പെരിയ: ഉണങ്ങിപ്പൊടിഞ്ഞ് തുടങ്ങിയ ഓലമേഞ്ഞ മേൽക്കൂര, മഴക്കാലത്തെ ചോര്‍ച്ചയെ തടയാന്‍ അവിടവിടായി വിരിച്ച കറുത്ത ടാര്‍പോളിന്‍, ഒറ്റമുറി; കഴിഞ്ഞു. ഇതാണ് മരിച്ച കൃപേഷിന്റ വീട്. വീടെന്ന് പറയാനാവില്ല ഈ ഓലപ്പുരയെ. കൃപേഷും അച്ഛനും അമ്മയും സഹോദരിമാരും ഈ ഒറ്റമുറി ഓലപ്പുരയിലാണ് അന്തിയുറങ്ങിയിരുന്നത്.

ദരിദ്രപശ്ചാത്തലത്തില്‍ നിന്ന് വന്ന് രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി മുന്നോട്ടു പോവുന്ന ഈ പത്തൊമ്പത്കാരനാണ് രാഷ്ട്രീയ പകപോക്കലിന് ഇരയായതെന്നത് അത്യന്തം വേദനാജനകമാണ്. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പെയിന്റിങ് തൊഴിലാളിയാണ്.അമ്മ ബാലാമണിയും രണ്ട് സഹോദരിമാരുമാണ് കൃപേഷിനെ കൂടാതെ വീട്ടില്‍ കഴിയുന്നത്.

കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കൃപേഷിന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ കുറച്ചു നാളായി കൃപേഷ് വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്താണ് താമസിച്ചിരുന്നത്.

പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുന്‍വൈരാഗ്യമാണ് കൃപേഷിന്റേയും ശരത് ലാലിന്റെയും ദാരുണ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം

മുന്നാട് കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശരത്ലാല്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നാട്ടിലെ ഉത്സവത്തിന്റെ സംഘാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. 

content highlights: Murdered Youth congress member Kripesh's house