എന്റെ ചെറുപ്പകാലത്ത് ഭാവനകളെ ഏറ്റവും വികസിപ്പിച്ച, രാത്രികളെ പേടിപ്പിച്ച ഒരു പുസ്തകമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ആനകളുടെയും അമ്പലങ്ങളുടെയും മാത്രമല്ല യക്ഷികളുടെയും കഥകള്‍ അതിലുണ്ടായിരുന്നു.
ശങ്കുണ്ണി കഥ പറയുന്ന കാലത്ത് കേരളത്തില്‍ എല്ലായിടത്തും യക്ഷികളുടെ വിഹാരമായിരുന്നു. കള്ളിയങ്കാട്ട് നീലി മുതല്‍ സൂര്യകാലടിയുടെ അച്ഛനെ കൊന്നവര്‍ വരെ എത്രയെത്ര യക്ഷികള്‍... യക്ഷിയുടെ പിടിയില്‍പ്പെട്ട് മരിച്ചതിനേക്കാള്‍ ആളുകള്‍ യക്ഷികളെ കണ്ടു പേടിച്ചിരുന്നു. അതിന്റെ ആയിരം ഇരട്ടി ആളുകള്‍ യക്ഷിയെ പേടിച്ചു വൈകീട്ടായാല്‍ വീടിന് പുറത്തിറങ്ങാതിരുന്നിരുന്നു. രാത്രി പന്ത്രണ്ടുമണി ഷിഫ്റ്റ് കഴിഞ്ഞു ഏലൂരു നിന്നും ഇടത്തലയിലേക്ക് നടന്ന എന്റെ അച്ഛന്‍ ചെറിയൊരു മണികിലുക്കും കേട്ട് പേടിച്ചു വീണുപോയ കഥ അച്ഛന്‍ പറഞ്ഞിട്ടുണ്ട്. മണികെട്ടിയ കാളയുമായി കാളവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോഴാണ് അച്ഛന് സംസാരശേഷി വീണ്ടുകിട്ടിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോള്‍ത്തന്നെ യക്ഷികളുടെ കഷ്ടകാലം ആരംഭിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോഴേക്കും മലയാള സിനിമക്കും നോവലിലും പുറത്ത് യക്ഷികളെ കാണാതായി.
ഇതെങ്ങനെ സംഭവിച്ചു? മലയാളികള്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരായോ?
ഒവ്വ , അതിനു നമ്മള്‍ വേറെ ജനിക്കണം. കാന്‍സര്‍ മാറാന്‍ പ്രാകൃത ചികിത്സയും എംബിബിഎസ് അഡ്മിഷന്‍ കിട്ടാന്‍ പുണ്യാളന് പ്രാര്‍ത്ഥനയും നടത്തുന്ന നമ്മളോടാ ശാസ്ത്രത്തിന്റെ കളി!
യക്ഷികളെ നാട് കടത്തിയത് രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. വൈദ്യുതി ബോര്‍ഡും കെഎസ്ആര്‍ടിസി യും. രാത്രി എവിടെയും വെളിച്ചമായതോടെ ഒളിച്ചുനില്‍ക്കാന്‍ യക്ഷികള്‍ക്ക് സ്ഥലമില്ലാതായി. കെഎസ്ആര്‍ടിസി വന്നപ്പോള്‍ ദൂരയാത്രക്ക് നടന്നു പോകാന്‍ ആളെ കിട്ടാതായി. വെള്ള സാരിയുമുടുത്ത് വെറ്റിലയും നോക്കി പാലമരത്തിന്റെ ചോട്ടിലിരുന്ന യക്ഷിമാരൊക്കെ ബോറടിച്ചു ചത്തു, അഥവാ കെഎസ്ആര്‍ടിസി കൊന്നു.
കേരളത്തില്‍ യക്ഷിവധം അരങ്ങേറുന്ന കാലത്ത് യൂറോപ്പില്‍ ഇതിലും ശക്തനായ എതിരാളിയെയാണ് സര്‍ക്കാരുകള്‍ നേരിട്ടത്. ഇപ്പോളത്തെ ഇന്ത്യയിലെ പോലെ മതത്തിന് വലിയ സ്വാധീനമുള്ള രാജ്യങ്ങളായിരുന്നു യൂറോപ്പിലും. പള്ളിക്കും പട്ടക്കാര്‍ക്കും വലിയ അവകാശങ്ങളും അധികാരങ്ങളുമുണ്ടായിരുന്നു.
പതുക്കെപ്പതുക്കെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി, തൊഴിലില്ലായ്മ കുറച്ചു, തൊഴിലില്ലായ്മ വേതനം സാര്‍വത്രികമാക്കി, വിദ്യാഭ്യാസം സൗജന്യമാക്കി. ആളുകള്‍ക്ക് വീടും ഭക്ഷണവും ലഭ്യവും അവകാശവുമാക്കി.
ജനങ്ങളാകട്ടെ, ഇതൊക്കെ കിട്ടിയപ്പോള്‍ ദൈവത്തിന് നന്ദി പറയുകയല്ല ചെയ്തത്. പള്ളിയിലേക്കുള്ള വരവ് നിര്‍ത്തി, പട്ടക്കാരെ മൈന്‍ഡ് ചെയ്യാതായി. അതോടെ കൊണ്ടുനടക്കാന്‍ പറ്റാത്തതിനാല്‍ മതങ്ങള്‍ക്ക് പള്ളികള്‍ വില്‍ക്കേണ്ടിവന്നു. പട്ടക്കാരനാകാന്‍ ആളെ കിട്ടാത്തതിനാല്‍ കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു.
ഇതൊക്കെ നാളത്തെ കേരളത്തിന്റെ കാര്യമാണ്. ഇന്നത്തെ കേരളം അങ്ങനെയല്ല. പഠിക്കാന്‍ കഴിവുള്ള കുട്ടികളില്‍ ഫീസ് കൊടുക്കാന്‍ പറ്റാത്തവര്‍ ഏറെയുണ്ട്. ചികിത്സ ഉണ്ടായിട്ടും പണമില്ലാത്തതിനാല്‍ ചികിത്സ നേടാന്‍ കഴിയാത്തവര്‍ നമുക്ക് ചുറ്റുമുണ്ട്. ഒറ്റ രോഗമോ അപകടമോ വന്നാല്‍ അതിന്റെ ചികിത്സാചെലവ് താങ്ങാന്‍ പറ്റാതെ വീട് വില്‍ക്കേണ്ടി വരുന്നവരും പട്ടിണിയിലേക്ക് പോകുന്നവരുമുണ്ട്. ഇതൊന്നും പോരാത്തതിന് വര്‍ഷത്തില്‍ നാല്പതിനായിരം വാഹനാപകടത്തില്‍ നാലായിരം പേരെങ്കിലും നാടുവൊടിഞ്ഞു കിടപ്പിലായി കുടുംബത്തിന്റെ നടുവൊടിക്കുന്നു.
ഇവരെ സഹായിക്കാന്‍ ആരുണ്ട്?
പറയുമ്പോൾ സര്‍ക്കാര്‍ കൂടെയുണ്ട്. പക്ഷെ പ്രായോഗികമായി ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതിനും ചെയ്യാന്‍ സാധിക്കുന്നതിനും പരിധിയുണ്ട്. എനിക്ക് പരിചയമുള്ള ഒരു കേസില്‍ നടുവൊടിഞ്ഞു കിടക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കാര്യത്തില്‍ ആറുമാസം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പുറകെ നടന്നിട്ട് കിട്ടിയത് പതിനയ്യായിരം രൂപയാണ്. എല്ലാവര്‍ക്കും വേണ്ട വീടും ചികിത്സയും വിദ്യാഭ്യാസ സഹായവും നല്കാന്‍ സര്‍ക്കാരിന് പണമില്ല.
ഇവിടെയാണ് നന്മമരങ്ങളുടെ പ്രസക്തി. ഇപ്പോള്‍ കേരളത്തില്‍ എവിടെയും ഇവര്‍ കാണപ്പെടുന്നു. കേരളത്തിന് പുറത്തിരുന്ന് കേരളത്തില്‍ നന്മ ചെയ്യാന്‍ ശ്രമിക്കുന്നവരുമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വീടുപണി ഇങ്ങനെ എല്ലാ വിഷയത്തിലും ഇവര്‍ ഇടപെടും.
ഇങ്ങനെ കേരളത്തിന് പുറത്തിരുന്നു കേരളത്തില്‍ ഇടപെട്ട പരിചയം വെച്ച് പറയട്ടെ, കേരളത്തില്‍ ഇപ്പോള്‍ നന്മമരമാകാന്‍ വളരെ എളുപ്പമാണ്. അതിന് പല കാരണങ്ങളുണ്ട്.
1. പൊതുവെ കേരളത്തിലെ സാമ്പത്തികസ്ഥിതിയിലുണ്ടായ വളര്‍ച്ച
2. ബുദ്ധിമുട്ടുകള്‍ അറിഞ്ഞും പരസ്പരസഹായം സ്വീകരിച്ചും വളര്‍ന്ന ഒരു തലമുറ
3. ലോകത്തെമ്പാടുമുള്ള ആളുകളിലേക്ക് സന്ദേശമെത്തിക്കാനുള്ള സമൂഹ മാധ്യമങ്ങളുടെ പങ്ക്
4. ലോകത്തെവിടെ നിന്നും പണം നാട്ടിലേക്കയക്കാന്‍ ഇ - ബാങ്കിങ്
രണ്ടു തവണയാണ് ഞാന്‍ ഇത്തരത്തില്‍ പണം പിരിക്കാന്‍ ഇറങ്ങിയത്. ഒരിക്കല്‍ ഒരു വീട് വെക്കാന്‍, ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍. രണ്ടു തവണയും 48 മണിക്കൂറിനകം ഉദ്ദേശിച്ച തുക കിട്ടി. സഹായം വാഗ്ദാനം ചെയ്തവരില്‍ പത്തിലൊന്നു പേരോടു പോലും പണം പിരിക്കേണ്ടി വന്നില്ല. ഇനി നാളെ ഒരാവശ്യം വന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കില്‍ പിരിച്ചെടുക്കാമെന്ന് എനിക്കിപ്പോള്‍ ഉറപ്പുണ്ട്.
ഈ ഉറപ്പ് എനിക്ക് മാത്രമല്ല ഉള്ളത്. പത്രത്തില്‍ ഒരു വര്‍ത്ത കൊടുക്കാമെന്ന ഉറപ്പിന്റെ പേരില്‍ മാത്രം ഇരുപത് ലക്ഷം രൂപ ചെലവ് വരുന്ന സര്‍ജറി നടത്തിയ സംഭവം എനിക്കറിയാം. ഈ ഉറപ്പിനെയാണിപ്പോള്‍ പല കപടനാണയങ്ങളും ഉപയോഗപ്പെടുത്തുന്നത്. കേരളത്തില്‍ ഇപ്പോള്‍ ചാരിറ്റി പ്രവര്‍ത്തനം ഒരു തൊഴിലായി മാറിയിരിക്കുന്നു. ഫെയ്സ്ബുക്കിലും വാട്ട്‌സാപ്പിലും നന്മമരങ്ങള്‍ നിറയുന്നു. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ 'പറവൂരില്‍ ശയ്യാവലംബിയായ യുവാവിന് വേണ്ടി' എന്ന പേരില്‍ ഗാനമേളയും ശിങ്കാരിമേളവും അരങ്ങേറുന്നു. കിഡ്നി ചികിത്സക്കായി ബക്കറ്റ് പിരിവ് നടക്കുന്നു, കാന്‍സര്‍ ചികിത്സക്കായി ബസില്‍ ട്രിപ്പുകള്‍ നടക്കുന്നു. ഇതില്‍ ഏതൊക്കെ ആധികാരികമാണ്, പിരിച്ചതില്‍ എത്ര പണം ശയ്യാവലംബര്‍ക്ക് കിട്ടുന്നുണ്ട് എന്നൊന്നും അന്വേഷിക്കാന്‍ സംവിധാനങ്ങളില്ല.
നാട്ടുകാരെ പറ്റിക്കുന്ന നന്മമരങ്ങള്‍ മാത്രമല്ല, നന്മമരങ്ങളെ പറ്റിക്കുന്ന നാട്ടുകാരും രംഗത്തുണ്ട്. ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടെന്ന് ധരിപ്പിക്കുകയും, ഉള്ള സാമ്പത്തികസ്ഥിതി മറച്ചുപിടിച്ച് നാട്ടുകാരുടെ സഹതാപം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം മലയാളിയുടെ സാമ്പത്തിക ഉന്നമനത്തിന്റെയും സഹായിക്കാനുള്ള മനസ്സിന്റെയും വിജയമാണ്.
അതേസമയം ഇത് സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വേണ്ടത്ര സഹായം നല്‍കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം കൂടിയാണ്. അതുകൊണ്ടുതന്നെ നന്മമരങ്ങള്‍ക്ക് കേരളത്തിലെ ലാന്‍ഡ്‌സ്‌കേപ്പില്‍ സ്ഥാനമുണ്ട്. ഒന്നോ രണ്ടോ വിഷവൃക്ഷങ്ങള്‍ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്. ഒന്നോ രണ്ടോ ഇത്തിള്‍ക്കണ്ണികളായ 'കിടപ്പുരോഗികള്‍' ഉള്ളത് കൊണ്ട് യഥാര്‍ത്ഥ രോഗികള്‍ക്ക് സഹായം നല്‍കുന്നത് കുറക്കുകയും ചെയ്യരുത്.
കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടത്ര നിബന്ധനകള്‍ കൊണ്ടുവരണം. അതോടൊപ്പം തന്നെ സമൂഹത്തില്‍ ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലാത്ത ഒരു സാഹചര്യവുമുണ്ടാക്കണം. വികസിത രാജ്യത്തു ഉറങ്ങാന്‍ വീടും പഠിക്കാനുള്ള പണവും രോഗത്തിന് ചികിത്സയും ചാരിറ്റി ആവരുത്. അവകാശമായിരിക്കണം. അതുണ്ടാക്കാനായിരിക്കണം നമ്മുടെ ശ്രമം.
അങ്ങനെ ഒരു കാലം വന്നാല്‍ കുറ്റിയറ്റു പോകുന്നത് നന്മമരങ്ങള്‍ മാത്രമാവില്ല. വീടും വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും തൊഴിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറപ്പാക്കുന്ന കാലത്ത് പണ്ടത്തെ യക്ഷികളെ പോലെ ഇപ്പോഴത്തെ മതങ്ങളും ദൈവങ്ങളും പതുക്കെ സ്റ്റാന്‍ഡ് വിടും. അന്ന് അണികളെ വെച്ച് വിലപറയുന്ന ലോക്കല്‍ പോപ്പുമാര്‍ പണിയെടുത്തു ജീവിക്കാന്‍ പഠിക്കും, കുട്ടികളുടെ വിരല്‍ മുറിച്ചു വിശ്വാസപ്രതിഞ്ജ നടത്തുന്ന അച്ചന്മാര്‍ കണ്ടം വഴി ഓടും, ലക്ഷങ്ങളോട് മൈതാനത്ത് മതപ്രസംഗം നടത്തുന്നവര്‍ കഥാപ്രസംഗികരോ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്മാരോ ആയി സമൂഹത്തെ രസിപ്പിക്കും.
അതാണ് ഞാന്‍ സ്വപ്നം കാണുന്ന നവകേരളം...
(യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകൻ)
content highlights: Muralui Thummarukudi On Charity works