കൂടാത്ത കൂലിയും കൂടിക്കൊണ്ടേയിരിക്കുന്ന ചെലവുകളും, പരിഹാരമെന്ത്?


By ഷിജു സുകുമാരന്‍

7 min read
Read later
Print
Share

Representative image/ Getty images

മൂന്നുസംഭവങ്ങളാണ് സമകാലീന ആഗോളസമ്പദ്വ്യവസ്ഥയെ ചെറുതല്ലാത്തവിധം ഉലച്ചതും രാജ്യങ്ങളുടെ ഹ്രസ്വകാല ധനകാര്യനയങ്ങളെ രൂപപ്പെടുത്തിയതും. അതില്‍ പ്രധാനപ്പെട്ടത് കോവിഡ്-19 പ്രതിസന്ധിയാണെങ്കില്‍ രണ്ടാമത്തെത് ലോകത്തെമ്പാടും 2021-ല്‍ ആരംഭിച്ച് 2022-ല്‍ ഉച്ചസ്ഥായിയിലെത്തിയ പണപ്പെരുപ്പം അഥവാ ഇന്‍ഫ്‌ളേഷനാണ്. 2022 ഫെബ്രുവരിയില്‍ തുടങ്ങി ഇപ്പോഴും തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം തന്നെ മൂന്നാമത്തെത്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (International Labour Organisation - ILO) പ്രസിദ്ധീകരിച്ച പുതിയ ആഗോള വേതന റിപ്പോര്‍ട്ട് (Global Wage Report 2022-23) ചൂണ്ടിക്കാട്ടുന്നത് പണപ്പെരുപ്പവും മറ്റു പ്രതിസന്ധികളും ജനങ്ങളുടെ വേതനത്തെയും വാങ്ങല്‍ശേഷിയെയും എങ്ങനെ പ്രതികൂലമായി ബാധിച്ചുവെന്നതാണ്. കോവിഡും തുടര്‍ന്നുള്ള പണപ്പെരുപ്പവും കാരണം മിക്ക രാജ്യങ്ങളിലെയും വേതനവളര്‍ച്ച നെഗറ്റീവായിമാറി. ഇടത്തരക്കാരുടെയും താഴ്ന്ന വരുമാനക്കാരുടെയും ക്രയശേഷി ഗണ്യമായി കുറഞ്ഞു. ജീവിതച്ചെലവുകള്‍ വര്‍ധിച്ചത് ദിവസവേതനക്കാരുടെ കുടുംബബജറ്റ് താളംതെറ്റിച്ചു. പല രാജ്യങ്ങളിലും കോവിഡ് മൂലമുണ്ടായ സാമ്പത്തികമാന്ദ്യം തരണംചെയ്യാനുള്ള പദ്ധതികള്‍ സമയബന്ധിതമായി നടക്കാത്തതിനാല്‍ പ്രതിസന്ധി നീണ്ടുപോകുന്നു. ഇത് വലിയ സാമ്പത്തികാസമത്വത്തിനും സാമൂഹികാസ്വസ്ഥതകള്‍ക്കും ഇടയാക്കുമെന്നാണ് നിരീക്ഷണം.

കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍

ആഗോള സമ്പദ്മേഖലയുടെ വളര്‍ച്ച 3.6 ശതമാനമായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) 2022 ഏപ്രിലില്‍ വ്യക്തമാക്കിയതെങ്കിലും ജൂലായില്‍ ഇത് 3.2 ആക്കി കുറച്ചു. 2023-ലെ വളര്‍ച്ച രണ്ടുമുതല്‍ 2.7വരെ ശതമാനമായിരിക്കുമെന്നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഐ.എം.എഫ്. ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പല മേഖലകളിലും സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണം ദൃശ്യമാകുമെന്നാണ് സൂചന. 2022-ന്റെ ഒടുക്കം 8.8 ശതമാനം വരെ ഉയര്‍ന്ന പണപ്പെരുപ്പനിരക്ക് 2023-ല്‍ 6.5 ശതമാനമായും 2024-ല്‍ 4.1 ശതമായും കുറയുമെന്നും അനുമാനിക്കുന്നു. പക്ഷേ, നിലവില്‍ തൊഴിലാളികളുടെ വരുമാനം പണപ്പെരുപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടില്ലെങ്കില്‍ അവരുടെ ജീവിതനിലവാരം വല്ലാതെ താഴ്ന്നുപോകും. സര്‍ക്കാരുകളുടെ പൊതുകടം 2020-ല്‍ കുത്തനെ ഉയര്‍ന്നു. വികസിതരാജ്യങ്ങളില്‍ ഇത് 2019-ല്‍ ജി.ഡി.പി.യുടെ 103 ശതമാനമായിരുന്നെങ്കില്‍ 2020-ല്‍ 121 ശതമാനമായി മാറി.

2022-ന്റെ ആദ്യപകുതിയില്‍ തൊഴിലാളികളുടെ ആനുപാതികവേതനം ആഗോളതലത്തില്‍ ഒരുശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. 2008-ല്‍ വേജ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയശേഷം ആദ്യമായാണ് വേതനത്തില്‍ നെഗറ്റീവ് വളര്‍ച്ച ദൃശ്യമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജി-20-യിലെ സമ്പന്നരാഷ്ട്രങ്ങളില്‍ 2.2 ശതമാനം വരെ വേതനക്കുറവ് രേഖപ്പെടുത്തി. ജി-20-യിലെ വികസ്വരരാജ്യങ്ങളില്‍ വേതനവര്‍ധന രേഖപ്പെടുത്തിയെങ്കിലും ശരാശരി വേതനത്തില്‍ വികസിത, വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അന്തരം വളരെ വലുതുതന്നെയാണ്. വികസിതരാജ്യങ്ങളിലെ ശരാശരി മാസവേതനം 4,000 യു.എസ്. ഡോളറാണെങ്കില്‍ വികസ്വരരാജ്യങ്ങളിലേത് 1,800 ഡോളര്‍ മാത്രമാണ്.

ഇതിന് കൗതുകകരമായ മറ്റൊരുവശമുണ്ട്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ 2020, 2021 വര്‍ഷങ്ങളില്‍ ശരാശരി വേതനത്തില്‍ 1.5 ശതമാനം മുതല്‍ 1.8 ശതമാനം വരെ വര്‍ധനയുണ്ടായി! ഇത് യഥാര്‍ഥത്തില്‍ വ്യാപകമായ തൊഴില്‍നഷ്ടം വഴി സൃഷ്ടിക്കപ്പെട്ടതാണ്. യു.എസ്. പോലുള്ള വലിയ രാജ്യങ്ങളില്‍ കുറഞ്ഞവേതനത്തില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിനുപേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അതേസമയം ഉയര്‍ന്നവേതനമുള്ളവര്‍ക്ക് ജോലി നഷ്ടമായതുമില്ല. അതുകൊണ്ടാണ് (composition effect) ഇക്കാലയളവില്‍ വേതനനവര്‍ധന സ്ഥിതിവിവരക്കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തെ വലിയ വേതനവര്‍ധനയായി അത് നിലകൊള്ളുന്നുവെന്നതാണ് വൈരുധ്യം. 2022-ലെത്തുമ്പോള്‍ കണക്കുകള്‍ നെഗറ്റീവായിമാറുകയും ചെയ്യുന്നു. ജീവിതച്ചെലവിലുണ്ടായ വര്‍ധന മിക്ക രാജ്യങ്ങളിലെയും വേതനവര്‍ധനയില്‍ പ്രതിഫലിച്ചില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

ജി-20 രാജ്യങ്ങളില്‍ 2008 മുതല്‍ 2022 വരെയുള്ള കണക്കെടുക്കുമ്പോള്‍ വേതനവര്‍ധനയില്‍ മുന്നില്‍നില്‍ക്കുന്നത് ചൈനയാണ്. 2008-ലെതിനെക്കാള്‍ 2.6 മടങ്ങാണ് 2022-ലെ ചൈനയിലെ ആനുപാതികവേതനം. ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, യു.കെ. എന്നിവിടങ്ങളില്‍, മൂല്യം കണക്കുകൂട്ടുമ്പോള്‍ 2008-നെക്കാള്‍ കുറവാണ് 2022-ലെ വേതനം. ഉത്പാദനക്ഷമതയും (productivity) വേതനവും തമ്മിലുള്ള വിടവും ഇക്കാലയളവില്‍ വല്ലാതെ കൂടിയെന്നാണ് കണ്ടെത്തല്‍. ഈ നൂറ്റാണ്ട് തുടങ്ങിയശേഷമുള്ള ഏറ്റവും വലിയ വിടവ്. അതായത്, വേതനവര്‍ധനയെക്കാള്‍ 12.6 ശതമാനം ഉത്പാദനക്ഷമതാവര്‍ധന 2022-ല്‍ ദൃശ്യമായിരിക്കുന്നു.

