം കളിക്കേണ്ട കാലം കഴിഞ്ഞു. നാട് തിരിച്ചറിയുന്നുണ്ട്.

വലിയ സംസ്ഥാനങ്ങളോടുള്ള പ്രതിപത്തി ഒരിക്കലും കേരളത്തോട് കാണിച്ചിട്ടില്ല കേന്ദ്രം. അത് ആവര്‍ത്തിക്കപ്പെടുകയാണ്. പ്രധാനമായും റോഡും റെയില്‍വേയുമാണ് നടപ്പാക്കാത്ത പദ്ധതികള്‍. സ്ഥലം ഏറ്റെടുക്കാനുള്ള കേരളത്തിന്റെ ബുദ്ധിമുട്ട് കേന്ദ്രവും അറിയണം. ആളോഹരി വരുമാനവും വിദ്യാഭ്യാസ നിലവാരവും തൊഴിലില്ലായ്മാ കണക്കും ആരോഗ്യശരാശരിയും വച്ചാല്‍ കേരളം മുന്നിലാവും. അത് മലയാളി അധ്വാനിച്ച് നേടിയതാണ്. അവകാശങ്ങള്‍ നിഷേധിക്കാനുള്ള ഉപാധിയാക്കരുത് അതിനെ കേന്ദ്രം.

പിണറായിയോ? എത്രമേല്‍ ദുര്‍ബലനാകുന്നു കേരളത്തിന്റെ കാര്‍ക്കശ്യക്കാരന്‍. മമത ബാനര്‍ജിയോട് ഇതേ വിധം പെരുമാറാന്‍ മോദി തയ്യാറാവുമോ എന്ന് ഓര്‍ത്തു നോക്കിയാല്‍ മതി പിണറായിക്ക് കാര്യങ്ങള്‍ മനസ്സിലാവാന്‍. ദുര്‍ബലമായ നിവേദനത്തിനപ്പുറം  കാര്യം പറയാന്‍ കഴിയുന്ന ആളെ വയ്ക്കാന്‍ കൂടി മുഖ്യമന്ത്രിക്ക് കഴിയണം. ഈ നിസ്സഹായതയല്ല കേരളം കാത്തരിക്കുന്നത്.

മുഖ്യമന്ത്രീ... മോദി തന്ന ആ ഫയലുണ്ടല്ലോ, ഒപ്പം പോയ ചീഫ് സെക്രട്ടറിയോട് ഒന്ന് അന്വേഷിക്കുക. അത് തയ്യാറാക്കിയതും അദ്ദേഹമാകും. പോകും മുമ്പേ ഗൃഹപാഠം ചെയ്യണമെന്ന് പറയുന്നത് അതിനാലാണ്.  നിങ്ങളെ മോദി വിളിച്ചത് സ്‌നേഹിക്കാനല്ല, പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍.

നിപ്പയുടെ അവാര്‍ഡ് വാങ്ങാന്‍ അമേരിക്കയില്‍ പോയി താങ്കള്‍ തിരിച്ചു വന്നേയുള്ളൂ. നിപ്പ വന്ന പേരാമ്പ്രയില്‍ ഇനിയും പോയിട്ടേയില്ല. ഓഖി കാലത്തും ഇതു കേരളം കണ്ടു. നിര്‍മ്മല സീതാരാമന്‍ ജനങ്ങളുടെ മനസ്സു കവര്‍ന്നു അന്ന്. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്ന ഓര്‍മ്മയിലായിരുന്നു അങ്ങ്. 

കേന്ദ്രമന്ത്രി കിരണ്‍ റിജുജു വരാനിരിക്കുകയാണ്. കേരളത്തിലെ വെള്ളപ്പൊക്കം കാണാന്‍. അതിനും മുമ്പ് ഒരിക്കലെങ്കിലും, എവിടെയെങ്കിലും, ജനങ്ങളുടെ ദുരിതം മുഖ്യമന്ത്രിയും ഒന്ന് നേരില്‍ കാണണം .  

സാര്‍വദേശീയ കമ്മ്യൂണിസം തകരുന്ന കാലം. ഒ.വി. വിജയന്‍ പറഞ്ഞു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ അവശേഷിക്കുന്ന വലിയ ദൗത്യമുണ്ട്. അത് കേരള കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ആവുക എന്നതാണ്. 

കേരളത്തിന്റെ വികസന സങ്കല്‍പങ്ങളെ ചുമലേറ്റുകയാണത്. പ്രാദേശികവാദത്തിനും അപ്പുറമാണ് ഇപ്പോള്‍ പിണറായിയുടെ വെല്ലുവിളി.  ഒലിച്ചു പോകാന്‍ ഇനി ത്രിപുര പോലുമില്ലല്ലോ.