ഡോൾഫിൻ ആശാൻ: ചിത്രം: കെ.ആർ സുനിൽ
കൊടുങ്ങല്ലൂരിനടുത്ത്, പെരിയാറിന്റെ കൈവഴിയിലെ ദ്വീപുകളിലൊന്നായ ഗോതുരുത്തിൽ, 2015ലെ ചുവടി ഫെസ്റ്റിൽവെച്ചാണ് ആദ്യമായി ചവിട്ടുനാടകം കാണുന്നത്. പുഴയോരത്തെ പള്ളിമൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു അഞ്ചുദിവസത്തെ നാടകങ്ങൾ. യൂറോപ്യൻ ഓപ്പറകളെ ഓർമ്മിപ്പിക്കുന്ന വേഷങ്ങളും അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള ചടുലമായ ചുവടുകളും ചവിട്ടുനാടകത്തെ പുതിയ അനുഭവമാക്കി. പള്ളുരുത്തി സ്വദേശി സോമനാഥനാണ് ചമയത്തിനായി എല്ലാദിവസവും എത്തിയിരുന്നത്. അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്നവർ കഥാപാത്രങ്ങളായി രൂപംമാറുന്നത് കൗതുകത്തോടെ നോക്കിനിന്നു. ആദ്യദിവസങ്ങളിലെ നാടകങ്ങൾ ഗോതുരുത്ത്, കൊച്ചി തുടങ്ങിയ ദേശക്കാരുടെതായിരുന്നു. ചമയത്തിനിടെ ചവിട്ടുനാടകത്തെപ്പറ്റി അദ്ദേഹം പലതും സംസാരിച്ചു. പഴയകാല ബാലെ കലാകാരനും ട്രൂപ്പിന്റെ ഉടമയുമായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്കൊപ്പം ചമയനേരങ്ങളിൽ ഞാൻ കൂട്ടുനിന്നു.
തെക്ക്, കൊച്ചിക്കപ്പുറത്ത് ചെല്ലാനം പരിസരത്തുനിന്നുള്ള ചവിട്ടുനാടകക്കാരുടെ വരവ് ഒരു ഉത്സവത്തിനെന്നപോലെയായിരുന്നു! കടലിലും കായലിലും പണിയെടുക്കുന്ന, ഉറച്ച ശരീരവും തുറന്ന പ്രകൃതവുമുള്ള തൊഴിലാളികൾ. അവരുമായി അടുപ്പത്തിലാവാൻ ഏറെ സമയമെടുത്തില്ല. ചെമ്മീൻകെട്ടിൽ പണിയെടുക്കുന്ന സിലോഷും മീൻവിൽപ്പനക്കാരൻ സേവിയറും പെയിന്റുപണിക്കാരൻ ക്ലീറ്റസും കൽപ്പണിക്കാരൻ വാച്ചനും കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോണിഫാസും സിനിമയുടെ തിരക്കിനിടയിലും ചവിട്ടുനാടകത്തിനായി സമയം കണ്ടെത്തിയ മോളി കണ്ണമാലിയുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ചെല്ലാനം തീരത്തെ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും അരങ്ങിൽ രാജാക്കൻമാരായും യുദ്ധവീരന്മാരായും കാണികളെ അദ്ഭുതപ്പെടുത്തി.
അറുപതിനുമേലെ വയസ്സുള്ള മോളി കണ്ണമാലി രാജ്ഞിയായി വിസ്മയിപ്പിച്ചു. സവിശേഷതകൾ ഏറെയുണ്ടായിരുന്നു അവരുടെ അരങ്ങിന്. ദളിത് ക്രൈസ്തവരായ അവരുടെ അവതരണം മറ്റുള്ളവരുടെതിൽനിന്നു വ്യത്യസ്തമായി തമിഴിലായിരുന്നു. അരങ്ങിലെ അവരുടെ രംഗഭാഷയും ഭാവുകത്വവും മറ്റൊന്നായിരുന്നു.
ചരിത്രത്തിലൂടെ
പോർച്ചുഗീസ് അധിനിവേശകാലമായ 1617 നൂറ്റാണ്ടുകളിൽ കൊടുങ്ങല്ലൂർ, കൊച്ചി തുടങ്ങിയ തീരദേശത്ത് രൂപപ്പെട്ട കലാരൂപമാണ് ചവിട്ടുനാടകം. കേരളത്തിലെ ക്രിസ്തുമതവിശ്വാസികളെ ക്രൈസ്തവേതരകലകളിൽനിന്നു പിന്തിരിപ്പിക്കുന്നതിനും പരിധിവരെ മതപ്രചാരണം ലക്ഷ്യമാക്കിയും പോർച്ചുഗീസ് മിഷണറിമാർ നടത്തിയ ഇടപെടലാണ് ചവിട്ടുനാടകമായിമാറിയത്. കടലുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്ന ലത്തീൻ ക്രൈസ്തവരിലായിരുന്നു ഈ കലാരൂപം പ്രചരിച്ചത്. 17ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്ന് കരുതുന്നതും തുടർച്ചയായ രണ്ടാഴ്ച രാത്രികളിൽ അവതരിപ്പിക്കാൻ തക്ക ദൈർഘ്യമേറിയതുമായ കാറൽസ് മാൻചരിതം ഉൾപ്പെടെ നിരവധി ചവിട്ടുനാടകങ്ങൾ തുടർന്ന് പ്രചരിക്കപ്പെട്ടു. പോർച്ചുഗീസ് ഓപ്പറയുടെയും കളരി, യക്ഷഗാനം, നാട്ടുവ, തെരുക്കൂത്ത് തുടങ്ങിയ തദ്ദേശീയകലാരൂപങ്ങളുടെയും സംയുക്തസ്വാധീനം ചവിട്ടുനാടകത്തിൽ പ്രകടമാണ്. വീരരസപ്രധാനമായ സംഗീതനൃത്തനാടകരീതിയാണ് മറ്റൊരു പ്രത്യേകത. യൂറോപ്പിലെ പുണ്യവാൻമാരുടെയും യുദ്ധവീരന്മാരുടെയും വീരഗാഥകൾ കേരളത്തിന്റെ തീരദേശജീവിതങ്ങളിലെ സാധാരണക്കാരിലെത്താൻ ചവിട്ടുനാടകം പ്രധാന കാരണമായി. കൊടുങ്ങല്ലൂരിനടുത്ത് ചാവക്കാട് മുതൽ കൊല്ലം വരെയുള്ള തീരദേശത്തെ, പ്രധാനമായും പോർച്ചുഗീസ് അധിനിവേശപ്രദേശങ്ങളിലായിരുന്നു ചവിട്ടുനാടകം ഏറെയും പ്രചരിച്ചത്. ഏകദേശം മുന്നൂറിലേറെ വർഷങ്ങൾക്കുമുൻപ് തമിഴ്‌നാട്ടിലെ തെങ്കാശിയിൽനിന്നെത്തി കൊച്ചി, കൊടുങ്ങല്ലൂർ തുടങ്ങിയ നാടുകളിൽ പതിനേഴുവർഷത്തോളം തങ്ങിയെന്നു കരുതുന്ന തമിഴ് കവിയും പണ്ഡിതനുമായ ചിന്നത്തമ്പി അണ്ണാവിയാണ് ചവിട്ടുനാടകരചയിതാവ് എന്നനിലയിൽ പ്രധാനി. അദ്ദേഹത്തിന്റെതായുള്ള ഏക ശില്പമുള്ളതും എറണാകുളത്തെ ഗോതുരുത്തിലാണ്.
