• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

നഗരസഭയ്ക്ക് കൊടുക്കാന്‍ മടിക്കുന്ന നികുതി ആശുപത്രിയില്‍ കൊടുക്കുന്നു-മാലിന്യ വിഷയത്തിൽ മലയാളി മാറണം

murali thummarukudi
Feb 24, 2019, 11:43 AM IST
A A A

കേരളത്തിലെ നഗരങ്ങളെക്കാള്‍ പതിന്മടങ്ങ് ജനസംഖ്യയുള്ള ലണ്ടനിലും പാരീസിലും കൊച്ചിയിലെ പോലെ നഗരമധ്യത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് പട്ടികള്‍ക്ക് ആഹാരമാകുന്നില്ല ജനീവയില്‍ ഖരമാലിന്യം ഫ്‌ലാറ്റിനടുത്തു നിന്നെടുക്കുന്നത് വളരെ ആധുനികമായ സൗകര്യങ്ങളുള്ള ഒരു ട്രക്കാണ്. ഡ്രൈവര്‍ അല്ലാതെ ഒരു സഹായി പോലും അതിലില്ല. ഡ്രൈവിംഗ് സീറ്റിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് ഫ്‌ലാറ്റിന്റെ പുറത്തു വെച്ചിരിക്കുന്ന വലിയ മാലിന്യക്കുട്ട ട്രക്കിലെടുത്തിടുന്നത്.

# മുരളി തുമ്മാരുകുടി
waste management
X

മെഡിക്കൽ കോളേജിലെ മാലിന്യം വേർതിരിച്ച് വെച്ചിരിക്കുന്നു

കേരളത്തിലെ നഗരവത്കരണത്തിന്റെ ഏറ്റവും മോശമായ മുഖം ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം, അത് മാലിന്യ സംസ്‌ക്കരണം തന്നെയാണെന്ന്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും എല്ലാ നഗരങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാലിന്യ സംസ്‌ക്കരണത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടുകയാണ്. ഒരു നഗരത്തില്‍ പോലും അന്താരാഷ്ട്ര നിലവാരമുള്ള ഒരു മാലിന്യ സംസ്‌ക്കരണ പദ്ധതിയില്ല. എറണാകുളം പോലെയുള്ള വലിയ നഗരങ്ങളിലാകട്ടെ, മാലിന്യം ശരിയായി സംസ്‌ക്കരിക്കാത്തതിനാല്‍ കൊതുകും തെരുവുപട്ടിയും വളര്‍ന്ന് മനുഷ്യ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്നു. ഇതിന് ഒരു പരിഹാരമില്ലേ?

മാലിന്യങ്ങളുടെ രൂപവും അളവും മാറിയെങ്കിലും ഖരമാലിന്യം എല്ലാക്കാലവും നഗരവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ലോകത്തെ വലിയ നഗരങ്ങള്‍ കുതിരവണ്ടികളാല്‍ നിറഞ്ഞിരുന്നു. അക്കാലത്ത് കുതിരച്ചാണകവും ചത്ത കുതിരകളുമൊക്കെയായിരുന്നു നഗരത്തിലെ പ്രധാന മാലിന്യമെങ്കില്‍, കാറും ബസും വന്നതോടെ കുതിരച്ചാണകമൊന്നും നഗരങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ലാതായി. ഇപ്പോള്‍ ലോകമെമ്പാടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഒരു വലിയ പ്രശ്‌നമാണ്. കേരളത്തില്‍ പ്ലാസ്റ്റിക്കും അടുക്കള മാലിന്യവും ഒരുപോലെ പ്രശ്‌നമാണ്.

എന്നിട്ടും നമുക്ക് പ്രതീക്ഷക്ക് വകയുണ്ട്. കേരളത്തിലെ നഗരങ്ങളെക്കാള്‍ പതിന്മടങ്ങ് ജനസംഖ്യയുള്ള ലണ്ടനിലും പാരീസിലും കൊച്ചിയിലെ പോലെ നഗരമധ്യത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് പട്ടികള്‍ക്ക് ആഹാരമാകുന്നില്ല. കേരളം പോലെ കാലാവസ്ഥയുള്ള, കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള, നഗരത്തിന് പുറത്ത് സ്വന്തമായി ഒട്ടും ഭൂമിയില്ലാത്ത സിംഗപ്പൂരില്‍ മാലിന്യം മൂലം ആളുകള്‍ക്ക് മൂക്കുപൊത്തി നടക്കേണ്ടി വരുന്നില്ല.

എങ്ങനെയാണ് മറ്റു നഗരങ്ങള്‍ ഖരമാലിന്യ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്? എവിടെയാണ് നമുക്ക് പിഴക്കുന്നത്?

waste

ഖരമാലിന്യം എന്നത് ഒറ്റ വസ്തുവല്ല: നഗരത്തിലെ ഖരമാലിന്യത്തെ നമ്മള്‍ 'urban solid waste' എന്ന ഒറ്റ പദം കൊണ്ടാണ് സൂചിപ്പിക്കുന്നതെങ്കിലും ഇത് ഒരു വസ്തു മാത്രമല്ല, അടുക്കളയില്‍ നിന്നും ബാക്കി വരുന്ന ഭക്ഷണം, വീട്ടില്‍ നിന്നും പുറത്ത് കളയേണ്ടി വരുന്ന ബാറ്ററി, സ്ട്രീറ്റ് ലൈറ്റിന്റെ ബള്‍ബ്, വെട്ടിക്കളയുന്ന ചില്ലകളും പുല്ലും, പൊളിച്ചു കളയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകള്‍ എന്നിവയെല്ലാം ജനവാസ മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളാണ്. ഇതുകൂടാതെ ആശുപത്രികളില്‍ നിന്നും വരുന്ന രക്തവും പഞ്ഞിയും ഉള്‍പ്പെടുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍, എല്ലായിടത്ത് നിന്നും വരുന്ന പ്ലാസ്റ്റിക്കും പാക്കേജിംഗും വസ്തുക്കള്‍ ഇവയെല്ലാം സംസ്‌ക്കരിക്കപ്പെടേണ്ട മാലിന്യങ്ങളില്‍പ്പെടും. ഓരോ നഗരവും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ സ്വഭാവവും അളവും കൂടിവരും. ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളത്തില്‍ മാലിന്യങ്ങള്‍ പുറത്തേക്ക് കളയുന്ന കാര്യത്തിലും നമ്മള്‍ നമ്പര്‍ വണ്‍ തന്നെയായിരിക്കും, ഉറപ്പ്.

ഉറവിട മാലിന്യ സംസ്‌ക്കരണം ഒറ്റമൂലിയല്ല

 കേരളത്തിലെ ഖരമാലിന്യ സംസ്‌കരണ രംഗത്ത് എപ്പോഴും കേള്‍ക്കുന്ന വാക്കാണ് ഉറവിട മാലിന്യ സംസ്‌ക്കരണം എന്നത്. കേള്‍ക്കുമ്പോള്‍ നല്ല ആശയമാണെന്നൊക്കെ തോന്നും. പണ്ടൊക്കെ വെങ്ങോലയിലെ വീട്ടില്‍ ഒരു വളക്കുഴിയും ഒരു പൊട്ടക്കിണറും ഉണ്ടായിരുന്നു. അടുക്കള മാലിന്യമെല്ലാം വളക്കുഴിയിലെത്തും. പൊട്ടിയ ബള്‍ബ് പോലെയുള്ള സാധനങ്ങള്‍ പൊട്ടക്കിണറ്റിലും. വീട്ടില്‍ നിന്നും പുറത്തുവരുന്ന മാലിന്യങ്ങളുടെ അളവും രൂപവും മാറിയതോടെ ഇതൊരു സാധ്യമായ കാര്യമല്ലാതായി. രണ്ടേക്കര്‍ പറമ്പിന്റെ നടുക്ക് കിടക്കുന്ന തുമ്മാരുകുടിയില്‍ ഉറവിട മാലിന്യ സംസ്‌ക്കരണം പൂര്‍ണ്ണമായും സാധ്യമല്ലെങ്കില്‍ മൂന്നു സെന്റില്‍ വീട് വെക്കുന്നവര്‍ക്കും മൂന്നാം നിലയില്‍ കഴിയുന്നവര്‍ക്കും ഇതെങ്ങനെ സാധിക്കാനാണ്?

ഒരു നഗരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തില്‍ ബഹുഭൂരിഭാഗവും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ പറ്റില്ല. നമ്മുടെ വീട്ടിലെ ഫ്യൂസായ ബള്‍ബും കേടായ ഫ്രിഡ്ജും മാത്രമല്ല, പഴയ പേപ്പറും സാനിറ്ററി നാപ്കിനും വരെ ഉറവിടത്തില്‍ സംസ്‌ക്കരിക്കുക എന്നത് അസാധ്യമാണ്. ഉറവിട സംസ്‌ക്കരണം ഒറ്റമൂലി ആണെന്ന തരത്തിലുള്ള ചിന്താഗതി മാറണം. നമ്മുടെ നഗരത്തിലുണ്ടാകുന്ന ഖരമാലിന്യത്തിന് ഇരുപതോ ഇരുപത്തഞ്ചോ വ്യത്യസ്തമായ ചേരുവകളുണ്ടാകാം. ഇതില്‍ ചിലത് ചില സാഹചര്യങ്ങളില്‍ ഉറവിടത്തില്‍ സംസ്‌ക്കരിക്കാന്‍ സാധിക്കും. പക്ഷെ, അത് എല്ലാവര്‍ക്കും എല്ലായ്പ്പോഴും സാധിക്കുന്ന കാര്യമല്ല.

ഇരുപത് മാലിന്യ വര്‍ഗ്ഗത്തിനും പരിസ്ഥിതി സൗഹൃദമായി സംസ്‌ക്കരണ രീതി ഓരോ വീട്ടിലോ, ഓഫീസിലോ, നഗരത്തിലോ, ജില്ലയിലോ എന്തിന്, സംസ്ഥാനത്തു തന്നെയോ സാധിക്കണമെന്നില്ല.

ഇതിന്റെ അര്‍ത്ഥം വ്യക്തികള്‍ക്ക് ഖരമാലിന്യ സംസ്‌ക്കരണത്തില്‍ ഒരു പങ്കുമില്ല എന്നല്ല. നാലു തരത്തില്‍ വ്യക്തികള്‍ക്ക് ഖരമാലിന്യ സംസ്‌ക്കരണത്തില്‍ സഹായിക്കാന്‍ സാധിക്കും. ഒന്ന്, ഉപഭോഗത്തിന്റെ സമയത്ത് തന്നെ മാലിന്യം കുറഞ്ഞ ഒരു സംസ്‌ക്കാരത്തിലേക്ക് മാറുക. പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങുന്നത് നിര്‍ത്തി തുണിസഞ്ചികള്‍ ശീലമാക്കുന്നത് ഒരുദാഹരണമാണ്. ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ ഭക്ഷണമുണ്ടാക്കി കളയാതെ ശ്രദ്ധിക്കുക. രണ്ട്, പണ്ടുണ്ടായിരുന്ന നമ്മുടെ റിപ്പയര്‍-റീ യൂസ് സംസ്‌ക്കാരം തിരികെ കൊണ്ടുവരിക. മൂന്നാമത്, നമ്മുടെ മാലിന്യങ്ങള്‍ പറ്റുന്നത്ര വേര്‍തിരിച്ച് വീണ്ടും ഉപയോഗിക്കാന്‍ സാധ്യതയുള്ളവ ആവശ്യക്കാര്‍ക്ക് നല്കാന്‍ ശ്രമിക്കുക. നാല്, സാധിക്കുന്നത്ര അടുക്കള മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കാന്‍ ശ്രമിക്കുക.

waste

ഉറവിടത്തില്‍ സംസ്‌ക്കരിക്കുമ്പോള്‍

ഇതിനായി പഴയ തരത്തിലുള്ള ബയോ ഗ്യാസ് പ്ലാന്റ്, തുമ്പൂര്‍മൂഴി ഏറോബിക് കമ്പോസ്റ്റിങ്, മുറ്റത്ത് കുഴിച്ചിടാവുന്ന പൈപ്പ് കമ്പോസ്റ്റിംഗ്, ഫ്‌ലാറ്റിനകത്ത് പോലും ചെയ്യാവുന്ന ബാസ്‌ക്കറ്റ് കമ്പോസ്റ്റ് എന്നിങ്ങനെ പല രൂപങ്ങളും സാങ്കേതികവിദ്യയുമുണ്ട്. ഉറവിട സംസ്‌ക്കരണത്തിന്റെ കാര്യത്തില്‍ പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം മാലിന്യ സംസ്‌ക്കരണം നടത്തുന്നത് ബാക്ടീരിയ മുതല്‍ മണ്ണിര വരെയുള്ള ജീവികളാണ്. അവക്കെല്ലാം വളരാന്‍ കൃത്യമായ ജീവിത സാഹചര്യവും വേണം. അതില്ലാതായാല്‍ അവര്‍ പണിമുടക്കും. ഉദാഹരണത്തിന്, ഓക്‌സിജന്റെ അഭാവത്തിലാണ് ബയോ ഗ്യാസ് പ്ലാന്റുകളിലെ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ ടാങ്കിലേക്ക് ലീക്കുണ്ടായാല്‍ അവ പ്രവര്‍ത്തിക്കുകയില്ല. അധിക അമ്ലമോ അധിക ക്ഷാരമോ ഇല്ലാത്ത അന്തരീക്ഷത്തിലേ ഏറോബിക് ആയാലും അല്ലെങ്കിലും ജീവികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. അപ്പോള്‍ വീട്ടില്‍ ചെറിയൊരു അച്ചാറുകുപ്പി പൊട്ടിയതെടുത്ത് ബയോഗ്യാസ് പ്ലാന്റിലിട്ടാല്‍ പോലും പ്ലാന്റ് പണിമുടക്കും. ജൈവ സംസ്‌ക്കരണത്തിനും ഒരു 'ലോഡിങ് റേറ്റ്' ഉണ്ട്. അതായത് എത്ര ബാക്ടീരിയക്ക് എത്ര ഭക്ഷണം കഴിക്കാമെന്ന്. ശരാശരി നാലുപേര്‍ക്ക് പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അടുക്കള മാലിന്യം മാത്രമുപയോഗിച്ച് നിലനിര്‍ത്തുന്ന ഒരു ജൈവ സംസ്‌ക്കരണശാലയില്‍ അതിഥികള്‍ വന്നിട്ട് ബാക്കിയായ നാലുപേരുടെ ഭക്ഷണം കൂടി കമഴ്ത്തിയാല്‍ തന്നെ പ്ലാന്റ് അപ്സെറ്റാകും. ഇക്കാര്യത്തില്‍ സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് കുറച്ചൊക്കെ മാനേജ് ചെയ്യാന്‍ സാധിക്കും. പക്ഷെ, നല്ല പരിസ്ഥിതി ബോധം കൊണ്ടോ സര്‍ക്കാര്‍ സബ്സിഡി കൊണ്ടോ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടോ ഉറവിട മാലിന്യ സംസ്‌ക്കരണം വീട്ടില്‍ തന്നെ ആകാമെന്ന് വിചാരിച്ച ബഹുഭൂരിപക്ഷത്തിനും ഇത് ബുദ്ധിമുട്ടാണ്. ഒരിക്കല്‍ അപ്സെറ്റായ പ്‌ളാന്റുകള്‍ നന്നാക്കിക്കൊടുക്കാനുള്ള ടെക്നീഷ്യന്‍മാരൊന്നും ഇപ്പോള്‍ കേരളത്തിലില്ല. അതുകൊണ്ടാണ് പരാജയപ്പെട്ട ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ കേരളത്തില്‍ വിജയിച്ചതിനേക്കാള്‍ കൂടുതലായിരിക്കുന്നത്.

