യാത്ര ചെയ്യാന്‍ ഭര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധം,സ്വത്തില്‍ പൂര്‍ണ്ണ അവകാശമില്ല, എരിയുന്ന ഇറാന്‍


അഞ്ജന രാമത്ത്‌

Photo: Getty images

സ്ത്രധാരണത്തിന്റെ പേരില്‍ ഗൈഡന്‍സ് പട്രോള്‍ ആയ 'ഗഷ്‌തെ ഇര്‍ഷാദ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന യുവതി മരണപ്പെട്ടത് ഇറാനിൽ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പോലീസിന്റെ മര്‍ദ്ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയുടെ തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി. സ്ത്രീകള്‍ നടത്തിയ പ്രതിഷേധ റാലികളില്‍ നിരവധി പേര്‍ ശിരോവസ്ത്രം കത്തിക്കുകയും വലിച്ചു കീറുകയും ചെയ്തു. സ്ത്രീ സ്വാതന്ത്രത്തിന് അതിരു നിശ്ചയിക്കുന്ന ഭരണകൂടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം.

ഇറാനില്‍ ഇതാദ്യമായല്ല ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍. കഴിഞ്ഞ മാസം പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ സ്ത്രീകള്‍ അഭിനയിച്ചത് വലിയ വിവാദമായിരുന്നു ഇതേ തുടര്‍ന്ന് സ്ത്രീകള്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ 'സദാചാര പോലീസി' നെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. യുവതിയെ ചികിത്സിച്ചിരുന്ന ആശുപത്രിക്ക് മുന്നില്‍ നിരവധി പേരാണ് കഴിഞ്ഞ ദിവസം തടിച്ചുകൂടിയത്. ഇതിനുപിന്നാലെ ടെഹ്‌റാനില്‍ 'സദാചാര പോലീസി'നെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇറാനിലേത് 'ഗൈഡന്‍സ് പട്രോള്‍' അല്ല 'മര്‍ഡര്‍ പട്രോള്‍' ആണെന്നാണ് ഇവരുടെ ആക്ഷേപം. 'മര്‍ഡര്‍ പട്രോള്‍' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററില്‍ പ്രതിഷേധിച്ചത്. ഇറാനിലെ യുവതിയുടെ മരണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടു.

മഹ്‌സ അമിനി

സെപ്തംബര്‍ 17നായിരുന്നു മഹ്‌സ അമിനി എന്ന 22 വയസ്സുകാരി പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിലാണ് മഹ്‌സയെ ടെഹ്‌റാനില്‍നിന്ന് ഇറാനിലെ 'സദാചാര പോലീസ്' ആയ 'ഗഷ്‌തെ ഇര്‍ഷാദ്' അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ വെള്ളിയാഴ്ച മരണപ്പെട്ടു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.

അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്ന് ടെഹ്‌റാന്‍ പോലീസിന്റെ പ്രതികരണം. മഹ്‌സ അമിനി അടക്കം ഒട്ടേറെ യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നിരുന്നതായും ഇതിനിടെ ഹാളില്‍വെച്ച് മഹ്‌സ കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് പോലീസ് വിശദീകരണം. അമീനി മരിക്കാനിടയായ സംഭവത്തെ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ പ്രതിനിധികളും ശക്തമായി അപലപിച്ചു.

എന്താണ് ഗൈഡന്‍സ് പട്രോള്‍ അഥവാ ഫാഷന്‍ പോലീസ്

രാജ്യത്ത് മതപരമായുള്ള വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല. സദാചാര പോലീസ്, ഫാഷന്‍ പോലീസ് എന്നിവയാണ് ഇവര്‍ അറിയപ്പെടുന്ന മറ്റു പേരുകള്‍. പലപ്പോഴും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അതിരുവിടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ രാജ്യാന്തരതലത്തില്‍ തന്നെ വന്നിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെയാണ് ഇവര്‍ പ്രധാനമായും അറസ്റ്റ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ആളിക്കത്തുന്ന പ്രതിഷേധം

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. 'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് ടിയര്‍ ഗ്യാസ് പ്രായോഗിക്കേണ്ടി വന്നു. പ്രായമായ സ്ത്രീകള്‍ വരെ പ്രതിഷേധ റാലികളിൽ സജീവമാണ്. അവളെ കൊന്നതാണ്, ഞങ്ങളെല്ലാം മഹ്‌സ അമിനിയാണെന്ന് ഉറകെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഒരോ റാലികളും.

Getty images

സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇറാനിലേത് 'ഗൈഡന്‍സ് പട്രോള്‍' അല്ല 'മര്‍ഡര്‍ പട്രോള്‍' ആണെന്നാണ് ഇവരുടെ ആക്ഷേപം. 'മര്‍ഡര്‍ പട്രോള്‍' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററില്‍ പ്രതിഷേധിച്ചത്. ഇറാനിലെ യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടു. ജനരോഷം നേരിടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വിലക്കി. പ്രതിഷേധത്തിന്റെ വാർത്തകൾ പുറംലോകം അറിയാതിരിക്കാനാണ് ഭരണകൂടം ഇന്റർനെറ്റ് വിച്ഛേദിക്കുന്നതെന്ന് സംഘടനകൾ കുറ്റപ്പെടുത്തി

പ്രതിഷേധത്തില്‍ പങ്കെടുത്ത കുട്ടി വെടിയേറ്റു വീണു കിടക്കുന്നുവെന്ന റിപ്പോര്‍ട്ട് പ്രമുഖ ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ ഭരണകൂടത്തിന്റെ ഈ കാടന്‍ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ്‌.

സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍

കഴിഞ്ഞ വര്‍ഷമാണ് ഇബ്രാഹിം റൈസി ഇറാന്റെ ഭരണതലപ്പത്തേക്ക് എത്തുന്നത്. സ്ത്രീകളുടേത് ഉള്‍പ്പെട്ടെ നിരവധി വിഷയങ്ങളില്‍ ഇദ്ദേഹം വിലക്കേര്‍പ്പെടുത്തി.

Ebrahim Raisi/AP

മൂടുപടമില്ലാത്ത സ്ത്രീകളെ നിരീക്ഷിക്കാനും പിഴ ചുമത്താനും അവരെ 'കൗണ്‍സിലിങ്ങിന്' റഫര്‍ ചെയ്യാനും നിരീക്ഷണ ക്യാമറകള്‍ ഏര്‍പ്പെടുത്തി, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഹിജാബ് നിയമം ചോദ്യം ചെയ്യുന്നവരെ ജയിലടയക്കാനും ആരംഭിച്ചു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ വിലക്കുകളുണ്ട്. പാസ്‌പോര്‍ട്ട് നിയമപ്രകാരം, വിവാഹിതയായ ഒരു സ്ത്രീക്ക് പാസ്‌പോര്‍ട്ട് നേടാനോ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനോ പാടില്ല.

ഇറാന്‍ സിവില്‍ കോഡ് പ്രകാരം താമസ്ഥലം തിരഞ്ഞെടുക്കാനുള്ള അവകാശം ഭര്‍ത്താവിനാണ്.കുടുംബ മൂല്യങ്ങള്‍ക്ക്' വിരുദ്ധമായി താന്‍ കരുതുന്ന ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് ഭാര്യയെ തടയാനും കഴിയും. പെണ്‍കുട്ടികളുടെ വിവാഹപ്രായം 13ാണ് ആണ്‍കുട്ടിയുടേത് 15ഉം. ഇവിടെ പിതാവ്/ ജഡ്ജി എന്നിവരുടെ സമ്മതം മാത്രമാണ് ആവശ്യം.

കോടതി മുഖേന മാത്രമേ സ്ത്രീക്ക് വിവാഹമോചനം ലഭ്യമാവുകയുള്ളു. എന്നാല്‍ പുരുഷന്‍മാര്‍ക്ക് നിയമക്കുരുക്കുകളില്ലാതെ വാക്കാല്‍ തന്നെ പറഞ്ഞ് ഒഴിവാക്കാം. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടാല്‍ സ്ത്രികള്‍ നേരിടുന്ന ശാരിരിക പീഡനങ്ങള്‍ അതികഠിനമാണ് അവിവാഹിതരാണെങ്കില്‍ ചാട്ടവാറടിയും അല്ലെങ്കില്‍ വിവാഹിതരാണെങ്കില്‍ മരണവുമാണ് ശിക്ഷ. കല്ലെറിഞ്ഞു കൊല്ലുക എന്ന പ്രാകൃത നിയമത്തെ പറ്റി നിരവധി ഇറാനിയന്‍ ചലച്ചിത്രങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. ഭാര്യയോടുള്ള അനിഷ്ടം അവള്‍ക്ക് മേല്‍ വിവാഹതേര ബന്ധം ആരോപിച്ച് ഭാര്യയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നവരുമുണ്ട്. വിവാഹമോചിതയായ ഒരു സ്ത്രീ, ഭര്‍ത്താവ് മരിച്ചാലും അവള്‍ പുനര്‍വിവാഹം ചെയ്താല്‍ കുട്ടികളുടെ സംരക്ഷണം നഷ്ടപ്പെടുത്തുന്നു.

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീക്ക് തന്റെ ഭര്‍ത്താവിന്റെ സ്വത്തില്‍ എട്ടില്‍ ഒരു ഭാഗത്തിന് മാത്രമേ അവകാശമുള്ളു. എന്നാല്‍ ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിന് ഭാര്യയുടെ പൂര്‍ണ സ്വത്തിനും അവകാശമുണ്ട്. പിതൃസ്വത്തില്‍ പെണ്‍മക്കളേക്കാള്‍ ആണ്‍കുട്ടികള്‍ക്കാണ് കുടുതല്‍ അവകാശം.

ഇറാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ അനുവദിക്കുകയും സബ്‌സിഡി നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്കെതിരെയുള്ള വിവേചനവും അതിക്രമവും തടയാന്‍ യാതൊന്നും ചെയ്യുന്നില്ല.

അഭിപ്രായ സ്വാതന്ത്രത്തിന് പുല്ലുവില

കഴിഞ്ഞ് മൂന്ന് വര്‍ഷമായി ഇറാനിലെ ജനതയുടെ അഭിപ്രായ സ്വാതന്ത്രത്തിന് മുകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യതയില്‍ പരിമിതികള്‍ ഏര്‍പ്പെടുത്താന്‍ ഇറാന്‍ ഭരണകൂടം തീവ്രമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന സകല പീഡനകഥകളും പുറത്തുപോവാതിരുക്കാനുള്ള ഒരു തീവ്ര നയമായിട്ട് വേണം ഇതിന് കാണാന്‍.

മനുഷ്യവകാശ വിരുദ്ധ പ്രവര്‍ത്തിനെതിരെ അനേകായിരം പേര്‍ ഇറാനില്‍ പോരാടുന്നുണ്ടെങ്കിലും ഇവര്‍ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണ്.നിരവധി ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ തുറുങ്കിലടച്ചിരുന്നു.

വധശിക്ഷ നടപ്പാക്കുന്ന ലോകത്തെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍.പ്രവാചകനെ അപമാനിക്കല്‍', 'മതനിന്ദ', സ്വവര്‍ഗ ബന്ധം, വ്യഭിചാരം, മദ്യപാനം, മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ എന്നിവ വധശിക്ഷയ്ക്ക് അര്‍ഹമായവയാണ്. കടുത്ത രീതിയിലുള്ള ഈ ശിക്ഷ നടപടികള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അന്താരാഷ്ട്ര സംഘടനങ്ങള്‍ രംഗത്ത് വന്നിരുന്നു

ഇറാനിയന്‍ കോടതികളില്‍ ന്യായമായ വിചാരണകള്‍ നല്‍കുന്നതില്‍ വളരെ കുറവാണ്, കൂടാതെ പീഡനത്തിന് വിധേയമായി ലഭിച്ച കുറ്റസമ്മതം കോടതിയില്‍ തെളിവായി ഉപയോഗിക്കുന്നു. തടവുപുള്ളികള്‍ നേരിടുന്ന ക്രുരപീഡനകളെ നീതിപൂര്‍വ്വം നേരിടുന്നതില്‍ ഇറാന്‍ കോടതികള്‍ പരാജയപ്പെടുന്ന കാഴ്ച്ചകളാണ് പതിവ്.

ആംനെസ്റ്റി ഇന്റര്‍നാഷണിലിന്റെ കണക്കുകള്‍ പ്രകാരം 2010 ല്‍ 72 പേരാണ് ഇറാന്‍ ജയിലില്‍ കൊല്ലപ്പെട്ടത്. ഇപ്പോള്‍ ഇവിടെ നടക്കുന്ന മരണങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വിടാനും അധികൃതര്‍ തയ്യാറാവുന്നില്ല

Content Highlights: Mahsa Amini's death and iran Protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented