തിരുവനന്തപുരം: സ്വകാര്യ ബസ് യാത്രക്കിടെ യുവതിയോട് മദ്യപിച്ചെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു. തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ഥിക്കാണ് സ്വകാര്യ ബസില്‍ വെച്ച് ദുരനുഭവമുണ്ടായത്.
തൃപ്രയാര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് പി.ജി.ട്രാവല്‍സ് എന്ന ബസില്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ ആലപ്പുഴയില്‍ നിന്ന് കയറിയ യുവാവ് യുവതിക്ക് സമീപം ഇരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. നിരവധി തവണ ശല്യംചെയ്തതോടെ വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ ഇടപെട്ടില്ല.
പിന്നീട് ഇയാളെ മറ്റൊരു സീറ്റിലേയ്ക്ക് മാറ്റിയിരുത്തിയിട്ടും ശല്യം തുടരുകയായിരുന്നു. ഒടുവില്‍ ബസിലെ മറ്റൊരു യാത്രക്കാരന്‍ ഇടപെട്ട് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള യാത്രയില്‍ വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താത്തതിനുമെതിരെ നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.
സംഭവത്തില്‍ വീഴ്ച പരിശോധിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പി.ജി.ട്രാവല്‍ അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Man molested lady in private bus