വെള്ളം ചേർക്കപ്പെടുന്ന നിയമങ്ങളോട് വെള്ളം പകരം വീട്ടുമ്പോൾ


സ്വന്തം ലേഖിക

ബീഹാറും ഒഡീഷയും മാത്രമാണ് ഫ്‌ളഡ് ഇനന്‍ഡേഷന്‍ മാപ്പുകള്‍ തയ്യാറാക്കിയ രണ്ട് സംസ്ഥാനങ്ങള്‍ എന്നാണ് 2017ലെ കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നത്.

2025ഓടുകൂടി ബെംഗളൂരു നഗരം വാസയോഗ്യമല്ലാത്ത ഇന്ത്യയിലെ നഗരങ്ങളിലൊന്നായി മാറുമെന്ന് കഴിഞ്ഞ വർഷമാണ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തത്.വിദഗ്ധ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ആ വിലയിരുത്തൽ. ഇതേ ബെംഗളൂരുവിന്റെ വികസനത്തെ ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽ വികസനം വരുന്നില്ല എന്ന് രാഷ്ട്രീയക്കാരും മധ്യവർഗ്ഗവും കഴിഞ്ഞ ഏതാനും വർഷം മുമ്പ് വരെ പരിതപിച്ചത്. പരിസ്ഥിതി ഭീകരവാദികൾ കേരളത്തിൽ വികസനം കൊണ്ടു വരുന്നതിന് തടസ്സമാകുന്നുവെന്നും അവർ കുറ്റപ്പെടുത്തി.ഇതിന്റെ തുടർച്ചയെന്നോണമാണ് പരിസ്ഥിതി തീവ്രവാദം അനുവദിക്കില്ലെന്ന് ഇടയ്ക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചത്. എന്നാൽ പ്രളയക്കെടുതിയിൽ കേരളം മുങ്ങുമ്പോൾ ചില ആത്മ പരിശോധന ഈ പറഞ്ഞവരെല്ലാം നടത്തേണ്ടതുണ്ട്.

കേരളം അഭിമുഖീകരിക്കേണ്ട ചില വസ്തുതകളും തിരുത്തേണ്ട മനോഭാവങ്ങളും നടപ്പിലാക്കേണ്ട സുസ്ഥിരമായ ആസൂത്രണങ്ങളിലേക്കുമാണ് 2017ലെ കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.

32.9കോടി ഹെക്ടര്‍ വരുന്ന ഇന്ത്യയുടെ ആകെ വിസ്തൃതിയില്‍ 4.564 കോടി ഹെക്ടര്‍ സ്ഥലം വെള്ളപ്പൊക്ക സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രദേശമാണ്. വെള്ളപ്പൊക്കം എന്നത് ഇടക്കിടെ സംഭവിക്കാന്‍ സാധ്യതയുള്ള പ്രതിഭാസമായതുകൊണ്ട് തന്നെ 4.56കോടി ഹെക്ടര്‍ മേഖലയിലെ മനുഷ്യര്‍ക്കും അവരുടെ വാസസ്ഥലങ്ങള്‍ക്കും സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും വലിയ നഷ്ടമാണ് ഓരോ വെള്ളപ്പൊക്കവും വരുത്തി വെക്കുന്നത്. ഫ്‌ളഡ് കണ്‍ട്രോള്‍ മാനേജ്‌മെന്റ് 2006ല്‍ നടത്തിയ പഠന പ്രകാരം പ്രതിവര്‍ഷം 7.55മില്യണ്‍ ഹെക്ടര്‍ സ്ഥലത്തെയാണ് വെള്ളപ്പൊക്കം ബാധിക്കുന്നത്. 1560ഓളം ജീവനുകളും പ്രതിവര്‍ഷം ശരാശരി നഷ്ടപ്പെടുന്നുമുണ്ട്. കെട്ടിടങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും വീടുകള്‍ക്കും ഉണ്ടാകുന്ന കേടുപാടുകളും വിള നഷ്ടവുമെല്ലാം കണക്കുകൂട്ടുമ്പോള്‍ പ്രതിവര്‍ഷം 1805കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്.