വിലയ്‌ക്കൊപ്പമെത്താതെ കൂലി

പണപ്പെരുപ്പവും അതിനെത്തുടര്‍ന്നുള്ള ജീവിതച്ചെലവിലെ വര്‍ധനയും താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ കുടുംബങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അവശ്യവസ്തുക്കള്‍ക്കായി വരുമാനത്തിന്റെ നല്ലഭാഗം ചെലവാക്കേണ്ടിവരുന്നതാണ് കാരണം. ഉദാഹരണത്തിന്, മെക്‌സിക്കോയിലെ ഏറ്റവും താഴ്ന്ന വരുമാനമുള്ള 10 ശതമാനം ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 42 ശതമാനം ഭക്ഷണത്തിനുമാത്രമായി ചെലവഴിക്കുന്നു. അതേസമയം, ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള 10 ശതമാനം ജനങ്ങള്‍ ഭക്ഷണത്തിനായി വിനിയോഗിക്കുന്നത് വരുമാനത്തിന്റെ 14 ശതമാനം മാത്രമാണ്. 2022 ജൂണില്‍ മെക്‌സിക്കോയിലെ ഉപഭോക്തൃവിലസൂചിക 8.2 ശതമാനമായിരുന്നു. വിവിധ മേഖലകളിലുള്ള 100 രാജ്യങ്ങളെ പരിഗണിച്ചാല്‍ ജനറല്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിനെക്കാള്‍ (സി.പി.ഐ.) കൂടുതലാണ് ഭക്ഷണം, പാര്‍പ്പിടം, ഗതാഗതം എന്നിവയ്ക്കുള്ള ചെലവുകള്‍. അതായത്, വേതനം ജനറല്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിന് ആനുപാതികമാക്കിയാല്‍ പോലും താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ പ്രതിസന്ധിക്ക് അറുതിയുണ്ടാവില്ല.
താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ വരുമാനവും ക്രയശേഷിയും സംരക്ഷിച്ചുനിര്‍ത്താന്‍ ലോകവ്യാപകമായി തുടരുന്ന ഒന്നാണ് മിനിമം കൂലി. എന്നാല്‍, വലിയതോതിലുള്ള വിലക്കയറ്റത്തെ, ഉപഭോക്തൃവിലസൂചികവെച്ച് അളക്കുമ്പോള്‍ പോലും, പല രാജ്യങ്ങളിലെയും മിനിമം കൂലി ആനുപാതികവേതനത്തെക്കാള്‍ കുറഞ്ഞ നിലവാരത്തിലേക്ക് മാറിയതായി കാണാം. 2020-22 കാലയളവില്‍ പണപ്പെരുപ്പം വല്ലാതെ കൂടിയ ബള്‍ഗേറിയ, സൗത്ത് കൊറിയ, ശ്രീലങ്ക, യു.കെ., യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ഏറെ വ്യക്തമാണ്.

ആദ്യം കോവിഡും പിന്നീട് പണപ്പെരുപ്പവും സൃഷ്ടിച്ച പ്രതിസന്ധിയില്‍ തൊഴില്‍നഷ്ടമോ താഴ്ന്ന തൊഴിലിലേക്കുള്ള മാറ്റമോ തൊഴില്‍ സമയത്തില്‍ കുറവോ സംഭവിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2020 മുതല്‍ 2022 വരെ ശരാശരി മൂന്നാഴ്ചമുതല്‍ ആറാഴ്ചവരെയുള്ള വേതനം പൂര്‍ണമായും നഷ്ടമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഇക്കാലയളവിലെ മൊത്തം വേതനബില്ലില്‍ (തൊഴിലാളിയുടെ മൊത്തം വേതനം പണപ്പെരുപ്പത്തിന് ആനുപാതികമാക്കിയത്) വലിയ കുറവിന് കാരണമായിട്ടുണ്ട്. ചെറുകിട, ഇടത്തരം സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ അനുരണനങ്ങളുണ്ടാക്കിയത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (NSO) കണക്കനുസരിച്ച് ഇന്ത്യയില്‍ 2022 മേയില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഏറ്റവും വലിയ നിരക്കിലായിരുന്നു (7.8%) വിലക്കയറ്റം. പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഹരിയാണ, തെലങ്കാന എന്നിവിടങ്ങളില്‍ നിരക്ക് ഒന്‍പതുശതമാനത്തിലെത്തി. ഏഴുസംസ്ഥാനങ്ങളില്‍ എട്ടുശതമാനത്തിനു മുകളിലായിരുന്നു. കേരളം (5.1), തമിഴ്നാട് (5.4) എന്നിവിടങ്ങളിലാണ് താരതമ്യേന കുറഞ്ഞിരുന്നത്. ദേശീയാടിസ്ഥാനത്തില്‍, ജനങ്ങളുടെ പ്രതിമാസജീവിതച്ചെലവില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടായതായാണ് വിലയിരുത്തല്‍. ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലയും വിദ്യാഭ്യാസച്ചെലവുകളും കാര്യമായി വര്‍ധിച്ചതാണ് പ്രധാന കാരണം.

വേതനത്തില്‍ അസമത്വവും

ഐ.എല്‍.ഒ.യുടെ റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതന വളര്‍ച്ച വെവ്വേറെ പരിശോധിച്ചിട്ടുണ്ട്. സ്ത്രീകളില്‍ കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍നഷ്ടം സംഭവിച്ചത് തീരെ താഴ്ന്നവരുമാനമുള്ള വിഭാഗത്തിനാണ്. അതിനാല്‍ 2020-ലെ ശരാശരി വേതനവര്‍ധനവില്‍ പുരുഷന്മാരെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് സ്ത്രീകള്‍. എന്നാല്‍ പണപ്പെരുപ്പം മൂലം 2021-ലും 2022-ലും ഉണ്ടായ പ്രതിസന്ധി സ്തീകളെയും പുരുഷന്മാരെയും ഒരുപോലെയാണ് ബാധിച്ചിട്ടുള്ളത്. അനൗപചാരിക തൊഴില്‍മേഖലയിലുള്ളവരെയാണ് 2020-ലെ പ്രതിസന്ധി കാര്യമായി ബാധിച്ചത്. പഠനം നടത്തിയ രാജ്യങ്ങളില്‍ പകുതിയിലും വേതനത്തില്‍ കടുത്ത അസമത്വം നിലനില്‍ക്കുന്നുണ്ട്. നേരത്തേ നിലവിലുള്ള പ്രശ്‌നത്തില്‍ കോവിഡ് മറ്റൊരു പ്രഹരംകൂടി ഏല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വേതനത്തിലെ അസമത്വം ഓരോ രാജ്യത്തും സാമ്പത്തിക അസമത്വത്തിനുള്ള കാരണങ്ങളിലൊന്നായി വര്‍ത്തിക്കുമെന്നതാണ് വസ്തുത.

80 രാജ്യങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2018-19 ലെ ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത് ലിംഗാടിസ്ഥാനത്തിലുള്ള വേതനവിടവ് 20 ശതമാനമെന്നാണ്. ഇത്തവണത്തെ പഠനത്തില്‍ 22 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് പരിശോധിച്ചിട്ടുള്ളത്. ഇതില്‍ ഒന്‍പത് രാജ്യങ്ങളില്‍ വേതനവിടവ് കൂടിയപ്പോള്‍ 13 രാജ്യങ്ങളില്‍ കുറഞ്ഞു. അതേസമയം, ആനുപാതികമായി നോക്കുമ്പോള്‍ വേതനത്തിലെ ലിംഗ അസമത്വം സ്ഥിരതയോടെ തുടരുന്നുവെന്നാണ് അനുമാനം.

പരിഹാരമെന്ത്?

ലോകത്തെ ദിവസവേതന തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ആസൂത്രണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അന്താരാഷ്ട്ര തൊഴില്‍സംഘടന റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നത്. അതിനായി ചില നയപരമായ നിര്‍ദേശങ്ങളും അത് മുന്നോട്ടുവയ്ക്കുന്നു.

2022-ന്റെ രണ്ടാംപാദം മുതല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പലിശനിരക്ക് ഉയര്‍ത്തലാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഇത്തരം നടപടികള്‍ ചില മേഖലകളെയെങ്കിലും സാമ്പത്തികമാന്ദ്യത്തിന്റെ പടിക്കലെത്തിക്കുകയും ചെയ്യുന്നു. ലോകത്തെ കൂലിപ്പണിക്കാരായ (wage earning) 32.7 കോടി തൊഴിലാളികള്‍ക്ക് (മൊത്തം കൂലിപ്പണിക്കാരുടെ 19 ശതമാനം) മിനിമം കൂലിയോ അതില്‍ കുറവോ ആണ് ലഭിക്കുന്നത്. ഐ.എല്‍.ഒ.യുടെ അംഗരാജ്യങ്ങളില്‍ 90 ശതമാനവും മിനിമംകൂലി പിന്തുടരുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പകാലത്ത് ഇവരുടെ ക്രയശേഷി തകരാതിരിക്കാന്‍ സാമ്പത്തികാവസ്ഥയ്ക്കനുസരിച്ച് കൂലിയില്‍ മാറ്റംവരുത്തേണ്ടതുണ്ട്.

ജീവിതച്ചെലവ് ഗണ്യമായി ഉയരുന്ന വേളകളില്‍ ഇത്തരം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്ന വൗച്ചറുകളും ഇന്ധന വൗച്ചറുകളുമൊക്കെ നല്‍കുന്ന രീതികള്‍ വിവിധ രാജ്യങ്ങളിലുണ്ട്. ഇത് മറ്റ് രാജ്യങ്ങളിലും നടപ്പില്‍വരുത്താവുന്നതാണ്. വേതനം നല്‍കുന്നതിലെ ലിംഗവിവേചനം ഒഴിവാക്കാനും സര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈക്വല്‍ പേ ഇന്റര്‍നാഷണല്‍ കോയലിഷന്‍ (Equal Pay International Coalition) പോലുള്ള വേദികളെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താനാവും.

ഇന്ത്യയില്‍ കേന്ദ്ര തൊഴില്‍മന്ത്രാലയം മിനിമം വേതനത്തിന് പകരം ജീവനവേതനം (living wages) എന്ന സമ്പ്രദായം നടപ്പിലാക്കണമെന്ന ആശയം ഇക്കഴിഞ്ഞ ഡിസംബറില്‍ അവതരിപ്പിച്ചിട്ടുണ്ട്. മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥിരം തുകയാണെങ്കില്‍ ജീവനവേതനം എന്നത് ഓരോ പ്രദേശത്തെയും ജീവിതച്ചെലവുകളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്. മിനിമം കൂലിയും ലിവിങ് വേജും തമ്മില്‍ 10 മുതല്‍ 25 ശതമാനം വരെ വ്യത്യാസമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യത്തെ ദാരിദ്ര്യം കുറച്ചുകൊണ്ടുവരല്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. ഇത് കണക്കാക്കുന്ന രീതികളും മറ്റും വ്യക്തമായിട്ടില്ല.
പകര്‍ച്ചവ്യാധികളുടെ വ്യാപനം, യുദ്ധം തുടങ്ങിയ പ്രവചനാതീതമായ പ്രതിസന്ധികളുണ്ടാവുമ്പോള്‍ ലോകത്തിന്റെ സുസ്ഥിര വികസനപദ്ധതികള്‍ അവതാളത്തിലാവും. 2030 ലക്ഷ്യവര്‍ഷമായി യു.എന്‍. മുന്നോട്ടുകൊണ്ടുപോകുന്ന സുസ്ഥിര വികസന അജന്‍ഡയില്‍ (United Nations 2030 Agenda for Sustainable Development) 17 ലക്ഷ്യങ്ങളാണുള്ളത്. ദാരിദ്ര്യനിര്‍മാര്‍ജനവും തുല്യ അവസരവുമൊക്കെ അതില്‍പ്പെടും. ഈ ലക്ഷ്യങ്ങളിലേക്കെത്താന്‍ തൊഴിലും മാന്യമായ വേതനവും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളെയും ഒപ്പം കൊണ്ടുപോകാന്‍ ആഗോളതലത്തില്‍തന്നെ ഒരു ഐക്യനിര രൂപപ്പെടേണ്ടതുമുണ്ട്. ഒപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കോമണ്‍ ഫണ്ടിങ്ങും ആവശ്യമായി വരുന്നു.

