-
കണ്ണൂര്‍ : മോഷണക്കേസില്‍ റിമാന്‍ഡിലിരിക്കെ അമ്മയെ വിളിക്കാനുള്ള മോഹവുമായി ജയില്‍ചാടി വീണ്ടും പിടിയിലായ തടവുകാരന് മോചനമാകുന്നു. ജയില്‍ചാടിയ കുറ്റത്തിനുള്ള റിമാന്‍ഡില്‍നിന്ന് സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് വെള്ളിയാഴ്ച ഉത്തരവായി. എന്നാല്‍, യു.പി.യില്‍നിന്ന് വീട്ടുകാര്‍ക്ക് എത്താനാവാത്തതിനാല്‍ ജയിലില്‍ത്തന്നെ കഴിയാനാണ് താത്പര്യമെന്ന് തടവുകാരനായ യു.പി. സ്വദേശി അജയ് ബാബു(20) പറഞ്ഞു.
ലോക്ഡൗണ്‍ കഴിയുന്നതുവരെ കൊല്ലത്തെ സാമൂഹികക്ഷേമ വകുപ്പ് വക കേന്ദ്രത്തിലാക്കാനുള്ള ജയില്‍വകുപ്പിന്റെ തീരുമാനം കൂട്ടാക്കാന്‍ അജയ് ബാബു തയ്യാറായില്ല. വിടാതെ കരച്ചിലായതിനെത്തുടര്‍ന്ന് മംഗള എക്സ്പ്രസില്‍ ശനിയാഴ്ചതന്നെ നാട്ടിലേക്കയക്കാന്‍ തീരുമാനമായി. മംഗളയില്‍ ജയില്‍ സൂപ്രണ്ട് ടി.കെ. ജനാര്‍ദനന്‍തന്നെ ടിക്കറ്റ് റിസര്‍വ് ചെയ്തു.
മോഷണക്കേസില്‍ കാസര്‍കോട് കോടതി അനുവദിച്ച ജാമ്യം, ജാമ്യത്തുകയായ 25,000 രൂപ കെട്ടിവെച്ചതോടെ വ്യാഴാഴ്ച വൈകീട്ട് പ്രാബല്യത്തിലായി. അജയ് ബാബുവിന്റെ കുടുംബമാണ് അഭിഭാഷകന്റെ ഓഫീസിലേക്ക് തുക അയച്ചുകൊടുത്തത്. ഈ വിവരം ജയിലധികൃതര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിച്ചു. തുടര്‍ന്ന്, ജയില്‍ചാട്ടക്കേസില്‍ അതോറിറ്റി ജാമ്യത്തിനുള്ള നടപടികള്‍ നീക്കി.
നാലുമാസം മുമ്പ് ജോലിതേടിയാണ് അജയ് ബാബു കാസര്‍കോട്ടെത്തിയത്. ഇയാളെക്കുറിച്ച് കഴിഞ്ഞദിവസം 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് അജയ് ബാബു ആദ്യം ജയില്‍ അധികൃതരോട് പറഞ്ഞത്. പിന്നീട് ഇയാളുടെ ആധാര്‍ കാര്‍ഡ് ലഭിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന വിവരമറിയുന്നത്.
content highlights: Kannur juvenile story impact
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..