കുറച്ചുകാണരുത് ഈ അധ്വാനസേനയെ; പ്രളയകാലത്തും മഹാമാരിക്കാലത്തും താങ്ങായി നിന്ന കുടുംബശ്രീ


ജെ. ദേവിക

2 min read
Read later
Print
Share

Photo: Santhosh kk/ Mathrubhumi archives

സ്വന്തം നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത പലതിനെയും പാടേ മറന്നുപോകുന്ന ശീലം മനുഷ്യര്‍ക്കുണ്ട്. നിത്യവും ഉപയോഗിക്കുന്ന, നമ്മുടെ ജീവിതത്തെ അനായാസമാക്കുന്ന പല വസ്തുക്കളെയും നാം പലപ്പോഴും കാണാറുപോലുമില്ല. പലയളവില്‍ ഭാരം കയറ്റിവെക്കുന്ന മേശയോ കസേരയോ കട്ടിലോ രണ്ടാമതൊരു നോട്ടം അര്‍ഹിക്കുന്നതായി നാം വിചാരിക്കാറില്ല. ഈ മനോഭാവം പ്രശ്‌നകരമാണെന്ന് പറയാനും വയ്യ. കാരണം, ഇവയൊന്നും ജീവനുള്ളവയല്ല. മേശയുടെമേല്‍ അധികഭാരം കയറ്റിവെക്കുന്നതുമൂലം അത് ഒടിഞ്ഞുപോയേക്കാം, അതുകൊണ്ട് നഷ്ടമുണ്ടായേക്കാം. പക്ഷേ, അതില്‍ ഒരു ധാര്‍മികപ്രശ്‌നം അധികപക്ഷവും ഉണ്ടാകാന്‍ സാധ്യതയില്ല.

മാറണ്ടേ മനോഭാവം

മലയാളിസമൂഹത്തിന്റെ മുഖ്യധാര കുടുംബശ്രീയോട് പലപ്പോഴും കാണിക്കുന്ന മനോഭാവത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പറഞ്ഞ മേശയെയോ കസേരയെയോ ആണ് ഓര്‍മവരുന്നത്. എത്രഭാരം വേണമെങ്കിലും സര്‍ക്കാരുകള്‍ക്ക് കയറ്റിവെക്കാവുന്ന സാധനം. വികസനമുറിയിലെ ജനക്ഷേമസോഫ. എന്നാല്‍, കുടുംബശ്രീയുടെ തുടക്കം അങ്ങനെയായിരുന്നില്ലെന്ന് കരുതാനാണ് എനിക്കിഷ്ടം. നവലിബറല്‍ പ്രത്യയശാസ്ത്രം ലോകംമുഴുവനും വീശിയടിക്കുകയും സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സോഷ്യലിസ്റ്റ് പ്രതീക്ഷകള്‍ മങ്ങുകയുംചെയ്ത കാലത്ത് നവലിബറലിസത്തെ പാതിവഴിക്ക് നേരിടാന്‍ അല്ലെങ്കില്‍ പാതിവഴിക്ക് സ്വീകരിക്കാന്‍ കേരളത്തിലെ ഇടതുപക്ഷം നടത്തിയ ശ്രമങ്ങളിലെ പ്രധാനപ്പെട്ട ഒരു പരീക്ഷണമായിരുന്നു കുടുംബശ്രീ.

