ഭോപ്പാല്‍: ഇനിയും പിടിച്ചു നിൽക്കാനാവില്ല, ഇനിയും പട്ടിണി കിടക്കുക വയ്യ. അങ്ങനെയാണ് യുവ കുടിയേറ്റ തൊഴിലാളി രാമു ഗര്‍ഭിണിയായ ഭാര്യയെയും കൈക്കുഞ്ഞിനെയുമേന്തി ഹൈദരാബാദില്‍ നിന്ന് മധ്യപ്രദേശിലെ തങ്ങളുടെ ഗ്രാമത്തിലേക്കുള്ള യാത്ര ആരംഭിച്ചത്.
ലോക്ക് ഡൗണ്‍ ആയതിനാല്‍, യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് ഒരു ബസ്സോ ട്രക്കോ കണ്ടെത്താനായില്ല. 700 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ മകളെയും ഗര്‍ഭിണിയായ ഭാര്യയെയും ഉന്തുവണ്ടിയിലിരുത്തി അതും വലിച്ചു യാത്രചെയ്യുകയായിരുന്നു രാമു.
ചക്രവും തടിക്കഷണവും ഉപയോഗിച്ച് രാമു തന്നെയാണ് ഈ ഉന്തുവണ്ടിയുണ്ടാക്കിയത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച അവര്‍ വീടെത്തിയ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ച ബാൽഘട്ട് ജില്ലയിലെ അവരുടെ ഗ്രാമത്തിൽ രാമുവും കുടുംബവുമെത്തി.
"ഞാന്‍ ആദ്യം എന്റെ മകളെ ചുമന്ന് നടക്കാന്‍ ശ്രമിച്ചു. പക്ഷേ, ഗര്‍ഭിണിയായ ഭാര്യയോടൊപ്പം കാല്‍നടയായി നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വഴിയിലെ കുറ്റിക്കാടില്‍ നിന്ന് കണ്ടെത്തിയ മരവും വിറകും ഉപയോഗിച്ച് ഞാന്‍ ഒരു താത്ക്കാലിക വണ്ടി നിര്‍മ്മിച്ചു. അങ്ങനെ ബാല്‍ഘട്ടുവരെ വണ്ടിയുന്തിയാണ് വന്നത്", സ്വന്തം ഗ്രാമത്തിലെത്താന്‍ ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം നടന്ന രാമു പറഞ്ഞു.
മഹാരാഷ്ട്രയിലൂടെ കടന്നപ്പോള്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂവര്‍ക്കും ബിസ്‌കറ്റും ഭക്ഷണവും നല്‍കി. രാമുവിന്റെ കുഞ്ഞു മകള്‍ക്ക് പുതിയ ചെരുപ്പും കൊടുത്തു.
''ഞങ്ങള്‍ പിന്നീട് കുടുംബത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി ഒരു വാഹനത്തില്‍ ബാല്‍ഘട്ടിലുള്ള അവരുടെ ഗ്രാമത്തിലേക്ക് അയച്ചു, അവിടെ അവര്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ താമസിക്കും,'' ഭാര്‍ഗവ പറഞ്ഞു.
മറ്റൊരു 'വൈറല്‍ വീഡിയോ' യില്‍, മധ്യപ്രദേശില്‍ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളി സഹോദരനെയും ഭാര്യാമാതാവിനെയും വഹിച്ചുള്ള കാളവണ്ടിക്കൊപ്പം നടക്കുന്നത് കാണാം.
മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തിനാലാണ് മോവില്‍ നിന്ന് പത്തര്‍മുണ്ടവരെ കാളവണ്ടിയില്‍ വരാന്‍ തീരുമാനിച്ചത്. ഗ്രാമത്തില്‍ നിന്ന് 25 കിമീ അകലെയാണ് മോ.
കുടിയേറ്റ തൊഴിലാളികള്‍ കാല്‍ നടയായും ട്രക്കില്‍ കയറിയും തങ്ങളുടെ വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്തെ നിത്യ കാഴ്ചയാണ്.
മെയ് എട്ടിന് മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രാക്കില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ചരക്ക് തീവണ്ടി ഇടിച്ചുകയറി 20 പേരടങ്ങുന്ന സംഘത്തിലെ 16 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.
content highlights: Migrant worker travel plight with pregnant wife, travelled 700 kilometer in a makeshift cart