വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ പത്രപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിവിധ വകുപ്പുകളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനും പത്രപ്രവര്‍ത്തകരെ സഹായിക്കുന്ന രേഖയാണ് അക്രഡിറ്റേഷന്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പത്രപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നുണ്ട്. ഒരാള്‍ പത്രപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ പത്രപ്രവര്‍ത്തകയാണെന്ന് ഭരണകൂടം അംഗീകരിക്കുന്ന ഔദ്യോഗിക രേഖയാണിത്. അക്രഡിറ്റേഷന്‍ റദ്ദായാല്‍ ഒരു പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോവുന്നില്ല. അക്രഡിറ്റേഷന്‍ ഇല്ലാത്ത പത്രപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൂടുതലും. അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന മോദി സര്‍ക്കാരിന്റെ ഭീഷണി അതുകൊണ്ടുതന്നെ ആത്യന്തികമായി പത്രപ്രവര്‍ത്തകര്‍ക്കെതിരെയല്ല, ജനാധിപത്യത്തിന് എതിരെയാണെന്നതാണ് വാസ്തവം.
അധികാരത്തോട് സത്യം വിളിച്ചുപറയുകയാണ് പത്രപ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഈ കടമ നിറവേറ്റുമ്പോള്‍ ഭരണകൂടം വിറളി പിടിക്കുന്നുണ്ടെങ്കില്‍ അത് ഭരണകൂടത്തിന്റെ കയ്യിലിരുപ്പിന്റെ പ്രശ്നമാണ്. ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നതുകൊണ്ട് മാത്രം പത്രപ്രവര്‍ത്തകരുടെ കയ്യില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്ന് മോദി സര്‍ക്കാര്‍ തിരിച്ചറിയുന്നുവെന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ കരിനിയമം. ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഒരു പത്രസമ്മേളനം പോലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിട്ടില്ല. തനിക്കിഷ്ടമുള്ള ഉത്തരങ്ങള്‍ പറയാനായി രണ്ടോ മൂന്നോ അഭിമുഖങ്ങള്‍ മാത്രമാണ് മോദി ഇക്കാലയളവില്‍ നല്‍കിയിട്ടുള്ളത്. ഈ ചരിത്രം അലങ്കാരമാണെന്ന് കരുതുന്നതുകൊണ്ടുകൂടിയാവണം പത്രസ്വാതന്ത്ര്യം നിഷേധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതില്‍ മോദി സര്‍ക്കാരിന് കുറ്റബോധമില്ലാത്തത്.
വ്യാജ വാര്‍ത്തകള്‍ തീര്‍ച്ചയായും സമകാലിക സമൂഹം നേരിടുന്ന വലിയ ഭീഷണിയാണ്. വാസ്തവത്തില്‍ ഇവയെ വാര്‍ത്തകള്‍ എന്ന് വിശേഷിപ്പിക്കാമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. നുണകളെ വാര്‍ത്തകള്‍ എന്നു വിശേഷിപ്പിക്കുന്നത് അധാര്‍മ്മികമാണെന്ന നിലപാടാണ് ഇതിനു പിന്നില്‍. സാമൂഹിക മാദ്ധ്യമങ്ങള്‍ നുണകളുടെ വിളനിലമാണ്. വാര്‍ത്തകള്‍ എന്ന വ്യാജേന നുണകള്‍ പ്രചരിപ്പിക്കുന്നതിന് ഇന്നിപ്പോള്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും പ്രത്യേക സംവിധാനങ്ങളുണ്ട്. ഇത്തരം നുണ ഫാക്ടറികളെ നിയന്ത്രിക്കാനോ നേരിടാനോ അല്ല മറിച്ച് എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ പേടിപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഭയപ്പെടുത്തുക എന്നത് ഭരണകൂടങ്ങളുടെ പരമ്പരാഗത രീതിയാണ്. പത്രസ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുള്ള അമേരിക്കയില്‍ പോലും മാദ്ധ്യമങ്ങള്‍ക്ക് സത്യം വിളിച്ചുപറയുക എന്നത് പോരാട്ടം തന്നെയാണ്. ഭയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അപകീര്‍ത്തി കേസുകള്‍ കൊടുത്ത് എതിരാളികളെ നട്ടം തിരിക്കുകയാണ് ഒരു വഴി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിട്ടു പോലും കേന്ദ്ര സര്‍ക്കാരിന്റെ അപകീര്‍ത്തിക്കേസുകളോട് പൊരുതാന്‍ വഴിയില്ലാതെ നിത്യേന മാപ്പപേക്ഷയുമായി നടക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ചിത്രം ഒന്നുമാത്രം മതി ഈ ദുരവസ്ഥയെന്തെന്ന് ബോദ്ധ്യപ്പെടാന്‍. ഭരണകൂടത്തിന്റെ വിഭവശേഷിയോടും പോലീസിനെപ്പോലുള്ള പീഡക സംവിധാനത്തോടും എതിരിടുക എന്നത് ഒരിക്കലും എളുപ്പമല്ല. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒരു ടെസ്റ്റ് ഡോസായും കാണാവുന്നതാണ്. കൂടുതല്‍ ഭീകരമായ കരിനിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി ഭരണകൂടം പ്രയോഗിക്കുന്ന ടെസ്റ്റ് ഡോസ്.
