പൂക്കളുള്ള വയലറ്റ് ഉടുപ്പിട്ട ആ നിഷ്കളങ്ക മുഖം ഓർമ്മയുണ്ടോ. അവൾക്ക് വേണ്ടി ഒഴുക്കിയ കണ്ണുനീരും?
എത്ര വികസനം അവകാശപ്പെടുമ്പോഴും എത്ര ഉപഗ്രഹവിക്ഷേപണകഥകളുടെ വീമ്പിളക്കുമ്പോഴും ആ വയലറ്റുടുപ്പും കുഞ്ഞുമുഖവും വിങ്ങലായി ഇന്ത്യയെയാകെ മൂടും; രാജ്യത്തിന്റെ തലകുനിപ്പിക്കുക തന്നെ ചെയ്യും. എന്നിരുന്നാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതി കുറ്റവാളികളെ വെറുതെ വിട്ടില്ലെന്ന് ഓർത്ത് നമുക്കാശ്വസിക്കാം. അവൾക്ക് നീതി കൊടുത്തില്ലെങ്കിലും അവളുടെ വീട്ടുകാർക്ക് നീതിന്യായവ്യവസ്ഥിതിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടാതെ കാക്കാനെങ്കിലും നമുക്ക് കഴിഞ്ഞു. ആറ് പേർ കുറ്റക്കാർ തന്നെയെന്ന് കോടതി വിധിച്ചിരിക്കുന്നു.
കഠുവയ്ക്കു ശേഷം ഓരോ പെണ്‍കുട്ടി കൊല്ലപ്പെടുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ്. എന്ത് കൊണ്ട് രണ്ട് വയസ്സുകാരി കൊല്ലപ്പെട്ടപ്പോള്‍ നിങ്ങള്‍ പ്രതിഷേധമോ ഹര്‍ത്താലോ നടത്തിയില്ല, എന്ത് കൊണ്ട് സാംസ്‌കാരിക നായകര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടില്ല, എന്ത് കൊണ്ട് ചില വിഷയങ്ങളിൽ മാത്രം പ്രതികരണം എന്നീ ചോദ്യങ്ങൾ. അതിനെല്ലാം ഒരുത്തരമേയുള്ളൂ കഠുവയിലെ പെൺകുട്ടി ബലാല്‍സംഗത്തിന്റെ ഇര മാത്രമായിരുന്നില്ല. അവൾ ഉൻമൂലന രാഷ്ട്രീയത്തിന്റെ പക ഏറ്റുവാങ്ങിയവളായിരുന്നു. അവൾ അസഹിഷ്ണുതയുടെ ഇരയായിരുന്നു. രാഷ്ട്രീയപ്രവർത്തകർ എത്രമാത്രം വർഗ്ഗീയമാവരുത്, സ്ത്രീ വിരുദ്ധമാവരുത് എന്നതിനുള്ള ഉദാഹരണമായിരുന്നു അവളുടെ മരണവും അതിനു ശേഷം മൂന്ന് മാസം നീണ്ട മാധ്യമങ്ങളുടെയും നിയമപാലകരുടെയും നിശബ്ദതയും.
പിഞ്ചുകുഞ്ഞിന്റെ ശരീരത്തിലും കാമം കാണുന്ന കഴുകന്‍മാരുടെ(ഇത്തരം മനുഷ്യരേക്കാള്‍ എത്രയോ ഉയരങ്ങളിലാണ് കഴുകന്റെ സ്ഥാനം) വാര്‍ത്തകള്‍ നാം നിരന്തരം വായിക്കുന്നുണ്ട്. മലീമസമായ മനസ്സും ലൈംഗിക അരാജകത്വവും കുഞ്ഞു ശരീരങ്ങളെ പോലും ഉപയോഗിക്കാന്‍ ചില പുരുഷ മനസ്സുകളെ പ്രേരിപ്പിക്കുകയാണ്. പക്ഷെ കഠുവ സംഭവത്തില്‍ സമാനതകളില്ലാത്ത പ്രതിഷേധമാണ് രാജ്യത്തും കേരളത്തിലും ഉയര്‍ന്നു കേട്ടത്. അതിനുള്ള കാരണം മറ്റ് ബലാല്‍സംഗങ്ങളെ പോലെ ലൈംഗിക അരാജകത്വവും കാമപൂര്‍ത്തീകരണവും ആണധികാര ബോധവും മാത്രമായിരുന്നില്ല കഠുവയിലെ കുട്ടിയുടെ പൈശാചിക കൊലയ്ക്ക് ഇടയാക്കിയത് എന്നതു കൊണ്ട് തന്നെയാണ്. ഒരു സമുദായത്തെ പ്രദേശത്ത് നിന്ന് ആട്ടിയോടിക്കാനുള്ള ഗൂഢാലോചനാ സിദ്ധാന്തം ആ ക്രൂര ഹത്യയ്ക്കു പിറകിലുണ്ടായിരുന്നു. മാത്രവുമല്ല കുറ്റവാളികള്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ കാണിക്കുന്ന മനുഷ്യമുഖം പോലും ഈ കേസിലെ കുറ്റവാളികള്‍ ആ എട്ട് വയസ്സുകാരിയോട് കാണിച്ചിരുന്നില്ല എന്നതും നാം ഓരോരുത്തരും ഓർക്കേണ്ടതാണ്.
രാജ്യത്തെ 8.6 % കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്ന ഇന്ത്യയില്‍ 1700ലധികം കുട്ടികള്‍ ലൈംഗികാക്രമണത്താല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊല്ലപ്പെടുന്ന ഇന്ത്യയില്‍ എന്ത് കൊണ്ട് കഠുവ മാത്രം ചർച്ചയായി എന്ന് ഇനിയും ചോദിക്കുകയാണ് ഒരു ജനത.
അവരോട് പറയാനുള്ളത് ഇതാണ്. ലൈംഗിക ക്രൂരത മാത്രമല്ല കഠുവയെ ചര്‍ച്ചാ വിഷയമാക്കിയത്, പകരം ഒരു പ്രത്യേക വിഭാഗത്തെ തങ്ങളുടെ മേഖലയില്‍ നിന്ന് തുരത്തിയോടിക്കാനുള്ള പദ്ധതിയുടെ നടത്തിപ്പാണ് കഠുവയിലെ കുട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ
തണുപ്പുകാലത്ത് കുന്നിന്‍ മുകളിലും, ചൂടുകാലത്ത് താഴ്വാരങ്ങളിലുമായി ജീവിച്ച ആട്ടിടയ സമൂഹമായിരുന്നു കശ്മീരിലെ മുസ്ലിം വിഭാഗത്തിലെ ബക്കര്‍വാല സമുദായം. വര്‍ഷങ്ങളായി ഇത്തരത്തിലൊരു ജീവിതം കഠുവയില്‍ അവര്‍ തുടങ്ങിയിട്ട്. എന്നാല്‍ പ്രദേശത്തെ പ്രബല വിഭാഗമായി ഇവര്‍ തീരുമോ എന്ന ഭയത്താല്‍ കഴിഞ്ഞ കുറേക്കാലമായി ഭീഷണികളും അടിച്ചമര്‍ത്തലും വിവേചനവും നേരിട്ട് ജീവിച്ച് വരികയായിരുന്നു അവര്‍. ബക്കർവാല വിഭാഗക്കാരെ ഓടിക്കാന്‍ ഈ മേഖലയിലെ ചില തീവ്രഹിന്ദുവിഭാഗക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു എട്ടുവയസ്സുകാരിയോടുള്ള സമാനതകളില്ലാത്ത ക്രൂരത.
അരങ്ങേറിയത് വെറും ബലാത്കാരമല്ല. വര്‍ഗ്ഗീയ ബലാത്കാരമാണ്. എട്ട് വയസ്സുള്ള കുരുന്ന് ഏഴ് ദിവസത്തോളം അത്രിക്രൂരമായി ആക്രമിക്കപ്പെട്ട് ഇഞ്ചിഞ്ചായാണ് കൊലപ്പെട്ടത്. അളവിലധികം ലഹരി ഗുളികകള്‍ വെറും വയറ്റില്‍ കുത്തി നിറച്ചാണ് ആ ഗൂഢാലോചനക്കാര്‍ അവളെ മയക്കി കിടത്തിയതും തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതും. ഏഴ് ദിവസത്തിനു ശേഷം കല്ല് കൊണ്ട് തല തല്ലിത്തകര്‍ത്ത് അവസാന ജീവനെടുക്കും മുമ്പ് എനിക്കവളെ ഒന്നു കൂടി വേണമെന്ന് പറഞ്ഞ ഒരു നിഷ്ഠൂരൻ ആ കൂട്ടത്തിലുണ്ടായിരുന്നു.
ഏഴുനാള്‍ നീണ്ട കൊടുംയാതന ആ കുരുന്നനുഭവിച്ചത് ക്ഷേത്രത്തിനകത്താണ് ക്ഷേത്രത്തിലേക്ക് മറ്റുമതസ്ഥര്‍ അന്വേഷണവുമായി വരില്ലെന്ന ഇതരമതസ്ഥരുടെ വിശ്വാസത്തെ ചൂഷണം ചെയ്താണ് ഈ ക്രൂരത അരങ്ങേറിയത്. ആ അര്‍ഥത്തില്‍ ഇന്ത്യയുടെ മതനിരപേക്ഷതയോട് ചെയ്ത പാതകം കൂടിയാണ് കഠുവയിലെ ക്രൂരത.
കൊടുംക്രൂരതയും അതിന് പിന്നില്‍ നടന്ന ഗൂഢാലോചനയും പുറത്തുകൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്‌നിച്ച രമേഷ്‌കുമാര്‍ ജെല്ല എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജാഗ്രത ഈ ഘട്ടത്തിലും ഓര്‍ക്കേണ്ടതാണ്.
കുറ്റകൃത്യം നടന്ന് മൂന്ന് മാസത്തിനു ശേഷമാണ് സംഭവം ചര്‍ച്ചയാവുന്നത്. അതും യൂസഫ് തരിഗാമി എന്ന സിപിഎം എംഎല്‍എ വിഷയം നിയമസഭയില്‍ ഉയര്‍ത്തിയ ശേഷം. അപ്പോഴും പ്രതികളെ സംരക്ഷിക്കാന്‍ രണ്ട് ബിജെപി എംഎല്‍എമാരും സംഘപരിവാർ സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. കുറ്റവാളികള്‍ 'ജയ്ശ്രീറാം' എന്ന് വിളിച്ചത് രാജ്യത്തെ ഭിന്നിപ്പിക്കാനാണെന്നും സംഭവത്തിനു പിന്നില്‍ പാകിസ്താന്റെ കൈകള്‍ ഉണ്ടെന്നുമാണ് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി നന്ദകുമാര്‍ സിങ് ചൗഹാന്‍ ആരോപിച്ചത്. പ്രതികള്‍ക്ക് വേണ്ടി രംഗത്ത് വന്ന ഹിന്ദു ഏകത മഞ്ച് എന്ന സംഘനയ്ക്ക് പിന്തുണയേകിയതാവട്ടെ മെഹബൂബ മന്ത്രിസഭയിലെ ബിജെപി എംഎല്‍എമാരായ ലാല്‍ സിങും ചന്ദ്രപ്രകാശ് ഗംഗയും. ജമ്മു ബാര്‍ അസോസിയേഷനും പ്രതികളെ പിന്തുണച്ചിരിക്കുന്നു. ഒരു രാഷ്ട്രീയകക്ഷിയും ഇത്രമേല്‍ വര്‍ഗീയമാവരുത്. അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണീ വിധി.
ഇത്രനാളും അവർ കുറ്റാരോപിതർ മാത്രമായിരുന്നു. രണ്ട് ബിജെപി മന്ത്രിമാരും തീവ്രഹിന്ദുസംഘടനകളും കുറ്റാരോപിതർ എന്ന് പറഞ്ഞാണ് കുറ്റവാളികളെ അനുകൂലിച്ച തെരുവിലിറങ്ങിയത്. ഇത്തരം ബലാൽസംഗകേസുകൾ വരുമ്പോൾ കോടതി ശിക്ഷിക്കും വരെ അവരെ കുറ്റവാളികളെന്ന് വിളിക്കാനാവില്ലെന്ന് പറയുന്നവരോട് അഡ്വ ആശ കഴിഞ്ഞ ദിവസം പറഞ്ഞ ഒരു കാര്യം സൂചിപ്പിക്കാം-"ഇന്ത്യന്‍ നിയമം പൊതുവെ അക്വിസിറ്റോറിയല്‍ ആണ്. അതായത് ഒരാള്‍ക്കുമേല്‍ കുറ്റം ആരോപിക്കപ്പെട്ടാല്‍ അത് തെളിയിക്കും വരെ അയാള്‍ ആരോപിതന്‍ മാത്രമാണ്. കുറ്റവാളിയാണ് അയാള്‍ എന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. എന്നാല്‍ ബലാല്‍സംഗം, സ്ത്രീധനം എന്ന വിഷയങ്ങളില്‍ മാത്രം ഇന്‍ക്വിസിറ്റോറിയല്‍ നിയമശാസ്ത്രം ആണ് നാം പിന്തുടരുന്നത്. അതായത് ബലാല്‍സംഗം ചെയതെന്ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചയാള്‍ പ്രതിഭാഗം അയാള്‍ നിപരാധിയാണെന്ന് വാദിച്ച് കോടതി കുറ്റവിമുക്തനാക്കും വരെ കുറ്റവാളിയാണ്. എല്ലാ ബലാല്‍സംഗ കേസ് പ്രതികള്‍ക്കും ബലാല്‍സംഗക്കേസിലെ എല്ലാ ഗൂഢാലോചനക്കാര്‍ക്കും ഇത് ബാധകമായിരിക്കും".
content highlights: Kathua Rape case verdict after one year