മാധ്യമ വേട്ട വെളിപ്പെട്ട 2021ലെ റിപ്പോർട്ട്; സങ്കല്‍പ്പം മാത്രമാകുന്ന ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം


നിലീന അത്തോളി

6 min read
Read later
Print
Share

വലിയ മാധ്യമസ്ഥാപനങ്ങള്‍ മിക്കതും രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യവസായികളുടെ ഉടമസ്ഥതയിലായതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനകളും വേട്ടയാടലും നേരിടാതിരിക്കാനായി വളരെയധികം ശ്രദ്ധിച്ചാണ് മാധ്യമപ്രവര്‍ത്തനം നടത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു

പ്രതീകാത്മക ചിത്രം

ലോകത്താകമാനം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുകയാണ്. ജനാധിപത്യരാജ്യങ്ങളില്‍ പോലും ഭരണകൂടത്തിനൊപ്പം നില്‍ക്കാത്തവര്‍ ദേശദ്രോഹികളായി മുദ്രകുത്തപ്പെടുകയോ ജയിലലടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. 2021ൽ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട പത്രസ്വതന്ത്ര്യസൂചിക മുന്‍നിര്‍ത്തിയുള്ള വിശകലനം.

ന്വേഷണങ്ങളെയും വിമര്‍ശനങ്ങളെയും ഭയക്കുന്ന ഭരണകൂടങ്ങളാണ് എല്ലാക്കാലത്തും മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടത്. എന്നാല്‍ ആ മാധ്യമഭയം ഭരണകൂടങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാതെ, മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പരോക്ഷമായി ബാധിക്കുന്ന നിയന്ത്രണങ്ങളായാണ് പലപ്പോഴും പുറത്തുകൊണ്ടുവരുന്നത്. സന്നദ്ധസംഘടനയായ 'റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്' പുറത്തുവിടുന്ന 'വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ്' ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ഭരണകൂടങ്ങളെയും നേതാക്കളെയും തുറന്നുകാണിക്കുന്നുണ്ട്. പല ഭരണകൂടങ്ങളും കോവിഡ് സാഹചര്യം മുതലാക്കി മാധ്യമപ്രവര്‍ത്തകരെ സത്യം കണ്ടെത്തുന്നതില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും തടഞ്ഞുവെന്നും ആര്‍.എസ്.എഫ്. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

media freedom
പല ഭരണകൂടങ്ങളും കോവിഡ് സാഹചര്യം മുതലാക്കി മാധ്യമപ്രവര്‍ത്തകരെ സത്യം കണ്ടെത്തുന്നതില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും തടഞ്ഞുവെന്നും ആര്‍.എസ്.എഫ്. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഫ്രാന്‍സ് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയാണ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്-ആര്‍.എസ്.എഫ്.). 2021ലെ ഏറ്റവും പുതിയ ആര്‍.എസ്.എഫ്. പട്ടിക പ്രകാരം 73 രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തനത്തിന് പൂര്‍ണമായോ ഭാഗികമായോ വിലക്കുകള്‍ നേരിടുന്നുണ്ട്. 59 രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തനം പല അളവുകളില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. 180 രാജ്യങ്ങളുടെ കണക്കെടുപ്പ് നടത്തിയതില്‍ ഇത്തരത്തില്‍ പൂര്‍ണമായോ ഭാഗികമായോ നിയന്ത്രണം നേരിടുന്ന രാജ്യങ്ങള്‍ 73 ശതമാനം വരും. 12 രാജ്യങ്ങളില്‍ മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നത്. നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് കോസ്റ്ററീക്ക, നെതര്‍ലന്‍ഡ്സ്, ജമൈക്ക, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നിവയാണവ.

world leaders

ലോകനേതാക്കളിലെ മാധ്യമവേട്ടക്കാര്‍

മാധ്യമങ്ങളെ വേട്ടയാടുന്ന 37 ലോകനേതാക്കളുടെ വിവരങ്ങള്‍ ആര്‍.എസ്.എഫ്. പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ഉള്‍പ്പെടും. ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടര്‍ട്ട്, സൗദി അറേബ്യന്‍ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍, പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തുടങ്ങി 37 പേരാണ് 'പ്രിഡേറ്റര്‍' പട്ടികയിലുള്ളത്.

മാധ്യമവേട്ട നടത്തുന്ന ലോകനേതാക്കളുടെ കൂട്ടത്തില്‍ രണ്ട് വനിതകളും ഇടംപിടിച്ചിട്ടുണ്ട്: ഹോങ് കോങ് ചീഫ് എക്‌സിക്യൂട്ടീവായ കാരി ലാമും ബംഗ്ലാദേശ് പ്രസിഡന്റ് ഷെയ്ഖ് ഹസീനയും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ കളിപ്പാവയെന്നാണ് കാരി ലാമിനെ ആര്‍.എസ്.എഫ്. പട്ടിക വിശേഷിപ്പിച്ചത്. ഹോങ് കോങ്ങിലെ സ്വതന്ത്ര പത്രമാധ്യമമായ ആപ്പിള്‍ ഡെയ്ലിയുടെ അന്ത്യത്തിന് കാരണക്കാരിയായത് കാരി ലാമിന്റെ നയങ്ങളാണ്. 2018-ല്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സെക്യൂരിറ്റി നിയമം ഉപയോഗിച്ച് 70-ലധികം മാധ്യമപ്രവര്‍ത്തകരും ബ്ലോഗര്‍മാരുമാണ് ബംഗ്ലാദേശില്‍ വിചാരണ നേരിട്ടത്. ഇതാണ് ഷെയ്ഖ് ഹസീന കൂട്ടത്തില്‍ ഇടംപിടിക്കാനുള്ള കാരണങ്ങളിലൊന്ന്.

ആര്‍.എസ്.എഫ്. ഡേറ്റ ശേഖരണം തുടങ്ങിയതുമുതല്‍ ഇപ്പോഴും മാധ്യമവേട്ടക്കാരായി തുടരുന്ന ഭരണാധികാരികളെയും പട്ടികയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, ബെലാറസിലെ അലക്‌സാണ്ടര്‍ ലുകാഷെങ്കോ, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഇറാന്റെ പരമോന്നതനേതാവായ അലി ഖമേനി എന്നിവരാണ് കാലാകാലങ്ങളായി മാധ്യമവേട്ട നടത്തുന്നത്. രണ്ടുപതിറ്റാണ്ടായി 'സ്ഥാനം' നിലനിര്‍ത്തിയിരിക്കുന്ന ഏഴുപേരില്‍ മൂന്നുപേര്‍ ആഫ്രിക്കയില്‍നിന്നാണ്. 1979 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയയുടെ പ്രസിഡന്റായ ടിയോഡോറോ ഒബിയാങ് ന്യൂമ എംബാസോഗോ, എറിത്രിയയുടെ പ്രസിഡന്റ് ഇസയാസ് അഫ്വര്‍ക്കി എന്നിവര്‍ പട്ടികയിലുണ്ട്. 1993 മുതല്‍ എറിത്രിയയുടെ പ്രസിഡന്റാണ് ഇസയാസ്. 2021-ലെ ലോക മാധ്യമസ്വാതന്ത്ര്യസൂചികയില്‍ അവസാന സ്ഥാനത്താണ് എറിത്രിയ. റുവാണ്‍ഡ പ്രസിഡന്റായ പോള്‍ കഗാമിയും ഏഴുപേരില്‍പ്പെടും. 1994 മുതല്‍ റുവാണ്‍ഡ വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം 2000-ത്തിലാണ് പ്രസിഡന്റാവുന്നത്. 2034 വരെ ഇദ്ദേഹത്തിന് ഭരണത്തില്‍ തുടരാനാവും.

മാധ്യമസ്വാതന്ത്ര്യം ഇന്ത്യയില്‍

media freedom

ഭരണകൂടത്തെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ഒരുതരം പ്രചാരണം നടത്തുമ്പോള്‍, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്ന പത്രപ്രവര്‍ത്തകരെ ഭരണകൂട പാര്‍ട്ടി അനുയായികള്‍ 'ദേശവിരുദ്ധര്‍' എന്ന് മുദ്രകുത്തുകയാണ്​

ക്രിമിനല്‍ പ്രോസിക്യൂഷനുകള്‍ പലപ്പോഴും പത്രപ്രവര്‍ത്തകരെ അധികാരവിമര്‍ശനത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി ആര്‍.എസ്.എഫ്. നിരീക്ഷിച്ചിട്ടുണ്ട്. വലിയ മാധ്യമസ്ഥാപനങ്ങള്‍ മിക്കതും രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യവസായികളുടെ ഉടമസ്ഥതയിലായതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനകളും വേട്ടയാടലും നേരിടാതിരിക്കാനായി വളരെയധികം ശ്രദ്ധിച്ചാണ് മാധ്യമപ്രവര്‍ത്തനം നടത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2019-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം കേന്ദ്രസര്‍ക്കാരിനനുകൂലമായി നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കുമേല്‍ സമ്മര്‍ദം കൂടിയെന്നും 2020-ല്‍ ജോലിയുമായി ബന്ധപ്പെട്ട് നാല് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ജമ്മു കശ്മീരില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ഇന്റര്‍നെറ്റ് നിരോധനത്തെയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്.
''2020-ല്‍ കോവിഡ് സാഹചര്യം മാധ്യമനിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ കടുപ്പിച്ചു. ഭരണകൂടത്തെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ഒരുതരം പ്രചാരണം നടത്തുമ്പോള്‍, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്ന പത്രപ്രവര്‍ത്തകരെ ഭരണകൂട പാര്‍ട്ടി അനുയായികള്‍ 'ദേശവിരുദ്ധര്‍' എന്ന് മുദ്രകുത്തുകയാണ്. പ്രത്യേകിച്ചും അവര്‍ സ്ത്രീകളാണെങ്കില്‍, അവരെ കൊല്ലാനുള്ള ആഹ്വാനങ്ങള്‍ ഉള്‍പ്പെടുന്ന അങ്ങേയറ്റം അക്രമാസക്തമായ സോഷ്യല്‍ മീഡിയ വിദ്വേഷപ്രചാരണങ്ങള്‍ വരെ നടത്തുന്നു. പലപ്പോഴും പോലീസിന്റെ ഒത്താശയോടെയാണത് സംഭവിക്കുന്നത്. ഒടുവില്‍, അവര്‍ ക്രിമിനല്‍ കേസുകള്‍ക്കും വിധേയരാവുന്നു''-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

cyber
വാര്‍ത്തകളെയും വിശകലനങ്ങളെയും ദേശദ്രോഹപരമെന്ന് വ്യാഖ്യാനിക്കാനും അതിനെതിരേ അക്രമാസക്തമായി പ്രതികരിക്കാനും കെല്‍പ്പുള്ള സൈബര്‍ സേന രാജ്യത്തുണ്ടെന്നും തങ്ങളുടെ നയത്തിനെതിരായി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണി വരെ ഇവര്‍ മുഴക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഡക്‌സില്‍ 142-ാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. വാര്‍ത്തകളെയും വിശകലനങ്ങളെയും ദേശദ്രോഹപരമെന്ന് വ്യാഖ്യാനിക്കാനും അതിനെതിരേ അക്രമാസക്തമായി പ്രതികരിക്കാനും കെല്‍പ്പുള്ള സൈബര്‍ സേന രാജ്യത്തുണ്ടെന്നും തങ്ങളുടെ നയത്തിനെതിരായി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണി വരെ ഇവര്‍ മുഴക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗൗരി ലങ്കേഷിനെ രക്തസാക്ഷിയെന്ന് പരാമര്‍ശിക്കുന്ന ആര്‍.എസ്.എഫ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആയുധങ്ങള്‍ അല്പംകൂടി മൂര്‍ച്ചകൂടിയതാണെന്ന് ബര്‍ക്കാ ദത്തിനെയും റാണാ അയൂബിനെയും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നുമുണ്ട്.

modi
ഇന്‍ഡക്‌സില്‍ 142-ാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുമുണ്ട്

കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍

ഇറാനില്‍, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മരണസംഖ്യ സൂക്ഷ്മപരിശോധന നടത്തുന്നതില്‍നിന്ന് മാധ്യമങ്ങളെ ഭരണകൂടം തടഞ്ഞിരിക്കുകയാണ്. ഹംഗറിയിലും മറ്റും വ്യാജ വാര്‍ത്തയ്‌ക്കെതിരേയുള്ള നിയമം ഉപയോഗിച്ച്, കൃത്യമായ കോവിഡ് കണക്കുകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ വരെ ക്രൂശിക്കുന്നു.
ഈജിപ്തില്‍, സര്‍ക്കാര്‍ തരുന്നതല്ലാത്ത കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലും നിരോധിച്ചിരിക്കുകയാണ്. സെര്‍ബിയയും സിംബാബ്വേയും ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍, മഹാമാരി പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പുതിയ നിയമം വന്നിരിക്കുകയാണ്. ചിലത് മാധ്യമപ്രവര്‍ത്തകരെ തടങ്കലിലാക്കുന്നതിലേക്ക് വരെ നയിച്ചു. അതേസമയം, മഹാമാരിയുടെ മുന്നണിപ്പോരാളികളായി നിന്ന് പ്രവര്‍ത്തിച്ച നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചത്. ജനീവ ആസ്ഥാനമായ പ്രസ് എംബ്ലം കാമ്പയിന്‍ പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2020 മാര്‍ച്ചിനും 2021 ഏപ്രിലിനുമിടയില്‍ 1060 മാധ്യമപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

trump
ട്രംപിന്റെ അവസാന കാലയളവില്‍ 400-ഓളം അതിക്രമങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ യുഎസ്സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 130 പേരെ അറസ്റ്റും ചെയ്തു. ഫോട്ടോ : AFP

ഡൊണാള്‍ഡ് ട്രംപിന്റെ അവസാന കാലയളവില്‍ 400-ഓളം അതിക്രമങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ യുഎസ്സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 130 മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റും ഈ സമയത്ത് അമേരിക്കയിലുണ്ടായി. അതേസമയം നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയുള്‍പ്പെടെയുള്ള നോര്‍ഡിക് രാജ്യങ്ങള്‍ (സൂചികയില്‍ 1, 2, 3 സ്ഥാനങ്ങള്‍) കോവിഡ്-19 കാലത്ത് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

media freedom

വാര്‍ത്തയ്ക്ക് പ്രതിഫലം മരണം

1992നും 2021-നും ഇടയില്‍ 1400-ലധികം മാധ്യമപ്രവര്‍ത്തകര്‍ അവര്‍ ചെയ്ത ജോലിക്കുള്ള പ്രതികാരമെന്ന നിലയില്‍ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (CPJ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ കൃത്യമായ ഉദ്ദേശ്യം വ്യക്തമല്ലാത്ത 560 കൊലപാതകങ്ങളും ഇക്കാലയളവില്‍ നടന്നു. 2012-ലാണ് ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്(100ലേറെ). സിറിയയിലെ സംഘര്‍ഷവും സൊമാലിയയിലെ വെടിവെപ്പുമായിരുന്നു ഈ ഉയര്‍ന്ന സംഖ്യക്കുള്ള കാരണം.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും സമാധാനമേഖലകളെന്ന് കണക്കാക്കുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെടുന്നതെന്ന് സി.പി.ജെ. ചൂണ്ടിക്കാട്ടുന്നു. 2016-ല്‍ 42 ശതമാനം മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളാണ് യുദ്ധേതര മേഖലകളില്‍ നടന്നതെങ്കില്‍ 2020-ല്‍ അത് 68 ശതമാനമായി ഉയര്‍ന്നു.

2020 ഒടുവില്‍ 274 മാധ്യമപ്രവര്‍ത്തകരാണ് തടവിലാക്കപ്പെട്ടത്. 65 മാധ്യമപ്രവര്‍ത്തകരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ നാലിലൊന്നും ഇറാഖ്, സിറിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട പത്ത് രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. 2020 നവംബറില്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റും യുനെസ്‌കോയും നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വനിതാ മാധ്യമപ്രവര്‍ത്തകരില്‍ മുക്കാല്‍ഭാഗവും അവരുടെ ജോലിസമയത്ത് ഓണ്‍ലൈനില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി.

പൊതുജന വിശ്വാസം

2019-ല്‍, യു.എസ്. ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ മാധ്യമ സ്വാതന്ത്ര്യം പ്രധാനമാണോ എന്ന് കണ്ടെത്താന്‍ 30-ലധികം രാജ്യങ്ങളിലെ ആളുകളെ അഭിമുഖം ചെയ്തു. അമേരിക്കയില്‍ 80 ശതമാനം പേര്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പില്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നത് വളരെ പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം റഷ്യയില്‍, 38 ശതമാനം ആളുകള്‍ മാത്രമാണ് ഈ പ്രസ്താവനയോട് യോജിച്ചത്. 2020 നവംബറില്‍ 28 രാജ്യങ്ങളിലായി നടത്തിയ എഡല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ സര്‍വേ പ്രകാരം 60 ശതമാനത്തിലധികം ആളുകള്‍ കരുതുന്നത് മാധ്യമങ്ങള്‍ വസ്തുനിഷ്ഠവും നിഷ്പക്ഷവുമല്ലെന്നാണ്. മാധ്യമങ്ങളെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആത്മവിശ്വാസത്തോടെ ജനം മറുപടി നല്‍കിയത് ഇന്‍ഡൊനീഷ്യയിലാണ് (72 ശതമാനം). റഷ്യയിലാണ് ഏറ്റവും കുറവ് (29 ശതമാനം).
ഇത്തവണത്തെ സമാധാന നൊബേല്‍ ലഭിച്ചത് രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടര്‍ട്ടിന്റെ അധികാരദുര്‍വിനിയോഗങ്ങള്‍ തുറന്നുകാട്ടുന്ന മരിയ റെസ്സയും റഷ്യയില്‍ വ്‌ളാദിമിര്‍ പുതിന്റെ ഉരുക്കുമുഷ്ടിയെ ഭയപ്പെടാതെ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്ന ദിമിത്രി മുറടോവും നൊബേല്‍ പങ്കിടുമ്പോള്‍ ഭരണകൂട ഭീഷണിയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് പ്രചോദനമായി മാറുകയാണ്.

ഭരണകൂടത്തിന്റെ ദാസ്യവൃത്തിയാണ് മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്നവര്‍ മാധ്യമമേഖല അടക്കിവാഴാന്‍ തുടങ്ങുന്നതോടെ പൊതുജനത്തിന് മാധ്യമങ്ങളിലുള്ള വിശ്വാസം കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ പലതരം ഭീഷണികളില്‍ നിശ്ശബ്ദരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതോടെ ഈ മേഖലയുടെ ഭാവിതന്നെ ഇരുളടയുകയും ചെയ്യും.

(നവംബർ ലക്കം മാതൃഭൂമി ജികെ& കറന്റ് അഫയേഴ്സിൽ പ്രസിദ്ധീകരിച്ചത്).

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
RUSSIA

7 min

യുക്രൈന്റെ ചെറുത്തു നില്‍പ്പും കടന്നാക്രമണവും,യുദ്ധം റഷ്യയെ  എവിടെയെത്തിക്കും?

Sep 29, 2023


Lorry
Premium

8 min

ജലം കൊണ്ട് മുറിവേറ്റ കന്നഡിഗര്‍; കാവേരിയില്‍ വീണ്ടും സമരകാഹളം ഉയരുമ്പോള്‍

Sep 26, 2023


Kerala Sasthra Sahithya Parishad
series

5 min

നല്ല നാളെയ്ക്കായി തുടങ്ങിയ പ്രസ്ഥാനം: ശാസ്ത്ര സാഹിത്യ പരിഷത്ത് 60 വര്‍ഷം പിന്നിടുമ്പോള്‍/ ഭാഗം 1

Oct 17, 2022


Most Commented