ബെംഗളൂരു: കര്‍ണാടക റവന്യു മന്ത്രി ആര്‍വി ദേശ്പാണ്ഡെ കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് വിതരണം ചെയ്തത് വിവാദമാകുന്നു. കര്‍ണാടകയിലെ ഹലിയാലിൽ ബുധനാഴ്ചയാണ് സംഭവം

തന്റെ സ്വന്തം മണ്ഡലത്തിലെ പുതിയ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പ്രദേശത്തെ കായിക പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു.

എന്നാൽ സമ്മാനങ്ങള്‍ക്കര്‍ഹരായവരുടെ പട്ടിക നീണ്ടപ്പോള്‍ പെട്ടെന്ന് വിതരണം ചെയ്തു തീര്‍ക്കാന്‍ കണ്ടെത്തിയ ഉപായമാണ് ഈ "വലിച്ചെറിയല്‍ സമ്മാന വിതരണം" എന്നാണ് ആരോപണം. സ്‌പോര്‍ട്‌സ് കിറ്റുകള്‍ സ്‌റ്റേജില്‍ നിന്ന് വാങ്ങാന്‍ കായികപ്രതിഭകള്‍ക്ക് അവസരം നല്‍കാതെ സ്റ്റേജില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് മന്ത്രി വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് നിലവില്‍ പ്രചരിക്കുന്നത്. മന്ത്രി വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

വളര്‍ന്നു വരുന്ന കായിക താരങ്ങളെ ഇത്തരത്തില്‍ പരിഹസിക്കുന്ന നേതാക്കളുള്ള നാട്ടില്‍ ക്രിക്കറ്റു മാത്രം വളരുന്നതിന്റെ കാരണമിതെല്ലാമെന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.