രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനം വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം സാധ്യമാവാതെ പോവുകയാണ്. ഈ സന്ദര്‍ഭത്തിലാണ് മനീതി എന്ന തമിഴ്‌നാട് കേന്ദ്രമായ സ്ത്രീ സംഘടന വാര്‍ത്താ പ്രാധാന്യമര്‍ഹിക്കുന്നത്. പ്രായഭേദമന്യേയുളള 45 സ്ത്രീകള്‍ മനിതിയുടെ നേതൃത്വത്തില്‍ ഇന്ന് ശബരിമല കയറാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാരിന് അയച്ച ഇമെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ആശ്വാസത്തിലാണിവര്‍ ശബരിമലയിലെത്തുന്നതെന്നാണ് സംഘടനാംഗങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ശബരിമല സന്ദര്‍ശനത്തിന് അനുമതി തേടി ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് ശബരിമല സുരക്ഷയുടെ മേല്‍നോട്ടചുമതലയുള്ള ഐ.ജി. മനോജ് എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം അയ്യപ്പനെ കണ്ടേ ചെന്നൈയിലേക്ക് മടങ്ങൂവെന്നും യഥാര്‍ഥ വിശ്വാസികള്‍ വിശ്വാസികളായ തങ്ങളെ തടയില്ലെന്നാണ് പ്രതീക്ഷയെന്നും മനീതി കോര്‍ഡിനേറ്റര്‍ സെല്‍വി പറയുന്നു. എന്നാൽ ശബരിമലയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിർഞ്ഞേ മടങ്ങൂ എന്ന നിലപാടിലാണ് സംഘം.

എത്തുന്നത് ആരൊക്കെ

രണ്ട് സംഘങ്ങളായാണ് മനീതി കൂട്ടായ്മാംഗങ്ങള്‍ ശബരിമലയ്‌ക്കെത്തുന്നത്. ചെന്നൈയില്‍ നിന്ന് പന്ത്രണ്ടും മധുരയില്‍ നിന്ന് ഒന്‍പത് പേരുമാണ് ശബരിമലയിലേക്ക് തിരിച്ചത്. ഒഡീഷ, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വെള്ളിയാഴ്ച രാത്രിയാണ് യാത്ര തുടങ്ങിയത്. സുരക്ഷാ കാരണങ്ങളാല്‍ ചെന്നൈയില്‍ നിന്നുള്ള സംഘം യാത്രാ മാര്‍ഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ മധുരയില്‍ നിന്നുള്ള സംഘം പോലീസ് സംരക്ഷണത്തില്‍ ടംബോ ട്രാവലറിലാണ് യാത്ര തിരിച്ചത്. 

സംഘാംഗങ്ങള്‍ക്ക് പറയാനുള്ളത്

അയ്യപ്പനെ കാണാനെത്തുന്നവരെ അയ്യപ്പ ഭക്തര്‍ തടയില്ലെന്നാണ് കരുതുന്നതെന്ന് യാത്ര തിരിക്കുന്നതിന് തൊട്ട് മുന്‍പ് മനിതി കോ-ഓര്‍ഡിനേറ്റര്‍ ശെല്‍വി പറഞ്ഞു. 'അയ്യപ്പനെ കാണണം എന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നു. അയ്യപ്പ ഭക്തര്‍ അയ്യപ്പ ഭക്തരെ തടയുന്നത് ന്യായമല്ല'. ദൈവത്തെ കാണാന്‍ ആഗ്രഹിച്ച് വരികയാണ്. തടയരുതെന്ന് അവരോട് പറയുമെന്നും' കോര്‍ഡിനേറ്റര്‍ ശെല്‍വി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായി കേരളത്തില്‍ കണ്ടുമുട്ടാനാണ് പദ്ധതി. പ്രതിഷേധങ്ങളെ പോലീസ് സുരക്ഷയില്‍ മറികടക്കാന്‍ കഴിയുമെന്നും ശെല്‍വി പ്രതീക്ഷ പങ്കുവെച്ചു.

കൂട്ടായ്മയുടെ ഉത്ഭവം

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി കൂട്ടായ്മയുടെ പിറവി. ഈ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ മറീന ബീച്ചില്‍ സ്ത്രീകള്‍ ഒത്തുകൂടിയിരുന്നു. ഈ സ്ത്രീ കൂട്ടായ്മ പിന്നീട് ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളില്‍ സക്രിയമായി ഇടപെട്ടു. അങ്ങനെയാണ് മനീതി എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്.. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്.  സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.

content highlights: Maniti, Chennai based women collective will visit Sabarimala soon says the devotees of the group