'കാറിലേക്ക് വിളിച്ച് വരുത്തി കൈനീട്ടം കൊടുക്കലും കാല്‍തൊടലും എവിടെയും കണ്ടിട്ടില്ല'


അഞ്ജന രാമത്ത്

കാറിലേക്ക് വിളിച്ച് വരുത്തി കൈനീട്ടം കൊടുക്കലും കാല്‍തൊട്ട് വന്ദിക്കലും ഞാന്‍ എവിടെയും കണ്ടിട്ടില്ല- ഷാനിമോൾ ഉസ്മാൻ

സുരേഷ് ഗോപി അനുഗ്രഹവും വിഷുകൈനീട്ടവും നൽകുന്നു | Photo: Special Arrangement

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി കൈനീട്ടം നല്‍കിയ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. ഭരണഘടന നിലവിലുള്ള ഒരു ജനാധിപത്യരാജ്യത്തില്‍ ഒരു സമാജികന്‍ ഇത്തരത്തില്‍ കാല്‍തൊട്ട് വന്ദിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. അടിയാള യജമാന സംസ്‌കാരത്തിന് സമാനമായ ഇത്തരം രീതികള്‍ ഇനിയും പിന്തുടരേണ്ടതുണ്ടോ? വിവാദമായ സംഭവത്തോട് പ്രതികരിക്കുകയാണ് രാഷ്ട്രീയ സാമൂഹിക രംഗത്തെ ചില പ്രമുഖർ .

ഭാരതീയ സംസ്‌കാരവുമായി കൂട്ടിച്ചേർക്കുന്നതിനോട് യോജിപ്പില്ല

ഷാനിമോള്‍ ഉസ്മാന്‍, കോണ്‍ഗ്രസ്സ് നേതാവ്‌

ഭാരതത്തിന്റെ സംസ്‌ക്കാരം പരിപൂര്‍ണമായും ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഇന്നലെ സുരേഷ് ഗോപി നടത്തിയ നടപടിക്രമങ്ങളെ ഭാരതീയ സംസ്‌ക്കാരവുമായിട്ട് കൂട്ടി ചേര്‍ക്കുന്നതിനോട് യാതൊരു അര്‍ത്ഥവുമില്ല. വിഷുകൈനീട്ടം കൊടുക്കുക എന്നത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ് , ആചാരത്തിന്റെ ഭാഗമാണ് അതിലൊന്നും ആര്‍ക്കും സംശയമില്ല. എത്രയോ കാലമായി വിഷുകൈനീട്ടം മുതിര്‍ന്നവരില്‍ നിന്ന് ജാതിമതഭേദമന്യേ വാങ്ങിയിട്ടുള്ളവരാണ് ഞാന്‍ അടക്കുമുള്ള മലയാളികള്‍. പക്ഷേ ഒരു മുന്തിയ കാറിനകത്തേക്ക് പോയി ഇരുന്ന് അതിനകത്തേക്ക് ആളുകളെ ക്ഷണിച്ച് വരുത്തി സ്ത്രീകളെ കൊണ്ട് കാല്പിടിപ്പിച്ചതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുകയാണ് . ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിനുശേഷം വളരെ ആസൂത്രിതമായി ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് കൊണ്ട് വളരെ മോശമായിട്ട് എന്നെ വിമര്‍ശിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ടായി. യഥാര്‍ഥത്തില്‍ അവര്‍ ദേശീയവാദികളല്ല. ഈ രാജ്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരല്ല ജനാധിപത്യവാദികളുമല്ല. കാരണം ഞാന്‍ ഇതിനകത്ത് ചൂണ്ടിക്കാട്ടിയത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ്. കാറിലേക്ക് വിളിച്ചുവരുത്തി കൈനീട്ടം കൊടുക്കലും കാല്‍തൊട്ട് വന്ദിക്കലും ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഇത്തരം പ്രവൃത്തി സുരേഷ് ഗോപിയെപ്പോലെ സിനിമതാരവും എംപിയുമായ ഒരാള്‍ കാണിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്ന് ഞാന്‍ ആവര്‍ത്തിച്ച്പറയുന്നു. ഇതിനകത്ത് ജാതിയും മതവും വര്‍ഗീയതയും കൊണ്ടുവരുന്ന നിലപാടുകളോട് ശക്തമായി ഞാന്‍ അപലപിക്കുകയാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഭാരതസംസ്‌കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു പൊതുപ്രവര്‍ത്തകയാണ് ഞാന്‍. മാതാ പിതാ ഗുരു ദൈവം എന്നത് എല്ലാ കാലത്തും എല്ലാ മതസ്ഥരും ഉള്‍ക്കൊണ്ട് ജീവിക്കുന്നത്. പക്ഷേ ഒരു മുന്തിയ വണ്ടിയിലേക്ക് വിളിച്ച് വരുത്തി യാന്ത്രികമായി പണം കൊടുക്കുകയും കാല് പിടിക്കുകയും ചെയതതിനോട് ശക്തമായി ഞാന്‍ പ്രതിഷേധിക്കുന്നു. ആ പ്രതിഷേധത്തിൽ കഴമ്പുണ്ടെന്ന് തന്നെയാണ് കരുതുന്നത്. സുരേഷ് ഗോപി അല്ലെങ്കില്‍ അദ്ദേഹത്തെ കൊണ്ട് ഇത് പ്രവര്‍ത്തിപ്പിച്ചവര്‍ തിരുത്തണമെന്നാണ് എനിക്ക് പറയാനുള്ളത്.

ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല-

മൃദുല ദേവി, സാമൂഹിക പ്രവര്‍ത്തക, എഴുത്തുകാരി


ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തില്‍ ഒരു എംപി പദവിയിലിരിക്കുന്ന ആള്‍ ഇത്തരത്തില്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. പല നടന്‍മാരും വേദികളില്‍ വെച്ച് ചിലര്‍ കാല്‍ വന്ദിക്കാന്‍ തുനിയുമ്പോള്‍ നിഷേധിക്കുന്നത് കണ്ടിട്ടുണ്ട്. അറിയാതെ പെട്ടെന്ന് വന്ന് തൊഴുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് അങ്ങനെയല്ല. നിരന്തരം കാല്‍തൊട്ട് വന്ദിക്കുകയും അദ്ദേഹം അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. രാഷ്ട്രീയാവബോധം വരും മുന്‍പ് ഞാനും നിങ്ങളുമെല്ലാം കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ട്. പിന്നീട് മാറി രൂപപ്പെട്ടതാണ് കാഴ്ച്ചപ്പാടുകൾ. ഇത് ഒരു ഹൈന്ദവസംസ്‌ക്കാരത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മൊത്തം വ്യാപിച്ച രീതിയാണ്‌ ഇപ്പോൾ. കാല്‍ തൊട്ട് വന്ദിക്കുന്നത്‌ എളിമയാണെന്നും പാരമ്പര്യത്തിന്റെ ഭാഗമാണെന്നുമുള്ള ധാരണയിലേക്ക് വീണ്ടും സമൂഹത്തെ എത്തിക്കുകയാണ് ചെയ്യുന്നത്. സിനിമ ഉള്‍പ്പെടെയുള്ള കലാമാധ്യമങ്ങള്‍ വഴി കാല്‍ തൊടല്‍ മികച്ചതാണെന്ന ധാരണ സമൂഹത്തിലേക്ക് എത്തിച്ചിട്ടുണ്ട്. മാറ്റേണ്ട ഒരു ചിന്തയാണ് ഇത്. തെരെഞ്ഞടുപ്പ് നിയമാവലി അനുസരിച്ച് ആര്‍ക്കും ഇവിടെ ഇലക്ഷനില്‍ പങ്കെടുക്കാം. അല്ലാതെ അവര്‍ ഈശ്വരതുല്യരാണെന്ന് എവിടെയും പറയുന്നില്ല.

തുല്യതയോടെയും സ്‌നേഹത്തോടെയും കാണുന്നതാണ് സംസ്‌ക്കാരം-

ഉദയഭാനു, സിപിഎം നേതാവ്

(പത്തനംതിട്ടയില്‍ നിര്‍ദ്ധന കുടുബത്തിലെ വിദ്യാര്‍ത്ഥിനിക്ക് പാര്‍ട്ടി വഴി ധനസമാഹരണം നല്‍കിയിരുന്നു. ഇത് കൈമാറാന്‍ ഉദയഭാനുവും മറ്റ് അംഗങ്ങളും അവരുടെ വീട്ടിലേക്ക് എത്തിയപ്പോള്‍ സഹായം ലഭിച്ച കുട്ടി ഉദയഭാനുവിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ എത്തി. അദ്ദേഹം ഇത് തടയുകയും അഭിമാനത്തോടെ തലയുര്‍ത്തി നില്‍ക്കാന്‍ ആ കുട്ടിയോട് പറയുകയും ചെയ്യുകയുണ്ടായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു)

രു കുട്ടിക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനിടെ ആ കുട്ടി കാല്‍ തൊടാന്‍ വന്നപ്പോള്‍ തടഞ്ഞ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആ വാക്കുകളില്‍ അന്നും ഇന്നും എന്നും ഉറച്ച് നില്‍ക്കുന്നു. ആരുടെയും കാല്‍പിടിക്കരുത് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കണമെന്നാണ് അന്ന് ഞാന്‍ ആ കുട്ടിയോട് പറഞ്ഞത്‌. കാല്‍തൊട്ട് വന്ദിക്കുക എന്നത് ജനാധിപത്യത്തിനും മനുഷ്യസമൂഹത്തിനും അപമാനമാണ്. മനുഷ്യര്‍ എല്ലാവരും തുല്യരാണ്. ചിലര്‍ക്ക് പണം ഉണ്ടായെന്ന് വരില്ല. അതിന് അവര്‍ക്ക് കാരണമുണ്ടാവും. അതിന്റെ പേരില്‍ ആരുടെയും മുന്നില്‍ താഴരുത്. അവര്‍ക്ക് 100 കൊടുത്ത് കാല്‍ പിടിപ്പിക്കുന്നതും അതില്‍ ആത്മസംതൃപ്തി കണ്ടെത്തുന്നതും ശരിയല്ല. കാല്‍ തൊട്ട് വന്ദിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നത് പറയുന്നത്‌ അംഗീകരിക്കാനാവില്ല. എല്ലാ മനുഷ്യരേയും തുല്യതയോടെയും സ്‌നേഹത്തോടെയും കാണുന്നതാണ് സംസ്‌ക്കാരം. അടിമകളെ പോലെ 100 രൂപ കൊടുത്ത് കാല് പിടിപ്പിക്കുന്നത് സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല

ഇത് സവര്‍ണ്ണസംസ്‌കാരത്തിന്റെ ഭാഗം

ബിന്ദു കല്യാണി, ആക്ടിവിസ്റ്റ് സാമൂഹിക പ്രവര്‍ത്തക

''നമ്മള്‍ ജനാധിപത്യ രാജ്യമാണെങ്കിലും ഭരണഘടന ആരും പഠിച്ചിട്ടില്ല. അത് നല്ല രീതിയില്‍ മനസിലാക്കാനോ പിന്തുടരാനോ നടപ്പിലാക്കാനോ പോന്ന ഒരു സിസ്റ്റം ഇവിടെയില്ല. ഇത്തരത്തിലുള്ള മനുഷ്യര്‍ ഇപ്പോഴും പിന്തുടരുന്നത് പഴയ ജന്മിത്ത്വ സംസ്‌കാരം അല്ലെങ്കില്‍ ബ്രാഹ്മണിക്കല്‍ കാസ്റ്റ് സിസ്റ്റമാണ് അവര്‍ക്ക് ഈ ഭരണഘടന എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയില്ല. അത് കൊണ്ടാണ് കാല്പിടിക്കുന്നതിനെയും കാല് പൂജിക്കുന്നതിനെയും വെള്ളപൂശുന്നത്.

ഇതെല്ലാം സവര്‍ണ്ണ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അവര്‍ക്ക് അറിയില്ലെന്നല്ല അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വേണം പറയാന്‍. ഇത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറയുന്നത് ഇവരാണ്. ഇന്ത്യ ശരിക്കും ദ്രാവിഡ സംസ്‌ക്കാരം പിന്തുടരുന്ന രാജ്യമാണ്. അത് കൊണ്ടാണ് ഇന്ത്യ കര്‍ഷകരാഷ്ട്രമായത്. ആര്യ അധിനിവേശത്തിന് ശേഷമാണ ഈ കാലുപിടിക്കൽ സംഭവം എല്ലാം വന്നത് തന്നെ. അവര്‍ കൊട്ടിഘോഷിച്ചതാണ് പാദപൂജയും ''

ഏത് പാര്‍ട്ടിയാണെങ്കിലും ഇത് ചെയ്യാന്‍ പാടില്ല

എം.എം സചീന്ദ്രന്‍. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

ഭാരതീയപാരമ്പര്യത്തിന്റെ പ്രധാനപ്രശ്‌നം നമ്മളാരും ജനാധിപത്യപരമായി ഒരു മനുഷ്യനെ കണ്ടിട്ടില്ല എന്നതാണ്‌. പുതിയ കാലത്തേക്ക് വരുമ്പോള്‍ ഇത് പൊളിച്ചെഴുതേണ്ടതുണ്ട്. ഒരു രാഷ്ട്രീയ നേതാവ് കൂടെ നില്‍ക്കുന്നവരെ കാല്‍തൊട്ട് വണങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നത് അശ്ലീലമാണ്. ഒരു ഭരണാധികാരിക്ക് ദുഷിക്കാന്‍ പറ്റുന്നതിന്റെ അറ്റമാണ് ചുറ്റുമുള്ളവരെ കൊണ്ട് കാല്‍വന്ദിക്കുന്നത്. അത് ഏത് പാര്‍ട്ടികാരനായാലും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്.

വണങ്ങരുതെന്ന് പറയേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്ത്വമാണ്‌

ആശ, അഭിഭാഷക, സാമുഹിക പ്രവര്‍ത്തക

ഭരണഘടനയെ മുറുകെപിടിക്കേണ്ട വ്യക്തിയാണ് രാജ്യസഭാ എം.പി. തുല്യതയുടെ പാഠങ്ങള്‍ പഠിപ്പിക്കേണ്ട വ്യക്തി ജനങ്ങള്‍ക്കിടയില്‍ ഇത്തരം അപകര്‍ഷതാബോധം വളര്‍ത്തുകയല്ല വേണ്ടത്. ബഹുമാനത്തിന്റെയോ സ്‌നേഹത്തിന്റെ ഭാഗമായി ആരെങ്കിലും വന്നാല്‍ അവരെ തിരുത്തി നമ്മള്‍ തുല്യരാണെന്ന് പറഞ്ഞ് കൊടുക്കേണ്ട ഉത്തരവാദിത്ത്വം അദ്ദേഹത്തിനുണ്ട്.

രാജ്യസഭാ എംപി എന്ന നിലയിലാണ് വിഷുകൈനീട്ടം കൊടുത്തതെങ്കില്‍ എന്ത് മാനദണ്ഡം മുന്‍നിര്‍ത്തിയാണ് കൊടുത്തതെന്ന് പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഏത് ഫണ്ടാണ് ഉപയോഗിച്ചത്. ഏത് വാഹനം ഉപയോഗിച്ചു എന്നതെല്ലാം പറയാന്‍ അദ്ദേഹം തയ്യാറാവണം

സ്‌നേഹത്തിന്റെ മേലില്‍ ഇത്തരത്തില്‍ ആരെങ്കിലും വണങ്ങിയാലും അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ് കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരാവാദിത്ത്വതമാണ്. എംപി എന്ന നിലയില്‍ ഇത്തരത്തില്‍ വിഷുകൈനീട്ടം നല്‍കുക. കാല്‍തൊട്ട് വന്ദിക്കുക എന്നതിനെ തടയാതിരിക്കുക എന്നത് അംഗീകരിക്കാനാവില്ല .

അത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം തെറ്റാണ്. സര്‍ക്കാരില്‍ നിന്ന് നേരിട്ട് ലഭിക്കുന്നത് സഹായമല്ല അത് ഒരോരുത്തരുടെയും അവകാശമാണ്. എന്നാല്‍ ഇതിനെ അത്തരത്തില്‍ താരതമ്യം നടത്താനാവില്ല

Content Highlights: MP Suresh Gopi’s Vishukkaineetam Controversy Discussion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented