എം.ബി രാജേഷ് | ഫോട്ടോ : കൃഷ്ണ പ്രദീപ്
അമേരിക്കന്‍ മോഡല്‍ വികസനത്തെ ആരാധനയോടെ പലപ്പോഴും മലയാളികള്‍ കാണാറുള്ളതാണ്. ഇന്‍ഷുറന്‍സുള്ളതിനാല്‍ രോഗചികിത്സ സൗജന്യമാണ് അമേരിക്കയിലെന്ന് ഊറ്റം കൊണ്ടവര്‍ മലയാളിക്കിടയിലുണ്ട്. കോവിഡില്‍ അമേരിക്കക്ക് സംഭവിച്ചത് കേരളത്തിനെന്തു കൊണ്ട് സംഭവിച്ചില്ല എന്നാണ് കരുതുന്നത്.
അമേരിക്കന്‍ വ്യവസ്ഥ ആളുകളുടെ വാങ്ങല്‍ കഴിവിനെ ആശ്രയിച്ചുള്ളതാണ്. അത് ആരോഗ്യമാണെങ്കിലും വിദ്യാഭ്യാസമാണെങ്കിലും വിലയ്ക്ക് വാങ്ങേണ്ട ഒന്നാണ് അമേരിക്കയില്‍. നിയോലിബറല്‍ നയങ്ങളുടെ വരവിനെ തുടര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സ്‌റ്റേറ്റുകളുടെ പിന്‍മാറ്റമുണ്ടായി.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലയളവില്‍ വെല്‍ഫയര്‍ സ്റ്റേറ്റ് എന്ന സങ്കല്‍പം യൂറോപ്പില്‍ വളര്‍ന്നു വന്നിരുന്നു.വിദ്യാഭ്യാസം ആരോഗ്യം സാമൂഹിക സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും ബഹുധ്രുവ ലോകം എന്നത് ഏക ധ്രുവ ലോകം എന്നാകുകയും ചെയ്തു; സോഷ്യലിസത്തിന്റെ വെല്ലുവിളിയും ഭീഷണിയും ഇല്ലാതായി. അതോടെ മുതലാളിത്തം വീണ്ടും വെല്‍ഫയര്‍ സ്റ്റേറ്റിനെ പൊളിച്ചടുക്കി. അങ്ങനെയാണ് യൂറോപ്പിലും അമേരിക്കിലും നിലവിലുള്ള ക്ഷേമ പ്രവത്തനങ്ങള്ളും വെല്‍ഫെയര്‍ മെക്കാനിസവും ഇല്ലാതായത്. വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ നിന്നുള്ള പിന്‍മാറ്റവും വിദ്യാഭ്യാസ വായ്പ എന്ന കാഴ്ചപ്പാടിലേക്കുള്ള മാറ്റവും അപ്പോഴാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ വേണ്ടി അണ്ഠം വില്‍ക്കുന്ന അമേരിക്കന്‍ പെണ്‍കുട്ടികളെ കുറിച്ച് പഠനം വരെ വന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം എത്രമാത്രം ജനവിരുദ്ധമാണ് എന്നതാണ് കോവിഡ് കാണിക്കുന്നത്. പൊതുജനാരോഗ്യം എന്ന കാഴ്ച്ചപ്പാടില്ല അവിടെ. ഇന്‍ഷുറന്‍സില്ലാത്തവന് ചികിത്സ ഇല്ല. ആരോഗ്യം എന്നത് എല്ലാവര്‍ക്കും ഉറപ്പുള്ള മൗലികാവകാശമല്ല ഈ രാജ്യങ്ങളില്‍. എന്നാല്‍ ക്യൂബ പോലുള്ള രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആരോഗ്യം മൗലികാവകാശമാണ്. അത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ അമേരിക്കയില്‍ കാശുണ്ടെങ്കില്‍ ചികിത്‌സിക്കാമെന്നതാണ് അവസ്ഥ.അല്ലാത്തവന്‍ മരിക്കുക. കേരളത്തെ സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖല സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിലെ പൊതുജനാരോഗ്യ പൊതുവിദ്യാഭ്യാസ സംവിധാനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് വികസിപ്പിച്ചെടുത്തതിലും വളര്‍ത്തിയെടുത്തതിലും നിലനിര്‍ത്തുന്നതിലും ഇടതുപക്ഷം വലിയ രീതിയില്‍ സംഭാവന വഹിച്ചു.
ഇടതുപക്ഷം ഭരിച്ച അത്രതന്നെ കാലയളവില്‍ കോണ്‍ഗ്രസ്സും കേരളം ഭരിച്ചിട്ടുണ്ടല്ലോ. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സംവിധാനം ഇടതുപക്ഷത്തിന്റെ മാത്രം സംഭാവനയാണെന്ന് പറയാനാവുമോ?
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവ് കോവിഡ് പോരാട്ടത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ മികവുള്ളതു കൊണ്ടാണ് സര്‍ക്കാരിന്റെ യുദ്ധകാലാടിസ്ഥാനത്തിനുള്ള നടപടികള്‍, ആസൂത്രണം ഏകോപനം എന്നിവ വിജയം കണ്ടത്. പൊതുജനാരോഗ്യ സംവിധാനം കേരളത്തേക്കാള്‍ മോശമല്ല തമിഴ്‌നാട്ടില്‍. പക്ഷെ അവരുടെ റെസ്‌പോണ്‍സ് വൈകി. നമ്മുടെ റെസ്‌പോണ്‍സ് ഉചിതസമയത്തായിരുന്നു. ആദ്യ കേസ് ഉണ്ടാവുന്നതിന് മുമ്പു തന്നെ കണ്‍ട്രോള്‍ റൂം തയ്യാറാക്കി. ഈ ഏകോപനം, ആസൂത്രണം, ഇടപെടല്‍ എന്നിവയ്ക്കുള്ള സിസ്റ്റം നിലവില്‍ കേരളത്തിലുണ്ടായി എന്നതാണ് എടുത്തുപറയേണ്ടത്. ആ സിസ്റ്റം ഇടതുപക്ഷത്തിന്റെ ഫലമായാണ്. പൊതുജനാരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ ശ്രദ്ധമൂലമാണത് സംഭവിച്ചത്. അതിന് തുടക്കം കുറിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ ആ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് കാലത്ത് ആരോഗ്യമന്ത്രിക്കെതിരേ ആക്ഷേപങ്ങളും വിവാദവുമുണ്ടായി. പൊതുജനാരോഗ്യ സംവിധാനം ദുര്‍ബലമായിരുന്നു. മരുന്നില്ല, ഡോക്ടറില്ല എന്ന അവസ്ഥയായിരുന്നു ആ സമയങ്ങളിൽ. മൂന്ന് കൊല്ലം കൊണ്ട് സ്ഥിതി മാറി. ആര്‍ദ്രം പദ്ധതി നടപ്പാക്കി. മരുന്നുകള്‍ ലഭ്യമാക്കി. കാത്ത് ലാബ് ഇന്ന് എല്ലാ ജില്ലാ ആശുപത്രികളിലുമുണ്ട്. ഡയാലിസിസ് എല്ലാ താലൂക്കാശുപത്രികളുണ്ട്. കീമോ തെറാപ്പി കൊണ്ടു വന്നു. ഇതെല്ലാം ഈ സര്‍ക്കാര്‍ കാലത്ത് കൊണ്ടുവന്നതാണ്. കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് ഭംഗം വരാന്‍ പാടില്ല എന്നുള്ളത് കൊണ്ട് ലോക്ക്ഡൗണ്‍ കാലത്ത് ആര്‍സിസിയുടെ കാന്‍സര്‍ ചികിത്സാ സൗകര്യം ജില്ലാ ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കീമോ തെറാപ്പി നല്‍കാനുള്ള സൗകര്യം നേരത്തെ ജില്ലാ ആശുപത്രിയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയതു കൊണ്ടാണ് ഇതെളുപ്പമായത്.
മെഡിക്കല്‍ കോളേജുകള്‍ അവര്‍ തുടങ്ങി പക്ഷെ സൗകര്യങ്ങളോടെ ഫലപ്രദമാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ഡോക്ടര്‍മാരുടെ ക്ഷാമം സ്വകാര്യ പ്രാക്ടീസ്, മരുന്ന് വേണ്ടത്ര ഇല്ലാത്തത് എന്നിവ യുഡിഎഫ് സര്‍ക്കാര്‍ കാലത്താണ് ഉണ്ടാവാറ്. പൊതുമേഖല മരുന്ന് കമ്പനി യുഡിഎഫ് വരുമ്പോഴെല്ലാം പ്രതിസന്ധിയിലാണ്. കോവിഡിനെതിരേ പ്രതിരോധിക്കാന്‍ സാനിറ്റൈസര്‍ പെട്ടെന്ന് ഉണ്ടാക്കി നല്‍കിയത് പൊതുമേഖല മരുന്ന് കമ്പനിയാണ്. ഇനി ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ 57ലെ ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയില്‍ വന്നകാര്യങ്ങളാണ്. ഭൂപരിഷ്‌കരണം വിദ്യാഭ്യാസ പരിഷ്‌കരണം എന്നിവ കേരളത്തിന്റെ ആരോഗ്യ രംഗത്തും ജനങ്ങളുടെ ആഐയുര്‍ദൈര്‍ഘ്യം കൂടാനും പ്രധാന പങ്കുവഹിച്ചു. ഭൂപരിഷ്‌കരണത്തോടെ സ്വത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണം ഉണ്ടായി. സ്വന്തം ഭൂമിയില്‍ അധ്വാനിച്ചു ജീവിച്ചു. ഇത് ജീവിതനിലവാരത്തില്‍ മാറ്റമുണ്ടാക്കി. ജന്‍മിത്വം അവസാനിപ്പിച്ചു.തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊഴിലവകാശങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തി. ചൂഷണതോത് കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. മിനിമം കൂലി നടപ്പാക്കി. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി. ഇവയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. കേരളത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുന്നതില്‍ സ്ത്രീ വിദ്യാഭ്യാസത്തിനും ഭൂപരിഷ്‌കരണത്തിനും വിദ്യാഭ്യാസ പരിഷ്‌കരണത്തിനും നേരിട്ട് ബന്ധമുണ്ട്.
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ നേട്ടത്തിനു കാരണം ജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യപ്രവര്‍ത്തകരുടെ മിടുക്കുമാണെന്നുമുള്ള തരത്തില്‍ നിലവിലെ സര്‍ക്കാരിന്റെ കോവിഡ് കാല പ്രവര്‍ത്തനങ്ങളെ റദ്ദുചെയ്തു കൊണ്ടുള്ള നിരീക്ഷണങ്ങളും ഉയരുന്നുണ്ട്.കേരളം ഭരിച്ച സര്‍ക്കാരുകളല്ല പകരം നവ്വോത്ഥാന മുന്നേറ്റങ്ങളാണ് കേരളത്തെ ഇന്നത്തെ കേരളമാക്കിയതെന്നും പൊതുവെ പറയുന്നതാണ്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു.
നമുക്ക് കണക്കുകള്‍ വെച്ചു തന്നെ സംസാരിക്കാം. 1911-നും 20-നുമിടയിലെ കാലയളവെടുത്താല്‍ പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 25 ആയിരുന്നു. സ്ത്രീയുടേത് 27. ഐക്യകേരള രൂപീകരണത്തോടെ 1950-ന്റെയും 60-ന്റെയും ഇടയില്‍ പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 25-ല്‍ നിന്ന് 44 ആയി വര്‍ധിച്ചു. സ്ത്രീയുടേത് 45 ആയി. 21ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലേക്ക് വന്നപ്പോള്‍ പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 70 ആയി. സ്ത്രീയുടേത് 77. 57-ലെ സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെ പ്രതിഫലനമാണ് ഇത് കാണിക്കുന്നത്. ഇല്ലെങ്കില്‍ മറ്റുസ്ഥലങ്ങളിലും ഈ പുരോഗതി കാണേണ്ടതല്ലേ. നവ്വോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രം കേരളത്തിലേതു പോലെ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഉണ്ടായിട്ടുണ്ട്. പക്ഷെ രാഷ്ട്രീയ തുടര്‍ച്ച അവിടെയുണ്ടായില്ല.വർഗ്ഗപ്രസ്ഥാന മുന്നേറ്റത്തിലൂടെ കേരളത്തില്‍ രാഷ്ട്രീയ തുടര്‍ച്ചയുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച നാലു മിഷനുകള്‍ പൊതുജനാരോഗ്യം പൊതുവിദ്യാദ്യാഭ്യാസം ഹരിതകേരളവും ലൈഫുമാണ്. ഇടതുപക്ഷത്തിന്റെ അജണ്ടയിലെല്ലാ കാലത്തും, 57 മുതല്‍ പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവുമുണ്ട്. ആര്‍ദ്രവും പ്രിസവുമെല്ലാം ഇതിന്റെ ഭാഗമാണ്.
ജനകീയാസൂത്രണത്തിനും വലിയ പങ്കുണ്ടല്ലോ
അതെ. തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീവഴിയുണ്ടാക്കിയ സ്ത്രീ മുന്നേറ്റം കേരളത്തിന്റെ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചു. സാമൂഹിക അടുക്കളകള്‍ വലിയ വിജയമായത് ജനകീയ ആസൂത്രണം, അധികാര വികേന്ദ്രീകരണം, കുടുംബശ്രീ എന്നിവ മൂലം സൃഷ്ടിച്ച സാമൂഹിക മാറ്റം കൊണ്ടാണ്. വികേന്ദ്രീകരണത്തിനെതിരായിരുന്നു കോണ്‍ഗ്രസ്സ് എല്ലാകാലത്തും.
പക്ഷെ പഞ്ചായത്തീരാജ് ബില്‍ നടപ്പാക്കിയത് രാജീവ് ഗാന്ധിയുടെ കാലത്താണല്ലോ.
ബില്‍ നടപ്പാക്കിയെങ്കിലും രാജ്യവ്യാപകമായ ഉണര്‍വ്വുണ്ടായില്ലല്ലോ. 57-ലെ ഇംഎസ് സര്‍ക്കാരിന്റെയും പ്രധാന മേഖലയായിരുന്നു അധികാര വികേന്ദ്രീകരണം. ഇടതുപക്ഷത്തിന്റെ അജണ്ടയില്‍ ഉള്ളത് തന്നെയാണ് അധികാര വികേന്ദ്രീകരണം. അതിന് പുതിയ മാനം നല്‍കിയത് ജനകീയാസൂത്രണത്തിലൂടെയാണ്. ജനകീയാസൂത്രണത്തിലൂടെയാണ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ജില്ലാ ആശുപത്രികള്‍ സ്‌കൂളുകള്‍ എന്നിവ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലാവുന്നത്. സമൂഹത്തിന്റെ മേല്‍നോട്ടം വര്‍ധിച്ചപ്പോള്‍ സംവിധാനങ്ങള്‍ എല്ലാം ശക്തിപ്പെട്ടു. അധികാരവികേന്ദ്രീകരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ല കാലത്തെയും മുദ്രാവാക്യമായിരുന്നു.
ആറു ദിവസത്തെ ശമ്പളം കടമായി വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ അധ്യാപകര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയല്ലോ. കടം കൊടുത്ത കാശ് എന്ന് തിരികെ നല്‍കുമെന്ന് പറയാത്തതുകൊണ്ടാണ് ഹര്‍ജി നല്‍കിയതെന്നാണ് അധ്യാപക സംഘടന പറയുന്നത്.
സമീപനമാണ് ഇവിടെ പ്രശ്‌നം. അന്നന്നത്തെ കൂലി കിട്ടിയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്തവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം. സ്ഥിര വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ വിനിയോഗിക്കുന്നുണ്ട്.അതില്‍ നിന്ന് കടമായാണ് ചോദിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഡി എ മരവിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഏകപക്ഷീയമായി ശമ്പളം കട്ട് ചെയ്യുകയായിരുന്നു.എന്നാല്‍ കേരളത്തിലേത് ഇടതുപക്ഷ സര്‍ക്കാരായത് കൊണ്ട് അത്തരമൊരു നിലപാടെടുത്തില്ല. ജനങ്ങളുടെ മേല്‍ അധിക ഭാരം ഏല്‍പിക്കാനല്ല പകരം കടമായി എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇടതുപക്ഷത്തിന്റെ പോരാട്ടത്തിന്റെ ഫലമായാണ് മാനേജ്‌മെന്റിന്റെ അടിമകളായി ജീവിച്ചിരുന്ന അധ്യാപകസമൂഹത്തിന് അന്തസ്സോടുകൂടി മാന്യമായ വേതനമെല്ലാം ലഭിച്ചതെന്നത് അധ്യാപകര്‍ ഓര്‍ക്കണം. സ്‌കൂള്‍ ജോലി മാത്രമല്ല മാനേജരുടെ വീട്ടിലും പോയി ജോലിചെയ്യണമെന്നായിരുന്നു ഒരുകാലത്ത്. സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുന്ന അവസ്ഥ പിന്നെ ഇടതുപക്ഷ സര്‍ക്കാരാണ് കൊണ്ടുവരുന്നത്. ആ ഭൂതകാലം മറന്നു കൊണ്ടാണ് അധ്യാപകരിലെ ചെറിയൊരു വിഭാഗം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കോവിഡിനെതിരായുള്ള യുദ്ധം കോവിഡിനെതിരായ യുദ്ധം മാത്രമല്ല അത് തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായുള്ള യുദ്ധമാക്കി മാറ്റണം എന്ന എംഎ ബേബിയുടെ വീഡിയോ വലിയ രീതിയില്‍ പരിഹാസത്തിനു വിധോയമാകുന്നുണ്ട്. അതിനോടുള്ള താങ്കളുടെ പ്രതികരണമെന്താണ്.
നിയോ ലിബറല്‍ മുതലാളിത്തമാണ് കോവിഡിന്റെ പ്രഹരം ശക്തമാക്കിയതെന്ന് ലോകമാകെ തിരിച്ചറിയുന്നുണ്ട്. ഇനി അത് കോവിഡിനു കാരണമാണെന്ന് പറഞ്ഞാല്‍ പോലും തെറ്റില്ല. കാരണം പരിസ്ഥിതി നാശമാണല്ലോ നിപ്പ പോലുള്ള വൈറസിന്റെ വ്യാപനത്തിലെത്തിച്ചത്. രോഗത്തിനും അതിന്റെ വ്യാപനത്തിലും അതിനെതിരേയുള്ള പോരാട്ടത്തിലും ഒരു പ്രത്യശാസ്തവും രാഷ്ട്രീയവുമുണ്ട്.കോവിഡ് പടര്‍ന്നത് ഉയര്‍ന്ന ജീവിത സാഹചര്യമുള്ളവരുടെ രാജ്യാന്തര വിമാന യാത്രയിലൂടെയാണ്. ഇന്ത്യയില്‍ വന്നതും വിദേശത്തുനിന്നെത്തിയവരിലൂടെയാണ്. പക്ഷെ ബാധിക്കുന്നത് ഏറ്റവും പാവപ്പെട്ടവരെയാണ്. ആരോഗ്യ സുരക്ഷയില്ലാത്തവരാണ് രോഗം ബാധിച്ച് വ്യാപകമായി മരിച്ചത്. എന്ത്‌കൊണ്ട അമേരിക്കയില്‍ വെന്റിലേറ്റര്‍ ക്ഷാമമുണ്ടായി. ഭൂമിയെ നശിപ്പിക്കാനുള്ള ആയുധങ്ങള്‍ അവര്‍ക്കെത്രയോ ഉണ്ട് പക്ഷെ വെന്റിലേറ്റര്‍ ലഭ്യത ആദ്യഘട്ടത്തില്‍ വളരെ കുറവായിരുന്നു. എന്ത് മഹാ വിഡ്ഢിത്തം എന്ന നിലയിലാണ് ചില ജനപ്രതിനിധികള്‍ പോസ്റ്റിട്ട് കണ്ടത്. അവര്‍ ചോംസ്‌കിയെ കുറിച്ചും സിസ്സെക്കിനെ കുറിച്ചും കേട്ടിട്ടുണ്ടാവുമോ എന്നാണ് ചോദ്യം. ബേബിയെ പരിഹസിച്ച് അവര്‍ സ്വയം അജ്ഞത പ്രകടിപ്പിക്കുകയാണ്. വിവരമില്ലായ്മ കുറ്റമല്ല പക്ഷെ അത് വെളിപ്പെടുത്താനിതിരിക്കാനുള്ള വിവേകമുണ്ടാവേണ്ടതുണ്ടെന്ന് അഴീക്കോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഉത്തരവ് കത്തിച്ചവരുടെ അതേ സാമൂഹിക വിരുദ്ധ നിലവാരമാണ് ഈ ജനപ്രതിനിധികള്‍ക്കുമുള്ളത്. ശങ്കരനാരായണനെ പോലുള്ള കെവി തോമസിനെപ്പോലുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം കൊടുത്ത് സാമൂഹിക പ്രതിബദ്ധതയുള്ള കോണ്‍ഗ്രസ്സ് നേതാക്കളുമുണ്ട്.
മാനവ വികസ സൂചികയിലൂന്നിയ വികസനത്തിലേക്ക് കോവിഡാനന്തര ലോകം നയം മാറ്റുമെന്ന് പ്രതീക്ഷയുണ്ടോ.
മുതലാളിത്ത സാമൂഹിക വ്യവസ്ഥ അതിന്റെ സമ്പദ് ഘടനയുടെ രാഷ്ട്രീയ ക്രമം എന്നിവക്കെതിരേയെല്ലാം കോവിഡ് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കോവിഡിനു ശേഷമുള്ള കാലം സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഒരുപാട് മാറ്റങ്ങള്‍ അനിവാര്യമാക്കും. അമേരിക്കയില്‍ തന്നെ സിസ്റ്റത്തിന്റെ മേന്‍മയില്‍ വിശ്വാസം നഷ്ട്‌പ്പെട്ടു. എപ്പോഴാണ് ഈ രാജ്യങ്ങള്‍ വെല്‍ഫയര്‍ സ്‌റ്റേറ്റ് നടപ്പാക്കിയത. അത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്. കാരണം അപ്പുറത്ത് സോവിയറ്റ് യൂണിയന്‍ ശക്തമായിരുന്ന കാലത്തായിരുന്നു അത്. ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് ആയിക്കൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല മുതലാളിത്ത രാജ്യങ്ങളില്‍ തന്നെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നു. അന്ന് പിടിച്ചു നില്‍ക്കാനാണ് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യം എന്ന ഇളവുകള്‍ വരുന്നത്. 90-കളില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ മുതലാളിത്തം വീണ്ടും ശക്തിപ്പെട്ടു. മുതലാളിത്തത്തിന്റെ സഹജമായ ലക്ഷണങ്ങള്‍ ലാഭം മാത്രമാണ്. ഫുണറല്‍ സര്‍വ്വീസിന്റെ പരസ്യത്തിന്റെ പടം ലണ്ടനില്‍ നിന്ന് ഒരു സുഹൃത്ത് അയച്ചു തന്നിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്ന ഏക കച്ചവടം അതാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു വലിയ ശവപ്പെട്ടിക്കൊപ്പം ചെറുത് ഫ്രീ എന്ന പരസ്യം കണ്ടിരുന്നല്ലോ. അതാണ് എനിക്കോര്‍മ്മ വന്നത്. ശവപ്പെട്ടിയാണെങ്കിലും ലാഭം മാത്രമാണ് മുതലാളിത്തിന്റെ ലക്ഷ്യം. ആ രീതിയില്‍ കോവിഡ് ഒരോര്‍മ്മപ്പെടുത്തല്‍ തന്നെയാണ്.
30 ഡിഗ്രിയില്‍ കൊറോണ ചാവുമെന്ന് പറഞ്ഞ എംപിയെ ഇപ്പോള്‍ കാണുന്നത് എന്‍ 95 മാസ്‌ക് ധരിച്ച്- എംബി രാജേഷ്
Content highlights: MB rajesh Interview, During Covid time part two


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..