ന്യൂഡൽഹി: കൊറോണയെത്തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതോടെ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍. താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പ്രാപ്യമാവാത്തതാണ് ഇതിനു വഴിവെക്കുന്നതെന്നും പഠനം പറയുന്നു.
കോവിഡ് ലോകത്താകമാനമുള്ള സ്ത്രീകളുടെ മേല്‍ ഉണ്ടാക്കിയ ആഘാതത്തെ കാണിക്കുന്നതാണ് കണക്കുകളെന്ന് യുഎന്‍എഫ്പിഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാലിയ കാനെം പറയുന്നു.
"ഈ മഹാമാരി അസമത്വം വര്‍ധിപ്പിക്കുകയാണ്. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാനാവാതെ ഉഴലുകയാണ്", കാനെംപറയുന്നു.
കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക മേഖലയില്‍ സംഭവിച്ച അപ്രഭ്രംശങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളിലും അവരുടെ ആരോഗ്യത്തിലും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചതെന്നും പഠനം വ്യക്തമാക്കുന്നു.
"114 താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിലായി 45 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആറ്മാസത്തെ ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അപ്രാപ്യമാക്കും. ഇത് 70 ലക്ഷം അധിക ഗര്‍ഭധാരണത്തിന് കാരണമാകുന്നു. ഈ ആറ് മാസത്തെ ലോക്കഡൗണ്‍ കാലയളവ് 3.1 കോടി ലിംഗാധിഷ്ടിത ആക്രമങ്ങള്‍ക്കും വഴിവെച്ചക്കോം", പഠനം പറയുന്നു.
ബാലവിവാഹം ചേലാകര്‍മ്മം എന്നിവക്കെതിരേയുള്ള പദ്ധതികള്‍ക്കും പോരാട്ടങ്ങള്‍ക്കും ലോക്കഡൗണ്‍ കാലതാമസമുണ്ടാക്കാനും അടുത്ത ദശകത്തില്‍ ചേലാകര്‍മ്മ കേസുകളില്‍ 20 ലക്ഷത്തിന്റെ വര്‍ധനവുണ്ടാകുമെന്നും പഠനം മുന്നറിയിപ്പു തരുന്നു .
ഈ പദ്ധതികളുടെ കാലതാമസം പത്ത് വര്‍ഷത്തിനകം ബാല വിവാഹങ്ങളുടെ എണ്ണത്തിലും 1.3കോടിയുടെ വര്‍ധനവുണ്ടാകും. ഓരോ മൂന്ന് മാസവും 1.5 കോടി പുതിയ കേസുകള്‍ എന്ന നിലയില്‍ 3.1കോടി ലിംഗാധിഷ്ടിത അക്രമങ്ങള്‍ പത്തു വര്‍ഷത്തിനകം വര്‍ധിക്കാനും പദ്ധതികളിലെ കാലതാമസമിടയാക്കുമെന്നും കണക്കുകള്‍ പറയുന്നു.
ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല, അവനിര്‍ ഹേല്‍ത്ത്, വിക്ടോറിയ സര്‍വ്വകലാശാല, എന്നിവരുടെ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഗുരുതരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാണിക്കുന്നത്.
content highlights: lack of contraceptives during COVID time could lead to 7 million unintended pregnancies days report