സ്വാതന്ത്ര്യാനന്തരകാലത്തെ കലാജീവിതങ്ങൾ
നൂറ്റാണ്ടുകൾ നീണ്ടുനിന്ന അധിനിവേശകാലത്തിനുശേഷം വൈദേശികർ രാജ്യം വിട്ടുപോയെങ്കിലും അവരുടെ സ്വാധീനത്താൽ രൂപപ്പെട്ട ചവിട്ടുനാടകം ഇവിടെ നിലനിന്നു. ആ കലാരൂപത്തെ ആത്മാവിനോടുചേർത്ത പലരും ഗോതുരുത്തിലും കൊച്ചിമുതൽ ആലപ്പുഴവരെയുള്ള തീരദേശത്തും അവശേഷിച്ചു. നാടകാവതരണം രണ്ടും മൂന്നും മണിക്കൂറായി ചുരുങ്ങി. ആധുനികലോകത്ത് കലാസ്വാദനത്തിന് മറ്റ് സാധ്യതകളേറിയപ്പോൾ ചവിട്ടുനാടകമടക്കമുള്ള പല പ്രാചീനകലകളും നാമാവശേഷമാവാനും തുടങ്ങി.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ചവിട്ടുനാടകക്കാർ കലയ്ക്കും തൊഴിലിനുമിടയിലെ ജീവിതസംഘർഷങ്ങൾക്കുമുന്നിൽ നിസ്സഹായരായി. 1999ൽ സംസ്ഥാനസർക്കാരിന്റെ മുൻകൈയിൽ കൊച്ചിയിൽ നടന്ന ഒരാഴ്ച നീണ്ടുനിന്ന ചവിട്ടുനാടകോത്സവം ചവിട്ടുനാടകകലാകാരൻമാർക്ക് വലിയ ഉണർവേകുകയും അന്നത്തെ മാധ്യമങ്ങൾ നല്ലരീതിയിൽ വാർത്തയാക്കുകയും ചെയ്തു. ഗോതുരുത്തിലെ കലാസ്വാദകരും കൊച്ചി മുസിരിസ് ബിനാലെയും മുൻകൈയെടുത്ത് അഞ്ചുദിവസം നീണ്ട 'ചുവടി ഫെസ്റ്റി'ന് 2012 ഡിസംബറിൽ ഗോതുരുത്തിൽ തുടക്കമിട്ടതും മറ്റൊരു വഴിത്തിരിവായിരുന്നു.
തമിഴ് ചുവടികളുടെ ഗ്രാമങ്ങളിലൂടെ
കണ്ണമാലിയിൽ പുതിയ ചവിട്ടുനാടക റിഹേഴ്‌സൽ തുടങ്ങിയെന്ന വിവരവുമായി സിലോഷിന്റെ വിളി വന്നപ്പോൾ, ഒട്ടും താമസിക്കാതെ ക്യാമറയുമായി അവിടേക്ക് പുറപ്പെടുകയായിരുന്നു. ഫോർട്ട് കൊച്ചിക്കടുത്ത് തോപ്പുംപടിയിൽനിന്ന് ചെല്ലാനത്തേക്കുള്ള ബസ്സിൽ കയറിയിരുന്നു. മത്സ്യവിൽപ്പനക്കാരായ കുറേ സ്ത്രീകളും തികച്ചും സാധാരണക്കാരായ യാത്രക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. തോടുകളും വഞ്ചികളും ചെമ്മീൻ കെട്ടുകളും പള്ളികളും കുരിശ്ശടികളുമുള്ള തീരദേശത്തുകൂടിയായിരുന്നു യാത്ര; കൊച്ചിക്കപ്പുറത്തെ തീർത്തും വ്യത്യസ്തമായ മറ്റൊരു ഭൂമിക!
റോഡരികിൽ ഉണക്കച്ചെമ്മീൻ വിൽക്കുന്ന തട്ടിന് സമീപത്ത് സിലോഷ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. തോടിനോട് ചേർന്ന വഴിയിലൂടെ നടന്ന് ആദ്യമെത്തിയത് സിലോഷിന്റെ വീട്ടിലേക്ക്. മുറ്റത്ത് വിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ ചെമ്മീൻ ഉണക്കാനിട്ടിരിക്കുന്നു. ചതുപ്പിൽ കാലങ്ങളായി കുമിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നിറഞ്ഞ, വെള്ളക്കെട്ടുള്ള പരിസരം. ചുമരുകൾ ഉപ്പുവെള്ളമേറ്റ് ദ്രവിച്ച ആ ചെറിയ വീട്ടിലാണ് കുട്ടികളും വൃദ്ധരുമെല്ലാമടങ്ങിയ കുടുംബത്തിന്റെ താമസം. ചവിട്ടുനാടകത്തെക്കുറിച്ച് പറയുമ്പോൾ ഏവർക്കും സന്തോഷം. നാടകത്തിനായി സ്വന്തമായി നിർമിച്ച വാളും മുത്തുകളൊട്ടിച്ച് അലങ്കരിച്ച കിരീടവും സിലോഷ് കാണിച്ചുതന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം കണ്ണമാലിക്കടുത്ത് കടലിനരികിലായി നടക്കുന്ന ചവിട്ടുനാടക റിഹേഴ്‌സൽ ക്യാംപ് ലക്ഷ്യമാക്കി നീങ്ങി. മത്സ്യത്തൊഴിലാളികൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന വീടുകൾക്കിടയിലെ ചെറിയ ഇടവഴികളിലൂടെയായിരുന്നു യാത്ര. ക്ലാരനറ്റിന്റെയും ഡ്രമ്മിന്റെയും മറ്റും ശബ്ദം ദൂരെ കേൾക്കാമായിരുന്നു. ആ താളത്തിനനുസരിച്ച് ചുവടുവയ്ക്കുന്ന ഏതാനും കുട്ടികളെയും വഴിയരികിൽ കണ്ടു! നാട്ടുകാരിൽ ചിലരും ശബ്ദം ലക്ഷ്യമാക്കി നടന്നുപോവുന്നു. ആറുമാസം മുതൽ ഒരുവർഷംവരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിനുശേഷമാണ് വാദ്യമേളങ്ങളോടെയുള്ള കെച്ചംകെട്ട് (അവസാന റിഹേഴ്‌സൽ) സംഘടിപ്പിക്കുന്നത്. കടൽഭിത്തിക്ക് തൊട്ടരികിലായി ടാർപ്പോളിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് താത്കാലിക സ്റ്റേജ്. വീടിന്റെ ഇളംതിണ്ണയിലും മണലിലുമിരുന്ന് കുട്ടികളും സ്ത്രീകളുമടങ്ങുന്ന നാട്ടുകാർ റിഹേഴ്‌സൽ കാണുന്നു. പഴയകാല ചവിട്ടുനാടകക്കാരിൽ ചിലരും അവിടെയുണ്ടായിരുന്നു. അക്ഷരാർഥത്തിൽ ഒരു ഉത്സവ പ്രതീതി. കടലിൽനിന്ന് കൊണ്ടും കൊടുത്തും ജീവിക്കുന്ന സാധാരണക്കാരായ ക്രൈസ്തവരുടെ ജീവിതത്തിൽ ചവിട്ടുനാടകത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നത് അവിടെ തെളിഞ്ഞുകാണാമായിരുന്നു. കാട്ടിപ്പറമ്പുകാരനായ സേവു ആശാനാണ് സംവിധായകൻ, മീൻ വിൽപ്പനയ്ക്കുശേഷമാണ് അദ്ദേഹം കലാപ്രവർത്തനത്തിനായി സമയം കണ്ടെത്തുന്നത്. വാദ്യോപകരണങ്ങൾ വായിക്കാനെത്തിയവരെയും പരിചയപ്പെട്ടു. മഴക്കാലമായതിനാൽ കടലിന്റെ ശബ്ദമേറിയിരുന്നു.
'ത്യാഗവീരൻ' എന്ന ആ ചവിട്ടുനാടകത്തിൽ മന്ത്രികുമാരന്റെ വേഷമാണ് സിലോഷിന്. അരങ്ങിൽ അരനൂറ്റാണ്ടിലേറെക്കാലത്തെ പരിചയമുള്ള ഉമാദേവിയാണ് സിലോഷിന്റെ അമ്മയായി വേഷമിടുന്നത്. പുതുതലമുറ, പ്രത്യേകിച്ച് പെൺകുട്ടികൾ നാടകരംഗത്തേക്ക് എത്തുന്നത് തീരെ കുറവായിരുന്നു. അതിനാൽ ഒട്ടുമിക്ക നാടകങ്ങളിലും ഉമാദേവി, മോളി കണ്ണമാലി തുടങ്ങിയ പ്രായമായ നടികളുണ്ടാകും. അന്നത്തെ കെച്ചംകെട്ടിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയ നടൻ, വാച്ചൻ എന്ന് ഏവരും വിളിക്കുന്ന സെബാസ്റ്റ്യനായിരുന്നു.
