അവർ ശിരോവസ്ത്രം കത്തിക്കുന്നു, തലമുടി മുറിക്കുന്നു: സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ഇറാനിയന്‍ പോരാട്ടം


സിസി ജേക്കബ്‌

വരുംദിവസങ്ങളിൽ ഈ പ്രക്ഷോഭവും ഇറാൻ മർദിച്ചൊതുക്കിയേക്കും. ‘അറബ് വസന്ത’ത്തിനെന്നപോലെ നിയതമായ നേതൃത്വമില്ല ഈ പ്രതിഷേധത്തിനും. ഓരോ പട്ടണങ്ങളിലും നടക്കുന്നവ ഒന്നുചേർന്ന് ഒരൊറ്റപ്രസ്ഥാനമായിട്ടില്ല. ഇതെല്ലാം അടിച്ചമർത്തലിന്‌ സൗകര്യമേകുന്നു. പക്ഷേ, മുറിച്ചമുടികളും കത്തിച്ച ഹിജാബുകളും ഇറാനിലെ സ്ത്രീകളുടെ രോഷത്തിന്റെയും സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രതീകമായി എന്നും നിലനിൽക്കും

movement

മഹ്‌സാ അമീനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ഇറാനിലെ ​െടഹ്‌റാനിൽ നടന്ന പ്രകടനം| ഫോട്ടോ: ഗെറ്റി ഇമേജസ്‌

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ എവിൻ ജയിലിൽ ഏകാന്തതടവിലാണ് നിലൂഫർ ഹമീദി. കുറ്റമെന്തെന്ന്‌ പറയാതെയുള്ള ചോദ്യംചെയ്യൽ തീർന്നോ എന്ന്‌ വ്യക്തമല്ല. സെപ്റ്റംബർ 22-ന് അറസ്റ്റുചെയ്യുംമുമ്പ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ആളുകൾ നിലൂഫറിന്റെ വീട് റെയ്ഡ്ചെയ്തു. മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കണ്ടുകെട്ടി. അതിന് ഒരാഴ്ചമുമ്പാണ് നിലൂഫർ ഒരു വലിയ വാർത്ത ലോകത്തെ അറിയിച്ചത്: ‘ഇറാനിലെ സദാചാരപ്പോലീസ് അറസ്റ്റുചെയ്ത മഹ്‌സ അമീനി എന്ന 22-കാരി കസ്റ്റഡിയിൽ അബോധാവസ്ഥയിലായി, അവർ ടെഹ്‌റാനിലെ കസ്ര ആശുപത്രിയിൽ ചികിത്സയിലാണ്.’ നിലൂഫറിന്റേതായി ഒരു ഫോട്ടോകൂടി അവരുടെ പത്രമായ ‘ഷാർഗി’ൽ അടിച്ചുവന്നു. കസ്ര ആശുപത്രിയുടെ ഇടനാഴിയിൽ പരസ്പരം കെട്ടിപ്പിടിച്ചുനിന്ന്‌ കരയുന്ന മഹ്‌സയുടെ അച്ഛനമ്മമാരായിരുന്നു അതിൽ.

വാർത്ത ലോകമറിഞ്ഞതിന്റെ മൂന്നാംനാൾ സെപ്റ്റംബർ 16-ന് മഹ്‌സ ഈ ലോകം വിട്ടുപോയി. ഇറാൻ പ്രതിഷേധത്തിൽ മുങ്ങി. തിങ്കളാഴ്ചവരെ 92 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. 1500-ലേറെപ്പേർ അറസ്റ്റിലായി. നിലൂഫറിനെപ്പോലെ പല ജേണലിസ്റ്റുകൾ, ഹുസൈൻ മഹീനിയെപ്പോലുള്ള ഫുട്‌ബോൾ താരങ്ങൾ എല്ലാവരും ജയിലിലാണ്. വാർത്ത നൽകുന്നു, പിന്തുണയ്ക്കുന്നു എന്നതാണ്‌ കുറ്റം. പക്ഷേ, അടിച്ചമർത്തലുകളിൽ തളരുന്നില്ല പ്രതിഷേധക്കാർ. അവർ ശിരോവസ്ത്രം കത്തിക്കുന്നു, തലമുടി മുറിക്കുന്നു, ‘ഏകാധിപതിക്ക്‌ മരണം’ എന്നും ‘സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം’ എന്നും മുദ്രാവാക്യം മുഴക്കുന്നു. അവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്.

മഹ്‌സ രക്തസാക്ഷി

ശരിയാംവിധം തല മറച്ചില്ല എന്നുപറഞ്ഞാണ് ഇറാനിലെ ഔദ്യോഗിക സദാചാരപ്പോലീസ് (ഗൈഡൻസ് പട്രോൾ) സെപ്റ്റംബർ 13-ന് ടെഹ്‌റാനിൽനിന്ന് മഹ്‌സ അമീനിയെ പിടികൂടിയത്. സഹോദരനെ കാണാൻ കുർദിസ്താനിൽനിന്നെത്തിയതായിരുന്നു അവർ. സ്ത്രീകൾക്കുള്ള വസ്ത്രധാരണനിയമം പാലിക്കേണ്ടത് എങ്ങനെയെന്ന്‌ പഠിപ്പിക്കാനായി മഹ്‌സയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഒരുമണിക്കൂർകഴിഞ്ഞ്‌ വിടുമെന്നുപറഞ്ഞതിനാൽ സ്റ്റേഷനുമുന്നിൽ സഹോദരൻ കാത്തുനിന്നു. പക്ഷേ, ഒരുമണിക്കൂറാകുംമുമ്പ് മഹ്‌സയെയുംകൊണ്ട് ആംബുലൻസ് പുറത്തേക്കുപോയി. ആശുപത്രിയിലായി മൂന്നാംനാൾ അവർ മരിച്ചു. സ്റ്റേഷനിൽവെച്ച് മഹ്‌സയ്ക്ക്‌ ഹൃദയാഘാതമുണ്ടായി എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, കടുത്ത മർദനത്തിൽ തലയോട്ടിപൊട്ടി രക്തസ്രാവവും തുടർന്ന് പക്ഷാഘാതവുമുണ്ടായെന്നാണ്‌ ചോർന്നുകിട്ടിയ മെഡിക്കൽ റിപ്പോർട്ടിലെ വിവരം.

ഭീകരം ഭരണകൂടം

1979-ലെ ഇസ്‌ലാമികവിപ്ലവത്തിനുശേഷം സ്ത്രീകൾക്ക് പ്രത്യേക വസ്ത്രധാരണനിയമമുണ്ട് ഇറാനിൽ. അതനുസരിച്ച് ഒമ്പതുവയസ്സുകഴിഞ്ഞ പെൺകുട്ടികളും എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് തലയും കഴുത്തും ചുമലും മറയ്ക്കുന്ന വസ്ത്രമണിയണം. തലമുടി പുറത്തുകാണരുത്. അയഞ്ഞവസ്ത്രമേ ധരിക്കാവൂ. പാന്റിന്റെ ടോപ്പ് മുട്ടിനുതാഴെ നിൽക്കണം. ഇത്തരത്തിൽ വസ്ത്രംധരിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കുകയാണ് ­സദാചാരപ്പോലീസിന്റെ ജോലി. കൂടുതൽ തലമുടി പുറത്തുകണ്ടാലോ വസ്ത്രത്തിന്റെ ഇറക്കവും അയവും കുറഞ്ഞാലോ മേക്കപ്പ് കൂടുതലായാലോ സ്ത്രീകളെ തടഞ്ഞുനിർത്താൻ ഇവർക്ക് അധികാരമുണ്ട്. നിയമലംഘകർക്ക് പിഴ, തടവ്, ചാട്ടയടി എന്നീ ശിക്ഷകളിലേതെങ്കിലും കിട്ടും.

അതിയാഥാസ്ഥിതികനായ ഇബ്രാഹിം റെയ്‌സി കഴിഞ്ഞവർഷം ഇറാന്റെ പ്രസിഡന്റായതോടെ വസ്ത്രധാരണനിയമം നടപ്പാക്കൽ കർക്കശമായി. ‘ഹിജാബും പാതിവ്രത്യവും നിയമം’ കർശനമായി നടപ്പാക്കാൻ ജൂലായിൽ അദ്ദേഹം നിർദേശിച്ചു. ഇതിന്റെ ഫലമായി ചില നഗരങ്ങളിലെ മേയർമാർ ഹിജാബ് നേരെചൊവ്വേ ധരിക്കാത്ത സ്ത്രീകൾക്ക് സബ്‌വേയാത്രപോലും വിലക്കി. നിയമത്തിന്റെ ചുവടുപിടിച്ച് ഇറാനിലെ സ്വകാര്യബാങ്കായ ബാങ്ക് മെല്ലാത് വനിതാജീവനക്കാർ ഹൈഹീൽ ഷൂസും സ്റ്റോക്കിങ്‌സുമിടുന്നത് നിരോധിച്ചു. മാനേജർമാരായ പുരുഷന്മാർ സ്ത്രീകളെ അസിസ്റ്റന്റുമാരാക്കുന്നതും വിലക്കി. സർക്കാർ നിർദേശിക്കുന്നപോലെ വസ്ത്രം ധരിക്കാതെ മെട്രോകളിൽ യാത്രചെയ്യുന്നവരെ കണ്ടെത്താൻ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു ഇറാൻ. ഇതിനുള്ള ഉത്തരവിൽ ഓഗസ്റ്റ് 15-ന് റെയ്‌സി ഒപ്പിട്ടു. ടാക്സിവിളിക്കുന്നതിനുള്ള ആപ്പിൽ പുതിയൊരു ഐക്കണും കൂട്ടിച്ചേർത്തു. ‘മാന്യ’മായി വസ്ത്രംധരിക്കാതെ ടാക്സിയിൽ കയറുന്ന സ്ത്രീകളെക്കുറിച്ച് അറിയിപ്പുനൽകാനുള്ളതാണ് ഈ ഐക്കൺ.

ഇറാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധത ഇതുകൊണ്ടും തീരുന്നില്ല. വിവാഹമോചനം പുരുഷന് എളുപ്പമാകുമ്പോൾ സ്ത്രീക്ക് ­സങ്കീർണമാകുന്നു. വിവാഹമോചിതയായ അമ്മയെ മക്കളുടെ സംരക്ഷണത്തിൽനിന്ന് പൂർണമായി ഒഴിവാക്കുന്നു. ബഹുഭാര്യത്വത്തിന് നിയന്ത്രണമില്ല. സ്ത്രീകളുടെ വിവാഹപ്രായം നിയമപരമായി 13 വയസ്സാണ്. യാത്ര ചെയ്യണമെങ്കിൽ സ്ത്രീകൾ ഭർത്താവിന്റെയോ പിതാവിന്റെയോ അനുമതി നേടണം. സ്ത്രീകളെയും പെൺകുട്ടികളെയും രണ്ടാംകിടപൗരരായി ഭരണകൂടം കാണുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗം കഴിഞ്ഞവർഷം പ്രസ്താവിച്ചത്.

അവകാശപ്പോരാട്ടം

ഇസ്‌ലാമികവിപ്ലവാനന്തര ഇറാന് വൻ പ്രതിഷേധങ്ങൾ പുതുമയല്ല. 2017-ലും 2019-ലും ലോകം ഇതുകണ്ടതാണ്. അന്ന് വിലക്കയറ്റവും പണപ്പെരുപ്പവുമായിരുന്നു കാരണം. പുരുഷന്മാരായിരുന്നു നയിച്ചത്. ഇന്ന് അങ്ങനെയല്ല, മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകളാണ് പ്രതിഷേധംനയിക്കുന്നത്. ഇറാന് തികച്ചും പുതുമയാണത്. അവരുടെ ആവശ്യങ്ങളാകട്ടെ, പൗരോഹിത്യം നിയന്ത്രിക്കുന്ന ഭരണകൂടത്തിന് അരോചകവും. അടിച്ചമർത്തലുകൾ അവിടെ ഫലിക്കുന്നില്ല. രണ്ടാഴ്ചകഴിഞ്ഞും രാജ്യത്തിന്റെ പല ഭാഗത്തും സർവകലാശാലകളിലും പ്രതിഷേധത്തീ കെടാതെനിൽക്കുന്നു. ഇന്റർനെറ്റ് നിയന്ത്രിച്ചിട്ടും സാമൂഹികമാധ്യമങ്ങൾ വിലക്കിയിട്ടും മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് അവർ ഒത്തുകൂടുന്നു. കടലാസുതുണ്ടുകളിൽ സന്ദേശമെഴുതി വീടുവീടാന്തരമിട്ടാണ് ഈ ഒത്തുകൂടൽ അറിയിക്കുന്നതെന്ന് ‘ദ ഗാർഡിയൻ’ പറയുന്നു. ‘ഇസ്‌ലാമിക റിപ്പബ്ലിക് വീഴുകയാണ് ജനങ്ങൾക്കൊപ്പം ചേരൂ’ എന്നാണ് വടക്ക് റാഷ്ത് പട്ടണത്തിൽ വിതരണംചെയ്ത തുണ്ടുകടലാസിലെ സന്ദേശം.

അകം അസ്വസ്ഥമാണ്

പ്രതിഷേധങ്ങൾ കടുത്തിട്ടും ഇറാൻ സർക്കാരിന് അയവില്ല. ജനകീയാവശ്യങ്ങൾക്ക്‌ വഴങ്ങുന്ന ശീലം ഇറാൻ നേതൃത്വത്തിന് സ്വതവേയില്ല. ഒരിക്കൽ അയഞ്ഞാൽ അത് പൗരോഹിത്യാധിപത്യത്തിന്റെ പതനത്തിലേക്കുപോലും നയിക്കാമെന്ന ഭീതിയാകാം അവർക്ക്. അടിച്ചമർത്തൽ ക്രൂരമാകുമ്പോൾ വീട്ടുകാർതന്നെ സ്ത്രീകളെ തടയുമെന്ന പ്രതീക്ഷയിലാകാം അവർ. എന്നാൽ, പ്രതിഷേധങ്ങളുടെ നീണ്ടനിര ഉണ്ടാകാനിടയുണ്ട്. അതിന്‌ പലതാണ്‌ കാരണങ്ങൾ. ഇറാന്റെ സാമ്പത്തികനില പരുങ്ങലിലാണ്. പണപ്പെരുപ്പം കൂടി. അമേരിക്കയുടെ ഉപരോധമാണ് ഇതിനുകാരണമായി സർക്കാർ പറയുന്നത്. പരിസ്ഥിതിയും സർക്കാരിന് അനുകൂലമല്ല; വരൾച്ചയാണ് പലയിടത്തും. കൃഷിയിടങ്ങൾ വിണ്ടുകീറി. കുടിവെള്ളത്തിനായി ജനങ്ങൾ നടത്തിയ പ്രതിഷേധത്തിലും സർക്കാരിനെതിരായ ശാപവാക്കുകൾ നിറഞ്ഞിരുന്നു.

തീവ്രമതവാദികളാണ് പാർലമെന്റിൽ ഭൂരിപക്ഷം. പരിഷ്കരണവാദികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുപോലും പല കാരണങ്ങൾപറഞ്ഞ്‌ വിലക്കി. അമേരിക്കയും കൂട്ടരുമായുള്ള ആണവക്കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ഫലമണിഞ്ഞിട്ടില്ല. ഉപരോധങ്ങളിൽ ഇളവുനൽകുന്ന ആ കരാർ ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്ക മുന്നോട്ടുകൊണ്ടുപോകാനിടയില്ല. അത് റെയ്‌സി സർക്കാരിന്‌ ഗുണംചെയ്യുമെന്നതാണ്‌ കാരണം.

സംഘടിത അജൻഡ

പ്രതിഷേധങ്ങളിൽ ഇറാനിലെ സ്ത്രീകൾക്കൊപ്പമാണ് അമേരിക്കയും ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും. ഇറാനിലെ ­സദാചാരപ്പോലീസിന് അമേരിക്ക ഉപരോധവുമേർപ്പെടുത്തി. അമേരിക്കയും ഇസ്രയേലും അവരുടെ തൊഴിലാളികളുമാണ് ‘ലഹള’യ്ക്കുപിന്നിലെന്നാണ് രാജ്യത്തെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ആരോപണം. കുർദിസ്താൻകാരിയായ മഹ്‌സ അമീനിയുടെ മരണത്തിന്റെ പേരിൽ കുർദിഷ് വിഘടനവാദികളും ഭരണകൂടവിമർശകരും അവസരം മുതലാക്കുന്നെന്നും ഇറാൻ ആരോപിക്കുന്നു.

Content Highlights: Mahsa Amini's death and iran Protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented