കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തിനുണ്ടായ അനുഭവം സമാനതകളില്ലാത്തതാണ്. അഴിമതിയന്വേഷണത്തെ ബംഗാള്‍ മുഖ്യമന്ത്രിയും കൂട്ടരും അട്ടിമറിക്കുന്നുവെന്ന് കേന്ദ്രവും ബി.ജെ.പി.യും പറയുമ്പോള്‍, സി.ബി.ഐ.യെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിക്കൊണ്ട് കേന്ദ്രവും ബി.ജെ.പി.യും ചേര്‍ന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഫെഡറല്‍ മൂല്യങ്ങളെയും അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്ന് മമതാ ബാനര്‍ജിയും ആരോപണമുന്നയിക്കുന്നു. വിഷയം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന ബെഞ്ച് മുമ്പാകെ തിങ്കളാഴ്ച ഉന്നയിച്ചിരിക്കുന്നു. രണ്ട് ആരോപണങ്ങളാണ് ഇക്കാര്യത്തില്‍ മമതാ ബാനര്‍ജിക്കും കൂട്ടാളികള്‍ക്കും സംസ്ഥാനത്തെ പോലീസ് മേധാവികള്‍ക്കും എതിരായി ഉന്നയിക്കപ്പെട്ടത്. ഒന്ന്, സംസ്ഥാനത്തെ പോലീസ് മേധാവി കേസ് സംബന്ധിച്ച് തെളിവുകള്‍ സി.ബി.ഐ.ക്ക് വിട്ടുകൊടുക്കാതെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. രണ്ട്, രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥന്മാര്, അന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ബോധപൂര്‍വം ലംഘിച്ചുകൊണ്ട് കോടതിയലക്ഷ്യം നടത്തിയിരിക്കുന്നു.
ശാരദ, റോസ്വാലി തട്ടിപ്പു കേസുകളില്‍ ബംഗാളിലെ ഭരണനേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കിക്കാനാവില്ല. 2014 മേയ് ഒമ്പതിന് ശാരദ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ചില സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി [(2014) 8 സുപ്രീംകോര്‍ട്ട് കേസസ് 768]. ബംഗാളില്‍ ശാരദാ ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ മുഴുവനും ഒഡിഷയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സമാനകേസുകള്ക്കൊപ്പം സി.ബി.ഐ.ക്ക് കൈമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനത്തെ പോലീസ് ഇക്കാര്യത്തില്‍ സി.ബി.ഐ.ക്ക് ആവശ്യമായ സഹകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍, സി.ബി.ഐ.ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തില്ലെന്ന ആക്ഷേപവുമായി കേസിലെ ഹര്‍ജിക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നല്കുകയുണ്ടായി. വിചിത്രമെന്നു പറയട്ടെ 2015 ഫെബ്രുവരി അഞ്ചാം തീയതി ആ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളുകയാണുണ്ടായത്. പിന്നീട് 2017 ഡിസംബര്‍ അഞ്ചിന് ബംഗാള്‍ സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ പൂര്‍ണ നിസ്സഹകരണമാണ് കാണിക്കുന്നതെന്ന ആരോപണവുമായി സി.ബി.ഐ. തന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സി.ബി.ഐ.ഉദ്യോഗസ്ഥരും സംസ്ഥാന പോലീസും ഒത്തൊരുമിച്ച് കാര്യങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകണമെന്ന് സുപ്രീംകോടതി 2018 ജൂലായ് 16-ന് ഉത്തരവിടുകയുണ്ടായി.
ന്യായീകരണമില്ലാത്ത കാലതാമസം
2014 മേയ് ഒമ്പതിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് നാളിതുവരെയായി എന്തു സംഭവിച്ചെന്നും അന്വേഷണകാര്യത്തില്‍ എത്രമാത്രം ശുഷ്കാന്തി കേന്ദ്രവും സി.ബി.ഐ.യും കാണിച്ചു എന്നതുമാണ് സാധാരണജനങ്ങള്‍ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന ചോദ്യം. ഇക്കാര്യത്തില്‍ സി.ബി. ഐ. 'അന്വേഷണം നടത്തിവരികയാണെന്നും' എന്നാല്‍ സമന്‍സുകള്‍ക്ക് മറുപടി അയക്കാത്ത കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ 'കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതായി കണ്ടെത്തി'യെന്നും തിങ്കളാഴ്ച നല്കിയ ഹര്‍ജിയില്‍ സി.ബി.ഐ. പറയുകയുണ്ടായി. ഈ നിലപാടിന്റെ വിശ്വാസ്യതയും സി.ബി.ഐ.ക്കും കേന്ദ്രത്തിനും അഴിമതിയന്വേഷണത്തിന്റെ കാര്യത്തിലുള്ള ആത്മാര്‍ഥതയും ചോദ്യംചെയ്യപ്പെടുന്നത് കുറ്റകരമായ കാലതാമസത്തിന്റെപേരില്‍ കൂടിയായിരിക്കും. ആദ്യ ഉത്തരവിനുശേഷം നാലുവര്‍ഷവും ഏഴു മാസവും കഴിഞ്ഞപ്പോഴാണ് കൊല്‍ക്കത്തയിലെ ചോദ്യംചെയ്യല്‍ സംരംഭത്തിന് സി.ബി.ഐ. തുനിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ ഉള്ള കേസുകളിലോ, സുപ്രീംകോടതിയിലെ കേസുകളിലോ വ്യക്തതവരുത്തല്‍ ഹര്‍ജി നല്‍കാതെ, തിരഞ്ഞെടുപ്പുസമയത്ത് നടത്തിയ ചോദ്യം ചെയ്യല്‍ നാടകത്തിന് മറ്റൊരുതരം രാഷ്ട്രീയ മറുനാടകമാണ് കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്.