മാദ്ധ്യമങ്ങള്‍ കണ്ണാടികളാണ്. സത്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍. സത്യം അലോസരപ്പെടുത്തുമ്പോള്‍ അതിന് പ്രതിവിധി കണ്ണാടി ഉടയ്ക്കലല്ല. ദൂതന്മാരെ കൊല്ലരുത് എന്നൊരു ആപ്തവാക്യമുണ്ട്. ഒരു യുദ്ധത്തിലും ദൂതന്മാരെ കൊല്ലാറില്ല. വിവരങ്ങള്‍ കൈമാറുന്നവരാണ് ദൂതന്മാര്‍. അവരെ കൊല്ലുന്നത് കൊല്ലുന്നവരുടെ നാശത്തിലേ കലാശിക്കൂ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ വാളെടുത്തു. ഉപജാപകൃവന്ദങ്ങള്‍ നല്‍കുന്ന നുണകളാണ് പിന്നീട് ഇന്ദിരയെ നയിച്ചത്. അതിദയനീയമായ തകര്‍ച്ചയാണ് ഇന്ദിര നേരിടേണ്ടിവന്നത്.
ഇന്ദിരയ്ക്കു മുമ്പും പത്രസ്വാതന്ത്ര്യം ഭരണകൂടത്തിന് വെല്ലുവിളിയായിരുന്നു. 1951 ല്‍ നെഹ്രു സര്‍ക്കാര്‍ ആദ്യ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതിനായിരുന്നുവെന്നത് ആധുനിക ഇന്ത്യ നേരിട്ട ആദ്യ വെല്ലുവിളികളിലൊന്നായിരുന്നു. ''എന്നെ വെറുതെ വിടരുത്'' എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ള ഒരു രാഷ്ട്രീയ നേതാവ് എന്ന നെഹ്രുവിന്റെ ഖ്യാതിയെ അട്ടിമറിക്കുന്ന നിയമനിര്‍മ്മാണമായിരുന്നു 1951 ലേത്. തന്റെ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് രമേഷ് ഥാപ്പര്‍ 'ക്രോസ്റോഡി'ല്‍ എഴുതിയ ലേഖനങ്ങള്‍ നെഹ്രുവിനെ പ്രകോപിപ്പിച്ചിരുന്നു. ക്രോസ് റോഡ് മദ്രാസില്‍ വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് മദ്രാസ് സര്‍ക്കാര്‍ എടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കിയതാണ് ഭരണഘടനാ ഭേദഗതി എന്ന ആശയത്തിലേക്ക് നെഹ്രുവിനെ എത്തിച്ചത്. ഈ നീക്കത്തില്‍ സര്‍ദാര്‍ പട്ടേലും എന്തിന് ബി.ആര്‍. അംബേദ്കര്‍ പോലും നെഹ്രുവിന് ഒപ്പമുണ്ടായിരുന്നുവെന്നത് കാണാതിരിക്കാനാവില്ല. ഇതിനും 160 വര്‍ഷങ്ങള്‍ക്കു മുമ്പ് 1791 ല്‍ അമേരിക്കന്‍ ഭരണകൂടം ആദ്യ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനായിരുന്നുവെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചരിത്രം വലിയൊരു പാഠപുസ്തകമാണ്. വിലയേറിയ പാഠങ്ങള്‍ നല്‍കുന്ന പാഠപുസ്തകം. ഈ പാഠങ്ങള്‍ അവഗണിക്കുമ്പോള്‍ മോദി സര്‍ക്കാരും ദുരന്തം വിളിച്ചുവരുത്തുകയാണ്. ഉടയ്ക്കുന്ന ഓരോ കണ്ണാടിയും ഒരു നൂറുകഷണങ്ങളായി ചിതറപ്പെടുമ്പോള്‍ അവയിലെല്ലാം തന്നെ സത്യത്തിന്റെ പ്രതിബിംബമുണ്ടാവുന്നുണ്ട്. ആ സത്യങ്ങള്‍ ഭരണകൂടത്തിനെ വ്രണപ്പെടുത്തിക്കൊണ്ടേയിരിക്കും. അറേബ്യയിയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും ആ വ്രണങ്ങളില്‍നിന്നുയരുന്ന ദുര്‍ഗന്ധം തടഞ്ഞു നിര്‍ത്താനാവില്ലെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടോ?