കട്ടപ്പന: നരിയംപാറയിലെ പീഡനകേസ് പ്രതി മനുമനോജിന്റെ മരണത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരേ ആരോപണവുമായി മനുവിന്റെ പിതാവ് മനോജ് രംഗത്ത്.

ജയില്‍ ജീവനക്കാര്‍ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ആരോപിച്ചു. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് മനുമനോജിനെ കെട്ടിത്തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനുവും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. 

'കഴിഞ്ഞ 19ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചതാണ് ഞാന്‍. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിപ്പിക്കാമെന്നാണ് അന്ന് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് 21ന് അവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ കേസു കൊടുക്കുകയായിരുന്നു. പെണ്ണിന്റെ ബന്ധു പോലീസ് ഉദ്യോഗസ്ഥനാണ്. അതറിഞ്ഞ് പെണ്‍കുട്ടി ഇക്കാര്യം വിളിച്ച് പറഞ്ഞിരുന്നു. 

സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചിരുന്നു. ഞങ്ങളുടെ പെണ്ണിന്റെ കാര്യം ഞങ്ങള്‍ സേഫ് ആക്കി. ഇനി നിങ്ങള്‍ നിങ്ങടെ കാര്യം നോക്കിക്കോ എന്ന് അവര്‍ പറഞ്ഞു. 24ന് മനുവിനെ സ്റ്റേഷനില്‍ ഹാജരാക്കി. 28ന് ജയിലിലേക്ക് മാറ്റി. മകന്‍ ക്വാറന്റീനിലാണെന്നാണ് പറഞ്ഞത്. ഒടുവില്‍ വിളിച്ച് ചോദിച്ചപ്പോഴും ക്വാറന്റീനിലാണെന്നാണ് പറയുന്നത്.

പിന്നീട് തോര്‍ത്തില്‍ തൂങ്ങിമരിച്ചെന്നാണ് പറഞ്ഞത്. തോര്‍ത്തില്‍ തൂങ്ങിമരിച്ച ഒരാളുടെ കഴുത്തില്‍ എങ്ങനെ അടയാളം വന്നു. അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല', മനോജ് ചോദിക്കുന്നു. 

പെണ്ണിന്റെ വീട്ടുകാരുടെ സ്വാധീനം ഉപയോഗിച്ച് അവനെ തല്ലി കെട്ടിതൂക്കിയതാണെന്നും പിതാവ് ആരോപിച്ചു.

content highlights: Manu Manoj death, father accuses jail officers