Representative image
1400 കുവൈത്ത് ദിനാര്‍. മൂന്നരലക്ഷത്തിലധികം രൂപ വരുമത്. തന്റെ ജീവിതത്തിന് ഏജന്റ് ഇട്ട വിലയാണിതെന്ന് കൊച്ചി സ്വദേശിയായ യുവതിക്ക് മനസ്സിലായിരുന്നില്ല. കുവൈത്തിലെ ഇടുങ്ങിയ ഏജന്‍സി ഓഫീസ്മുറിയില്‍ മജീദ് എന്നു വിളിപ്പേരുള്ള എം.കെ. ഗാസിലി വിദേശത്തെ ആവശ്യക്കാരന്റെ കൈയില്‍നിന്ന് പണം വാങ്ങുമ്പോള്‍ ആ തുകയുടെ മൂല്യംപോലും അവള്‍ക്കറിയില്ലായിരുന്നു. തന്റെ പ്രാരബ്ധങ്ങള്‍ക്ക് അവസാനംേതടിയെത്തിയിടത്തുനിന്ന് ഒരു പുതുജീവിതമായിരുന്നു അവള് സ്വപ്നംകണ്ടത്. ഉള്ളിലുയര്‍ന്ന പേടി, ആത്മവിശ്വാസംകൊണ്ട് മറച്ചുവെച്ച് എല്ലാം തന്റെ സംശയംമാത്രമെന്ന് അവളുടെ മനസ്സുപറഞ്ഞു. ധൈര്യം സംഭരിച്ച് അവള് നിന്നു.
''ഇവിടെ വീട്ടിലാണ് ജോലി. കുട്ടികളെ നോക്കിയാല്മാത്രംമതി. ഭക്ഷണമുണ്ടാക്കാനും മറ്റുപണിക്കുമെല്ലാം ജോലിക്കാരുണ്ട്. ഒന്നുകൊണ്ടും പേടിക്കേണ്ട. നിന്റെ സംരക്ഷണച്ചുമതല എന്റെ കൈയിലാണ്. ധൈര്യമായി പൊയ്ക്കൊള്ളൂ'' സൗമ്യമായ ഭാഷയില്‍ മജീദ് പറഞ്ഞു.
ഇനി അവളുടെ വാക്കുകളിലേക്ക്: 'ജോലിക്കായി തന്നെ കൂട്ടിക്കൊണ്ടുപോയ ആളുടെ വീട്ടിലെത്തിയപ്പോള്‍ സമയം രാത്രിയായി. അപ്പോള്‍മുതല്‍ ജോലി തുടങ്ങി. പിറ്റേന്നു രാവിലെ ആറുമുതല്‍ രാത്രി 12 വരെ നിര്‍ത്താതെ ജോലി. ഭക്ഷണമായി കുബ്ബൂസും കട്ടന്‍ചായയും മാത്രം. ആരോഗ്യം ക്ഷയിച്ച് എഴുന്നേല്ക്കാന് വയ്യാതെയായി. കിടക്കുന്നതുകണ്ട് വീട്ടുകാരി എഴുന്നേല്‍പ്പിക്കാന്‍ ദേഹത്ത് വെള്ളമൊഴിച്ചു. അതോടെ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയെത്തി. എങ്ങനെയും രക്ഷപ്പെടണം. രഹസ്യമായി ഫോണ്‍ ഉപയോഗിച്ച് ഇവര്‍ കുടുംബത്തെ വിവരമറിയിച്ചു. ഒടുവില്‍ കുവൈത്തിലെ മലയാളികളുള്‍പ്പെടുന്ന സന്നദ്ധസംഘടനവഴി മോചനത്തിന് വഴിതെളിഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും വിവിധ ഏജന്‍സികളും പോലീസും സഹായവുമായി ഒപ്പംനിന്നു.'
നിന്റെ ഭാര്യ എന്റെ കസ്റ്റഡിയില്‍...
''നിന്റെ ഭാര്യ ഇപ്പോള്‍ എന്റെ കസ്റ്റഡിയിലാണ്. പത്തുവര്‍ഷംവരെ പുറംലോകം കാണാത്ത സ്ഥലത്തുകൊണ്ടുചെന്നാക്കും. നിനക്കൊന്നും ചെയ്യാന്പറ്റില്ല. 3.5 ലക്ഷം രൂപ തരാതെ ഇവളെ ഇവിടെനിന്ന് തിരിച്ചുവിടില്ല'' യുവതിയുടെ ദുരിതകഥകേട്ട് ഏജന്റ് മജീദിനെ വിളിച്ചപ്പോള്‍ കൊച്ചിയിലുള്ള ഭര്‍ത്താവിനു ലഭിച്ച മറുപടി. ഭര്‍ത്താവ് പൊട്ടിക്കരഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അഭിഭാഷകന്റെ ഓഫീസ്മുറിയില്വെച്ച് ഭാര്യയെ നാട്ടിലേക്ക് കയറ്റിവിടണമെന്നാവശ്യപ്പെട്ടു വിളിച്ചപ്പോഴായിരുന്നു ഈ മറുപടി.
പരസ്യമായ വിലപേശല്‍
കുവൈത്തില്‍ ഏജന്റിന്റെ ഓഫീസിലേക്ക് രാവിലെമുതല്‍ വീട്ടുജോലിക്ക് ആളെ ആവശ്യമുള്ളവര്‍ എത്തിത്തുടങ്ങും. രാവിലെത്തന്നെ ഏജന്റ് തന്റെ രഹസ്യകേന്ദ്രത്തില്‍നിന്ന് സ്ത്രീകളെ ഓഫീസിലെത്തിക്കും. വന്നും പോയും നില്ക്കുന്ന ആവശ്യക്കാരുടെ മുന്നിലേക്ക് സ്ത്രീകളെ നിരത്തിനിര്‍ത്തും. പിന്നെ പരസ്യമായ വിലപേശലാണ്. ഭാഷ വശമില്ലാത്തതിനാല്‍ ഇവര്‍ പറയുന്നത് സ്ത്രീകള്‍ക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍, ഏജന്റുമാരുടെ സംഘത്തിലെ മലയാളികളുടെ സംഭാഷണങ്ങളില്‍നിന്നു ചര്‍ച്ചയുടെ പൊരുള്‍ സ്ത്രീകള്‍ക്ക് മനസ്സിലായി. പണത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് പലരും തിരിച്ചുപോകാന്‍ കാരണം. കുരുക്കില്പ്പെട്ടതറിഞ്ഞപ്പോള് മുതല്‍ രക്ഷപ്പെട്ടാല്‍ മതിയെന്ന ആഗ്രഹം മാത്രമായിരുന്നു.
അക്കരപ്പച്ച തേടി...
ഏതുവിധേനയും വിദേശത്തെത്താന്‍ വഴികള്‍ തേടുന്നവരുടെ എണ്ണം കൂടിവരുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും എന്തിനേറെ ശ്രീലങ്കയില്‍നിന്നും കേരളം വഴി അനധികൃതമായി വിദേശത്തേക്ക് കയറിപ്പോയവരും പോകാന്ശ്രമിച്ചവരും ഒട്ടേറെ.
• 2019 ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ടുജെട്ടിയില്‍നിന്ന് ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം 87 പേര് വിദേശത്തേക്കു കടന്നു. ഇന്ത്യയിലെയും വിദേശത്തെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഈ സംഘം എവിടേക്കാണ് പോയതെന്നോ എന്തു സംഭവിച്ചെന്നോ കണ്ടെത്തിയിട്ടില്ല. കുറഞ്ഞനിരക്കില്‍ ബോട്ടില്‍ ന്യൂസീലന്‍ഡിലും ഓസ്ട്രേലിയയിലും എത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് ഡല്‍ഹി സ്വദേശികള്‍, തമിഴ് വംശജര്‍, ശ്രീലങ്കന്‍ പൗരന്മാര് എന്നിവരുള്‍പ്പെടുന്ന സംഘത്തെ മുനമ്പത്തുനിന്നു കടത്തുകയായിരുന്നു.
• വിമാനത്താവളം വഴി 15ലധികം തമിഴ്, ആന്ധ്ര സ്ത്രീകളെ വിദേശത്തേക്ക് കയറ്റിയയക്കാന്‍ ഒരു ഏജന്‍സി ശ്രമിച്ചത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയില്‍. ആലുവയിലെ ലോഡ്ജുകളില്‍ ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള സ്ത്രീകളെ പാര്‍പ്പിച്ച് അവിടെനിന്ന് വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് കയറ്റിയയക്കാനായിരുന്നു നീക്കം. സ്ത്രീകള്‍ സംഘമായിവന്നത് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കി. പലരും എഴുത്തും വായനയും അറിയാത്തവരായിരുന്നു.
• മസ്കറ്റിലേക്ക് അനധികൃതമായി കൊണ്ടുപോകാന്‍ എത്തിച്ച 12 സ്ത്രീകളെ നെടുമ്പാശ്ശേരിയില്‍ പിടികൂടുന്നത് മേയ് ആദ്യവാരമാണ്.
സംഘമായിവന്നതിനാലാണ് വിമാനത്താവള അധികൃതര്‍ക്ക് സംശയംതോന്നിയത്. യാത്രാരേഖകള്‍ ശരിയായിരുന്നുമില്ല. എവിടെ, എന്തിനു പോകുന്നുവെന്നതിന് ഇവര്‍ക്ക് വ്യക്തമായ മറുപടിയുമുണ്ടായിരുന്നില്ല. എന്നാല്‍, കൊച്ചിയില്‍നടന്ന മനുഷ്യക്കടത്ത് ഓരോ സ്ത്രീയെ വീതം പല സമയങ്ങളിലായി വിദേശത്ത് ഒരേ കേന്ദ്രത്തിലെത്തിച്ചുകൊണ്ടായിരുന്നു.
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..