ആലുവ: യു.സി. കോളേജിലെ ക്യാമ്പില്‍ കഴിയുന്നവരില്‍ പൂര്‍ണഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും. പൂര്‍ണ ഗര്‍ഭിണികളായ 20-ലേറെ പേര്‍ ക്യാമ്പിലുണ്ടെന്നാണ് വൊളന്റിയര്‍മാര്‍ നല്‍കിയ വിവരം. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരുടെ എണ്ണം അമ്പതിലേറെ വരും. ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും പരമാവധി ശ്രദ്ധയും പരിരക്ഷയും നല്‍കാന്‍ വൊളന്റിയര്‍മാര്‍ ശ്രമിക്കുന്നുണ്ട്.

കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെ പ്രത്യേകം ബ്ലോക്കില്‍ താമസിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ക്യാമ്പില്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ബേബി ഫുഡിന്റെ അപര്യാപ്തതയുണ്ടെന്ന് ക്യാമ്പിന്റെ ചുമതല വഹിക്കുന്ന ഷഹബാസ് പറയുന്നു. ഇത് ലഭ്യമാക്കാനാകുമോയെന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്. ഗര്‍ഭിണികളുടെയും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരുടെയും ആരോഗ്യസ്ഥിതി ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞദിവസം പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഹെലികോപ്റ്റര്‍ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. നാവികസേന ആശുപത്രിയില്‍ പ്രവേശിച്ച ഉടന്‍തന്നെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ മനക്കരുത്തും രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ പൂര്‍ണഗര്‍ഭിണികള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ ഒരുപക്ഷേ ക്യാമ്പുകളിലും പ്രസവമെടുക്കേണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ ഗര്‍ഭിണികളുടെ ആരോഗ്യം സംബന്ധിച്ചും, പ്രസവം എടുക്കേണ്ട സാഹചര്യത്തിലും എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ നിര്‍ദേശങ്ങള്‍ക്കായി ഈ നമ്പറില്‍ വിളിക്കാം- 8547654608.(നമ്പര്‍ ദുരുപയോഗം ചെയ്യരുത്)

മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായവര്‍ക്ക് പകര്‍വ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. പ്രളയമേഖലകളില്‍ വെള്ളം ഇറങ്ങുന്നതോടെ പകര്‍ച്ചവ്യാധി ഭീഷണിയും വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും പ്രളയബാധിത മേഖലയിലുള്ളവരും ജാഗ്രത പുലര്‍ത്തണം. എന്തെങ്കിലും ശാരീരികാസ്വാസ്ഥ്യമുള്ളവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.