സ്വകാര്യവത്കരണത്തിന്റെ കടലെടുത്തുപോകുമോ കരിമണൽ തീരങ്ങൾ?


അജ്‌നാസ് നാസര്‍ഖനനപാട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമഭേദഗതിയിലൂടെ കരിമണല്‍ വീണ്ടും കേരളത്തില്‍ ചര്‍ച്ച വിഷയമാരിക്കുകയാണ്. കേരളത്തിലെ കരിമണലിന് എന്ത് സംഭവിക്കും

In Depth

ചവറയ്ക്കും ആലപ്പാടിനും ഇടയിലുള്ള തീരപ്രദേശത്ത് നടന്നിരുന് ഖനനം (ഫയൽ ചിത്രം) | ഫോട്ടോ: ബിജു.സി, മാതൃഭൂമി

കേരളത്തിന്റെ സാമ്പത്തിക ഭാഗധേയത്തെ തന്നെ നിര്‍ണയിച്ചേക്കുമെന്ന് ഒരുകാലത്ത് പ്രവചിക്കപ്പെട്ട ധാതുമണല്‍ എന്ന വലിയൊരു നിധികുംഭത്തിനു മുകളിലാണ് നാമിരിക്കുന്നത്. ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണലാണ് കേരളത്തിലെ തീരപ്രദേശങ്ങളിലുള്ളത്. ഖനനപാട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമഭേദഗതിയിലൂടെ കരിമണല്‍ വീണ്ടും കേരളത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കരിമണല്‍ ഉള്‍പ്പടെയുള്ള ആറ്റോമിക്ക് ധാതുക്കള്‍ ഖനനം ചെയ്യാനുള്ള അധികാരം നിലവില്‍ പൊതുമേഖലയ്ക്ക് മാത്രമാണ്. അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുമാണ്. ഈ നിയമഭേദഗതി സ്വകാര്യമേഖലയ്ക്കും കരിമണല്‍ ഖനനത്തിനുള്ള വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭേദഗതി നിലവില്‍ വന്നാല്‍ സ്വകാര്യ മേഖലയ്ക്ക് ഖനനാനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഖനനം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന സര്‍ക്കാരിന്റെ ദീര്‍ഘകാലമായി തുടരുന്ന നയത്തിലെ പിന്മാറ്റമാണ് പുതിയ ഭേദഗതി. ഒപ്പം ആണവധാതുക്കളുടെ പട്ടികയിലുള്ള 12ല്‍ എട്ടെണ്ണത്തെ അതില്‍ നിന്നുമാറ്റി ക്രിട്ടിക്കല്‍ മിനറല്‍സ് വിഭാഗത്തിലാക്കുകയും ചെയ്യും. ധാതു ഖനനത്തിനായുള്ള 1957ലെ എം.എം.ഡി.ആര്‍. (Mines and Minerals (Development and Regulation) Atc) നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.

എം.എം.ഡി.ആര്‍ നിയമപ്രകാരം ഖനനത്തിന് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരമാണ് കേന്ദ്രം പങ്കിടുക. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നയത്തിന്റെ അടിസ്ഥാനത്തില്‍ ഖനന പാട്ടം സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് അതിന് അവകാശം നല്‍കുന്നതാണ് ഭേദഗതിയുടെ പ്രധാന ഭാഗം. മോണോസൈറ്റ്, ഇല്‍മനൈറ്റ്, സിലിമനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍ എന്നിവയുള്‍പ്പെടെ എട്ടെണ്ണത്തിന്റെ പട്ടികമാറ്റവും ആശങ്കയുയര്‍ത്തുന്നത് തന്നെയാണ്. ആണവ ധാതുക്കളുടെ ഖനനത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കേ അനുമതിയുള്ളൂ എന്നിരിക്കേ മോണോസൈറ്റ് ഉള്‍പ്പെടെയുള്ളവ ആ പട്ടികയില്‍ നിന്നുമാറ്റുന്നതോടെ സ്വകാര്യവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്ന തടസം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. അതോടൊപ്പം ഈ നിയമഭേദഗതി ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്ന മറ്റൊരു ആശങ്ക.

ഇല്‍മനൈറ്റ്, റൂട്ടെയ്ല്‍ എന്നിവ അടങ്ങിയ കരിമണലും ലിഥിയം, ബെറിലിയം, സിര്‍ക്കോണ്‍ തുടങ്ങിയവ അടങ്ങിയ മണലും ഉള്‍പ്പടെയുള്ളവയാണ് നിയമത്തിന്റെ ഗ്രൂപ്പ് ബി വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇവയുടെ ഉത്പാദനം ആവശ്യത്തിന് വ്യാവസായിക ആവശ്യങ്ങള്‍ക്ക് തികയുന്നില്ല എന്ന കാരണം പറഞ്ഞാണ് ഭേദഗതി കൊണ്ടുവരുന്നത്. മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് ഖനന മേഖലയില്‍ സംയുക്ത സംരഭങ്ങള്‍ ആരംഭിക്കാനുള്ള നീക്കങ്ങളുണ്ടായപ്പോഴെല്ലാം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരുകള്‍ക്ക് പിന്മാറേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഖനനം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാരുകള്‍ തീരുമാനിക്കുകയായിരുന്നു. ഭേദഗതിയോടുള്ള പൊതുജനാഭിപ്രായം തേടി കേന്ദ്ര ഖനി മന്ത്രാലയം മെയ് 25 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഈ വിശദാംശങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതിക്ക് എതിരായുള്ള പ്രതികരണം കേന്ദ്ര സര്‍ക്കാരിന് ജൂണ്‍ 15ന് നല്‍കിയിട്ടുണ്ട്.

എതിര്‍പ്പ് അറിയിച്ച് കേരള സര്‍ക്കാര്‍

എം.എം.ഡി.ആര്‍ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോട് സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംസ്ഥാന വ്യവസായ വകുപ്പാണ് എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചത്. ഖനന മേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് എതിരാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഭേദഗതിയോടുള്ള പൊതുജനാഭിപ്രായം തേടി കേന്ദ്ര ഖനി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനുള്ള മറുപടിയായാണ് ജൂണ്‍ 25 ന് വ്യവസായ വകുപ്പ് ഈ കത്ത് നല്‍കിയിരിക്കുന്നത്. ഇതിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യസുരക്ഷയ്ക്ക് ഭീഷണി; പാര്‍ലമെന്റിനകത്തും പുറത്തും എതിര്‍ക്കും- എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

ഇത് കരിമണല്‍ ഖനന മേഖല പൂര്‍ണമായും സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ്. 1957ലെ എം.എം.ഡി.ആര്‍. ആക്ട് അനുസരിച്ച് ആറ്റമിക്ക് മിനറല്‍സിന്റെ ഖനനം നടത്താന്‍ സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവകാശം. അതുകൊണ്ട് ബുദ്ധിപരമായി, തന്ത്രപരമായി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് ആറ്റോമിക്ക് മിനറല്‍സിന്റെ പട്ടികയിലുള്ള പന്ത്രണ്ടെണ്ണത്തില്‍ എട്ടെണ്ണം
പട്ടികയില്‍ നിന്നൊഴിവാക്കി ക്രിട്ടിക്കല്‍ മിനറല്‍സ് എന്ന പട്ടികയില്‍പ്പെടുത്തുകയാണ്. അപ്പോള്‍ സ്വാഭാവികമായും ക്രിട്ടിക്കല്‍ പട്ടികയിലുള്ളവ ഖനനം ചെയ്യാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് കിട്ടും. ആറ്റോമിക്ക് മിനറല്‍സിന്റെ പരിധിയില്‍ നിന്ന് ഈ പറയുന്ന എട്ട് ധാതുക്കളെ ഒഴിവാക്കുന്നതോട് കൂടെ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് അനുമതി ലഭിക്കുന്നതിനുള്ള തടസ്സം നീങ്ങിക്കിട്ടുന്നു എന്നതാണ് ഒരു വസ്തുത. രണ്ടാമത്തെ പ്രധാനപ്പെട്ട നിര്‍ദിഷ്ട ഭേദഗതി, ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് കൂടെ ഖനന പാട്ടം കൊടുക്കാനുള്ള അവകാശം/അധികാരം നല്‍കുന്നതെന്നാണ്. ഏതെങ്കിലും കാരണവശാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഖനന പാട്ടം സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഖനനപ്പാട്ടം നല്‍കാനുള്ള അവകാശം നല്‍കുന്നതാണ് ഈ ഭേദഗതി. ഇത് രണ്ടും ഖനന മേഖലയിലെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് രാജ്യസുരക്ഷയെക്കൂടി പ്രതികൂലമായി ബാധിക്കുന്നതാണ്.

മോണോസൈറ്റ് തോറിയമടങ്ങിയിട്ടുള്ള ആറ്റംബോംബ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളായ മോണോസൈറ്റ് ഉള്‍പ്പടെയുള്ള മിനറല്‍സ് ഖനനം ചെയ്യാനുള്ള അവകാശം സ്വകാര്യ മേഖലയ്ക്ക് കൊടുത്താല്‍ അത് രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അത്തരമൊരു സാഹസത്തിന് കേന്ദ്ര സര്‍ക്കാര്‍ തുനിയരുത്. സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള ഖനനപ്പാട്ടം നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ കൂടെ ഏറ്റെടുക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അത് ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരാണ്. ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ജനാധിപത്യ വിരുദ്ധമാണ്. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്നതാണ് ഈ ഭേദഗതി. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പാര്‍ലമെന്റികത്തും പുറുത്തും ഇതിനെ എതിര്‍ക്കും. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

കരിമണല്‍ എന്ന സമ്പത്ത്

പിന്നീട് ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും കാരണമായിത്തീര്‍ന്ന കേരള തീരത്തെ ധാതുമണല്‍ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നതും തീര്‍ത്തും നാടകീയമായ രീതിയിലായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഹെര്‍ഷോംബെര്‍ഗ് എന്ന ജര്‍മന്‍ രസതന്ത്രശാസ്ത്രജ്ഞന്‍ മോണോസൈറ്റിനു വേണ്ടി നടത്തിയ പര്യവേക്ഷണങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ ധാതുമണല്‍ ചരിത്രം ആരംഭിക്കുന്നത്. 1909ല്‍ ഇന്ത്യയില്‍നിന്ന് കയറ്റിവന്ന ചില കയറുത്പന്നങ്ങളില്‍ മോണോസൈറ്റിന്റെ തരികള്‍ അദ്ദേഹം കണ്ടെത്തി. കപ്പലില്‍ കൊണ്ടുവന്ന കയര്‍ ഉല്‍പ്പന്നങ്ങളില്‍ തീരത്തെ മണല്‍ പറ്റിപ്പിടിക്കുന്നത് സ്വാഭാവികമാണല്ലോ. അതില്‍ നിന്നാണ് മോണോസൈറ്റിന്റെ സാന്നിധ്യം അദ്ദേഹം തിരിച്ചറിഞ്ഞത്. ഇന്ത്യയില്‍ എവിടെനിന്നാണ് ഇത് കയറ്റിവരുന്നതെന്ന് ഹെര്‍ഷോംബര്‍ഗ് അന്വേഷണം തുടങ്ങി. ഈ അന്വേഷണം എത്തിനിന്നത് അന്നത്തെ തിരുവിതാംകൂറിലെ മണവാളക്കുറിച്ചി എന്ന കടലോരഗ്രാമത്തിലാണ്. മണവാളക്കുറിച്ചിയില്‍ നിന്ന് വടക്കോട്ട് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരദേശങ്ങളില്‍ ഇല്‍മനൈറ്റും മോണോസൈറ്റും ഉള്‍പ്പെടെ അനേകം അമൂല്യധാതുക്കളടങ്ങിയ കരിമണല്‍ശേഖരം കണ്ടറിഞ്ഞത് പിന്നീടാണ്.

മികച്ച നിക്ഷേപം

പതിയെ ഇന്ത്യയും ലോകവും കേരളത്തിലെ കരിമണലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളില്‍ കേരളത്തിന്റെ കരിമണലിലെ ധാതുക്കളെക്കുറിച്ച് പരീക്ഷണങ്ങള്‍ നടന്നു. അതിന്റെ ഫലമായി ധാതുമണലില്‍ ഇല്‍മനൈറ്റ്, ഗാര്‍നൈറ്റ്, റൂട്ടയില്‍, ലുക്കോസിന്‍, സിലിമിനൈറ്റ്, സിര്‍ക്കോണ്‍, മോണോസൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ലോകത്താകമാനമുള്ള ഇല്‍മനൈറ്റ് നിക്ഷേപങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ, 60 ശതമാനത്തിലേറെ ടൈറ്റാനിയം സാന്ദ്രതയുള്ളത് നമ്മുടെ കേരളത്തിലെ ചവറയിലെ നിക്ഷേപമാണ്. ഏകദേശം 80 ദശലക്ഷം ടണ്‍ ഇല്‍മനൈറ്റ് അടങ്ങിയിട്ടുള്ള 127 ദശലക്ഷം ടണ്‍ ഖനധാതുക്കളാണ് ഇവിടെയുള്ളത്. ടൈറ്റാനിയത്തിന്റെ ഇതേ നിലവാരം തന്നെയാണ് മറ്റുഭാഗങ്ങളിലെ നിക്ഷേപത്തിലുമുള്ളത്. കേരളത്തിന്റെ തീര്‍ത്തും സവിശേഷമായ ഭൂപ്രകൃതിയാണ് ഈ അമൂല്യമായ ധാതു നിക്ഷേപത്തിന് കാരണമായത്. മലനാടും ഇടനാടും തീരപ്രദേശവുമായുള്ള ഭൂപ്രകൃതിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ജൈവപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നിക്ഷേപമുണ്ടായത്. മലനാട്ടിലും ഇടനാട്ടിലുമുള്ള പാറകള്‍പൊടിഞ്ഞുണ്ടായ മണല്‍ പുഴകളിലൂടെ കടലിലെത്തുന്നു. തിരമാലയാലും കാറ്റാലുമെല്ലാം ധാതുമണല്‍ വേര്‍തിരിഞ്ഞ് തീരത്തടിയും. കടലിന്റെ കിടപ്പും വേലിയേറ്റ, ഇറക്കങ്ങളുടെ രീതികളും കൊണ്ട് ചിലയിടത്തു മാത്രമാണ് മണല്‍ അടിഞ്ഞുകൂടുന്നത്.

