കോവിഡ് കാലത്തെ കേന്ദ്ര സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് മുൻ എം.പി. എം.ബി. രാജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു
കോവിഡ് കാലമാണ്. അനുദിനം കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ മരണം ആയിരം കടന്നു. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു.
കോവിഡ് മനുഷ്യരാശിയെയാകെ ബാധിച്ച കാര്യമാണ് അതിനെ നേരിടാന്‍ ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായ അസാധാരണ നടപടികള്‍ വേണ്ടി വന്നിട്ടുണ്ട്. ലോകത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യ ലോക്ക്ഡൗണില്‍ വീടിനകത്താണ്. ഇന്ത്യയില്‍ 50000കോടി രൂപയുടെ സാമ്പത്തികനഷ്ടം പ്രതിദിനം കോവിഡ് മൂലം ഉണ്ടാകുന്നുണ്ട്. ഇതിനെ ചെറുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഫെഡറല്‍ തത്വത്തിന്റെ സ്പിരിട്ട് പൂര്‍ണ്ണമായും ഉള്‍കൊണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ആരോഗ്യം സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമായതു കൊണ്ട് തന്നെ സംസ്ഥാനങ്ങളെ സാമ്പത്തികമായും മറ്റ് നിലയിലും ശാക്തീകരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്രം ആ ചുമതല വേണ്ടതു പോലെനിര്‍വ്വഹിച്ചിട്ടില്ല. പകരം സംസ്ഥാനങ്ങളെ ഒറ്റക്ക് ഇത് നേരിടാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്.
ഇന്ത്യപോലെ കോടിക്കണക്കിന് ദരിദ്രമനുഷ്യരുള്ള, അന്നത്തെ വരുമാനം കണ്ടെത്തുന്ന ജനങ്ങളുള്ള രാജ്യത്ത് ലോക്ക്ഡൗണ്‍ പൊടുന്നനെ പ്രഖ്യാപിക്കുമ്പോള്‍ ആളുകളുടെ മിനിമം ആവശ്യങ്ങള്‍ ഉറപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ അറിയിച്ച് 36 മണിക്കൂര്‍ കഴിഞ്ഞാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. ഇത് ആളുകളെ ഭീതിയിലാക്കി. ജനതാകര്‍ഫ്യൂവിലും മുന്നറിയിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കുടിയേറ്റതൊഴിലാളികളുടെ ഒഴുക്കുണ്ടായത്. പട്ടിണി കിടന്ന് മരിക്കുമെന്ന പരിഭ്രാന്തി അവരിലുണ്ടായത് സ്വാഭാവികം.
മാത്രവുമല്ല, പ്രഖ്യാപിച്ച പാക്കേജ് തന്നെ അങ്ങേയറ്റം അപര്യാപ്തമാണ്. അമേരിക്ക ജിഡിപിയുടെ പത്ത് ശതമാനമാണ് പാക്കേജ് പ്രഖ്യാപിച്ചത്.20 % വരെ പ്രഖ്യാപിച്ച രാജ്യങ്ങളുണ്ട്. ജപ്പാന്‍ 16 %വരെ പ്രഖ്യാപിച്ചു. മലേഷ്യയും ഏതാണ്ടത്ര തന്നെ. അത്ര വലിയ വെല്ലുവിളികള്‍ക്കനുസരിച്ചാണ് ലോകമാകമാനമുള്ള രാജ്യങ്ങള്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 130 കോടി ജനങ്ങളുള്ള ഇന്ത്യ ജിഡിപിയുടെ ഒരുശതമാനത്തില്‍ താഴെയാണ് പ്രഖ്യാപിച്ചത്. എങ്ങനെ ആളുകള്‍ ജീവിക്കും.ഗോഡൗണുകള്‍ നിറഞ്ഞുകവിഞ്ഞിട്ടും സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നില്ല. ഒരു കിലോക്ക് 5.65 രൂപ ചെലവഴിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ധാന്യം സൂക്ഷിക്കുന്നത്. കാശു മുടക്കി സൂക്ഷിച്ചാലും സൗജന്യമായി ഭക്ഷണം കൊടുക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല 15% പേര്‍ക്കെ പയര്‍ വര്‍ഗ്ഗം പ്രഖ്യാപിച്ച അളവില്‍ ലഭിച്ചിട്ടുമുള്ളൂ.
ഭക്ഷ്യധാന്യത്തില്‍നിന്ന് എഥനോള്‍ ഉണ്ടാക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ കൈക്കൊള്ളുന്നുവെന്ന് കേട്ടല്ലോ. റിസര്‍വ് ബാങ്കിലെ കരുതല്‍ ധനം നേരത്തെ പല ആവശ്യങ്ങള്‍ക്കുപയോഗിച്ചത് തിരിച്ചടിയായെന്ന് തോന്നുന്നുണ്ടോ.
അതെ. പക്ഷെ, ഈ സമയത്ത് സര്‍ക്കാരിന് പണം കണ്ടെത്താനുള്ള പ്രയാസമൊന്നുമില്ല. അതു മാത്രമല്ല മെഹുല്‍ ചോക്‌സിയുള്‍പ്പെടെ 50-ലേറെ കോടീശ്വരന്‍മാരുടെ 60,000 കോടി രൂപയുടെ കടമെഴുതി തള്ളി എന്ന ആര്‍ബിഐയുടെ വെളിപ്പെടുത്തലും വന്നിട്ടുണ്ട്. കോവിഡ് സമയത്താണ് ഇത് നടക്കുന്നത്. 2014-നും 19-നുമിടയില്‍ മോദി സര്‍ക്കാര്‍ എഴുതി തള്ളിയ കിട്ടാക്കടം 7.77 ലക്ഷം കോടി രൂപയാണ്. ഇനി കിട്ടാക്കടം ബാക്കിയുള്ളത് 9.61 ലക്ഷം കോടിയാണ് അതും ഇനി എഴുതിത്തള്ളിക്കൊണ്ടിരിക്കും. 30 ശതമാനമായിരുന്ന കോര്‍പ്പറേറ്റ് നികുതി 15 ശതമാനമാക്കി കുറച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോര്‍പറേറ്റ് നികുതി നിരക്ക് ഇന്ത്യയിലാണുള്ളത്. ആദായ നികുതി കുടിശ്ശില 9 ലക്ഷത്തിലധികം കോടിയുണ്ട്.
ധനികരില്‍നിന്ന് നികുതി അധികമീടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റവന്യു ഉദ്യോഗസ്ഥരുടെ ശുപാര്‍ശ ആദായനികുതി വകുപ്പ് അവര്‍ക്കെതിരേ കേസെടുക്കുന്നതിലേക്ക് എത്തിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു
അവരെ സര്‍ക്കാര്‍ വിരട്ടി. 5 കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള സമ്പന്നരില്‍നിന്ന് കൂടുതല്‍ വിഭവ സമാഹരണം നടത്താനുള്ള നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ വെച്ചത്. അതിനോട് എത്ര അസഹിഷ്ണുതയോടെയാണ് സര്‍ക്കാര്‍ പെരുമാറിയത്. ഈ സമയത്തു പോലും കോവിഡിന്റെ ഭാരം മുഴുവനും സാധാരണ ജനങ്ങളുടെ തലയില്‍ വെച്ച് കെട്ടിയിരിക്കുകയാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കാന്‍ ബാല്‍ക്കണിയില്‍ വന്ന് കൈകൊട്ടിയും വിളക്കുവെച്ചും പ്രധാനമന്ത്രിയുടെ വാക്കുകളെ ജനങ്ങള്‍ വലിയ രീതിയില്‍ വരവേറ്റ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.
പക്ഷെ അത് ബാല്‍ക്കണിയിലെ ജനങ്ങളെ മാത്രം അഡ്രസ്സ് ചെയ്യുന്നതിലേക്കൊതുങ്ങി. ഈ സര്‍ക്കാര്‍ കോവിഡ് കാലത്ത് രണ്ട് ഇന്ത്യയെയാണ് സൃഷ്ടിച്ചത്. ഒന്ന് ബാല്‍ക്കണിയില്‍ വസിക്കുന്ന സമ്പന്നരുടെ ഇന്ത്യ. രണ്ടാമത്തേത് തെരുവില്‍ കൂട്ടത്തോടെ ഇറങ്ങി പട്ടിണി കിടന്ന് മരിക്കുമെന്ന ഭീതിയില്‍ കിലോമീറ്ററുകള്‍ നടന്ന് മരിച്ച് വീണവരുടെ ഇന്ത്യ. അവരുടെ പരിഗണനയില്‍ ബാല്‍ക്കണിയിലെ ഇന്ത്യ മാത്രമേയുള്ളൂ. അതാണ് അതെപ്പോഴും പ്രസംഗത്തില്‍ നിഴലിക്കുന്നതും. കുടിയേറ്റ തൊഴിലാളികളുടെ അന്നത്തിനെ കുറിച്ച് ആലോചനയില്ലാതെ പ്രഖ്യാപനങ്ങളുണ്ടാവുന്നതും.
54 ദിവസമാണ് സര്‍ക്കാര്‍ പാഴാക്കി കളഞ്ഞത്. കേരളത്തില്‍ ജനുവരി 30-നാണ് ഇന്ത്യയിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 24നാണ് രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. 54 ദിവസവും ഒന്നും ചെയ്യാതെ ലോക്ക്ഡൗണ്‍ എന്ന അറ്റകൈ പ്രയോഗം നടത്തുകയായിരുന്നു.
പകരം എന്തു ചെയ്യാമായിരുന്നെന്നാണ് കരുതുന്നത്
തയ്യാറെടുപ്പിനാവശ്യമായ കൂടുതല്‍ സമയം കിട്ടും എന്ന മാര്‍ഗ്ഗം മാത്രമാണ് ലോക്ക്ഡൗണ്‍. തുടക്കത്തില്‍ പി.പി.ഇ. കിറ്റ് വേണ്ടത്ര ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ലോക്ക്ഡൗണിലേക്ക് പോകും മുമ്പ് ഭക്ഷണവും വരുമാനവും ഉറപ്പാക്കാനുള്ള നടപടിയുണ്ടായില്ല. രോഗവ്യാപനമുണ്ടായാല്‍ ആശുപത്രികളെ സജ്ജമാക്കാന്‍ കഴിഞ്ഞില്ല. റാപിഡ് ടെസ്റ്റിനുളള ടെസ്റ്റിങ് കിറ്റുപോലും ആദ്യ ഘട്ടത്തില്‍ സജ്ജമാക്കിയിട്ടില്ല. പക്ഷെ ട്രംപാണെങ്കിലും ബോല്‍സനാരോ ആണെങ്കിലും മോദിയാണെങ്കിലും ലോകത്തെ തീവ്രവലതുപക്ഷ സര്‍ക്കാരുകളെല്ലാം തന്നെ ഇങ്ങനെയാണ് ചെയ്തതെന്നും കാണേണ്ടതാണ്. വരുന്നത് വരട്ടെ എന്നതായിരുന്നു അവരുടെ സമീപനം. മറുഭാഗത്ത് കേരളം ഈ സമയം വിദഗ്ധമായആസൂത്രണത്തിനുപയോഗിച്ചു. അതുകൊണ്ടാണ് തുടക്കത്തില്‍ ഏറ്റവും അധികം രോഗികളുണ്ടായ കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവു വന്നത്. മരണനിരക്ക് ലോകത്തില്‍ ഏറ്റവും കുറവും രോഗവിമുക്തി നിരക്ക് ലോകത്തില്‍ ഏറ്റവും കൂടുതലും കേരളത്തിലാണ്. പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ഉള്ള വിഭവങ്ങളെ ദീര്‍ഘവീക്ഷണത്തോടെ മികച്ച ആസൂത്രണത്തോടെ വിനിയോഗിക്കാന്‍ കഴിഞ്ഞതാണ് കോവിഡ് പോരാട്ടത്തിലെ കേരളത്തിന്റെ നേട്ടം.
ഒരു ലക്ഷത്തിച്ചില്ലറയുള്ള പാക്കേജില്‍ നിലവിലുള്ള പദ്ധതികളൊഴിച്ചാല്‍ 50,000 കോടിയേയുള്ളൂ. 15000 കോടി മെഡിക്കല്‍ പാക്കേജും. പി.പി.ഇ. കിറ്റ് കേന്ദ്രം വഴിയേ വാങ്ങാവൂ എന്ന ദ്രോഹവും ചെയ്തു. മാര്‍ച്ച് 24-ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് പി.പി.ഇ. കിറ്റിന് കേന്ദ്രം ഓര്‍ഡര്‍ നല്‍കുന്നത്.
ടെസ്റ്റിങ് പൂന വൈററോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയേ സ്ഥിരീകരിക്കാവൂ എന്ന നിലപാട് ആദ്യ ഘട്ടത്തില്‍ കേന്ദ്രം സ്വീകരിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം ശൈലജ ടീച്ചറും പറഞ്ഞിരുന്നു.
തുടക്കത്തില്‍ ബോധപൂര്‍വ്വം ടെസ്റ്റിങ്ങ് നടത്താതെ സ്ഥിതികള്‍ ഗൗരവതരമാക്കി.ടെസ്റ്റിങ് മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞപ്പോള്‍ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നും ഇന്ത്യയില്‍ ചൂടുള്ളതിനാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന പ്രചാരണത്തിലുമായിരുന്നു പല കേന്ദ്രമന്ത്രിമാരും.സാമൂഹിക അകലം പാലിക്കല്‍ പോലും വേണ്ട സമയത്ത് നടപ്പാക്കിയില്ല.
ഗുജറാത്തില്‍ ടെസ്റ്റ് കുറഞ്ഞപ്പോള്‍ തീരെ രോഗികളുണ്ടായില്ല.പിന്നീട് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഗുജറാത്തിലെ പകുതി രോഗികളും അഹമ്മദാബാദിലാണ്. ഈ അഹമ്മദാബാദിലാണ് ഫെബ്രുവരി 25-ന് നമസ്‌തേ ട്രംപ് പരിപാടി നടത്തിയത്. ഫെബ്രുവരി 17-ന് ലോകാരോഗ്യ സംഘടന ആള്‍ക്കൂട്ട പരിപാടികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം വെച്ചിരുന്നു. തബ്ലീഗ് ചര്‍ച്ചയാവുന്നതു പോലെ നമസ്‌തേ ട്രംപ് ചര്‍ച്ചയായില്ല.
മാര്‍ച്ചിലെ പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കണമെന്ന് അനേകം പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതിനും വഴങ്ങിയില്ല. കോവിഡ് ബാധിച്ച രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വരുവാന്‍ വിസ വരെ അനുവദിച്ചു. കൊടുക്കാനുള്ള ജിഎസ്ടി കുടിശ്ശിക പോലും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയില്ല.എത്ര നിരുത്തരവാദപരമായാണ് കേന്ദ്രം പെരുമാറിയത്.
കാര്യങ്ങള്‍ ഇത്ര ഗൗരവമായി കാണേണ്ട ആദ്യഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ രാജസ്ഥാന്‍ മാതൃക പിന്തുടരണമെന്നും 4 മണിക്കൂര്‍ പ്രവര്‍ത്തിക്കുകയും നാല് മണിക്കൂര്‍ അടച്ചിടുകയും ചെയ്യുന്നതാണ് നല്ലതെന്നും പറഞ്ഞത്. സര്‍ക്കാര്‍ അമിത ഭീതിയുണ്ടാക്കുന്നെന്നും ചൂടു കൂടിയ സ്ഥലങ്ങളില്‍ കോവിഡ് ബാധിക്കില്ലെന്നും പറഞ്ഞു. ജനാധിപത്യത്തിന്റെ ഭാഗമായ പ്രതിപക്ഷ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു.
കൊറോണയെ മുന്‍നിര്‍ത്തി അനാവശ്യ ഭീതി സൃഷ്ടിക്കുന്നുവെന്നാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ഉന്നയിച്ച ആദ്യ ആരോപണം. 30 ഡിഗ്രി ചൂടില്‍ കൊറോണ ചാവുമെന്നും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടല്ല കണക്ക് കുറയുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. പോള്‍ ഹെയിലി എന്ന നമ്മളാരും കേട്ടിട്ടില്ലാത്ത വിദഗ്ധനെ അവതരിപ്പിച്ചു. ഇപ്പോള്‍ പോള്‍ ഹെയ്‌ലിയെയും അറിയില്ല. പറഞ്ഞ ആളെയും കാണാനില്ല. 30 ഡിഗ്രിയില്‍ കൊറോണ ചാവുമെന്ന് പറഞ്ഞ എംപിയെ കഴിഞ്ഞ ദിവസം ടിവിയില്‍ കണ്ടത് എന്‍ 95 മാസ്‌ക് ധരിച്ചാണ്. അമേരിക്കയെ കണ്ടുപഠിക്കമണമെന്നാണ് അസംബ്ലിയില്‍ പ്രതിപക്ഷം പറഞ്ഞത്. കണ്‍ടെയ്ന്‍മെന്റല്ല മിറ്റിഗേഷന്‍ രീതിയാണ് വേണ്ടതെന്ന് പറഞ്ഞു. അമേരിക്കയില്‍ വലിയ കുഴിയെടുത്തുകൊണ്ടാണ് മൃതദേഹം മറവുചെയ്യുന്നത്. അമേരിക്കയെ കണ്ടുപഠിച്ചാലുള്ള സ്ഥിതി എന്താകുമായിരുന്നു.ഇമ്മ്യൂണിറ്റി കൂടുതലായതിനാല്‍ രോഗം വരില്ല എന്ന് പറഞ്ഞത് ഡോക്ടറായ പ്രതിപക്ഷ ഉപനേതാവാണ്. വിവരക്കേട് പറഞ്ഞു എന്ന് മാത്രമല്ല ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ആളുകള്‍ക്കിടയില്‍ അലംഭാവത്തിന് കാരണമാവുകയും ചെയ്തു. സര്‍ക്കാരിനെ വെറുതെ വിമര്‍ശിച്ചു എന്നു മാത്രമല്ല നാട്ടുകാര്‍ക്ക് കോവിഡ് പ്രശ്‌നക്കാരനല്ല എന്ന തോന്നലുണ്ടാക്കുക എന്ന സാമൂഹ്യദ്രോഹവും പ്രതിപക്ഷം ചെയ്തു. ഇത് പ്രതിരോധ നടപടികളെയും സാമൂഹിക അകലം പാലിക്കുന്നതിനെയും ഒരു ഘട്ടത്തില്‍ ദോഷകരമായി ബാധിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം മാധ്യമങ്ങളും തുല്യ പങ്കാളികളാണ്.
അഭിമുഖം തുടരും
content highlights: M B Rajesh Interview, Criticising central Govt and Opposition parties of Kerala,during Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..