പ്രളയക്കെടുതിയില്‍ അകപ്പെട്ട ആയിരക്കണക്കിന് പേരാണ് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

* സ്വന്തം ഭക്ഷണം, വസ്ത്രം, സൗകര്യം, മരുന്ന് എന്ന ചിന്തകള്‍ക്കപ്പുറം ആ ക്യാമ്പിലെ പൊതു സമൂഹത്തിന്റെ ആവശ്യമെന്ന ഏകബോധം ഉണ്ടാകണം. ഇല്ലെങ്കില്‍ വേവലാതികളുണ്ടാകും. തര്‍ക്കങ്ങളുണ്ടാകും. ക്യാമ്പില്‍ അര്‍ഥവത്തായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രതിബന്ധങ്ങളുണ്ടാകും. പ്രളയ കാലത്തു പരസ്പരം സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള കൂട്ടു കെട്ടായി ക്യാമ്പിനെ രൂപപ്പെടുത്തണം.

* ഭക്ഷണത്തിന്റെ ലഭ്യത കുറയുകയാണെങ്കില്‍ മുന്‍ഗണന നിശ്ചയിക്കണം. കുട്ടികള്‍, പ്രായമായവര്‍, പ്രമേഹ രോഗികള്‍, സ്ത്രീകള്‍-ഇവരൊക്കെ ആദ്യം കഴിക്കട്ടെ. നമ്മുടെ സാഹചര്യത്തില്‍ ഭക്ഷണം തീര്‍ച്ചയായുമെത്തും.
ക്യാമ്പില്‍ ആര്‍ക്കെങ്കിലും പരിചരണം വേണ്ട രോഗമുണ്ടായാല്‍ അതിനുള്ള വൈഭവമുള്ളവര്‍ സഹായികളാകണം. പകരുന്ന രോഗമാണെങ്കില്‍ മറ്റൊരിടത്തേക്ക് മാറ്റും വരെ വേറിട്ട് പാര്‍പ്പിക്കണം.

* ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ ഏക മനസ്സോടെ പ്രവര്‍ത്തിക്കണം.

* ദുരന്തത്തിന്റെ മാനസിക വിഹ്വലതകള്‍ കൂടുതലായുള്ളവരെ സമാശ്വസിപ്പിക്കാന്‍ കഴിവുള്ളവര്‍ അതു ചെയ്യണം. തുല്യദുഃഖത്തിലൂടെ കടന്നുപോകുന്ന ഒരാളുടെ ശാന്തമായ കേള്‍ക്കലും പിന്തുണയുമാണ്  ദുരിതാശ്വാസ ക്യാമ്പുകളിലെ മനസ്സിന്റെ പ്രഥമ ശുശ്രൂഷ. പ്രളയ കെടുതിയിലെ നഷ്ടങ്ങളില്‍ മനം മടുത്ത് ആത്മവീര്യം പൂര്‍ണമായി ചോര്‍ന്നു പോകാതിരിക്കാനുള്ള പരസ്പര സഹായ സംവിധാനങ്ങള്‍ ക്യാമ്പില്‍ ഉണ്ടാകണം. അനിശ്ചിത ബോധത്തില്‍ ഇത് തുണയാകും. പുനരധിവാസത്തിനായുള്ള പ്രയത്‌നങ്ങളില്‍ ഈ കൂട്ടായ്മ ഉപകരിക്കും.

* മുതിര്‍ന്നവര്‍ക്കുപോലും ഉള്‍ക്കൊള്ളാനാകാത്ത ദുരന്തമാണിത്. കുട്ടികള്‍ ഉത്കണ്ഠയുടെ പിടിയിലാകാന്‍ സാധ്യതയുണ്ട്. അവരെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവരും വല്ലാതെ ഉലഞ്ഞു പോകാനിടയുണ്ട്. അവര്‍ക്കും വേണം പ്രത്യേക പരിഗണന.

* പുറത്ത് വലിയൊരു സമൂഹം ഭക്ഷണവും മരുന്നും വസ്ത്രവുമൊക്കെ എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായി അധ്വാനിക്കുന്നുവെന്ന വസ്തുത പ്രത്യാശയുടെ കിരണം കെട്ടു പോകാതിരിക്കാനുള്ള സാക്ഷ്യമായി സൂക്ഷിക്കുക. ക്യാമ്പില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ ആത്മധൈര്യം നില നിര്‍ത്തണം. നല്ല വാക്കുകളാണ് അവരുടെ ഊര്‍ജം.

* ദുരിത നാളുകളിലെ ക്യാമ്പ് ജീവിതത്തില്‍ പോരായ്മകള്‍ സ്വാഭാവികം. മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ പൊതുവില്‍ എല്ലാവരിലും  ഉത്കണ്ഠ ഉളവാക്കാത്ത വിധത്തില്‍ അതുപരിഹരിക്കാന്‍ വേണ്ട ശബ്ദം ഉയര്‍ത്താം. പരിഹാരം തേടാം. ആകുലത ഉള്ളവരുടെ കൂട്ടത്തില്‍ ആധിയുടെ കല്ലു വീണാല്‍ അത് വേവലാതിയുടെ വലിയ തിരമാലകള്‍ ഉയര്‍ത്തിയേക്കാം. അത് ഒഴിവാക്കണം.

* ദുരിതാശ്വാസ ക്യാമ്പ് ജീവിതം അവസാനിപ്പിച്ചു  മടങ്ങുന്ന നാള്‍ വിദൂരമാകില്ല. മനസ്സും ആരോഗ്യവും തളരാതെ തുടര്‍ ജീവിതത്തിലേക്ക് തിരിച്ചു  വരാനുള്ള ശക്തി എല്ലാവരിലും ഉണ്ട്.

ഡോ.സി.ജെ. ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