സാധാരണഗതിയില്‍ ഒരു സംസ്ഥാനത്ത് കേസന്വേഷിക്കാന്‍ സി.ബി.ഐ.ക്ക് അധികാരം കൈവരുന്നത് 1946-ലെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് നിയമത്തിലെ ആറാം വകുപ്പനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചാല്‍ മാത്രമാണ്. ശാരദാ കേസില്‍ ഇത്തരം അനുമതി നല്‍കിയത് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി സി.ബി.ഐ. ക്ക് ആവശ്യമില്ല. സമ്പത്ത് ലാലിന്റെ കേസില്‍ [(1985) സുപ്രീംകോര്‍ട്ട് കേസസ് 317] സുപ്രീംകോടതി ഈ തത്ത്വം വിശദീകരിച്ചു. എന്നാല്‍, ഒരു സംസ്ഥാനത്ത് സി.ബി.ഐ.ക്ക് സാധാരണഗതിയില്‍ ഇടപെടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. ബാലകൃഷ്ണ റെഡ്ഡിയുടെ കേസില്‍ [(2008) 4 സുപ്രീംകോര്‍ട്ട് കേസസ് 409] സുപ്രീം കോടതി ഇക്കാര്യം പറയുകയുണ്ടായി. ഇപ്പോഴത്തെ വിഷയത്തില്‍ സുപ്രീംകോടതിയിലും കല്‍ക്കട്ട ഹൈക്കോടതിയിലും ഹര്‍ജി നല്‍കാതെ എടുത്തുചാടുകയും സംസ്ഥാന പോലീസിനെതന്നെ ചോദ്യംചെയ്യുന്ന അസാധാരണ നടപടിയിലേക്ക് നീങ്ങിയെന്നതുമാണ് കേന്ദ്രവും സി.ബി.ഐ.യും ചെയ്ത തെറ്റ്. ഇതിന്റെ ഫലമായി പ്രകടമായ ഭരണഘടനാ പ്രതിസന്ധി, തത്കാലത്തേക്കെങ്കിലും സൃഷ്ടിക്കപ്പെടുകയും ചെയ്തു.
യഥാര്‍ഥ ദുരന്തങ്ങള്‍
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും സ്വതന്ത്രമായ കുറ്റാന്വേഷണ സംവിധാനങ്ങള്‍ ഇന്നില്ല. പ്രകാശ് സിങ് കേസില്‍ [(2006) 8 സുപ്രീംകോര്‍ട്ട് കേസസ് 1] സര്‍ക്കാരില്‍നിന്നും സ്വതന്ത്രമായ പോലീസ് സംവിധാനത്തെക്കുറിച്ച് സുപ്രീംകോടതി വിധിയെഴുതിയെങ്കിലും ഇന്നും ഈ വിധി ശരിയായരീതിയില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. ശാരദാ കേസില്‍പോലും കുറ്റാന്വേഷണ കാര്യത്തില്‍ ഉണ്ടായ കാലവിളംബവും ഇപ്പോള്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുണ്ടായ രാഷ്ട്രീയ നാടകവും നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ്. ഉത്തരവാദിത്വ ബോധവും പക്വതയും സ്റ്റേറ്റ്സ്മാന്ഷിപ്പും കാണിക്കാത്ത കേന്ദ്രത്തിനും സി.ബി.ഐ.ക്കും ഏതാണ്ട് അതേ നാണയത്തില്‍തന്നെ തിരിച്ചടി നല്‍കുകയാണ് ബംഗാള്‍ മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത്. ഉന്നതതലങ്ങളിലെ രാഷ്ട്രീയ അഴിമതികളും സാമ്പത്തിക തിരിമറികളും സ്വതന്ത്രമായും സമയബന്ധിതമായും അന്വേഷിക്കപ്പെടുന്നില്ല എന്നതാണ് യഥാര്‍ഥ ഇന്ത്യന്‍ ദുരന്തം. കേന്ദ്രവും സി.ബി. ഐ.യും ദീര്‍ഘകാലത്തെ നിഷ്ക്രിയത്വത്തിനുശേഷം ഇപ്പോള്‍ കാണിച്ച എടുത്തുചാട്ടം അന്യഥാ പ്രതിക്കൂട്ടില്‍ നില്ക്കുന്ന സംസ്ഥാന ഭരണാധികാരികള്‍ക്ക് പുതിയ രാഷ്ട്രീയായുധം നല്കിയിരിക്കുന്നു. ഇതും ഒരു ദുരന്തംതന്നെ.
(സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ് ലേഖകന്‍)
2 5 19 ന് മാതൃഭൂമി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്
content highlights: mmatha banerjee and central government political fight, Analysis by kalleeswaram raj