വലിപ്പം പ്രധാനം

 ജൈവ മാലിന്യ സംസ്‌ക്കരണത്തിനുള്‍പ്പെടെ എല്ലാ മാലിന്യ സംസ്‌ക്കരണത്തിലും വലിപ്പം പ്രധാനമാണ്. ഇതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, ഒരു നഗരത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും ഹോട്ടലില്‍ നിന്നുമെല്ലാം ജൈവമാലിന്യം ഒരിടത്ത് എത്തുമ്പോള്‍, മുന്‍പ് പറഞ്ഞ അച്ചാര്‍ കുപ്പി പ്രശ്‌നവും അധികം വരുന്ന ബിരിയാണി പ്രശ്‌നവും മൊത്തം മാലിന്യത്തിന്റെ ചെറിയൊരു അംശമേ വരൂ. അതുകൊണ്ടുതന്നെ അത് മൊത്തം പ്രോസസ്സിനെ ബാധിക്കില്ല. രണ്ട്, ഒരു നഗരത്തിലെ മുഴുവന്‍ മാലിന്യവും ഒരുമിച്ച് സംസ്‌ക്കരിക്കുമ്പോള്‍ ആ വിഷയത്തില്‍ പരിചയവും പ്രാവീണ്യവുമുള്ളവരെ അവിടെ ജോലിക്കു വെക്കാം. അവര്‍ പ്ലാന്റിനെ വേണ്ടവിധത്തില്‍ പരിപാലിക്കും. സമയത്തിന് അറ്റകുറ്റപ്പണികള്‍ നടത്തും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കുകയും ചെയ്യും. മൂന്ന്, ആയിരം വീടുകളിലെ മാലിന്യം ഒറ്റക്കൊറ്റക്ക് സംസ്‌ക്കരിക്കുന്നതിനേക്കാള്‍ ശരാശരി ചെലവ് കുറവായിരിക്കും ഇവ ഒരുമിച്ച് സംസ്‌ക്കരിക്കുമ്പോള്‍. ഇങ്ങനെ പല ഗുണങ്ങള്‍ കേന്ദ്രീകൃത സംസ്‌ക്കരണത്തിനുണ്ട്.

വികേന്ദ്രീകരണം രാഷ്ട്രീയമാകുമ്പോള്‍

കേരളത്തിലെ ഖര മാലിന്യ സംസ്‌ക്കരണം ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. കേരളത്തില്‍ ആയിരത്തില്‍ പരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉണ്ട്. കേരളത്തിലെ വന്‍ നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവും പോലും ഇന്ത്യയിലെ വലിയ നഗരങ്ങളുടെ അടുത്ത് പോലും വരില്ല. അപ്പോള്‍ ആയിരം പഞ്ചായത്തിലെ കാര്യം പറയാനുമില്ലല്ലോ. ശരാശരി ജനസംഖ്യ മുപ്പതിനായിരമാണ്. ഈ ചെറിയ ജനസംഖ്യ വെച്ച് ജൈവ മാലിന്യ സംസ്‌ക്കരണം പോലും ഓരോ തദ്ദേശ സ്ഥാപനത്തിന്റെ അതിര്‍ത്തിയില്‍ സംസ്‌ക്കരിക്കുക എന്നത് സാധ്യമല്ല. സാങ്കേതികമായ പരിമിതികള്‍ മാത്രമല്ല, ഇത് ചെയ്യാനുള്ള സാങ്കേതിക വിദഗ്ധരുടെ അഭാവം, ഇത്ര ചെറിയ സ്‌കെയിലില്‍ ഇത് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വലിയ ചെലവ് ഇതെല്ലാം കാരണമാണ് നമ്മുടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒന്നും മാലിന്യസംസ്‌ക്കരണം പച്ചപിടിക്കാത്തത്.

എല്ലാ വീട്ടിലും എല്ലാ ദിവസവും ഉണ്ടാകുന്ന ജൈവ മാലിന്യ സംസ്‌ക്കരണം പോലും പഞ്ചായത്ത് തലത്തില്‍ ബുദ്ധിമുട്ടാകുമ്പോള്‍, വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ടി വരുന്ന ബള്‍ബും ബാറ്ററിയും കംപ്യുട്ടറും സംസ്‌ക്കരിക്കുന്നത് പഞ്ചായത്ത് തലത്തില്‍ സാധിക്കുന്ന പ്രശ്‌നമേ അല്ലല്ലോ. അതിനാല്‍ മാലിന്യ സംസ്‌ക്കരണം എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്കുള്ളില്‍ മാനേജ് ചെയ്യേണ്ടതാണ് എന്ന് ചിന്തിക്കാതെ, സംസ്ഥാനം ഒന്നായി ചിന്തിച്ച് പദ്ധതികള്‍ തയ്യാറാക്കണം.

നമ്മുടെ നഗരങ്ങളില്‍ നിന്ന് വരുന്ന ഖരമാലിന്യങ്ങള്‍ ഇരുപതോളം തരമുണ്ടെന്ന് പറഞ്ഞല്ലോ. ഇവയില്‍ ഓരോന്നിനും പരിസ്ഥിതി സൗഹൃദമായ സംസ്‌ക്കരണ രീതികളുണ്ട്. എന്നാല്‍ ഇത് ഏത് തോതിലാണ് സാമ്പത്തികമായി കാര്യക്ഷമമാകുന്നത് എന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന് 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തെ ജൈവമാലിന്യം സംഭരിച്ചാലേ ജൈവമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമായി നടത്താന്‍ സാധിക്കൂ, എന്നാല്‍ കംപ്യുട്ടറും മൊബൈല്‍ ഫോണും ടെലിഫോണും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ മാലിന്യങ്ങളും സംഭരിച്ചാല്‍ പോലും അത് കാര്യക്ഷമമായി സംസ്‌ക്കരിക്കാന്‍ പറ്റിയെന്നു വരില്ല. അയല്‍ സംസ്ഥാനങ്ങളുമായി അത്തരം ഒരു സ്ഥാപനം ഉണ്ടാക്കേണ്ടി വരും. ഇത്തരത്തില്‍ ഓരോ മാലിന്യങ്ങളുടെ പിരിവിനും കാര്യക്ഷമമായ കാച്ച്‌മെന്റ് ഏരിയ എത്രയെന്ന് സാങ്കേതിക വിദഗ്ധര്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും.

WASTE

മാലിന്യത്തില്‍ നിന്നും വൈദ്യതി

 കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഒക്കെ കേരളത്തില്‍ പരാജയപ്പെട്ടിരിക്കയാണ്. പുതുതായൊരു ഒറ്റമൂലി കണ്ടെത്താന്‍ ജനം അക്ഷമരാണ്. ഇവിടെയാണ് മാലിന്യത്തില്‍ നിന്ന് വൈദ്യുതി (waste to energy) എന്ന സാങ്കേതികവിദ്യ കേരളത്തിലേക്കെത്തുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ വിജയകരമായി ഉപയോഗിക്കുന്നു, സ്വീഡന്‍ ഒക്കെ നാട്ടില്‍ മാലിന്യം പോരാഞ്ഞിട്ട് അയാള്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു എന്നൊക്കെയാണ് മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം എന്ന പദ്ധതിയുടെ പ്രമോട്ടര്‍മാര്‍ പറയുന്നത്. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ട്?

മൂന്നു കാര്യങ്ങള്‍ ആദ്യമേ പറയാം.

1. ഒരു നഗരത്തില്‍ നിന്നുണ്ടാകുന്ന എല്ലാ ഖരമാലിന്യങ്ങളും ശുദ്ധീകരിക്കുന്ന സംവിധാനമല്ല waste to energy plant. ഉദാഹരണത്തിന്, പഴയ കംപ്യുട്ടറോ മൊബൈല്‍ ഫോണോ ബള്‍ബോ ബാറ്ററിയോ ഒന്നും ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കില്ല.

2. കത്തിച്ചുകളയാന്‍ പറ്റുന്ന മാലിന്യങ്ങളില്‍ നിന്നാണ് ഊര്‍ജ്ജമുണ്ടാക്കാന്‍ സാധിക്കുന്നത്. ഓരോ തരം മാലിന്യത്തില്‍ നിന്നും ഓരോ അളവിലാണ് ഊര്‍ജ്ജം ലഭിക്കുന്നത്. പക്ഷെ, ശരാശരി എടുത്താല്‍ വൈദ്യുതി ഉണ്ടാക്കാനുള്ള ലാഭകരമായ ഒരു മാര്‍ഗ്ഗമല്ല, ഖരമാലിന്യ സംസ്‌ക്കരണം.

3. കല്‍ക്കരി മുതല്‍ ന്യുക്ലിയര്‍ വരെയുള്ള വൈദ്യുതി സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയെക്കാളും ഏറെ ചെലവുള്ളതാണ് മാലിന്യത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി. അപ്പോള്‍ മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജമുണ്ടാക്കുന്ന പദ്ധതി ലാഭകരമാകണമെങ്കില്‍ രണ്ട് മാര്‍ഗ്ഗങ്ങളേയുള്ളു. ഇത് മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായിക്കണ്ട് സര്‍ക്കാര്‍ പ്ലാന്റുകള്‍ക്ക് വലിയ തോതില്‍ സബ്സിഡി നല്‍കണം. അല്ലെങ്കില്‍ പരിസ്ഥിതി സൗഹൃദമായ വൈദ്യുതിയായതിനാല്‍ ഉപഭോക്താക്കള്‍ വലിയ വില നല്‍കി ഇത് വാങ്ങണം.

കേരളത്തില്‍ ഇതിന് രണ്ടിനും ബുദ്ധിമുട്ടുകളുണ്ട്. ഒന്നാമത്, waste to energy പ്ലാന്റിന് സബ്സിഡി കൊടുക്കാനുള്ള പണം സര്‍ക്കാരിന്റെ കൈയിലില്ല. രണ്ട്, പരിസ്ഥിതി സൗഹൃദമായ ഊര്‍ജ്ജം കൂടുതല്‍ വിലക്ക് വാങ്ങുന്ന ഒരു സംസ്‌ക്കാരമോ സംവിധാനമോ ഇപ്പോള്‍ കേരളത്തിലില്ല. അതുകൊണ്ട് മറ്റൊരു രീതിയാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലായത്. അതായത്, waste to energy പ്ലാന്റിലുണ്ടാക്കുന്ന വൈദ്യുതി മറ്റ് വൈദ്യുതി നിലയങ്ങളില്‍ നിന്നും കിട്ടുന്ന വൈദ്യുതിയെക്കാള്‍ വില കൊടുത്തു വാങ്ങാന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെടുക. ഈ വില വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് വാങ്ങുന്ന വിലയിലും അധികമാണ്. പ്രത്യക്ഷത്തില്‍ വലിയ കുഴപ്പമില്ലെന്ന് തോന്നുന്ന ഈ സംവിധാനത്തിന് ഒരു കുഴപ്പം ഉണ്ട്. ഒരു നഗരത്തിലെ waste to energy പ്ലാന്റിലെ വൈദ്യുതി ഉയര്‍ന്ന വിലക്ക് വാങ്ങുകയും അതിലും കുറഞ്ഞ വിലക്ക് കേരളത്തിലെ മൊത്തം ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സഹിക്കുന്നത് കേരളത്തിലെ മുഴുവന്‍ ഉപഭോക്താക്കളുമാണ്. അതായത്, കൊച്ചിയിലെ മാലിന്യ സംസ്‌ക്കരണത്തിന്റെ ഗുണമനുഭവിക്കുന്നത് കൊച്ചിക്കാര്‍ മാത്രമാകുമ്പാള്‍ അതിന് പണം കൊടുക്കുന്നതില്‍ കേരളത്തിലെ എല്ലാ ഉപഭോക്താക്കളും കാണും. ഇതില്‍ യാതൊരു തരത്തിലുള്ള ഖരമാലിന്യ സംസ്‌ക്കരണ സൗകര്യങ്ങളും ലഭിക്കാത്ത കുഗ്രാമത്തിലെ പാവപ്പെട്ടവരും കാണും. ഇത് തീരെ ശരിയല്ല. നഗരവല്‍ക്കരണത്തിന്റെ ചെലവ് വഹിക്കേണ്ടത് നഗരവാസികള്‍ തന്നെയാണ്. കൊച്ചിയിലെ waste to energy പ്ലാന്റിലെ വൈദ്യുതി ഉയര്‍ന്ന നിരക്കില്‍ വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ് ചെലവാക്കുന്ന മുഴുവന്‍ തുകയും കൊച്ചിയിലെ ഖരമാലിന്യം ഉണ്ടാക്കുന്നവരില്‍ നിന്നുതന്നെ ഈടാക്കണം. അപ്പോഴാണ് ഖരമാലിന്യം നഗരത്തിന്റെ ഉത്തരവാദിത്തമാകുന്നത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്നവരുടെ ഉപഭോക്തൃ ജീവിത രീതിയുടെ ചെലവ് വെങ്ങോലയില്‍ ജീവിക്കുന്നവര്‍ എന്തിന് വഹിക്കണം? ഇനി അഥവാ ഒരു നഗരത്തിലെ സബ്സിഡി സര്‍ക്കാര്‍ വഹിക്കാമെന്നോ ബോര്‍ഡില്‍ കൂടി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ബില്ലില്‍ എത്തിക്കാമെന്നോ വച്ചാല്‍ തന്നെ സംസ്ഥാനത്തെ മുഴുവന്‍ കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിക്കും വേണ്ടി ഇത്തരം പദ്ധതി ഉണ്ടാക്കുമ്പോള്‍ അത് സര്‍ക്കാരിനും ബോര്‍ഡിനും താങ്ങാന്‍ പറ്റാതാകും.

ഇതിന്റെയര്‍ത്ഥം waste to energy എന്ന സാങ്കേതികവിദ്യയോട് എനിക്ക് എതിര്‍പ്പുണ്ടെന്നല്ല. മറിച്ച് കേരളത്തെ ഒരു ഖരമാലിന്യ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിവുള്ള പദ്ധതിയാണിത്. മുന്‍പ് പറഞ്ഞതുപോലെ കേന്ദ്രീകൃത - വികേന്ദ്രീകൃതമായ അനവധി പദ്ധതികള്‍ പരാജയപ്പെട്ട ഒരു നാടാണ് നമ്മുടേത്. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക പരിസ്ഥിതിക്കൊന്നും ചേരാത്ത തരത്തിലുള്ള പരിസ്ഥിതി മലിനീകരണമാണ് നമ്മുടെ നഗരത്തിലും ഗ്രാമത്തിലും ഖരമാലിന്യം കൊണ്ടുണ്ടാകുന്നത്. കൊതുക്, തെരുവുനായ, അഴിമതി, ക്വോട്ടേഷന്‍ ഗാങ് വരെ ഈ തക്കത്തില്‍ വളര്‍ന്നുവരികയാണ്. അതുകൊണ്ടുതന്നെ മാലിന്യം നന്നായി സംസ്‌ക്കരിക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യകള്‍ വരണം. waste to energy അത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യയാണ്. പക്ഷെ ഓരോ നഗരത്തിലെയും ഖരമാലിന്യത്തിന്റെ സംസ്‌കരണത്തിന്റെ ചിലവ് ആ നഗരത്തില്‍ ഉള്ളവര്‍ വഹിക്കണം, അപ്പോഴാണ് അവര്‍ക്ക് ഉത്തരവാദിത്ത ബോധം ഉണ്ടാകുന്നത്. അപ്പോഴാണ് അവര്‍ക്ക് പെരുമാറ്റത്തില്‍ മാറ്റം ഉണ്ടാകുന്നത്.

E Waste

സാങ്കേതികവിദ്യ മാറിയേ തീരൂ

 waste to energy പ്ലാന്റുകളില്‍ മാത്രമല്ല, കമ്പോസ്റ്റിംഗ്, ഖര മാലിന്യ സംസ്‌ക്കരണം, ആശുപത്രി മാലിന്യവും ബാറ്ററിയും സംസ്‌ക്കരിക്കല്‍ എന്നിവയിലെല്ലാം പുതിയ സാങ്കേതിക വിദ്യകള്‍ നാം ഉപയോഗിക്കണം. ഇപ്പോഴത്തേത് പോലുള്ള തട്ടിക്കൂട്ട് വിദ്യകള്‍ ഉപേക്ഷിക്കണം.

മാലിന്യസംസ്‌ക്കരണത്തില്‍ മാത്രമല്ല, മാലിന്യം ശേഖരിക്കുന്നതിലും ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിലും പുതിയ സാങ്കേതിക വിദ്യകള്‍ വന്നിട്ടുണ്ട്. ജനീവയില്‍ ഖരമാലിന്യം ഫ്‌ലാറ്റിനടുത്തു നിന്നെടുക്കുന്നത് വളരെ ആധുനികമായ സൗകര്യങ്ങളുള്ള ഒരു ട്രക്കാണ്. ഡ്രൈവര്‍ അല്ലാതെ ഒരു സഹായി പോലും അതിലില്ല. ഡ്രൈവിംഗ് സീറ്റിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് ഫ്‌ലാറ്റിന്റെ പുറത്തു വെച്ചിരിക്കുന്ന വലിയ മാലിന്യക്കുട്ട ട്രക്കിലെടുത്തിടുന്നത്. കൈകൊണ്ട് തൊടേണ്ട ആവശ്യം പോലുമില്ല. മനുഷ്യന്‍ ചെയ്യാനറക്കുന്ന ഒരു ജോലി വീഡിയോ ഗെയിം കളിക്കുന്നതുപോലെ രസകരമാക്കി മാറ്റിയെടുക്കുന്നത് ഇത്തരം സാങ്കേതിക വിദ്യ വഴിയാണ്.

ഓരോ നഗരത്തിലെ ഖര മാലിന്യവും ഇരുപതോളം പ്രധാന പിരിവുകള്‍ ഉള്ളതാണെന്ന് പറഞ്ഞല്ലോ. ഇതിലോരോന്നും സംസ്‌ക്കരിക്കുന്നതിന് വ്യത്യസ്ത തരത്തിലുള്ള സംവിധാനങ്ങളാണ് വേണ്ടത്. ചില കാര്യങ്ങള്‍ക്ക് കേരളത്തില്‍ തന്നെ സാങ്കേതിക സംസ്‌ക്കാരം ഉണ്ടാക്കാം (കന്‌പോസ്റ്റിംഗ്). ചിലതിന് നമുക്ക് യാതൊരു പരിചയവും ഉണ്ടാകില്ല. (ഇ- വേസ്റ്റ് സൗഹൃദപരമായി സംസ്‌ക്കരിക്കുന്നത്). പക്ഷെ, മാലിന്യ സംസ്‌ക്കരണം ശരിയായി ചെയ്യണമെങ്കില്‍ ഇരുപത് പിരിവിനും ശരിയായ സാങ്കേതികവിദ്യ കൂടിയേ തീരൂ. നമുക്ക് അറിയാവുന്നതോ പരിചയമുള്ളതോ ആയ സാങ്കേതികവിദ്യ കൊണ്ട് മാലിന്യം സംസ്‌ക്കരിക്കുന്നത് നിര്‍ത്തി ലോകത്തെ ഏറ്റവും നല്ല സാങ്കേതികവിദ്യകള്‍ തന്നെ ഓരോന്നിനും നാട്ടിലെത്തിക്കണം.

വളക്കുഴിയുടെ കാലം കഴിഞ്ഞു

 50  കൊല്ലം മുന്‍പ് വെങ്ങോലയില്‍ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു കുഴികളുണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ പല നഗരങ്ങളിലും ഇപ്പോഴും ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നത് ഒറ്റക്കുഴിയില്‍ തീര്‍ക്കുന്ന കാര്യമാണ്. ലാന്റ് ഫില്‍ എന്ന പേരില്‍ വിളിക്കുന്ന ഇത്തരം കുഴിയില്‍ അടുക്കളമാലിന്യം തൊട്ട് അറവ് മാലിന്യവും ആശുപത്രി മാലിന്യവും പഴയ കട്ടിലും മേശയും വരെ എത്തുന്നു. ജൈവമാലിന്യങ്ങള്‍ അവിടെ കിടന്ന് അഴുകുന്നു. മറ്റുള്ളവക്ക് എന്ത് പറ്റുന്നുവെന്ന് അന്വേഷിക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല. വല്ലപ്പോഴും അതിനു മുകളില്‍ മണ്ണ് വെട്ടിയിട്ട് മുനിസിപ്പാലിറ്റി സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നു. 'Out of site is out of mind' എന്ന തത്വശാസ്ത്രം അനുസരിച്ച് സ്വന്തം വീട്ടില്‍ നിന്നും കടയില്‍ നിന്നും ആശുപത്രിയില്‍ നിന്നും മാലിന്യം ഒഴിവായ സന്തോഷത്തില്‍ നമ്മള്‍ സുഖമായി കിടന്നുറങ്ങുന്നു.

