മൗലികാവകാശങ്ങളുടെ ഭാഗമായി ഭരണഘടന ഉറപ്പുനല്‍കുന്നതാണ് ലിംഗസമത്വം. എന്നാല്‍, ഭരണഘടന വിവക്ഷിക്കുന്ന ലിംഗസമത്വവും ലിംഗവിവേചനം തടയലും വേണ്ടത്ര ഉറപ്പാക്കുന്നവയല്ല ഇന്ത്യയില്‍ നിലവിലുള്ള വിവാഹനിയമങ്ങള്‍. പുരുഷനും സ്ത്രീക്കും വിവാഹം കഴിക്കാനുള്ള ചുരുങ്ങിയ പ്രായം നിയമങ്ങളില്‍ ഏകീകരിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഉന്നതവിദ്യാഭ്യാസം, തൊഴില്‍ലഭ്യത, മാനസിക പക്വതയാര്‍ജിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്ത്രീകള്‍ പലപ്പോഴും പിന്നിലാകുന്നു.

ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹപ്രായവും പുരുഷന്മാരുടേതുപോലെത്തന്നെ 21 വയസ്സാക്കാന്‍ നിയമഭേദഗതി മുന്നോട്ടുവെക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ ചിലതാണ് മേല്‍പ്പറഞ്ഞവ.

2006-ലെ ബാല വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ടാണ് സ്ത്രീകളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ ബില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയച്ചെങ്കിലും സര്‍ക്കാരിന്റെ നീക്കം രാജ്യവ്യാപക ചര്‍ച്ചയ്ക്കിടയാക്കി. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങളുയര്‍ന്നു.

Marriage

വിവാഹപ്രായ ഏകീകരണം എന്തിന്?

1929-ലെ ബാലവിവാഹം തടയല്‍ നിയമത്തിനുപകരം 2006-ല്‍ ബാലവിവാഹ നിരോധന നിയമം കൊണ്ടുവന്നെങ്കിലും ഈ ദുരാചാരം പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

ശാരീരികവും മാനസികവും പ്രത്യുത്പാദനപരവുമായ ആരോഗ്യം ഉള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറാതെ രാജ്യത്തിന് പുരോഗതി അവകാശപ്പെടാനാവില്ല. പുരുഷന്മാരെ അപേക്ഷിച്ച് ചുരുങ്ങിയ വിവാഹപ്രായം കുറവായതിനാല്‍ പലപ്പോഴും സ്ത്രീകള്‍ പിന്നാക്കം പോകുന്ന അവസ്ഥയുണ്ട്. സ്ത്രീകള്‍ക്ക് പുരുഷന്മാരെ കൂടുതലായി ആശ്രയിക്കേണ്ടതായും വരുന്നു. കൗമാരപ്രായത്തിലെ ഗര്‍ഭധാരണം ഒഴിവാക്കുക വഴി മാതൃമരണ നിരക്കും ശിശുമരണനിരക്കും പോഷകാഹാരക്കുറവുകൊണ്ടുള്ള പ്രശ്‌നങ്ങളും കുറയ്ക്കാനാകും.

ഈ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണം, ലിംഗസമത്വം, സ്ത്രീകളുടെ തൊഴില്‍പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഏകീകരിക്കുന്നതെന്ന് ബില്ലവതരിപ്പിച്ചുകൊണ്ട് വനിതാ, ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ പറഞ്ഞു. ബാലവിവാഹ നിരോധന നിയമം മതനിരപേക്ഷമാണെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭേദഗതികള്‍ ഇങ്ങനെ

ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം 21 ആക്കാനാണ് 2006-ലെ ബാലവിവാഹ നിരോധന നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നത്.

ബാലവിവാഹ നിരോധന നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 14 വകുപ്പുകളിലും വിവാഹം സംബന്ധിച്ച വിവിധ മത നിയമങ്ങളിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഭേദഗതി വരുത്തിയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നത്.

അതെങ്ങനെയെന്ന് നോക്കാം

ഒന്നാം വകുപ്പ്: ബാലവിവാഹ നിരോധ നിയമത്തിലെ ഒന്നാം വകുപ്പിലെ രണ്ടാം ഉപവകുപ്പില്‍ 'ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകം' എന്നുപറയുന്നുണ്ട്. ഇതിനൊപ്പം, രാജ്യത്തെ വിവിധ വിവാഹ നിയമങ്ങളില്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍പ്പോലും എന്ന വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഏതെല്ലാം നിയമങ്ങളാണെന്നും ബില്ലില്‍ പറയുന്നുണ്ട്. 1872-ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം, 1936-ലെ പാഴ്സി വിവാഹ, വിവാഹമോചന നിയമം, 1937-ലെ മുസ്ലിം വ്യക്തിനിയമം (ശരീയത്ത്), 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, 1955-ലെ ഹിന്ദു വിവാഹനിയമം, 1969-ലെ വിദേശ വിവാഹ നിയമം എന്നിവയോ വിവാഹം സംബന്ധിച്ച മറ്റേതെങ്കിലും ആചാരങ്ങളോ, നിയമങ്ങളോ എതിരാണെങ്കില്‍പ്പോലും എല്ലാ പൗരന്മാര്‍ക്കും നിയമഭേദഗതി ബാധകമാണെന്ന് ബില്ലില്‍ പറയുന്നു.

രണ്ടാം വകുപ്പ്: മുഖ്യ നിയമത്തില്‍ 'കുട്ടി' എന്നതിന് പുരുഷനാണെങ്കില്‍ 21 വയസ്സ് തികയാത്തതെന്നും സ്ത്രീയാണെങ്കില്‍ 18 വയസ്സ് തികയാത്തതെന്നുമാണ് പറയുന്നത്. ഇതില്‍ പുരുഷനായാലും സ്ത്രീയായാലും 21 വയസ്സ് തികഞ്ഞില്ലെങ്കില്‍ കുട്ടിയായി കണക്കാക്കുമെന്നാണ് ഭേദഗതി. മറ്റേതെങ്കിലും നിയമങ്ങളോ ആചാരങ്ങളോ ഇതിന് എതിരാണെങ്കില്‍പ്പോലും ഇത് ബാധകമാണെന്നും ഭേദഗതിയില്‍ പറയുന്നു.

മൂന്നാം വകുപ്പ്: ബാലവിവാഹം സംബന്ധിച്ച പരാതി നല്‍കുന്നത്, കുട്ടിക്ക് പ്രായപൂര്‍ത്തിയായി രണ്ടുവര്‍ഷത്തിനകം വേണമെന്നാണ് ഇതിലെ മൂന്നാം ഉപവകുപ്പില്‍ പറയുന്നത്. ഇത് അഞ്ച് വര്‍ഷമായി ഉയര്‍ത്താന്‍ ഭേദഗതിയില്‍ വ്യവസ്ഥചെയ്യുന്നു.

പതിന്നാലാം വകുപ്പ്: ബാലവിവാഹം സംബന്ധിച്ച കോടതിയുത്തരവുകള്‍ക്ക് വിരുദ്ധമായുള്ള ഇത്തരം വിവാഹങ്ങള്‍ അസാധുവായിരിക്കുമെന്ന് പറയുന്നതാണ് 14-ാം വകുപ്പ്. ഇതില്‍ 14എ എന്ന ഉപവകുപ്പുകൂടി കൂട്ടിച്ചേര്‍ക്കും. അതായത്, ഏതെങ്കിലും നിയമമോ ആചാരമോ അതിന് വിരുദ്ധമാണെങ്കില്‍പ്പോലും വ്യവസ്ഥ ബാധകമാണ് എന്നതാണ് കൂട്ടിച്ചേര്‍ക്കുന്നത്.

വിവാഹനിയമങ്ങളിലെ ഭേദഗതികൾ

• ക്രിസ്ത്യൻ വിവാഹ നിയമത്തിലെ 60-ാം വകുപ്പിനുശേഷം പുരുഷന്റെയും സ്ത്രീയുടെയും പ്രായം 21-ൽ കുറയരുത് എന്നുകൂടി ചേർക്കും. പാഴ്‌സി വിവാഹ, വിവാഹമോചന നിയമത്തിലെ മൂന്നാം വകുപ്പിൽ പതിനെട്ട് തികയാത്ത സ്ത്രീ എന്നത് ‘21 തികയാത്തത്’ എന്നാക്കും. ഇരുപത്തൊന്ന് വയസ്സ് തികയാത്തവരുടെ പിതാവിന്റെയോ രക്ഷിതാവിന്റെയോ ഒപ്പ് സംബന്ധിച്ച ഭാഗം ഒഴിവാക്കും.

• സ്പെഷ്യൽ മാര്യേജ് ആക്ടിലെ നാലാം വകുപ്പിലും ഹിന്ദു വിവാഹ നിയമത്തിലെ അഞ്ച്, 13 വകുപ്പുകളിലും പതിനെട്ട് വയസ്സ് എന്ന് പറയുന്നിടത്ത് 21 വയസ്സാക്കും.

• ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് നിയമത്തിലെ ആറാം വകുപ്പിൽ ആൺകുട്ടിയോ വിവാഹിതയല്ലാത്ത പെൺകുട്ടിയോ എന്ന് പറയുന്നതിനുപകരം നിയമപ്രകാരമുള്ള ആൺകുട്ടിയോ നിയമപ്രകാരമുള്ള പെൺകുട്ടിയോ എന്നാക്കും. മറ്റുചില വകുപ്പുകൾ ഒഴിവാക്കുകയും ചെയ്യും.

• ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് നിയമത്തിൽ, പ്രായപൂർത്തിയാവാത്തവർ അല്ലാത്ത എന്ന ഭാഗത്തിന് പകരം 21 വയസ്സ് എന്നാക്കും. വിദേശ വിവാഹ നിയമത്തിലെ നാലാം വകുപ്പിൽ 18 വയസ്സ് എന്നത് 21 ആക്കും.

മുസ്‌ലിം വ്യക്തിനിയമം

മുസ്‌ലിം വ്യക്തിനിയമത്തിൽ വിവാഹപ്രായം സംബന്ധിച്ച പ്രത്യേക വകുപ്പുകളോ ഉപവകുപ്പുകളോ ഇല്ല. മുസ്‌ലിം വിവാഹനിയമം ഏതെങ്കിലും നിയമനിർമാണ സഭ പാസാക്കിയതുമല്ല. മറിച്ച് മതനിയമമാണ്. അതുകൊണ്ടുതന്നെ, ബാലവിവാഹ നിരോധന നിയമത്തിന്റെ വകുപ്പുകളിൽ ഭേദഗതി വരുത്തുന്ന ബില്ലിലെ വിവാഹ നിയമങ്ങളുടെ പട്ടികയിൽ (ആറാം വകുപ്പിന്റെ അനുബന്ധ പട്ടിക) മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ച് പരാമർശമില്ല. എന്നാൽ, ബില്ലിലെ രണ്ട്, മൂന്ന്, അഞ്ച് വകുപ്പുകൾ വിവിധ മതനിയമങ്ങൾ ഉൾപ്പെടെ എല്ലാ നിയമങ്ങൾക്കും ബാധകമാണ് എന്നതുകൊണ്ടുതന്നെ മുസ്‌ലിം വ്യക്തിനിയമത്തിനും ബാധകമാണ്.

Content Highlights: legal aspects in marriage