മഹാബലി കേരളം ഭരിച്ചിരുന്നോ എന്ന ചോദ്യം നിഷ്‌കളങ്കമല്ല, മാവേലിയെ ആർക്കാണ് പേടി


ഡോ. സോമന്‍ കടലൂര്‍

ചവിട്ടിയവനെയും ചവിട്ടുകൊണ്ടവനെയും ഒരേ ഉത്സവസന്ദര്‍ഭത്തില്‍, ഒരേ സംസ്‌കാരത്തില്‍ ആദരിക്കുന്നത് നമ്മുടെ ദേശീയോത്സവത്തിന്റെ മാത്രമല്ല നമ്മുടെതന്നെ ആന്തരവൈരുധ്യത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു.

illustration

കേരളം മഹാബലി ഭരിച്ചിട്ടില്ല എന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ അഭിപ്രായത്തെ മുന്‍നിര്‍ത്തി ഓണ സങ്കല്പത്തെയും മാവേലിയെയും കുറിച്ച് ഒരു വിചിന്തനം

ണം എന്ന സാംസ്‌കാരികാനുഭവത്തിന്റെ ചരിത്രയാഥാര്‍ഥ്യം സരളമായി വ്യാഖ്യാനിക്കാവുന്ന ഒന്നല്ല. പുരാവൃത്തവും ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും പ്രാക്തന സ്മൃതിസംസ്‌കാര ധാരകളുമെല്ലാം തമ്മില്‍ കലര്‍ന്നും തമ്മിലിടഞ്ഞും വൈരുധ്യസങ്കുലമായും വൈവിധ്യപൂര്‍ണമായും അതില്‍ സന്നിഹിതമായിരിപ്പുണ്ട്. ഗോത്രാചാരമായും ക്ഷേത്രാചാരമായും തെഴുക്കുന്ന, ഗാര്‍ഹികമായും ആഗോളമായും വ്യാപ്തികൊള്ളുന്ന, പ്രതിരോധാത്മകമായ പ്രാദേശിക സ്വത്വമായും പ്രതിലോമപരമായ പ്രത്യയശാസ്ത്രമായും നിലകൊള്ളുന്ന ഒരു സങ്കീര്‍ണത ഓണത്തിലുണ്ട്. അതുകൊണ്ടാണ് ഒടുക്കമില്ലാത്ത സംവാദങ്ങള്‍ക്കുശേഷവും മാവേലിപ്പൊരുളും വാമനച്ചുരുളും നിവര്‍ന്നുകിട്ടാത്തത്. അതുകൊണ്ടുതന്നെയാണ് മഹാബലി കേരളം ഭരിച്ചിരുന്നോ എന്ന കൗശലംനിറഞ്ഞ ചോദ്യം ഉയര്‍ന്നുവരുന്നത്.

നിക്ഷിപ്ത താത്പര്യങ്ങള്‍

തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്ന് പറയുമെങ്കിലും അവിടെ മഹാബലിക്കുപകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരുകൂട്ടര്‍ തട്ടുതട്ടായ തറയില്‍ പൂക്കളിടുമ്പോള്‍ മറ്റൊരു കൂട്ടര്‍ പൂക്കളത്തിന് നടുവില്‍ തൃക്കാക്കരയപ്പനെ സങ്കല്പിച്ച് സ്തൂപികാകൃതിയില്‍ മണ്‍ശില്പമൊരുക്കുന്നു. ചവിട്ടിയവനെയും ചവിട്ടുകൊണ്ടവനെയും ഒരേ ഉത്സവസന്ദര്‍ഭത്തില്‍, ഒരേ സംസ്‌കാരത്തില്‍ ആദരിക്കുന്നത് നമ്മുടെ ദേശീയോത്സവത്തിന്റെ മാത്രമല്ല നമ്മുടെതന്നെ ആന്തരവൈരുധ്യത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു.

മലയാളഭാഷപോലെ ലോക മലയാളികള്‍ സവിശേഷമായി പങ്കുവെക്കുന്ന അനുഭവമാണ് ഓണം എന്ന് നമ്മള്‍ ഊറ്റംകൊള്ളുന്നു. അത് നമ്മുടെ കാര്‍ഷികോത്സവമാണെന്നും പോയകാലത്തിന്റെ ഓര്‍മകള്‍ പൂക്കുന്ന സ്‌നേഹോത്സവമാണെന്നും നാം ആഹ്‌ളാദിക്കുന്നു. മനുഷ്യരെല്ലാരും സമന്മാരാകുന്ന സ്‌നേഹസുരഭിലവും ശാന്തസുന്ദരവുമായ ഒരുകാലത്തെ ഓണം വാഗ്ദാനംചെയ്യുന്നു. കള്ളമില്ലാത്ത, ചതിയില്ലാത്ത, പൊളിവചനമില്ലാത്ത, മനുഷ്യന്‍ മനുഷ്യനെ വിലമതിക്കുന്ന നല്ല നാളെയെ പ്രതീക്ഷിക്കാന്‍ ഓണം പഠിപ്പിക്കുന്നു. അപ്പോഴും ഓണത്തിന്റെ പിന്നിലെ പുരാവൃത്തത്തിലെ വൈരുധ്യം പരിഹരിക്കപ്പെടാതിരിക്കുകയും നിക്ഷിപ്തതാത്പര്യക്കാര്‍ ഓരോ കാലത്തും അവര്‍ക്കാവശ്യമായ തരത്തില്‍ അതുസംബന്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

Also Read

'മഹാബലി കേരളം ഭരിച്ചിട്ടില്ല', അങ്ങനെയൊരു ...

'ഇനി മലയാളിയും കേരളവും തമ്മിൽ ബന്ധമില്ലെന്ന് ...

പുരാവൃത്തവും ഐതിഹ്യവും

ഓണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ കഥ മഹാബലി ചക്രവര്‍ത്തിയുടേതാണ്. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം എന്ന് അതു പറയും. തൃക്കാക്കര ഭരിച്ച മാവേലിയുടെ കഥയും മഹാബലിയുടെ പുരാവൃത്തവും പല ചരിത്രഘട്ടത്തിലൂടെ കടന്ന്, കലര്‍ന്ന്, കഥയേതാണ് ചരിത്രം ഏതാണെന്ന സന്ദിഗ്ധാവസ്ഥയില്‍ നില്‍ക്കുന്നു. ഉച്ച പുരാവൃത്തവും (higher myth) അവച പുരാവൃത്തവും (lower myth) പല ചരിത്രസന്ദര്‍ഭങ്ങളിലും പല താത്പര്യങ്ങള്‍ക്കായും അന്യോന്യം ചേരുംപടിചേരുന്ന പ്രവണതയുണ്ട്. മാവേലി എന്ന പ്രാദേശികത മഹാബലി എന്ന പൗരാണികതയിലേക്ക് സംലയിക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല. കേരളോത്പത്തിയില്‍ പക്ഷേ, പരശുരാമനുമായാണ് മാവേലിക്ക് ബന്ധം. ബ്രഹ്‌മഹത്യശാപം തീരാന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച്, പരശുരാമന്‍ അത് ബ്രാഹ്‌മണര്‍ക്ക് ദാനമായിക്കൊടുക്കുന്നു. എന്തോ കാരണത്താല്‍ പരശുരാമന്‍ ബ്രാഹ്‌മണരോട് പിണങ്ങുന്നു. പിണക്കം മാറ്റാന്‍ ബ്രാഹ്‌മണര്‍ മാപ്പുപറഞ്ഞെങ്കിലും അദ്ദേഹം നില്‍ക്കുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കര വന്നോളാം എന്ന ഉറപ്പില്‍ പരശുരാമന്‍ പോവുകയും തിരികെ വരുന്നദിവസം ഓണമായി ആഘോഷിക്കുകയും ചെയ്യുന്നു. കേരളം ആരുടേതാണ് എന്ന നിര്‍ണായക ചോദ്യത്തിന് അത് ബ്രാഹ്‌മണരുടേതാണ് എന്ന ഉത്തരം എത്ര തന്ത്രപരമായാണ് കെട്ടുകഥയിലൂടെ കേരളോത്പത്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്.

ചേരമാന്‍പെരുമാള്‍ മക്കത്ത് പോയ ദിവസമാണ് തിരുവോണനാള്‍ എന്ന വാദവും നിലവിലുണ്ട്. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ ഇക്കാര്യം വിദശീകരിക്കുന്നു. ബ്രഹ്‌മഹത്യാ കുറ്റാരോപിതനായി, ജാതിഭ്രഷ്ടനാക്കപ്പെട്ട ചേരമാന്‍ പെരുമാള്‍ നാടുവിടുന്ന സന്ദര്‍ഭം. തൃക്കാക്കര ഭരിച്ച പ്രജാവത്സലനായ അദ്ദേഹത്തിന്റെ അഭാവം ജനങ്ങള്‍ക്ക് താങ്ങാനാവാത്തതുകൊണ്ട് അന്ന് കൊടുത്ത വാഗ്ദാനമാണ് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കര സന്ദര്‍ശിച്ചോളാം എന്നത്.

ബുദ്ധനും മണ്ണപ്പനും

ബുദ്ധമതവുമായി ഓണത്തിനുള്ള ബന്ധം സവിശേഷമാണ്. സിദ്ധാര്‍ഥന്‍ ബോധോദയം നേടി ശ്രവണപദത്തിലേക്ക് വന്നത് ശ്രാവണമാസത്തിലെ തിരുവോണ ദിവസത്തിലാണെന്ന് ബുദ്ധചരിതം പറയും. ശ്രവണം എന്നത് പാലി ഭാഷയിലെ സാവണം ആവണമാവുകയും അത് പില്‍ക്കാലത്ത് ഓണമായിത്തീരുകയും ചെയ്തു.

