തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വിമുരളീധരനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീന്‍ സോണില്‍ നിന്ന് റെഡ് സോണിലേക്ക് പോകാന്‍ കാരണമെന്ന് മുരളീധരന് ഫെ്സബുക്കില് കുറിച്ചിരുന്നു . ഇതിനെതിരേയാണ് വിമര്‍ശനവുമായി കടകംപള്ളി രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിവല് പെട്ട് പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കാനാണ് മുരളീധരന് കേന്ദ്രമന്ത്രി എന്ന നിലയില്‍ പ്രാധാന്യം നല്‍കേണ്ടത്. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്ഥിക്കുകയാണ്് മുരളീധരന് രണ്ടാമതായി ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നിതാന്ത ജാഗ്രത കൊണ്ട് മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ എന്ന് മുഖ്യമന്ത്രി എല്ലാ ദിവസവും കേരളത്തിലെ മലയാളികളോട് സംസാരിക്കുന്നുണ്ട്. വിദേശ കാര്യ സഹമന്ത്രി എന്ന നിലയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പെട്ട് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികളെ കഴിയുന്നത്ര വേഗതയില്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം വി മുരളീധരനുണ്ട്. ഈ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് പ്രവാസികളുടെ ഉത്കണ്ഠയ്ക്ക് പരിഹാരം കാണുകയാണ് അദ്ദേഹം ചെയ്യേണ്ടത്. രണ്ടാമതായി അദ്ദേഹം ചെയ്യേണ്ട കാര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പാത സ്വീകരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്ഥിക്കലാണ്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് വെച്ചടി വെച്ചടി കയറുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡ് ഭീതിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് കീഴെയാണ് ഡല്‍ഹി. അവിടെ പോലും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. പ്രധാനനഗരമായ മുംബൈ കോവിഡ് ബാധിതരെ ക്കൊണ്ട് നിറയുകയാണ്. അവിടേക്കൊന്നും കേന്ദ്രമന്ത്രി വി മുരളീധരന്റെ കണ്ണ് പോകുന്നില്ല. അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് ലോകം ആദരവോട് കാണുന്ന നമ്മുടെ സംസ്ഥാനത്ത് വല്ല കുറവുമുണ്ടോ എന്നന്വേഷിക്കുന്നതിലാണ്".
"പിഴവുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുന്ത് നല്ലതാണ്. സാധാരണ പൗരന് ചൂണ്ടിക്കാട്ടിയാലും ഈ സർക്കാര്‍ ഗൗരവത്തോടു കൂടി തന്നെയാണ് കാണുന്നതും. കേരളത്തിന്റെ വിവിധ ജില്ലകള്‍ വിവിധ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇടുക്കിയില്‍ കാട്ടുപാതകളാണ് തമിഴ്നാട്ടിലേക്ക് യാത്രയ്ക്കായുള്ളത്. കോവിഡ് സ്ഥിരീകരിച്ച പലരും മറ്റ് പ്രദേശങ്ങളില്‍ നിന്ന് വന്നവരാണ്. ഈ വസ്തുതകള്‍ മനസ്സിലാക്കാന്‍ മുരളീധരന് എന്ത്കൊണ്ടാവുന്നില്ല എന്ന്" , കടകംപള്ളി ചോദിച്ചു.
"യാഥാര്‍ഥ്യത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കുന്നവര് ശ്രദ്ധിക്കേണ്ടതുണ്ട്. ലോകം പ്രശംസിച്ചതാണ് കേരളത്തിന്റെ കോവിഡ് മാതൃക. വിവിധ സംസ്ഥാനങ്ങള്‍ പ്രശംസിക്കുന്നു, കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി കലവറയില്ലാതെ പ്രശംസിക്കുന്നു. ഇത് കണ്ട് മനസ്സിലാക്കി കേരളത്തെ മാതൃകയാക്കി സ്വീകരിക്കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടോ കേന്ദ്രമന്ത്രിമാരോടോ പറയുകയും സംസ്ഥാനത്തെ മാതൃകയെന്തെന്ന് പഠിച്ച് മനസ്സിലാക്കുകയുമാണ് വി മുരളീധരന് ചെയ്യേണ്ടത്. കേരളത്തിന് മാത്രമായി കോവിഡ് അവസാനിപ്പിക്കാന്‍ കഴിയില്ല. ഭാരതവും ലോകവും അവസാന കോവിഡ് രോഗിയെയും കോവിഡ് വികുമതമാക്കുന്നോ അന്നേ കേരളത്തിനും സമ്പൂര്‍ണ്ണമായി ബാധയില്‍ നിന്നൊഴിയാന്‍ പറ്റൂ".
സംസ്ഥാന സര്ക്കാാരിനെ അന്ധമായി രാഷ്ട്രീയത്തിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിക്കരുത്. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന വലിയ പിന്തുണ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂലമാണെന്നും കടകംപള്ളി മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചു സംസാരിച്ചു.
തലസ്ഥാന ജില്ല കോവിഡ് വിമുക്തമായിട്ടുണ്ട് ഇന്ന്. ഇനി രോഗിയുണ്ടായാല്‍ അത് സര്‍ക്കാരിന്റെ പ്രശ്നമാണെന്ന് പറയരുതെന്നും അത്തരം നീചപ്രവൃത്തികളില്‍ നിന്ന് കേന്ദ്രമന്ത്രി മാറണമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
അധ്യാപസമൂഹത്തിനെതിരേ നടത്തിയ വിവാദ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കടകംപള്ളി പറഞ്ഞു.
"മിക്കവാറും സര്‍ക്കാര്‍ ജീവനക്കാരും കോവിഡ് പോരോട്ടത്തിന്റെ ഭാഗമായി തെരുവിലാണ്. അധ്യാപകര്‍ രണ്ട് മാസമായി വീട്ടിലാണ്. അധ്യാപക സമൂഹത്തെ ഞാന്‍ അപമാനിച്ചിട്ടില്ല. സാലറി ചാലഞ്ചില്‍ നിന്ന് ഒരധ്യപകന്‍ മാറിനില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആറ് ദിവസത്തെ ശമ്പളം കടം ചോദിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് ഫെയ്സ്ബുക്കിലിട്ട പ്രവൃത്തിയെയാണ് വിമര്‍ശിച്ചത്. ആര്‍ത്തി പണ്ടാരങ്ങള്ക്ക് മാത്രമേ അത്തരമൊരു മാനസികാവസ്ഥയുണ്ടാവൂ. ഇപ്പോഴും അത് കത്തിച്ചവരെ ആര്ത്തിപ്പണ്ടാരമെന്നേ വിളിക്കൂ" എന്നും കടകം പള്ളി ആവര്‍ത്തിച്ചു
അതേ സമയം മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ സംഭവത്തെ ന്യായീകരിച്ച് മന്ത്രി സംസാരിച്ചു.
"20 പേരെ ഉണ്ടാവാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം നല്‍കിയാണ് ഞാന്‍ പരിപാടിക്ക് പോയത്. ബെഞ്ചില്‍ കുട്ടികള്‍ കൃത്യമായ അകലം പാലിച്ചിട്ടാണ് ഇരുന്നത്. എന്നാല്‍ ആ സ്കൂളില്‍ സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് വീടുകളിലേക്ക് ഭക്ഷണം കൊടുക്കുന്ന ഇടമാണ്. ആ സ്കൂളിലെ പ്രധാന അധ്യപകരാണ് കത്തിക്കല്‍ നാടകത്തിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ 1200 വിദ്യാര്‍ഥികള്‍ സമാഹരിച്ച 10,000 രൂപ അദ്ദേഹത്തിന് നല്‍കാനൊരുങ്ങിയതാണ് കുട്ടികള്‍. അതിനാണ് പോയത്".
9.5% പലിശക്ക് വായ്പയെടുത്താണ് ശമ്പളം കഴിഞ്ഞ മാസം ജീവനക്കാര്‍ക്ക് നല്‍കിയത്. നികുതി വരുമാനത്തിന്റെ 80%വും ശമ്പളത്തിനും പെന്‍ഷനും നല്‍കുകയാണ്. ആന്ധയില്‍ പകുതി ശമ്പളം വെട്ടിക്കുറച്ചു, കോണ്‍ഗ്രസ്സല്ലേ അവിടെ ഇരിക്കുന്നത്. ആരും കോടതിയെ അവിടെ സമീപിച്ചില്ലല്ലോ എന്നും കടകംപള്ളി ചോദിച്ചു.
content highlights: kadakampally Surendran Criticises V Muraleedharan face book Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..