എന്നാല്‍ ഇനിയുള്ള കാലം ഇത് നമ്മുടെ ഉറക്കം കെടുത്താന്‍ പോകുകയാണ്. മണ്ണിട്ട് മൂടിയ ജൈവമാലിന്യം അവിടെക്കിടന്നഴുകി മീഥേന്‍ വാതകം നിറയുന്നു. അത് പുറത്തുവന്ന് ഹരിതവാതകമായി കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുകയും വല്ലപ്പോഴും അതിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. ഇതൊക്കെ ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുണ്ട്. പക്ഷെ, ഇതല്ല അവിടുത്തെ പ്രധാന പ്രശ്‌നം. നമ്മുടെ മാലിന്യങ്ങളില്‍ ഖര ലോഹങ്ങളും രാസവസ്തുക്കളും ധാരാളമുണ്ട്. മുകളില്‍ നിന്ന് വെള്ളമൊഴുകിയും, ജൈവമാലിന്യങ്ങള്‍ അഴുകുമ്പോള്‍ ഉണ്ടാകുന്ന രാസമാറ്റങ്ങള്‍ കൊണ്ടും ഈ രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്ന് അടുത്തുള്ള കിണറ്റിലും കുളത്തിലും എത്തുന്നു. അത് പിന്നീട് കുടിവെള്ളത്തിലൂടെയും കഴിക്കുന്ന മല്‍സ്യങ്ങളിലൂടെയും നമ്മുടെ ശരീരത്തില്‍ എത്തുന്നു. നമ്മള്‍ ഔട്ട് ഓഫ് സൈറ്റ് ആയിക്കളഞ്ഞ ഖരമാലിന്യം ഭക്ഷ്യ ശൃംഖല വഴി നമ്മുടെ കൊച്ചുമക്കളുടെ കരളും ബുദ്ധിയും കാര്‍ന്നുതിന്നുന്ന മെര്‍ക്കുറിയായും ഫോര്‍മാല്‍ ഡീഹൈഡായും തിരിച്ചുവരുന്നു.

'നൈനം ഛിന്തതി ശസ്ത്രാണി' എന്നൊക്കെ ഭഗവാന്‍ പറഞ്ഞത് ആത്മാവിനെ പോലെ ഖരലോഹങ്ങള്‍ക്കും ബാധകമാണ്.

രണ്ടായിരത്തി ഇരുപതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ 'ലാന്‍ഡ് ഫില്‍' എന്ന സംവിധാനം പൂര്‍ണ്ണമായും നിരോധിക്കപ്പെടുകയാണ്. നഗരത്തില്‍ ഉണ്ടാകുന്ന സകല മാലിന്യവും ഒരു കുഴികുത്തി അതിനുള്ളില്‍ നിറക്കുക എന്ന എളുപ്പവഴിയല്ലാതുള്ള മറ്റെന്തെങ്കിലും പോംവഴി കണ്ടേ പറ്റൂ. പക്ഷെ, അവിടെയും തീരുന്നില്ല, കാര്യങ്ങള്‍.

ഖര ലോഹങ്ങള്‍ ഒലിച്ചിറങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന എല്ലാ മാലിന്യക്കുഴികളും പടിപടിയായി വൃത്തിയാക്കേണ്ടി വരും. ഓള്‍ട്ടണ്‍ എന്ന ചെറു നഗരത്തിലെ ഇത്തരം ഒരു മാലിന്യക്കുഴി വൃത്തിയാക്കാനുള്ള ചെലവ് കേട്ടാല്‍ നമ്മള്‍ അന്തം വിടും. അയ്യായിരം കോടി രൂപയെടുത്ത് പത്തുവര്‍ഷം കൊണ്ടാണ് ഒരു മാലിന്യക്കുഴി വൃത്തിയാക്കിയത്. ഇന്ന് നമ്മള്‍ ലാഭിക്കുന്ന ഓരോ രൂപക്കും നിങ്ങളുടെ അടുത്ത തലമുറ പത്തു രൂപ ചെലവാക്കേണ്ടി വരും. സംശയം വേണ്ട.

വാചകം കൊണ്ട് പരിസ്ഥിതി നന്നാവില്ല

 യൂറോപ്പിലും സിങ്കപ്പൂരിലും പോയി നല്ല രീതിയിലുള്ള മാലിന്യസംസ്‌കരണം കണ്ടിട്ട് 'ഇതൊന്നും നാട്ടില്‍ എന്താണ് നാടക്കാത്തത്' എന്ന് ചോദിക്കുന്നവരുണ്ട്. നാട്ടിലുള്ളവര്‍ തന്നെ മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും എന്തുകൊണ്ടാണ് ഖര മാലിന്യ സംസ്‌ക്കരണം വേണ്ട വിധത്തില്‍ നടപ്പാക്കാത്തതെന്ന് പരാതിപ്പെടുന്നുണ്ട്. ഇവിടെ നാം അറിയേണ്ട ഒരു കാര്യമുണ്ട്. പരിസ്ഥിതി സംരക്ഷണം എന്നത് ആത്മാര്‍ത്ഥത കൊണ്ട് മാത്രം സാധിക്കുന്ന ഒന്നല്ല. ഖരമാലിന്യങ്ങള്‍ പരിസ്ഥിതി സൗഹൃദമായി സംഭരിക്കാനും ശേഖരിക്കാനും സംസ്‌ക്കരിക്കാനും നവീന സാങ്കേതികവിദ്യകള്‍ വേണം. ഉന്നത സാങ്കേതിക പരിശീലനം ലഭിച്ച ആളുകളെ അവിടെ ജോലിക്ക് വെക്കണം. അതിന് ധാരാളം പണച്ചെലവുണ്ട്. ഇപ്പോള്‍ കേരളത്തിലെ ആളുകള്‍ മുനിസിപ്പാലിറ്റി ടാക്‌സ് കൊടുക്കുന്നതുകൊണ്ട് സാധിക്കുന്ന കാര്യമല്ല. കപ്പലണ്ടി കൊടുത്താല്‍ കുരങ്ങിനെ മാത്രമേ പണിക്ക് കിട്ടൂ എന്നത് തൊഴില്‍ കമ്പോളത്തിലെ പേരുകേട്ട തത്വശാസ്ത്രമാണ്. തല്‍ക്കാലം നമ്മള്‍ കൊടുക്കുന്ന ടാക്‌സ് കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ.

സമൂഹത്തില്‍ പണമില്ല എന്നതല്ല കേരളത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. പണം വേണ്ടിടത്ത് ചെലവാക്കുന്നില്ല എന്നതാണ്. മുനിസിപ്പാലിറ്റി കരം പത്തു ശതമാനം വര്‍ധിപ്പിച്ചാല്‍ തന്നെ നമ്മള്‍ യുദ്ധത്തിനിറങ്ങും. വോട്ട് നഷ്ടപ്പെടുത്തേണ്ട എന്ന് കരുതി സര്‍ക്കാര്‍ ഉടനടി അത് പിന്‍വലിക്കും.

ഉള്ള പണം കൊണ്ട് പറ്റുന്നത്ര ചെയ്യാന്‍ ശ്രമിക്കും (കുറച്ച് പറ്റിക്കാനും). ഓരോ വര്‍ഷവും കൊതുകിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ നെറ്റ് പിടിപ്പിക്കുന്നതും, കൊതുകുതിരി വാങ്ങുന്നതും, പനി ചികിത്സക്ക് ആശുപത്രിയില്‍ ചെലവാകുന്നതും, മഴക്കാലത്ത് പണിക്ക് പോകാന്‍ പറ്റാതെ നഷ്ടമുണ്ടാകുന്നതും, പുറത്തിറങ്ങിയാല്‍ മൂക്ക് പൊത്തേണ്ട സ്ഥിതി വീടിനുണ്ടാക്കുന്ന മൂല്യനഷ്ടവും കൂട്ടിനോക്കിയാല്‍ നല്ല ടാക്‌സ് കൊടുത്ത് നല്ല പരിസ്ഥിതി സൗകര്യങ്ങള്‍ ഉണ്ടായിരുന്നാല്‍ വരുന്ന ചെലവിന്റെ എത്രയോ മടങ്ങാണ്. കോര്‍പ്പറേഷന് കൊടുക്കാന്‍ മടിക്കുന്നത് ആശുപത്രിയില്‍ കൊടുക്കുന്നു, അത്രയേയുള്ളൂ കാര്യം. കോര്‍പ്പറേഷനില്‍ പത്തു രൂപ കൊടുത്താല്‍ തീരുന്നത് നാം ആശുപത്രിയില്‍ നൂറ് കൊടുത്തേ തീര്‍ക്കൂ. ഹം ന സുനാ ഹേ, മലയാളി ലോക് ബുദ്ധിമാന്‍ ലോഗ് ഹെ. എവിടെ!

പണം കൊണ്ടുമാത്രം ഒന്നും നടക്കില്ല. ഐ ഐ ടി യില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ പി എച്ച് ഡി നേടിയ എനിക്ക് ഒരു ജോലിയും കിട്ടാതിരുന്ന കാലത്തെപ്പറ്റി ഞാനൊരിക്കല്‍ എഴിതിയിട്ടുണ്ട്. ഞാനും സുഹൃത്ത് ബിനോയിയും ഓട്ടോറിക്ഷയിലിരുന്ന് ഇക്കാര്യം സംസാരിച്ചപ്പോള്‍ 'മോന്‍ ഒന്നും പേടിക്കേണ്ട, ഒരു ഓട്ടോ വാങ്ങിയാല്‍ മതി'' എന്ന് ഓട്ടോ ഡ്രൈവര്‍ ഉപദേശിച്ചു, ഇരുപത് വര്‍ഷം മുന്‍പ്.

ഇന്നിപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടായി. പരിസ്ഥിതി ബോധം കേരളത്തില്‍ നന്നായി വളര്‍ന്നു. എന്നാലും ഐ ഐ ടി യില്‍ നിന്നുപോലും പരിസ്ഥിതി സംരക്ഷണത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് കേരളത്തില്‍ പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഒരു തൊഴില്‍ സാധ്യതയുമില്ല. അതേസമയം സാങ്കേതികമായി യാതൊരു ജ്ഞാനവുമില്ലാത്തവരാണ് ഖര മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷവും. നമ്മുടെ ഖര മാലിന്യ സംസ്‌ക്കരണം പത്തൊന്പതാം നൂറ്റാണ്ടിന്റെ സാങ്കേതിക വിദ്യകളില്‍ കുടുങ്ങിക്കിടക്കുന്നത് ആകസ്മികമല്ല. ഇനിയിപ്പോള്‍ നാട്ടുകാര്‍ ടാക്‌സ് കൃത്യമായി കൊടുക്കാമെന്ന് പറഞ്ഞാല്‍ തന്നെ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ വെച്ച് പരിസ്ഥിതി സൗഹൃദമായ ഖരമാലിന്യ സംസ്‌ക്കരണം അസാധ്യമാണ്.

കേരളത്തിലെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും ചുരുങ്ങിയത് ബിരുദാനന്തര ബിരുദമെങ്കിലുമുള്ള പരിസ്ഥിതി വിദഗ്ധരെ നിയമിക്കണം. പാറമടയുടെ പരിസ്ഥിതി ക്ലിയറന്‍സ് മുതല്‍ മറൈന്‍ പെര്‍മിറ്റ് വരെ, പുഴ സംരക്ഷണം മുതല്‍ ജലസുരക്ഷ വരെ, ഖരമാലിന്യ സംസ്‌ക്കരണം മുതല്‍ റിന്യുവബിള്‍ എനര്‍ജിയുടെ വ്യാപനം വരെ വിദഗ്ദ്ധര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിലും എത്രയോ അധികം ജോലി ഓരോ പഞ്ചായത്തിലുമുണ്ട്. ഓരോ ഗ്രാമത്തിലെയും വിഭവം ചൂഷണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തുന്ന ചെറിയൊരു ടാക്സിലൂടെ, ഖരമാലിന്യ സംസ്‌ക്കരണത്തിന് ഏര്‍പ്പെടുത്തുന്ന ഫീയിലൂടെ, സോളാര്‍ പ്ലാന്റുകള്‍ വിറ്റഴിച്ചാലുണ്ടാകാവുന്ന ലാഭത്തിലൂടെ എങ്ങനെ വേണമെങ്കിലും ഇതിനുള്ള പണം നമുക്ക് കണ്ടെത്താം. ഇങ്ങനെയൊക്കെയാണ് കേരളം ഇന്ത്യക്ക് വഴി കാട്ടേണ്ടത്, ഇങ്ങനെയാണ് നാം നമ്പര്‍ വണ്‍ ആകേണ്ടത്, ഇങ്ങനെയാണ് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തേണ്ടത്.

വരമ്പത്ത് കൂലി നല്‍കുമ്പോള്‍

 വിദേശങ്ങളിലുള്ള ഒരു സംവിധാനം നാം ശ്രദ്ധിക്കണം. വസ്തു വില്‍ക്കുമ്പോള്‍ തന്നെ അത് ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന കാലത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ചെലവ് മുഴുവന്‍ മുന്‍കൂര്‍ വാങ്ങുന്ന പദ്ധതിയായതിയാണ് disposal tax. ഉദാഹരണത്തിന് പതിനായിരം രൂപക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ആയിരം രൂപ ഡിസ്‌പോസല്‍ ടാക്സായി മുന്‍കൂര്‍ വാങ്ങുന്നു. ആ പണമുപയോഗിച്ച് മൊബൈല്‍ ഫോണ്‍ പരിസ്ഥിതി സൗഹൃദമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഒരു പ്ലാന്റ് സ്ഥാപിക്കുന്നു. നമ്മുടെ ഫോണ്‍ ഉപയോഗശൂന്യമാകുന്ന കാലത്ത് അത് കമ്പനി പറയുന്ന സ്ഥലത്ത് നിക്ഷേപിച്ചാല്‍ ബാക്കി കാര്യം അവര്‍ നോക്കിക്കൊള്ളും. ആവശ്യമില്ലാത്തത് എവിടെയും വലിച്ചെറിയുന്ന നമ്മുടെ സ്വഭാവം മാറ്റാന്‍ ഒരു പണി കൂടി ചെയ്യാം. പതിനായിരം രൂപയുടെ ഫോണിന് പന്ത്രണ്ടായിരം രൂപ വാങ്ങാം. ഫോണ്‍ ഉപയോഗശൂന്യമാകുമ്പോള്‍ അത് കമ്പനി പറയുന്നിടത്ത് കൊടുത്താല്‍ ആയിരം രൂപ തിരിച്ചുകിട്ടുമെന്ന് പറയുക. വഴിയില്‍ കിടക്കുന്ന വേസ്റ്റ് പോലും പെറുക്കി മലയാളി ഡിസ്‌പോസല്‍ കമ്പനിയിലെത്തും.

e-waste

ഒഴിവാകാത്ത ഉത്തരവാദിത്തം

 അനുകരണീയമായ മറ്റൊരു സിദ്ധാന്തം കൂടിയുണ്ട്. ഒരു വസ്തു ഉദ്പ്പാദിപ്പിക്കുന്ന കമ്പനി തന്നെയാണ് ആ വസ്തുവിന്റെ നിര്‍മ്മാണത്തിന് ഉത്തരവാദി എന്നതാണ് അത് (Extended producer responsibility). ഉദാഹരണത്തിന് കുടിവെള്ളത്തിന്റെ ബോട്ടില്‍ എവിടെ കണ്ടാലും അത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ഉത്തരവാദിത്തം അതിന്റെ കമ്പനിക്കാണ്. അപ്പോള്‍ കുപ്പി സംഭരിക്കാനും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള പണം കമ്പനി ആദ്യമേ വാങ്ങും. അതിനുള്ള സംവിധാനം ഒരുക്കുകയോ അതിനുള്ള സംവിധാനമുള്ളവരോട് കോണ്‍ട്രാക്ട് വെക്കുകയോ ചെയ്യും. ബാറ്ററിയും സോളാര്‍ പാനലും പോലെ നിര്‍മ്മാര്‍ജ്ജനം

ചെയ്യാന്‍ ഏറെ ചെലവുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍ പരമാവധി പുനരുപയോഗം ചെയ്യാവുന്ന തരത്തില്‍ വസ്തുക്കള്‍ നിര്‍മ്മിച്ച് തുടങ്ങും. ലാഭത്തില്‍ കുറവുണ്ടാകുമെന്ന് കണ്ടാല്‍ പരിസ്ഥിതി സൗഹൃദമാകാന്‍ പോലും പാവം കാപ്പിറ്റലിസ്റ്റുകള്‍ക്ക് മടിയില്ല.

ഇത് വല്ലതും നടക്കുമോ ചേട്ടാ?: കേരളത്തില്‍ എന്തിനെപ്പറ്റി പറഞ്ഞാലും കേള്‍ക്കുന്ന ഒരു പൊതു ചോദ്യമാണിത്. ചോദ്യം ന്യായമാണ്. മിക്കവാറും ആശയങ്ങള്‍ ശവക്കല്ലറയില്‍ പോകുന്ന നാടാണ് നമ്മുടേത്. ആശയങ്ങള്‍ തെറ്റായതു കൊണ്ടല്ല, അതിന്റെ നടത്തിപ്പിലെ പോരായ്മയാണ് ഇതിന് കാരണം. പുതിയ ആശയങ്ങള്‍ പഴയ സംവിധാനമുപയോഗിച്ച് ലാഭമുണ്ടാക്കുന്നവരുടെ വയറ്റത്തടിക്കുന്നു. അപ്പോള്‍ അവര്‍ അവരുടെ സംഘടിത ബലമുപയോഗിച്ച് അതിന് പാര പണിയുന്നു. പുതിയ ആശയങ്ങളുമായി വരുന്നവരോട് കൈക്കൂലി ചോദിച്ചും അതിന്റെ മുന്നില്‍ ചുവപ്പുനാട ചുറ്റിയും ഉദ്യോഗസ്ഥര്‍ വഴി മുടക്കുന്നു. അറിയാത്ത എന്തിനെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയമായി എതിര്‍ത്ത് തോല്‍പ്പിക്കുന്നു എന്നിങ്ങനെ ആശയത്തെ പരാജയപ്പെടുത്താന്‍ വലിയ നിരയുണ്ട്. വിജയിപ്പിക്കാനാകട്ടെ ആരും തന്നെയില്ല. ചുമ്മാതല്ല നാം ഇരുപതാം നൂറ്റാണ്ടില്‍ തന്നെ നിന്ന് കറങ്ങുന്നത്.

സത്യത്തില്‍ എനിക്ക് ഏറെ അറിവും പരിചയവും ഉള്ള മേഖലയാണ് ഇത്. ജപ്പാനിലെ സുനാമി ഉള്‍പ്പടെ ലോകത്തെ വന്‍ ദുരന്തങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാം അവിടുത്തെ ഖരമാലിന്യ സംസ്‌കരണത്തെ പറ്റി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഐക്യരാഷ്ട്ര സഭ അയച്ച സംഘങ്ങളെ നയിച്ചത് ഞാനാണ്. ഈ വിഷയത്തില്‍ ലോകത്തെ ഏറ്റവും മിടുക്കരായ വിദഗ്ദ്ധര്‍ ഒക്കെ തന്നെ എന്റെ  കൂട്ടുകാരായ സഹപ്രവര്‍ത്തകരാണ്. കേരളത്തിന് വേണ്ടി സമഗ്രമായ ഒരു ഖരമാലിന്യ പദ്ധതി രൂപകല്പന ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെട്ടാല്‍ അഞ്ചു പൈസ പോലും വാങ്ങാതെ അവര്‍ വരും എന്നതിലും എനിക്കൊരു സംശയവും ഇല്ല. ഇപ്പോള്‍ ഞാന്‍ അവരെ ടൂറിസ്റ്റായി പോലും കേരളത്തിലേക്ക് വിളിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. 'ഈ ഭൂലോക വിദഗ്ദ്ധന്റെ വീട്ടിലേക്ക് പോകുമ്പോള്‍ കളമശ്ശേരി കഴിയുമ്പോള്‍ മൂക്കൊന്ന് പൊതിയേക്കണേ ചേട്ടാ' എന്ന്  പറഞ്ഞ് അവര്‍ എന്നെ വീണ്ടും നാറ്റിക്കും!

നിലവില്‍ കേരളത്തിലെ ഖരമാലിന്യ സംസ്‌കരണ രംഗം 'വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായ' രീതിയാണ്. എന്ത് പുതിയ നിര്‍ദ്ദേശം വന്നാലും ശാസ്ത്രീയമായും പ്രായോഗികമായും നിയമപരമായും അതിനെ എതിര്‍ക്കുകയാണ് രീതി. അതുകൊണ്ടാണ് ഞാന്‍ ഈ വിഷയത്തില്‍ ഒരിക്കലും തലവെച്ച് കൊടുക്കാത്തത്.

പക്ഷെ ബ്രഹ്മപുരം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, നാം മതില് കടത്തിവിടുന്ന മാലിന്യം പുകയായി നമ്മെ വളയുമ്പോള്‍, കൂടുതല്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സമൂഹം എന്ന നിലയില്‍ നാം തയ്യാറാകും.

സമയമാകട്ടെ, ഞാന്‍ ഇവിടൊക്കെ തന്നെയുണ്ട്..

content highlights: MuraliThummarukudi on Kerala waste management, ways to manage waste

 

PRINT
EMAIL
COMMENT

 

Related Articles

ഉലകസഞ്ചാരിയുടെ പോക്കറ്റിലെ നോട്ടുകള്‍ രാജ്യാന്തരങ്ങളില്‍ കണ്ടുമുട്ടുമ്പോഴുള്ള കൗതുകക്കാഴ്ചകള്‍
Travel |
Travel |
സ്വര്‍ഗം പോലെയിരുന്ന നാട്ടില്‍ സ്വര്‍ണഖനി കണ്ടെത്തിയതോടെ അവിടം പട്ടിണിയിലായ കഥ
Gulf |
ബുദ്ധിയുടെ മന്ത്രി, ബുദ്ധിയുള്ള മന്ത്രി
Education |
ഐ.ഐ.ടികളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്നത്...
 
  • Tags :
    • Murali Thummarukudi
    • waste management in Kerala
    • Kerala Waste management
    • waste to energy
More from this section
Dr A SanthoshKumar
'എത്രപേര്‍ക്ക് കോവിഡ് വന്നുവെന്ന് കണക്കാക്കലല്ല നമ്മുടെ ജോലി, ശ്രദ്ധിച്ചത് മരണം കുറയ്ക്കാന്‍'
farmers protest
നീറിപ്പുകഞ്ഞ് ഗാസിപുര്‍ | രണ്ട് രാത്രിയും ഒരു പകലും സംഭവിച്ചതെന്ത്‌
perumal
'ഈ ആത്മഹത്യ എന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ല, പൊരുതുന്ന കര്‍ഷകര്‍ക്ക് വേണ്ടി'
social issue
കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ ഇടങ്ങൾ വേണം, ആൺകുട്ടികൾക്കും വേണം കരുതൽ| പ്രതികരണങ്ങൾ
haritha, dishonour killing
അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെ ഉണ്ടാകും- ഹരിത
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.