എന്തിനാണ് കരിമണല്‍

ആറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ പ്രകാരം തെക്കന്‍കേരളത്തിലെ ഖനധാതു നിക്ഷേപത്തില്‍ പ്രധാനം ഇല്‍മനൈറ്റാണ്. അത് കഴിഞ്ഞാല്‍ സിലിമിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്കോക്‌സിന്‍, മോണോസൈറ്റ്, ഗാര്‍നൈറ്റ് തുടങ്ങിയവ. വടക്കന്‍ കേരളത്തില്‍ മറ്റു ചില ധാതുക്കളും കാണുന്നു. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ ആവശ്യങ്ങള്‍ക്കായി ഉപയോ ഗിക്കുന്നുണ്ട്. പെയിന്റ്, പേപ്പര്‍, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബര്‍, കളിമണ്‍ എന്നീ വ്യവസായങ്ങളില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങള്‍, അന്തര്‍വാഹിനി, വിമാനം, മിസൈല്‍, പേസ്‌മേക്കര്‍, ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇതുപയോഗിക്കുന്നു. വെല്‍ഡിങ് ഇലക്ട്രോഡ് ഉണ്ടാക്കാന്‍ റൂട്ടൈല്‍ ഉപയോഗിക്കുന്നു. സാനിറ്ററി വസ്തുക്കള്‍, ടൈല്‍, കളിമണ്‍പാത്രങ്ങള്‍ എന്നിവയുണ്ടാക്കാന്‍ സിര്‍ക്കോണ്‍ ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങള്‍ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങള്‍, ഡീസല്‍ എന്‍ജിന്‍, ഇന്‍സുലേഷന്‍ സാധനങ്ങള്‍, സീലുകള്‍, പമ്പിന്റെ സ്‌പെയര്‍പാര്‍ട്ടുകള്‍ എന്നിവയുണ്ടാക്കാനും ഇത് വേണം. റെയര്‍ എര്‍ത്ത് ക്ലോറൈഡ്, റെയര്‍ എര്‍ത്ത് ഓക്‌സൈഡുകള്‍, സീറിയം ഓക്ക്‌സൈഡ്, ടൈ സോഡിയം ഫോസ്ഫറേറ്റ്, തോറിയം ഓക്ക്‌സൈഡ് എന്നിവ വേര്‍തിരിക്കാനാണ് മോണോസൈറ്റ് ഉപയോഗിക്കുന്നത്. ടൈല്‍, പോളിഷിങ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഗാര്‍നൈറ്റും ഉപയോഗിക്കുന്നു. അലുമിനീയം ഉത്പാദനത്തിന് പറ്റിയ അയിരാണ് സിലിമിനൈറ്റ്.

ഖനനവും വിവാദങ്ങളും

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനും (കെ.എം.എം.എല്‍.) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിനും (ഐ.ആര്‍.ഇ) മാത്രമേ കേരള തീരത്തെ കരിമണല്‍ഖനനം നടത്താനുള്ള അനുമതിയുള്ളൂ. ലോകത്തേറ്റവും ഗുണമേന്മയുള്ള കരിമണല്‍ ശേഖരം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു അഭിവൃദ്ധിക്കും ഗുണകരമാകുന്ന നിലയില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്പനികള്‍ സ്ഥാപിച്ചത്.

കേരളതീരത്ത് കരിമണല്‍ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി 2016 ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു. കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്(സി.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ വിധി. 2006ല്‍ ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനം നടത്താന്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതില്‍ പ്രതിഷേധങ്ങളുയര്‍ന്നു. തുടര്‍ന്ന് അനുമതി പിന്‍വലിച്ചു. സി.എം.ആര്‍.എല്‍. ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഖനനാനുമതി പിന്‍വലിച്ച തീരുമാനം റദ്ദാക്കി. അതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കമ്പനിക്ക് അനുകൂലമായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ ഉത്തരവ് നടപ്പിലായില്ല.

സി.എം.ആര്‍.എല്‍ കോടതി നടപടികള്‍ തുടര്‍ന്നു. കരിമണല്‍ ഖനനത്തില്‍ സ്വകാര്യകമ്പനികള്‍ക്ക് അനുമതി നിഷേധിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. ആണവോര്‍ജ ഉത്പാദനത്തില്‍ കരിമണല്‍ അത്യാവശ്യമെന്നു ചുണ്ടിക്കാട്ടിയാണ് ധാതുസമ്പത്തുള്ള മേഖലകള്‍ രേഖപ്പെടുത്തി മാറ്റിവെച്ചവ ഖനനത്തിനായി വിട്ടുനല്‍കണമെന്ന് കോടതി നിരീക്ഷിച്ചത്. കേരള തിരത്തെ ധാതുമണലിലിലുള്ള ഇല്‍മനൈറ്റിന്റെ അതിഭീമമായ ശേഖരം ഉപയോഗിക്കപ്പെടാതെ കിടക്കുമ്പോള്‍ നിലനില്‍പ്പിനു വേണ്ടി തങ്ങള്‍ക്ക് വീണ്ടുംവീണ്ടും അത് ഇറക്കുമതി ചെയ്യേണ്ടിവരുന്നുവെന്നാണ് സി.എം.ആര്‍.എല്‍ന്റെ പ്രധാന വാദം. വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിനെക്കാളും കൂടിയ നിരക്കിലാണ് ഐ.ആര്‍.ഇ. ഇവിടത്തെ കമ്പനികള്‍ക്ക് ഇല്‍മനൈറ്റ് വില്‍ക്കുന്നത്. ഏഴ് ധാതുമണല്‍ മേഖലയില്‍ ഇറക്കുമതി പ്രോത്സാഹിപ്പിച്ച് വിദേശരാജ്യങ്ങളെ സഹായിക്കുന്ന ദുരൂഹമായ നിലപാടാണ് ഐ.ആര്‍.ഇ.യു സ്വീകരിക്കുന്നതെന്നും സി.എം.ആര്‍.എല്‍ ആരോപിച്ചിരുന്നു.

കരിമണല്‍ ഖനനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും

കേരളത്തിന്റെ ധാതുസമ്പത്ത് ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്ന് വാദിക്കുന്നവരെ പോലെ തന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തി ഖനനത്തെ എതിര്‍ക്കുന്നവരുമുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പലയിടത്തും ഒരു വശത്ത് കടലും മറുവശത്ത് കായലുമാണ്. പല സ്ഥലങ്ങളിലും ഇതിന് രണ്ടിനും ഇടയിലുള്ള പ്രദേശം വളരെ ചെറുതുമാണ്. ഇവിടങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. അവിടങ്ങളില്‍ ഖനനം നടത്തിയാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ നടത്തിയ അശാസ്ത്രീയമായ ഖനനം മൂലം കൊല്ലം ജില്ലയിലെ നീണ്ടകര മുതല്‍ കരുനാഗപ്പള്ളി വരെ തീരദേശത്തെ 177.04 ഹെക്ടര്‍ സ്ഥലം കടലിനടിയിലായെന്ന് ആറ്റോമിക്ക് മിനറല്‍സ് ഡയറക്ട്രേറ്റിന്റെ തന്നെ പഠനത്തില്‍ പറയുന്നുണ്ട്. 2004 ല്‍ ഇന്ത്യയില്‍ സുനാമിയുണ്ടായപ്പോഴും കരിമണല്‍ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നു. തോട്ടപ്പള്ളി, ആലപ്പാട്, ആറാട്ടുപുഴ തുടങ്ങി പലയിടങ്ങളിലും പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടായി.

എന്നാല്‍ ഖനനത്തിന്റെ പാരിസ്ഥിതികാഘാതത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതികളെല്ലാം ഖനനത്തിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. വേലിയേറ്റം ഉണ്ടാകുമ്പോള്‍ കരിമണല്‍ തീരത്ത് അടിയും വേലിയിറക്കത്തില്‍ അത് കടല്‍ കൊണ്ടുപോവുകയും ചെയ്യും. പിന്നീട് ഈ ധാതു സമ്പത്ത് ചെന്നടിയുക മറ്റേതെങ്കിലും തീരത്താവും. അത്തരത്തില്‍ നഷ്ടപ്പെടുത്താതെ ഇത് ഖനനം ചെയ്‌തെടുക്കാനായാല്‍ അത് വലിയ നേട്ടമാണെന്നാണ് ഖനനത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിച്ച് ലഭിക്കുന്ന രീതിയില്‍ ഖനനം നടത്തി മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി പൊതുമേഖലയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അവലംബം
1. കരിമണലിനെ അവഗണിക്കുന്നത് എന്തുകൊണ്ട് - പി.കെ. ജയചന്ദ്രന്‍, മാതൃഭൂമി, 2017 ഒക്ടോബര്‍ 11
2. കരിമണലിലെ കാണാക്കാഴ്ചകള്‍- എം.എസ് ഹരികുമാര്‍, മാതൃഭൂമി, 2011 നവംബര്‍ 13

Content Highlights: mines and minerals (development and regulation) act 1957 amendment black sand kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


meenakshi anoop says she is cheated by her YouTube partners meenakshi youtube channel

1 min

യുട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും അവര്‍ കൊണ്ടുപോയി; കബളിക്കപ്പെട്ടുവെന്ന് മീനാക്ഷി

Mar 20, 2023

Most Commented