കുടുംബശ്രീയെ വളര്‍ത്തുന്നതില്‍ പങ്കുചേര്‍ന്ന ചില ആദ്യകാല ഉദ്യോഗസ്ഥര്‍ കരുതിയതുപോലെ പ്രത്യേക കുടുംബങ്ങളുടെ ഐശ്വര്യവര്‍ധനയെ സ്ത്രീശാക്തീകരണത്തോട് ചേര്‍ത്ത് ഒരുവെടികൊണ്ട് രണ്ടുപക്ഷിയെ വീഴ്ത്താനുള്ള ലൊടുക്കുവിദ്യ മാത്രമായിരുന്നില്ല അത്. അഥവാ, ഇതിലധികം സാധ്യതകള്‍ ആ പരിശ്രമത്തിനുണ്ടായിരുന്നു. ഈ ആദ്യകാല ഉദ്യോഗസ്ഥരുടെ വീക്ഷണത്തെ സംശയത്തോടുകൂടി മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്ന് കരുതിയവരുടെ വശം ശരിതന്നെയായിരുന്നു. കാരണം, ഈ ശാക്തീകരണം സ്ത്രീകളില്‍നിന്ന് അമിതാധ്വാനമെന്ന അധിക കൂലി പിടിച്ചുവാങ്ങി. വീട്ടിലെ നിലയ്ക്കാത്ത അധ്വാനത്തിനുപുറമേ സ്വയംതൊഴിലിലേര്‍പ്പെടുകയും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൂലിയില്ലാപ്പടയായി പ്രവര്‍ത്തിക്കുകയുംചെയ്യാന്‍ സ്ത്രീകള്‍ തയ്യാറായി പലപ്പോഴും തങ്ങളുടെ ഇടുങ്ങിയ പരിസരങ്ങളില്‍നിന്ന് മോചിതരാകാന്‍.

എന്നാല്‍, സ്ത്രീകളുടെ ഈ കൂട്ടായ്മകള്‍ക്ക് കേരളവികസനത്തിന്റെ സിവില്‍സമൂഹമായിത്തന്നെ മാറാനുള്ള സാധ്യതയുണ്ടെന്ന് ക്രമേണ തെളിഞ്ഞു. വികസനവിഭവങ്ങളുടെ വിതരണത്തെ സര്‍ക്കാരുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍നിന്ന് കുറേയേറെ മാറ്റി സ്ത്രീസംഘങ്ങളെ ഏല്‍പ്പിക്കുന്നതിലൂടെയും തദ്ദേശതലത്തില്‍ ഫെഡറേറ്റുചെയ്ത കൂട്ടായ്മകള്‍ തിര?െഞ്ഞടുക്കപ്പെട്ട തദ്ദേശഭരണസമിതിക്ക് മുകളിലോ താഴെയോ അല്ലാതെ, തുല്യമായനിലയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കപ്പെട്ടതിലൂടെയുമാണ് ആ സാധ്യത തെളിഞ്ഞുവന്നത്.

പരിമിതമായ രീതിയിലാണെങ്കിലും കുടുംബശ്രീ ഘടനയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ സ്ത്രീകളുടെ ആത്മവിശ്വാസത്തെ വളര്‍ത്തി. പഞ്ചായത്ത്തല ജനക്ഷേമവിഭവങ്ങളുടെ വിതരണത്തെപ്പറ്റി അവര്‍ ആര്‍ജിച്ച അറിവ് അവര്‍ക്ക് ജനപ്രീതി നേടിക്കൊടുത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ അവരെത്തേടി രാഷ്ട്രീയപ്പാര്‍ട്ടികളെത്തി. അങ്ങനെ നവലിബറല്‍ വ്യവസ്ഥയ്ക്കുള്ളില്‍ വിപണിയില്‍ പ്രവേശിച്ച് സ്വയംതൊഴില്‍ചെയ്ത് സ്വന്തം കുടുംബത്തിന്റെ ക്ഷേമം സ്വയം ഉറപ്പാക്കുന്ന നല്ലകുട്ടിവനിതകളോടൊപ്പം തദ്ദേശതലത്തിലെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അധികാരംതേടാന്‍ മടിക്കാത്ത സ്ത്രീകളെ കുടുംബശ്രീ സൃഷ്ടിക്കുകയുണ്ടായി.

അധ്വാനത്തെ മാനിക്കണം

ഇത് കേരളത്തിലെ ലിംഗാധികാര വടംവലികളില്‍ നിശ്ശബ്ദമെങ്കിലും നിര്‍ണായകമായ മാറ്റംവരുത്തുന്നുമുണ്ട്. ഇതോടെ സ്ത്രീവിമോചനം പൂര്‍ണമായി എന്നല്ല പറയുന്നത് വ്യവസ്ഥയ്ക്കുള്ളിലെ നല്ലതും ചീത്തയുമായ അധികാരം കൈയാളാന്‍ മടിയില്ലാത്ത, അത് തങ്ങളുടെയും ­അവകാശമായി കരുതാന്‍ മടിയില്ലാത്ത വനിതകളുടെ ഒരു തലമുറയുണ്ടായി എന്നുമാത്രമേ അവകാശപ്പെടുന്നുള്ളൂ. ഒരു ലിബറല്‍ രാഷ്ട്രീയചട്ടക്കൂടിന്റെ പ്രധാനപ്പെട്ട സാധ്യതകളില്‍ ഒന്നത്രേ ഇത്, പരിമിതമെങ്കിലും പ്രധാനമായ പിതൃമേധാവിത്വവിരുദ്ധഫലങ്ങളുളവാക്കുന്നത്.

ഈ സാധ്യതയ്ക്ക് പക്ഷേ, 2010കളിലും ഇപ്പോഴും എന്താണു സംഭവിക്കുന്നതെന്ന് സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. തദ്ദേശതലത്തില്‍നിന്ന് ജനക്ഷേമോന്മുഖമായ ഭരണത്തില്‍ പരിചയംനേടിയ സ്ത്രീകള്‍ കേരളരാഷ്ട്രീയത്തില്‍ ഉയര്‍ന്നുപൊങ്ങുമെന്ന പ്രതീക്ഷ ഇന്ന് ഏറക്കുറെ അസ്തമിച്ചിരിക്കുന്നു. ഈ തലത്തില്‍നിന്ന് ഉയര്‍ന്നുവന്നവരായ പ്രമുഖരാഷ്ട്രീയവനിതകള്‍ തീര്‍ച്ചയായുമുണ്ട്, പക്ഷേ, അവരധികവും ഉയര്‍ന്നത് ഭരണമികവിന്റെ പേരിലല്ല.

തദ്ദേശതല വികസനത്തെ രൂപപ്പെടുത്തുന്ന നിര്‍ണായകവും സ്വതന്ത്രവുമായ സിവില്‍സമൂഹശക്തിയായി കുടുംബശ്രീ മാറിയിട്ടില്ല. മറിച്ച്, ആ സാധ്യത അകന്നകന്നുപോകുന്ന ലക്ഷണങ്ങളാണ് കാണാനുള്ളത്.

പ്രളയകാലത്തും മഹാമാരിക്കാലത്തും സര്‍ക്കാരിന് വിലകുറച്ചുകിട്ടിയ അധ്വാനസേനയായിരുന്നു കുടുംബശ്രീ വനിതകള്‍. ഇന്ന് കുടുംബശ്രീ കൂടാതെ കേരളത്തിന് നിലനില്‍ക്കാനാവില്ല എന്നതാണ് സത്യം. ആ സത്യത്തെ അംഗീകരിക്കാനും കുടുംബശ്രീ വനിതകളുടെ അധ്വാനത്തെ വേണ്ടത്ര മാനിക്കാനും അവരെ കൂടുതല്‍ക്കൂടുതല്‍ കേള്‍ക്കാനും ഭരണകൂടം തയ്യാറാകണം കുറഞ്ഞപക്ഷം.


Content Highlights: Kudumbashree celebrating silver jublilee

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Lorry
Premium

8 min

ജലം കൊണ്ട് മുറിവേറ്റ കന്നഡിഗര്‍; കാവേരിയില്‍ വീണ്ടും സമരകാഹളം ഉയരുമ്പോള്‍

Sep 26, 2023


lesbian couple Afeefa and Sumayya
Premium

6 min

മരുന്നുകൾ, ഇഞ്ചക്ഷനുകൾ, പീഡനങ്ങൾ; ദുരിതക്കയം താണ്ടി ലെസ്ബിയൻ പ്രണയിനികൾ

Jul 20, 2023


1
Premium

3 min

കൗമാരം കടക്കുംമുമ്പേ തുടങ്ങുന്ന മദ്യപാനവും പുകയില ചവയ്ക്കലും, ഗോത്രം ലഹരിച്ചുഴിയിൽ/ Part 3

Jan 9, 2023


Most Commented