ആദ്യകാല ചുവടുകളെല്ലാം ചെന്തമിഴിൽ ആവാനുള്ള പ്രധാന കാരണം, മലയാളഭാഷയുടെ പ്രാഗ് രൂപം ചെന്തമിഴ് ആയിരുന്നു എന്നതാണ്. ചിന്നത്തമ്പി അണ്ണാവിയുടെ സ്വാധീനവും മറ്റൊരു കാരണമാവാം. ഫോർട്ട് കൊച്ചിയിലെ ആയുർവേദ വൈദ്യനും, ചവിട്ടുനാടക രചയിതാവുമായിരുന്ന വി.ജെ. ജോൺ മാസ്റ്ററാണ് 1950ൽ ആദ്യ തമിഴ് ചവിട്ടുനാടകമായ കാറൽസ് മാൻചരിതം മലയാളത്തിലാക്കി അവതരിപ്പിച്ചത്. അങ്ങനെ മലയാള ചുവടികൾ പ്രചരിച്ചുതുടങ്ങിയതോടെ വടക്കൻ മേഖലയിലെ ചവിട്ടുനാടകങ്ങൾ മെല്ലെ മലയാളത്തിലേക്ക് മാറാൻ തുടങ്ങി. മാത്രമല്ല, പിന്നണിയിലിരുന്ന് പാടുന്നവർക്കൊപ്പം കളിച്ചാൽ മതിയെന്ന രീതിയിലേക്ക് ഗോതുരുത്ത് അടക്കമുള്ള ചില പ്രദേശങ്ങളിലെ നാടകങ്ങളും മാറി(മുൻപ് കളിച്ചിരുന്നതും പാടിയിരുന്നതുമെല്ലാം ഒരേ ആൾക്കാരായിരുന്നു). പാടുന്നതിന്റെ ആയാസം കുറഞ്ഞതോടെ, അവർക്ക് ചുവടുകൾ കൂടുതൽ ചടുലമാക്കാനായി. കാലത്തിനനുസരിച്ച് നല്ല മാറ്റങ്ങളും അവർ കൊണ്ടുവന്നു. എന്നാൽ, ആലപ്പുഴ ജില്ലയിലെ പള്ളിത്തോട് മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ ചവിട്ടുനാടക പ്രവർത്തകർ ഇന്നും തമിഴിൽ സ്വയം പാടിയും ചാടിയും അഭിനയിക്കുന്ന രീതി പിൻതുടരുന്നവരാണ്. ചവിട്ടുനാടകത്തിന്റെ പ്രാചീനമായ തനത് സ്വഭാവം ഒരു പരിധിവരെ ഇന്ന് നിലനിൽക്കുന്നത് അവരിലൂടെയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകൾ
കടൽകയറ്റം, അല്ലെങ്കിൽ കടലാക്രമണം എന്ന വാക്കുകൾക്കൊപ്പമാണ് മലയാളികൾക്ക് ചെല്ലാനം എന്ന നാടിനെ പരിചയം. ഓരോ വേലിയേറ്റക്കാലത്തും ചെല്ലാനത്തെ തീരഗ്രാമങ്ങളിലെ കടലെടുത്ത വീടുകൾ നാം മാധ്യമങ്ങളിലൂടെ കാണാറുണ്ട്. അതിവർഷക്കാലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയാർഥികളായി മാറുന്ന, വർഷാവർഷവും ഉപ്പുവെള്ളത്തിൽ കുതിർന്ന് ബലമില്ലാത്തതും ദ്രവിച്ചതുമായി മാറിയ കൂരകളിൽ നിസ്സഹായതയോടെ കഴിയുന്ന ദളിത് ക്രൈസ്തവ ജനത അവരുടെ ജീവിതദുരിതങ്ങൾ പരാതികളായി ഉന്നയിച്ചുതുടങ്ങിയിട്ട് കാലങ്ങളായി. ചെല്ലാനത്തെ തീരഗ്രാമങ്ങളെ കടൽ വിഴുങ്ങിത്തുടങ്ങിയപ്പോൾ കലാകാരൻ മാരുടെ ജീവിതത്തെപ്പോലെ ചവിട്ടുനാടകം എന്ന കലയും വെള്ളത്തിൽ മുങ്ങിത്തുടങ്ങി.
കടൽകയറ്റം കാരണം വീടും നാടും ഉപേക്ഷിച്ചു പോവേണ്ടി വന്ന, ചവിട്ടുനാടക നടനും മത്സ്യത്തൊഴിലാളിയുമായ ആന്റണിയെ പരിയപ്പെട്ടത് ഒരു റിഹേഴ്‌സലിനിടെ ആയിരുന്നു. അങ്ങനെ എത്രയെത്രയോ പേർ! ചെല്ലാനത്തെ മത്സ്യത്തൊഴിലാളിയായ ഡോൾഫിൻ ആശാൻ സംവിധാനം ചെയ്ത 'മായാവീരൻ' എന്ന ചവിട്ടുനാടകം തട്ടിൽ കയറാനായി രണ്ടുവർഷമാണ് കാത്തിരിക്കേണ്ടി വന്നത്. നാടകാവതരണത്തിനുള്ള പണം സ്വയം കണ്ടെത്താനുള്ള കാലതാമസവും പ്രതീക്ഷിക്കാതെ സംഭവിച്ച കടലാക്രമണങ്ങളായിരുന്നു മുഖ്യ തടസ്സങ്ങൾ. ഒരുദിവസം ക്യാമറയുമായി ചെന്നപ്പോൾ പതിവായി റിഹേഴ്‌സൽ നടക്കാറുള്ള പ്രദേശം മുഴുവനും വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരെല്ലാം അവശ്യസാധനങ്ങൾ പെറുക്കിയെടുത്ത് ദൂരെയുള്ള സ്‌കൂളിലാണ് അഭയം തേടിയത്. ഉപ്പുവെള്ളം കയറി വീടും വീട്ടുപകരണങ്ങളും നശിക്കുന്നതിനെ കുറിച്ചായിരുന്നു അവരുടെ സങ്കടം. ചവിട്ടുനാടകത്തിനുള്ള ഉടുപ്പുകൾ ആവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കാറുള്ള ജോസി എന്ന തയ്യൽക്കാരന്റെ വീട്ടിലേക്ക് ഒരിക്കൽ ചെന്നപ്പോൾ, അദ്ദേഹം വീടിനരികിലെ ചെറിയ മുറി തുറന്നുകാണിച്ചു. ഏറെ നാളുകളെടുത്ത് തുന്നിയുണ്ടാക്കിയ ചിത്രപ്പണികളുള്ള വസ്ത്രങ്ങളെല്ലാം ചെളിവെള്ളം കയറി നശിച്ചിരിക്കുന്നു. .
പണ്ട്, രാത്രിയിൽ പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ ദിവസങ്ങൾ നീണ്ട ചവിട്ടുനാടകങ്ങൾ കളിച്ച പലരും തീരദേശത്ത് ഇന്നും ജീവിച്ചിരിപ്പുണ്ട്. അവർക്ക് പറയാൻ ഒട്ടേറെ അനുഭവ കഥകളും. എന്നാൽ, ഗുരുക്കന്മാരിൽനിന്നോ പൂർവികരിൽനിന്നോ കൈമാറിക്കിട്ടിയ ചുവടി(ചവിട്ടുനാടകത്തിന്റെ കയ്യെഴുത്ത് രൂപം) പൊതുവേ ആരും കൈമാറുകയോ പകർപ്പെടുക്കുകയോ ചെയ്യാറില്ല. അതിനാൽ ഒരു നാടകത്തിന് ഒരു ചുവടി മാത്രമേ ഉണ്ടാവൂ. അത്തരം വിചിത്ര വിശ്വാസങ്ങളും ഇവർ പിന്തുടരുന്നു. എറെയും പഴയ തലമുറയിൽപ്പെട്ട മനുഷ്യരെയാണ് ആ യാത്രകളിൽ കണ്ടുമുട്ടിയത്. പ്രൊഫഷണൽ നാടകക്കാരെപ്പോലെ സ്വന്തമായി ട്രൂപ്പോ, ഉടമയോ ഇല്ലാത്ത, പള്ളിപ്പെരുന്നാള് പോലുള്ള പ്രദേശികോത്സവ വേദികൾ മാത്രം ലക്ഷ്യമാക്കിയുള്ള കൂട്ടായ്മകൾ മാത്രമാണ് അവരുടേത്. ചവിട്ട് നാടകത്തിൽനിന്ന് വരുമാനമില്ലെന്ന് മാത്രമല്ല ഏറെ പണച്ചെലവുണ്ടുതാനും! എന്നിട്ടും ആ കലയെ അത്രമേൽ സ്‌നേഹിക്കുന്ന, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മനുഷ്യർക്ക് ബാക്കിയാവുന്നത് യാതനകൾ മാത്രമാണ്. ഏത് നിമിഷവും നിലംപതിച്ചേക്കാവുന്ന അവരുടെ കുടിലുകളും ദുരിതം നിറഞ്ഞ ചുറ്റുപാടുകളും അതിന്റെ തെളിവുകളാണ്. അരങ്ങിൽ രാജാക്കൻമാരും രാജ്ഞിമാരും മറ്റുമാവുന്നവരുടെ യഥാർഥ ജീവിതം അഴുക്കിന് മീതെയാകുന്നത് എത്രമാത്രം വൈരുധ്യമാണ്!
ഒരിക്കൽ, ചെല്ലാനത്തെ ഒരു വീട്ടുമുറ്റത്ത് നടന്ന ചവിട്ടുനാടക റിഹേഴ്‌സലിന്റെ ചിത്രങ്ങൾ പകർത്തിയശേഷം റോഡരികിലെ ഒഴിഞ്ഞ വെയിറ്റിങ് ഷെഡിൽ ഇരിക്കുമ്പോൾ, കൂടെയുണ്ടായിരുന്ന വാച്ചൻ പതിവിലേറെ സംസാരിച്ചു. അരങ്ങേറാൻ പോവുന്ന നാടകത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചാണ് അദ്ദേഹം കൂടുതൽ വാചാലനായത്.
തന്റെ കറുത്തുമെലിഞ്ഞ ദേഹത്ത് രാജാവിന്റേയും മറ്റും വേഷമണിയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തെക്കുറിച്ചും കഥാപാത്രമായി മാറുമ്പോഴുള്ള ആനന്ദത്തെക്കുറിച്ചും വാച്ചൻ ഉള്ളുതുറന്നു. മുഖ്യധാരാ മലയാളി ജീവിതത്തിൽനിന്ന് എത്രമാത്രം അരികുവത്കരിക്കപ്പെട്ടവരാണ് ചവിട്ടുനാടകത്തെ ഇത്രമേൽ ചേർത്തുപിടിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു വാച്ചൻ. അടച്ചുറപ്പുള്ള വീട്ടിലേക്ക് കുടുംബത്തെ മാറ്റണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. നേരം മങ്ങിയ ശേഷമാണ് എനിക്കന്ന് തിരിച്ച് പോരാനായത്. മഹാമാരിയുടെ ഇരുണ്ട കാലത്തും അദ്ദേഹവുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ആ കാലം തെളിയുമെന്നും നാടകങ്ങളിനിയും അരങ്ങേറുമെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. എന്നാൽ, കുറച്ച് നാളുകൾക്ക് ശേഷം ചെല്ലാനത്തുനിന്ന് സിലോഷിന്റെ വിളി വന്നത് വാച്ചന്റെ മരണവിവരം അറിയിക്കാനായിരുന്നു.
വാച്ചന്റെ മരണം മാധ്യമങ്ങളിൽ ചെറിയ വാർത്തപോലുമായില്ല. ആ തീരദേശത്തുകൂടിയുള്ള യാത്രകൾക്കിടെ കണ്ടുമുട്ടിയതും പുറം ലോകമറിയാത്തതുമായ വലിയ കലാകാരന്മാരുടെ മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി. എത്രമാത്രം ഇരുണ്ട ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് കടുംവർണങ്ങളണിഞ്ഞ കുപ്പായമിട്ട് രാജാവും രാജ്ഞിയുമായി അവർ പകർന്നാടുന്നത്! ചവിട്ടുനാടകം അവർക്ക് തങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്നറിയിക്കാനുള്ള സമരം കൂടിയാണ്.
(മാര്‍ച്ച് 5 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)
Content Highlights: Life of chavittu nadaka artists in chellanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..