''ലോകത്തെ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ കഠിനമായ സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. താഴ്ന്ന വരുമാനമുള്ള ജീവനക്കാരുടെ ക്രയശേഷി വല്ലാതെ കുറയുമ്പോള്‍ അത് അസമത്വവും ദാരിദ്ര്യവും സൃഷ്ടിക്കും. ലോകത്തിന്റെ സമാധാനാന്തരീക്ഷത്തിനുതന്നെ ഇത് വിള്ളല്‍ തീര്‍ക്കുമെന്ന് നാം മനസ്സിലാക്കണം''- ഐ.എല്‍.ഒ. ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് എഫ്. ഹൗങ്ബോയുടെ മുന്നറിയിപ്പ് അവഗണിക്കാനാവില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.

എന്താണ് പണപ്പെരുപ്പം?

നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാക്കുന്ന സ്ഥിരമായ വര്‍ധനവാണ് പണപ്പെരുപ്പമെന്ന് (Inflation) ലളിതമായി പറയാം. വസ്തുക്കളുടെ ഡിമാന്‍ഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. പണപ്പെരുപ്പമേറുമ്പോള്‍ ജീവിതച്ചെലവും കൂടും. ആനുപാതികമായി വരുമാനം വര്‍ധിച്ചില്ലെങ്കില്‍ പണത്തിന്റെ വാങ്ങല്‍ശേഷി കുറയും. പണപ്പെരുപ്പം എന്നത് വിലക്കയറ്റമായാണ് സാധാരണക്കാര്‍ക്ക് ദൃശ്യമാവുക. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം, ഇന്ധനം തുടങ്ങിയവയുടെയും ആരോഗ്യം, വിനോദം തുടങ്ങിയ സേവനങ്ങളുടെയും ചെലവ് കണക്കാക്കിയാണ് ഇന്‍ഫ്‌ളേഷന്റെ തോത് തിട്ടപ്പെടുത്തുന്നത്. ഉപഭോക്തൃ വിലസൂചിക (Consumer Price Index - CPI), മൊത്തവില സൂചിക (Wholesale Price Index - WPI) എന്നിവയാണ് വിലനിലവാരം അളക്കാന്‍ പൊതുവേ ഉപയോഗിക്കുന്നത്.

കൈയിലും ബാങ്കിലുമുള്ള പണമുള്‍പ്പെടെ വ്യക്തിഗത സമ്പാദ്യത്തിന്റെ മൂല്യം കുറയും. അതേസമയം, വീട്, പുരയിടം, സ്റ്റോക്ക് തുടങ്ങിയ സ്ഥാവരവസ്തുക്കളുടെ മൂല്യം കൂടുകയും ചെയ്യും. പലിശനിരക്ക് ഉയര്‍ത്തല്‍പോലെയുള്ള നടപടികളിലൂടെയാണ് ഓരോ രാജ്യത്തെയും കേന്ദ്ര ബാങ്കുകള്‍ പണപ്പെരുപ്പത്തിന് തടയിടുന്നത്. ഇതൊരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും പണപ്പെരുപ്പം ക്രമാതീതമായാല്‍ (hyperinflation) കറന്‍സിയുടെ മൂല്യം തകര്‍ന്നടിയുകയും സമ്പദ്വ്യവസ്ഥ ക്രമരഹിതമാവുകയും ചെയ്യും.

ഉത്പാദനക്ഷമതയേക്കാള്‍ ഡിമാന്‍ഡ് കൂടുകയാണെങ്കില്‍ അത് വിലക്കയറ്റത്തിന് കാരണമാകാം (Demand-Pull Inflation). ഉത്പാദനച്ചെലവ് ക്രമാതീതമായി കൂടുന്നത് കാരണവും (Cost-Push Inflation) വിലക്കയറ്റമുണ്ടാകും. ജീവിതച്ചെലവ് കൂടുന്നതിനൊപ്പം വേതനവും വര്‍ധിക്കുകയും അതൊരു 'ലൂപ്പ്' പോലെ വര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട് (Built-in Inflation). നിയന്ത്രിതാവസ്ഥയിലുള്ള പണപ്പെരുപ്പം സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണ്. ജനങ്ങള്‍ സേവിങ്സ് കുറച്ച്, ചെലവഴിക്കല്‍ വര്‍ധിപ്പിക്കുമ്പോള്‍ വിപണിയിലെ പണമൊഴുക്ക് വര്‍ധിക്കുകയും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഉത്തേജിതമാവുകയും ചെയ്യും.

പണപ്പെരുപ്പത്തിന്റെ മറുവശമാണ് പണച്ചുരുക്കം (Deflation). ഡിമാന്‍ഡ് കുറയുകയും ലഭ്യത കൂടുകയും ചെയ്യുന്ന പ്രതിഭാസമാണിത്. സാധന-സേവനങ്ങളുടെ വില വല്ലാതെ കുറയുകയും പണത്തിന്റെ വാങ്ങല്‍ശേഷി കൂടുകയും ചെയ്യും. സാധാരണഗതിയില്‍, വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണിത്. കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും ഉയര്‍ന്നതോതിലുള്ള തൊഴിലില്ലായ്മയും സമ്പദ്വ്യവസ്ഥയില്‍ ഒരേസമയം ദൃശ്യമാകുന്ന സാഹചര്യത്തെയാണ് സ്റ്റാഗ്ഫ്‌ളേഷന്‍ (Stagflation) എന്ന് വിളിക്കുന്നത്. ഇത് സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കാം.

ഉപഭോക്തൃ വിലസൂചിക

ഒരുകൂട്ടം ഉപഭോക്തൃ സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി ചെലവ് കണക്കാക്കുന്ന സൂചകമാണ് ഉപഭോക്തൃ വിലസൂചിക അഥവാ Consumer Price Index (CPI). ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളാണ് പല ഗ്രൂപ്പുകളായി തിരിച്ച് പരിശോധിക്കപ്പെടുന്നത്. ഓരോ രാജ്യത്തും ഇത് കണക്കാക്കാന്‍ ഉപയോഗിക്കുന്ന വെയിറ്റേജുകള്‍ വ്യത്യസ്തമായിരിക്കും. രാജ്യത്തെ വിലനിലവാരത്തിലെ വ്യത്യാസവും ജീവിതച്ചെലവുകളിലെ മാറ്റവും അളക്കാന്‍ ഇതുപയോഗിക്കുന്നു. തൊഴിലാളികളുടെ വേതനം ഇതനുസരിച്ചാണ് വ്യത്യാസപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.

(ഫെബ്രുവരി ലക്കം ജി.കെ ആന്‍ഡ് കറണ്ട് അഫയേര്‍സില്‍ പ്രസിദ്ധികരിച്ചത്)

Content Highlights: Low wages and ever-increasing costs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
afgan

1 min

അഫ്ഗാൻ സ്കൂളുകളിൽ വിഷപ്രയോഗം: 80 പെൺകുട്ടികൾ ആശുപത്രിയിൽ

Jun 6, 2023


transmen

4 min

നടുറോഡിൽ അവരെന്റെ തുണി വലിച്ചുകീറി, പ്രതികരിക്കാതെ ചുറ്റുമുള്ളവർ, മനുഷ്യനായി കണ്ടുകൂടേ?

Apr 29, 2023


Shabna

2 min

'ഒരു ബുള്ളറ്റ് മതി നിന്നെ തീര്‍ക്കാനെന്ന് അന്നവര്‍ പറഞ്ഞു;ആദ്യം മുതൽ തുടങ്ങുന്നത് പോലെയാണ് ഇപ്പോള്‍'

Aug 3, 2022

Most Commented