ബീഹാറും ഒഡീഷയും മാത്രമാണ് ഫ്‌ളഡ് ഇനന്‍ഡേഷന്‍ മാപ്പുകള്‍ തയ്യാറാക്കിയ രണ്ട് സംസ്ഥാനങ്ങള്‍ എന്നാണ് 2017ലെ കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നത്.അതായത് കേരളം ഉള്‍പ്പെടെ ഒരു സംസ്ഥാനത്തും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളുടെ ശാസ്ത്രീയ അവലോകനം (എവിടെയൊക്കെ വെള്ളം കയറുമെന്ന പഠനം)നടത്തുന്ന ഫ്‌ള്ഡ് ഇനന്‍ഡേഷന്‍ മാപ്പ് തയ്യാറാക്കിയിട്ടില്ല എന്ന് സാരം .

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഫ്‌ളഡ് മാനേജ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ 175ഓളം വരുന്ന വെള്ളപ്പൊക്ക നിരീക്ഷണ(ഫ്‌ലഡ് ഫോര്‍കാസ്റ്റിങ്)കേന്ദ്രങ്ങളുള്ളതില്‍ കേരളത്തിന് അവകാശപ്പെടാന്‍ പേരിനൊന്നു പോലുമില്ല. 61 ഡാമുകള്‍ ഉള്ള കേരളത്തില്‍ ഒന്നില്‍ പോലും ഡാം ബ്രേക്ക് അനാലിസിസ് ഇല്ല. ഡാം പെട്ടെന്ന് പൊട്ടി തകര്‍ന്നാല്‍ എന്ത് ചെയ്യും എന്ന നിരീക്ഷണം നടത്തിയിട്ടില്ല എന്നും 2017ല്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നദീകയ്യേറ്റവും മണലൂറ്റലും

നദിയില്‍ മണലുണ്ടെങ്കിലേ വെള്ളം താഴൂ. എന്നാല്‍ നദിയില്‍ നിന്നൂറ്റുന്ന ഇതേ മണല്‍ വിറ്റുണ്ടാക്കുന്ന കാശാണ് റിവര്‍ മാനേജ് മെന്റ് ഫണ്ടിനായി നമ്മളുപയോഗിക്കുന്നതും. എന്നിട്ട് റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സെമിനാറില്‍ മണലൂറ്റല്‍ മൂലം നദിയുടെ ഉപരിതല മണല്‍ നഷ്ടപ്പെട്ടാല്‍ വെള്ളം ഭൂഗര്‍ഭ അറകളിലേക്കിറങ്ങുന്നത് കുറയുമെന്നും മണലുണ്ടെങ്കിലേ ഭൂഗര്‍ഭജലത്തിന്റെ തോത് കൂടുകയുള്ളുവെന്നുമുമുള്ള ക്ലാസ്സുകൾ നൽകുന്നു. ജലം മണ്ണിനടിയിലേക്ക് താഴ്ന്നു പോകാതെ വരുമ്പോൾ അത് വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കൂട്ടുന്നു.

മണ്ണിടിച്ചിലിനാക്കം കൂട്ടുന്ന വനനശീകരണം

കേരളത്തില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ 20 ഉം ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിനെ ഒരു പരിധി വരെ മരങ്ങള്‍ക്ക് തടുക്കാന്‍ കഴിയുമെങ്കിലും അനിയന്ത്രിതമായി തുടരുന്ന വനനശീകരണം എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ, നിലവിലുള്ള നിയമങ്ങള്‍ പോലും ലംഘിച്ച് നടത്തുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ടായിട്ടും നിര്‍മ്മാണങ്ങള്‍ നിര്‍ബാധം തുടര്‍ന്നു.സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ക്വാറികള്‍ പ്രവര്‍ത്തിക്കാനുള്ള ദൂരപരിധിയില്‍ ഇളവുവരുത്തുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.

ഇടുക്കിയില്‍ 1627.2മില്ലി മീറ്ററും വയനാട്ടില്‍ 170.9 മില്ലിമീറ്ററുമാണ് ഇക്കൊല്ലം ഓഗസ്റ്റ് 9ന് പെയ്ത മഴ. അതായത് സാധാരണ മഴയേക്കാള്‍ 840%വും 759%അധിക മഴ. എന്നാല്‍ മഴയുണ്ടാക്കുന്ന കെടുതിയുടെ ഉത്തരവാദിത്വം പ്രകൃതിക്ക് മാത്രമല്ലെന്ന് തെളിയിക്കുന്ന ചില കണക്കുകള്‍ കൂടിയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം വനപ്രദേശമുള്ള രണ്ട് ജില്ലകളാണ് ഇടുക്കിയും വയനാടും. 2011നും 2017നും ഇടയില്‍ വനവിസ്തൃതിയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിലെ വനപ്രദേശം 3920 ചതുരശ്ര കിലോ മീറ്ററില്‍ നിന്ന് 3139 ചതുരശ്ര കിലോമീറ്ററായാണ് കുറഞ്ഞിരിക്കുന്നത്. അതായ്ത് 20.13 ശതമാനം വനപ്രദേശം ഇടുക്കിക്ക് മാത്രം നഷ്ടപ്പെട്ടു. 1775ചതുരശ്ര കിലോ മീറ്ററില്‍ നിന്ന് വയനാടിന്റെ വനവിസ്തൃതി 1580ചതുരശ്ര കിലോ മീറ്ററായും കുറഞ്ഞു-അതായത് 11 %ത്തിന്റെ കുറവ്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏറ്റവും ഭീകരമായി ഇരുജില്ലകളെയും ബാധിക്കാന്‍ വനനശീകരണം വലിയൊരു ഘടകമായിട്ടുണ്ട്.അപ്പോഴും വൃക്ഷ സംരക്ഷണ നിയമത്തിലും സര്‍ക്കാര്‍ ഭേദഗതി വരുത്തി.

നേര്യമംഗലത്തിന് സമീപം കാഞ്ഞിരവേലിയില്‍ ദേവിയാര്‍പുഴ
കരകവിഞ്ഞ് പാലം വെള്ളത്തില്‍ മുങ്ങിയപ്പോള്‍

മറ്റ് ജില്ലകളില്‍ വനവിസ്തൃതിയില്‍ വര്‍ധനവ് ഉണ്ടിയിട്ടുണ്ടെന്നാണ് ഇതിനെ പ്രതിരോധിച്ച് ചിലര്‍ നിരത്തുന്ന കണക്കുകള്‍.എന്നാല്‍ റബ്ബറും അടക്കകൃഷിയുമാണ് ഇവിടെ വനവിസ്തൃതി കൂടാന്‍ കാരണം. അല്ലാതെ സ്വാഭാവിക വനമല്ല.കേരളത്തിന്റെ വനവിസ്തൃതിയിലുണ്ടായ വര്‍ധന വ്യവസായിക അടിസ്ഥാനത്തിലുള്ള മരം നടീലാണെന്ന് ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കണ്ണൂരില്‍ 144%വര്‍ധനവും കോഴിക്കോട് 151%വര്‍ധനവും ആണ് ഇത്തരത്തില്‍ 2011ന്റെയും 2017ന്റെയും ഇടയില്‍ വനവർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളം ചേർക്കപ്പെട്ട തണ്ണീർത്തടനിയമം

ജലസംഭരണ ശേഷിയുള്ള വയലുകള്‍ വെള്ളപ്പൊക്കസമയത്തെ കേരളത്തിന്റെ രക്ഷാമുഖങ്ങളാണ്.സംസ്ഥാനത്ത വെള്ളപ്പൊക്കം ഇത്ര രൂക്ഷമാവാന്‍ കാരണം തണ്ണീര്‍ത്തടങ്ങളും പാടങ്ങളും നികത്തിയതാണെന്ന് പരിസ്ഥിതി വാദികൾ ദീർഘകാലമായി മാറിമാറി വരുന്ന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്. എന്നാല്‍ 2008ല്‍ പാസ്സാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലും പുതിയ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. നികത്തപ്പെട്ട തണ്ണീർത്തടങ്ങളും വയലുകളുമാണ് കുട്ടനാടിന്റെ വെള്ളപ്പൊക്കക്കെടുതിക്കാക്കം കൂട്ടിയത് .

ദുരന്തനിവാരണ അതോറിറ്റി

ജീവന്‍ സംരക്ഷിക്കുക എന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക ലക്ഷ്യമെങ്കിലും ഒരു കുടുംബമോ വ്യക്തിയോ ആജീവനാന്തം കൊണ്ട് സമ്പാദിച്ചുണ്ടാക്കുന്ന വീടും വീട്ടുപകരണങ്ങളും സംരക്ഷിക്കുന്ന തലത്തിലേക്ക് നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ ഇനിയും വളരേണ്ടതുണ്ട് എന്നു കൂടി ഈ പ്രകൃതി ക്ഷോഭങ്ങളിൽ നിന്ന് നാം ഉൾക്കൊള്ളേണ്ട പാഠമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented