പ്രതീകാത്മക ചിത്രം
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 2022-ല്‍ പുറത്തിറക്കിയ സ്‌കൂള്‍ മാന്വലിലെ അഞ്ചാമത്തെ അധ്യായം വായിച്ചു നോക്കിയാല്‍ സാമൂഹ്യ പുരോഗതിയില്‍ സ്ത്രീകള്‍ വളരെയേറെ മുന്നോട്ടു പോയതും ഗാര്‍ഹികാധ്വാനം സ്ത്രീകളുടേത് മാത്രമല്ല എന്ന ചിന്ത സമൂഹത്തില്‍ വേരോടിയതും അറിയാത്തവരാണ് മാന്വല്‍ രചയിതാക്കള്‍ എന്ന് സംശയിച്ചു പോകും. പാകം ചെയ്യുക, പ്രായമായവരുടെയും കുട്ടികളുടെയും ശുശ്രൂഷ കൃത്യമായി ചെയ്ത് കൊടുക്കുക തുടങ്ങിയവ സ്ത്രീകളുടെ ചുമതലയായിട്ടാണ് സമൂഹം തീരുമാനിച്ചിട്ടുള്ളത്. അതൊരു അലിഖിത നിയമമാണ്. ഈ അലിഖിത നിയമത്തെ വിദ്യാലയത്തിനകത്തേക്ക് ലിഖിത രൂപത്തില്‍ പറിച്ചുനടുന്നതാണ് സ്‌കൂള്‍ മാന്വലില്‍ രേഖപ്പെടുത്തിയ മദര്‍ പി .ടി. എ ചുമതലകള്‍ .
സ്‌കൂള്‍ മാന്വലിന്റെ അഞ്ചാമത്തെ അധ്യായം സ്‌കൂള്‍ സഹായ സമിതികളെക്കുറിച്ചാണ്. മദര്‍ പി.ടി.എ., പി.ടി.എ, എസ്.എം.സി എന്നിങ്ങനെ മൂന്ന് അധ്യാപക രക്ഷാകര്‍തൃ സമിതികളാണുള്ളത്. ഇതിലെ മാതൃ സമിതി (MPTA) അമ്മമാര്‍ക്ക് മാത്രമുള്ളതാണ്. കുട്ടികളുടെ അക്കാദമിക മികവുകളും പരിമിതികളും ചര്‍ച്ച ചെയ്യുകയും പരിഹാരമെന്ന നിലയില്‍ വീട്ടില്‍ പഠന സഹായവും കൈത്താങ്ങും നല്കുകയുമാണ് മാതൃസമിതികളുടെ ചുമതലകളില്‍ ഒന്നാമത്തേത്. കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും കുട്ടികളുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസ് പി.ടി.എ യോഗങ്ങളില്‍ അച്ഛന്‍മാരുടെ പങ്കാളിത്തം വിരലിലെണ്ണാവുന്നത് മാത്രമാണ്. അതായത് കുട്ടികളുടെ പഠന വിലയിരുത്തലിന്റെയും പഠന സഹായത്തിന്റെയും ഉത്തരവാദിത്തം തുല്യമായി മാതാപിതാക്കള്‍ക്കാണെന്നിരിക്കെ അത് അമ്മമാരുടെ മാത്രം ചുമതലയായി മാറിക്കൊണ്ടിരിക്കുന്നതിന് തെളിവുകൂടിയാണ് ഈ സാന്നിധ്യവും അസാന്നിധ്യവും.
സമയലഭ്യതയനുസരിച്ച് പൂര്‍ണ മനസ്സോടെ ആ ചുമതല നിര്‍വഹിക്കുന്ന അമ്മമാരുണ്ടെങ്കിലും അതിന് സാധിക്കാത്തവരുമുണ്ട്. മക്കളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കുവെക്കാന്‍ കുടുംബങ്ങളില്‍ പുതു ചിന്തകളും സംഘര്‍ഷങ്ങളും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന കാലമാണിത്. കുടുംബത്തിനു പുറത്തും അധ്വാനിക്കുകയും വരുമാനം കണ്ടെത്തുകയും ചെയ്യുന്നതോടൊപ്പം ഗാര്‍ഹികാധ്വാനത്തിന്റെ ഭാരവും പേറേണ്ടി വരുന്ന സ്ത്രീകളുടെ ചുമലിലുള്ള പങ്കിടപ്പെടാത്ത മറ്റൊരധ്വാനം അവരുടെ ചുമലില്‍ത്തന്നെയാണ് ഇരിക്കേണ്ടത് എന്ന് ഉറപ്പിക്കുകയാണ് ഈ മാന്വല്‍ .
ഉച്ചഭക്ഷണ പരിപാടിയില്‍ സഹായിക്കലാണ് അമ്മമാര്‍ക്ക് മാത്രം കൊടുത്തിട്ടുള്ള മറ്റൊരു ചുമതല. ലിംഗനീതി ഉറപ്പു വരുത്തുന്നതിനെക്കുറിച്ച് നിരന്തരം പറയുന്ന, പൊതു അടുക്കളകളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന ഒരു സര്‍ക്കാരിന്റെ മാന്വലില്‍ ഒരിക്കലും കടന്നു വരാന്‍ പാടില്ലാത്തതാണ് ഈ ചുമതലാ വിഭജനം. പി.ടി.എ.യുടെയും എസ്.എം.സി.യുടെയും ചുമതലകളില്‍ ഉള്‍പ്പെടേണ്ട ഉച്ചഭക്ഷണ പരിപാടികളിലെ സഹായം അമ്മമാരുടെ ചുമതലയില്‍ വന്നത് ' അടുക്കള പെണ്ണിന്റെതാണ് ' എന്നവിദ്യാഭ്യാസ വകുപ്പിന്റെ സങ്കുചിത ബോധത്തിൽ നിന്നാണ്.
മലപ്പുറം ജില്ലയിലെ അധ്യാപികയായ ദിവ്യ ടീച്ചർ പറഞ്ഞതിലും കാര്യമുണ്ട്. വീട്ടിലെ അടുക്കള കാണുക പോലും ചെയ്യാത്ത പിതാക്കന്‍മാരെ ചേര്‍ത്ത് ഒരു 'പിതൃസമിതി' ഉണ്ടാക്കി അവരെ സ്‌കൂളിലെ അടുക്കളയും പാചകവും ഏൽപിക്കാനാണ് ടീച്ചർ പറയുന്നത്. ആണുങ്ങള്‍ അടുക്കളപ്പണി ചെയ്യുന്നത് കണ്ടു വളർന്നു വേണം ലിംഗനീതി വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം തുടങ്ങാന്‍ എന്നാണ് ടീച്ചർ പറയുന്നത്.
"മാതൃസമിതിയെ പെണ്‍കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന്റെ ചുമതല ഏല്‍പിക്കൂ. അങ്ങനെ അമ്മമാരും പെണ്‍കുട്ടികളും കളിക്കളത്തില്‍ ഇറങ്ങട്ടെ ! ഫുട്‌ബോള് കളിക്കാനും ഓടാനും ചാടാനും നീന്താനും ഒക്കെ അങ്ങനെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവസരം ലഭിക്കട്ടെ. സ്ത്രീകള്‍ പി ടി എ പ്രസിഡന്റ് ആയിട്ടുളള സ്‌കൂളുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.എല്ലാ സ്‌കൂളുകളിലും ഒന്നിടവിട്ടുളള വര്‍ഷങ്ങളില്‍ ഒരു സ്ത്രീ പിടിഎ പ്രസിഡന്റ് ആകട്ടെ. കുട്ടികള്‍ പുസ്തകത്തില്‍ 'നിന്ന് മാത്രമല്ല ലിംഗസമത്വവും അസമത്വവും ഒക്കെ പഠിക്കുന്നത്. അവര്‍ക്ക് ചുററുമുളള വ്യക്തികളില്‍ നിന്നും സമൂഹത്തില്‍ നിന്നും കൂടിയാണ്. ആദ്യം ശുദ്ധീകരണം വേണ്ടത് സ്‌കൂളിലെ സാമൂഹിക അന്തരീക്ഷത്തിലാണ്", ദിവ്യ ടീച്ചർ പറയുന്നു.
വളരെ ശരിയല്ലേ. സ്‌കൂള്‍ മാന്വല്‍ തയ്യാറാക്കിയതിന്റെ ഒന്നാമത്തെ ഉറവിടം ഇന്ത്യന്‍ ഭരണഘടനയാണെന്ന് അതിന്റെ ഒന്‍പതാമത്തെ പേജില്‍ പറയുന്നുണ്ട്. ഭരണഘടന ഉറപ്പുതരുന്ന ലിംഗനീതിയുടെ പാഠശാലകളാകട്ടെ വിദ്യാലയങ്ങള്‍. പ്രൈമറി ക്ലാസിലെ കുട്ടികളുടെ പഠന നിലവാര രേഖയ്ക്ക് 'അമ്മ അറിയാന്‍ ' എന്ന പേര് വിദ്യാഭ്യാസ വകുപ്പ് ഒരിക്കല്‍ പരീക്ഷിച്ചിരുന്നു.അമ്മ മാത്രം അറിയേണ്ട രേഖയല്ലെന്ന് മാത്രമല്ല പഠന പിന്നോക്കാവസ്ഥയുടെ ബാധ്യത കൂടി അമ്മയുടെ മേല്‍ പഴിചാരാന്‍ ഇത് ഉപയോഗിക്കാം എന്ന വിമര്‍ശനവും അത് പിന്‍വലിക്കാൻ ഇടയാക്കിയിട്ടുണ്ട്.
മാതൃസമിതികളുടെ ഗുണങ്ങൾ
സ്‌കൂളുകളില്‍ പി.ടി.എ യും എസ്.എം.സിയുമൊക്കെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ സമിതികളായി ഉള്ളപ്പോള്‍ മാതൃസമിതികളുടെ ആവശ്യം സ്‌കൂളുകളിലുണ്ടോ എന്ന ചര്‍ച്ചയും ഈ സര്‍ക്കുലറിനെത്തുടര്‍ന്ന് ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ അമ്മമാരുടെ മാത്രം പങ്കാളിത്തമുള്ള മാതൃസമിതികള്‍ പലയിടത്തും വിദ്യാലയങ്ങളെ സര്‍ഗ്ഗാത്മകമാക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. സ്‌കൂളുകളുടെ തനത് പ്രവര്‍ത്തനങ്ങളായി നടത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളായ ദിനാചരണങ്ങള്‍, ജൈവ വൈവിധ്യോദ്യാനം, കലാപരിപാടികള്‍ എന്നിവയ്ക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന മാതൃസമിതികള്‍ ഇന്ന് പല സ്‌കൂളുകളിലുമുണ്ട്. സ്ത്രീകളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയിലും മാതൃസമിതികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇരിണാവ് തെക്കുമ്പാട് സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ദ്രൗപതി ടീച്ചര്‍ പറയുന്നത്- 'ഞങ്ങളുടെ സ്‌കൂള്‍ നടത്തിയ ട്വിന്നിംഗ് പ്രോഗ്രാം എന്ന പരിപാടിക്ക് (രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികള്‍ ഒന്നിച്ച് രണ്ട് വിദ്യാലയങ്ങളിലും താമസിച്ചു കൊണ്ട് നാടിനെ അറിയല്‍ ) സംസ്ഥാന തലത്തില്‍ അംഗീകാരം നേടിത്തരുന്നതില്‍ അമ്മമാരുടെ നേതൃത്വമാണ് വലിയ പങ്കുവഹിച്ചത്. പല കാര്യങ്ങളിലും നേതൃത്വ പരമായ പങ്കുവഹിക്കുന്ന അമ്മമാരുണ്ട്,' എന്നാണ്
അവരുടെ കഴിവിനെ ചുരുക്കിക്കാണലാണ് സ്‌കൂള്‍ അച്ഛന്‍മാരുള്ള സമിതികള്‍ക്കില്ലാത്ത ഭക്ഷണച്ചുമതല അമ്മമാര്‍ക്ക് കൊടുക്കുന്നത്. എസ്.എം.സി.യിലും പി.ടി.എ.യിലും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും സ്ത്രീകളായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയണം.അതു പോലെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളില്‍ അമ്മമാരെ നിയമിക്കുന്നത് വളരെ അപൂര്‍വമാണ്. ആ സ്ഥിതി മാറണം. നിലവില്‍ ഇവരുടെ കാലാവധി മൂന്ന് കൊല്ലമാണ് .അത് രണ്ടായി ചുരുക്കണം.ഓരോ രണ്ട് കൊല്ലം കൂടുമ്പോഴും മാറുന്ന പ്രസിഡന്റ് / ചെയര്‍പേഴ്‌സണ്‍ ,വൈസ് പ്രസിഡന്റ് / വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ മാറി മാറി സ്ത്രീക്കും പുരുഷനും സംവരണം ചെയ്യണം. അങ്ങനെ തുല്യ പ്രാതിനിധ്യം സ്‌കൂളില്‍ യാഥാര്‍ത്ഥ്യമാവട്ടെ.
Content Highlights: limiting mother's roles as mere cooks in schools,Why Government promoting such misogynistic elements
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..