Representative Image/Photo- Anu prasanth
മറയൂർ: കനത്തമഴയിലും തണുപ്പിലും മഞ്ഞിലും കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ സംരക്ഷിക്കുവാൻ കാവൽ നിൽക്കുന്ന താത്കാലിക വാച്ചർമാർക്ക് ശമ്പളം ലഭിച്ചിട്ട് നാലു മാസം. മറയൂർ സാൻഡൽ ഡിവിഷനിൽ മറയൂർ, കാന്തല്ലൂർ റേഞ്ചുകളിൽ ജോലിചെയ്യുന്ന 219-വാച്ചർമാർക്കാണ് ശമ്പളം കിട്ടാത്തത്.
സർക്കാർ ഖജനാവിലേക്ക് വർഷംതോറും കോടികൾ നേടിത്തരുന്ന ചന്ദനക്കാടിന്റെ കാവൽക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ വലിയ പ്രതിഷേധം ഉയരുകയാണ്. പ്രാരബ്ധങ്ങളും, മറ്റ് ജോലികൾക്ക് പോകാൻ കഴിയാത്തതിനാലും വാച്ചർമാർ ദുരിതക്കയത്തിലാണ്. പലചരക്ക് കടകളിൽനിന്നുപോലും സാധനങ്ങൾ കടംകിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടുംബാംഗങ്ങൾക്ക് അസുഖം ബാധിച്ചാൽ ആശുപത്രി ചിലവിനും പണമില്ല.
ചിട്ടി, ബാങ്ക് വായ്പ, ഭവന വായ്പ തുടങ്ങിയവ എടുത്തവരും ഇപ്പോൾ പ്രതിസന്ധിയിലായി. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള ശമ്പളമാണ് ലഭിക്കുവാനുള്ളത്. ഈ നാലുമാസത്തിനിടയിൽ വനവികസന ഏജൻസി (എഫ്.ഡി.എ.)യിൽനിന്ന് 5000 രൂപ വീതം മറയൂർ ഡി.എഫ്.ഒ. അനുവദിച്ച് നൽകിയത് ചെറിയ ആശ്വാസമായി.
ഒരുമാസം 37 ലക്ഷം രൂപയാണ് താത്കാലിക വാച്ചർമാരുടെ ശമ്പത്തിനായിവേണ്ടത്. ഒരുദിവസം 758-രൂപ ശമ്പളയിനത്തിലും, 84 രൂപ മറ്റ് അലവൻസുമായി വാച്ചർമാർക്ക് നൽകുന്നത്. ഒരു വാച്ചർക്ക് മാസത്തിൽ പരമാവധി 24-ദിവസത്തെ കൂലിയാണ് നൽകുന്നത്. നാലുമാസത്തെ 1.48-കോടി രൂപയാണ് ഇപ്പോൾ കുടിശിഖയായിരിക്കുന്നത്.
വനം മന്ത്രി എ.കെ. ശശീന്ദ്രൻ മറയൂർ സന്ദർശനവേളയിൽ വാച്ചർമാരുടെ ശമ്പളം കുടിശിഖയില്ലാതെ വിതരണം നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നു. എ.രാജ എം.എൽ.എ. നിയമസഭയിൽ സബ്മിഷനായി വാച്ചർമാരുടെ ദുരിതം അവതരിപ്പിച്ചിരുന്നു.
കുടിശ്ശിക ഉടൻ നൽകും
ഈ സാമ്പത്തിക വർഷം രണ്ടുമാസത്തെ ശമ്പളം സർക്കാർ അനുവദിച്ചു തന്നു. ഇത് ഫെബ്രുവരി, മാർച്ച് മാസത്തിലെ ശമ്പളം നൽകി. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഫണ്ട് (കെ.എഫ്.ഡി.എഫ്) അനുവദിച്ചു തരുവാനുള്ള നടപടികൾ നടന്നുവരുന്നു. വനവികസന ഏജൻസിയിൽ ഫണ്ടില്ല. എത്രയുംപെട്ടെന്ന് കുടിശ്ശിക നൽകുവാനുള്ള നടപടികൾ നടന്നുവരുന്നു-
എം.ജി. വിനോദ് കുമാർ,
ഡി.എഫ്.ഒ, മറയൂർ സാൻഡൽ ഡിവിഷൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..