ബുദ്ധമതത്തിനും മുമ്പ് ഏറ്റവും പ്രാക്തനമായ കേരളീയ കൂട്ടായ്മയുടെ കാര്‍ഷികാഘോഷത്തിലേക്ക് വെളിച്ചംവീശുന്ന ഒരു സങ്കല്പം ഡോ. പി. രഞ്ജിത്ത് മുന്നോട്ടുവെക്കുന്നുണ്ട്. അത് മണ്ണപ്പന്‍ എന്ന ആശയമാണ്. കൃഷിഭൂമിയിലെ പശിമയാര്‍ന്ന ചെമ്മണ്ണ് കുഴിച്ചെടുത്ത് കുഴച്ച് ചതുഷ്‌കോണാകൃതിയില്‍ നിര്‍മിച്ചതും വിത്തിന്റെ പ്രതീകവുമായ മണ്‍ശില്പമാണത്. ഈ മണ്ണപ്പനെ പില്‍ക്കാലത്ത് ബുദ്ധമതം സ്വാംശീകരിക്കുന്നു. ആര്യാധിനിവേശ കാലത്ത് വൈദികപാരമ്പര്യം മണ്ണപ്പനെ കൂടെക്കൂട്ടി. അതാണ് വാമനപൂജ എന്ന നിലയില്‍ സവര്‍ണഗൃഹാങ്കണങ്ങളില്‍ തൃക്കാക്കരയപ്പനായി മാറ്റി പ്രതിഷ്ഠിക്കപ്പെട്ടത്.

വൈവിധ്യങ്ങളുടെ ഓണം

സംഘകാലത്തും മറ്റും ദക്ഷിണേന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. സംഘകാല കൃതിയായ മധുരൈകാഞ്ചിയില്‍ ഓണത്തെക്കുറിച്ച് പറയുന്നുണ്ട്. വിളവെടുപ്പുത്സവമായും വ്യാപാരോത്സവമായും പല ചരിത്രഘട്ടങ്ങളില്‍ പലനിലയില്‍ പങ്കുവഹിച്ച ഓണം തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് സംക്രമിച്ചതാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

വൈരുധ്യങ്ങളോടൊപ്പം വൈവിധ്യങ്ങളാണ് ഓണത്തിന്റെ വലിയ യാഥാര്‍ഥ്യം. കാസര്‍കോട്ടെ ഓണം ചിങ്ങത്തിലല്ല, തുലാത്തിലാണ്. പൊലിയന്ത്രം എന്നാണ് പറയുക. ബലീന്ദ്രനാണത്. കാര്‍ഷിക സ്മൃതിയായും സസ്യാരാധനയായും പൊലിമയോടെ ആഘോഷിക്കുന്ന ഒന്ന്. തെക്കന്‍കേരളത്തിലെയും വടക്കന്‍കേരളത്തിലെയും ഓണത്തിന്റെ ആവിഷ്‌കാരങ്ങള്‍ വൈവിധ്യപൂര്‍ണമാണ്. ഓണത്താറ്, ഓണേശ്വരന്‍ അല്ലെങ്കില്‍ ഓണപ്പൊട്ടന്‍ എന്നത് ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഉത്തരകേരളത്തിലെ കലാപ്രകടനങ്ങളാണ്.

ജനതയുടെ സകല ആവിഷ്‌കാരങ്ങളും കാലത്തിനും ജീവിതത്തിനുമനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ഓണവും അപ്രകാരംതന്നെ. ഓണം സവര്‍ണമാണ് എന്ന അതിവാദം പോലെത്തന്നെ ജീവിതവിരുദ്ധമാണ് ഓണത്തിന്റെ ബഹുസ്വരതയെ പരിഗണിക്കാതിരിക്കലും. മഹാബലി കേരളം ഭരിച്ചിരുന്നോ എന്ന ചോദ്യം അത്രമേല്‍ നിഷ്‌കളങ്കമാണെന്നു തോന്നുന്നില്ല. അതില്‍ മിത്തും യാഥാര്‍ഥ്യവും വെച്ചുള്ള ചതുരംഗക്കളി മാത്രമല്ല, പ്രതിലോമപരവും വരേണ്യവും ചരിത്രവിരുദ്ധവുമായ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഗോത്രവര്‍ഗ ജനതയുടെ മണ്ണപ്പന്‍ എങ്ങനെ തൃക്കാക്കരയപ്പനായി എന്ന അന്വേഷണം പ്രാദേശിക പ്രതിരോധാത്മകവും ചരിത്രപരവുമാണ്.

Content Highlights: muraleedharan mahabali controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented