1991 ജൂലൈ ആറ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായിരുന്ന അഴീക്കോട്ടെ എന്‍.ബി കരുണാകരന് ഇപ്പോഴും മറക്കാന്‍ ആവുന്നല്ല ആ ദിനം. സത്യത്തില്‍ ആ ദിവസം മാത്രമല്ല അതിനു മുന്‍പുള്ള ആഴ്ചകളും മാസങ്ങളും മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. തീരാ സംഘര്‍ഷങ്ങള്‍ സമ്മാനിച്ച മാസങ്ങള്‍, ദിവസങ്ങള്‍, എന്തിന് മണിക്കൂറുകളും മിനുട്ടുകളും പോലും വിസ്മരിക്കാന്‍ ആവുന്നതായിരുന്നില്ല.

ദിവസവും സമയവും നിശ്ചയിക്കപ്പെട്ട് മരണത്തെ കാത്തിരിക്കുന്ന ഒരാളുടെ വേദന മറ്റുള്ളവരിലേക്ക് ഇഴഞ്ഞിഴഞ്ഞ് എത്തുന്നത് അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അത്.ഏത് കൊടും കുറ്റവാളിയും ഒന്നും ഞെട്ടും. എത്രപേരുടെ ജീവനെടുത്ത പാതകിയായാലും ഒന്നു പിടയും. ആ പിടച്ചിലും ഒടുവിലത്തെ മരവിപ്പും നേരില്‍ കാണേണ്ടി വന്നതിന്റെ ആഘാതമുണ്ട് ഇപ്പോഴും ആ മുഖത്ത്. തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങളുടെ ദൈര്‍ഘ്യം ഏറുംതോറും  കൂടിക്കൂടി വരും ഈ വ്യഥ.

പുറംലോകം അയാളെ കൊടുംകുറ്റവാളിയായാണ് കാണുന്നത്. ജീവനക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. അവനവന്റെ ഉള്ളിലെ നീതി ബോധവും അതു ശരിവെക്കുന്നുണ്ട്. എങ്കിലും അതിനെല്ലാം അപ്പുറം ചില ബോധ്യങ്ങള്‍ അലോസരപ്പെടുത്തിയെന്ന് കരുണാകരന്‍ പറഞ്ഞു.

ശിക്ഷയേറ്റുവാങ്ങി ജയിലിനകത്ത് പ്രവേശിച്ചാല്‍ അയാള്‍ ഞങ്ങള്‍ക്ക് അന്തേവാസിയാണ്. അവര്‍ക്ക് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും  നല്‍കുന്നത് നമ്മളാണ്. അതിനൊപ്പം അറിയാതെ പ്രസരിക്കുന്ന അടുപ്പം എന്ന ഒന്നുകൂടിയുണ്ട്. അതാണ് തൂക്കിക്കൊല്ലാന്‍ പോകുമ്പോള്‍ അലോസരപ്പെടുത്തുന്ന കാര്യം.ആത്മ സംഘര്‍ഷങ്ങളുടെ ആഴങ്ങളില്‍ നിന്ന് അത് എടുത്തുമാറ്റുക അസാധ്യം തെന്നെ.

റിപ്പര്‍ ചന്ദ്രന്‍ എന്ന മുതുകുറ്റിചന്ദ്രനെ തൂക്കിലേറ്റിയ ഓര്‍മ്മയിലൂടെയാണ് ജയില്‍ ജീവനക്കാരുടെ സംഘര്‍ഷങ്ങള്‍ കരുണാകരന്‍ പറഞ്ഞു വെക്കുന്നത്. ചന്ദ്രന്റെ മൃതദേഹം പോലും വാങ്ങാന്‍ ആരും വന്നില്ല. നാട്ടില്‍ കൊണ്ടുപോയാല്‍ എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന ഭയം സഹോദരന്‍ അറിയിച്ചു. ജീവിച്ച ചന്ദ്രനെ മാത്രമല്ല മരിച്ച ചന്ദ്രനേയും ഉണ്ട് പേടി. പക്ഷേ ജയിലിന്  ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ശവസംസ്‌കാരം കൂടി ജയിലില്‍ നടത്തേണ്ടി വന്നിട്ടുണ്ട്. അതോടെ റിപ്പറുടെ കുറേ കാലത്തെ ജീവിതവും ജീവനും മാത്രമല്ല ഭൗതിക ശരീരം കൂടി  ജയിലില്‍ അവശേഷിക്കുന്നുണ്ട്. തൂക്കിലേറ്റിയെന്നും മൃതദേഹം ജയിലില്‍ മറവുചെയ്തുവെന്നും റെക്കോര്‍ഡ്‌ എഴുതി. ജോലി അവിടെ അവസാനിപ്പിച്ചു. പക്ഷേ അവിടെയൊന്നും നിലയ്ക്കുന്നില്ല ഓര്‍മ്മകള്‍.

പിന്നേയും പടരുകയാണ്  ജയിലിനകത്തെ വികാരങ്ങള്‍. തൂക്കിക്കൊല്ലേണ്ട ഉത്തരവാദിത്തവും ജയിലിനു തന്നെആയിരുന്നു. ആരാച്ചാര്‍ എന്ന തസ്തികയില്ല. ചോറുകൊടുക്കുന്ന അതേ കൈകള്‍ കൊണ്ടുതന്നെ തൂക്കിലേറ്റേണ്ടിവരുന്നു. അതൊരു ലിവര്‍ വലിക്കുന്ന കായികമായ ജോലി മാത്രമല്ല. അതിനത്ത് കയറുപേലെ ഇഴചേര്‍ന്നു കിടക്കുന്ന വികാരങ്ങളുണ്ട്. ജീവനെടുക്കുകയെന്നത് ഒരു തൊഴില്‍ ആയിപ്പോകുന്ന അവസ്ഥ. ദുര്യോഗമെന്നാണ് കരുണാകരന്‍ ഇതിനെ പറയുന്നത്. ചിലരത് ചങ്കുറപ്പോടെ ചെയ്യുന്നുണ്ട്.  പക്ഷ പലരും അങ്ങനയല്ല. ആദ്യം ഏല്‍ക്കും, അവസാന മണിക്കൂറുകളില്‍ പിന്‍വാങ്ങും. എത്ര തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയാലും പാസാകാത്ത പരീക്ഷയാണത്. മനസ്സിനെ അങ്ങനെയൊരു പരുവത്തിലാക്കാനുള്ള ബലംപിടുത്തം മതിയാവാതെ വരുന്നു. അവനവനിലെ ഊര്‍ജം കൊണ്ട് സ്വാംശീകരിക്കാന്‍ കഴിയാത്ത അത്രയും ഭാരിച്ച ജോലിയാവും ചിലപ്പോഴത്. രണ്ടുപേരുടെ  ആരാച്ചാരായ ഒരു  ജയില്‍ ജീവനക്കാരനെ പരാമര്‍ശിക്കുന്നുണ്ട് ഇതിനിടെ കരുണാകരന്‍. പക്ഷേ അത് അധികമാരും അറിയാതിരിക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.

തടവുപുള്ളികളെ ക്കുറിച്ച് പല പല കഥകളാണ് പ്രചരിക്കുക. റിപ്പര്‍ ചന്ദ്രനെക്കുറിച്ചും ഉണ്ടായിട്ടുണ്ട് പലതും. പക്ഷേ കേട്ടകഥകള്‍ വേറെ കണ്ട കാര്യങ്ങള്‍ അതിലും വേറെ. സഹോദരന്‍ കാണാന്‍ വരുന്ന കാര്യം ഓര്‍ക്കുന്നുണ്ട് ഈ മുന്‍ സൂപ്രണ്ട്.  പക്ഷേ മൃതദേഹം വാങ്ങാന്‍ കൈനീട്ടാന്‍ അയാള്‍ക്കും ധൈര്യമുണ്ടായില്ല. അതാണ് വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം. മൃതദേഹവും വാങ്ങി നാട്ടിലെത്തിയാല്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ സഹോദരന്‍ ഓര്‍ത്തുകാണും. മരിച്ചവരെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സമൂഹം പുറത്ത് ഉള്ളപ്പോള്‍ തന്നെയാണ് അകത്ത ജയിലില്‍ കൊടും കുറ്റവാളികള്‍ക്കൊപ്പം കുറേ ജീവനക്കാര്‍ ജീവിക്കുന്നതും.

രണ്ട് തൂക്കിക്കൊലകള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സൂപ്രണ്ടായിരുന്നു കരുണാകരന്‍. റിപ്പര്‍ചന്ദ്രനെ തൂക്കിലേറ്റിയതിനു പുറമേ മറ്റൊരു തൂക്കിക്കൊലയുടെ ഓര്‍മ്മകള്‍ കൂടി മനസ്സിലുണ്ട്. വയനാട് സ്വദേശിയായ വാകേരി ബാലകൃഷ്ണനായിരുന്നു അത്. 1990 മാര്‍ച്ച് 16 നായിരുന്നു ബാലകൃഷ്ണനെ തൂക്കിലേറ്റിയത്.

ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ  പ്രഖ്യാപനമായിരുന്നു ബാലകൃഷ്ണന്റെ അവസാനകാലങ്ങള്‍. നിയമത്തിന്റെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ സമൂഹത്തിന്റെ വൈകാരികമായ പിന്തുണപോലും അന്ന് ബാലകൃഷ്ണന്‍ തേടി.ഡോ.സുകുമാര്‍ അഴിക്കോടിന് കത്തയച്ചതും അദ്ദേഹം ജയിലില്‍ ബാലകൃഷ്ണനെ കാണാന്‍ എത്തിയതും കരുണാകരന്‍ ഓര്‍ക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ്  ജയിലിലെ ജീവിതങ്ങള്‍ എന്നു വെളിപ്പെടുത്തുകയാണ് അദ്ദേഹം. കൂറ്റന്‍ കല്‍ഭിത്തികള്‍ക്കുള്ളില്‍ മനസ്സാക്ഷി മരവിച്ച തടവുകാര്‍ മാത്രമല്ല. അവര്‍ക്കൊപ്പം ജീവിക്കേണ്ടിവരുന്ന കുറേ സാധാരണ ജീവനക്കാര്‍ കൂടിയുണ്ട്.അവരുടെ ആത്മസംഘര്‍ഷങ്ങളുടെ ക്ലൈമാക്‌സാണ് ഓരോ തൂക്കിക്കൊലകളുമെന്നു പറഞ്ഞ് തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയാണ് കരുണാകരന്‍

Content Highlights: Memories of Jail Superintendent N.B.Karunakaran who supervised execution of Ripper Chandran