അങ്ങേയറ്റം ജനകീയവും സ്വാഭാവികവുമായ പ്രതിഷേധ പ്രകടനരൂപം എന്ന നിലയ്ക്ക് രൂപംകൊള്ളുകയും വളര്‍ന്നുവരികയും ചെയ്ത പ്രക്ഷോഭരീതിയായ ഹര്‍ത്താലുകള്‍ സമീപകാലത്ത് തികച്ചും സാമൂഹികവിരുദ്ധമായ സ്വഭാവം കൈവരിച്ചുകൊണ്ടിരിക്കുന്നത് ഗൗരവപൂര്‍വം പരിശോധിക്കേണ്ട വിഷയമാണ്. സമൂഹത്തെ മുഴുവന്‍ സ്തംഭിപ്പിക്കുന്ന ആദ്യകാല ബന്ദുകള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴാണ് ഈ ബന്ദുകള്‍ക്ക് തൊട്ടുതാഴെയായി കണക്കാക്കപ്പെട്ടിരുന്ന ഹര്‍ത്താല്‍ ആയി ബന്ദുകളെയും പരിഗണിക്കാന്‍ തുടങ്ങിയത്. ഫലത്തില്‍ ബന്ദും ഹര്‍ത്താലും ഒന്നുതന്നെയായി. ഒരു സമൂഹത്തിന്റെ പൊതുവിലുള്ള പ്രതിഷേധമോ വികാരമോ പ്രകടിപ്പിക്കാനായി ഉപയോഗിച്ചുവന്ന ഹര്‍ത്താലുകള്‍ ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൈയിലെ വെറുമൊരു ഉപകരണം മാത്രമായിത്തീര്‍ന്നിരിക്കുന്നു.

ജനാധിപത്യ സമൂഹങ്ങളില്‍ മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന ഈ പ്രക്ഷോഭ രൂപം തികച്ചും ജനാധിപത്യവിരുദ്ധ സ്വഭാവം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയിലെ ഒരു ശതമാനത്തെപോലും പ്രതിനിധീകരിക്കാത്ത ഒരു ഈര്‍ക്കില്‍ പാര്‍ട്ടിപോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ അതും പൂര്‍ണവിജയമാകും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതായത്, ഒരു ശതമാനംപോലും ഇല്ലാത്ത ഒരു ചെറുവിഭാഗത്തിനു ബാക്കിയുള്ള തൊണ്ണൂറ്റിയൊമ്പത് ശതമാനത്തിനു മുകളില്‍ തങ്ങളുടെ ശരിയോ തെറ്റോ ആയ തീരുമാനം നിഷ്പ്രയാസം അടിച്ചേല്‍പ്പിക്കാനാകുന്നു. നടപ്പാക്കുന്ന കക്ഷിക്ക്, ഒരു പ്രവര്‍ത്തനവും നടത്താതെ തന്നെ, വെറുമൊരു പ്രസ്താവനയിറക്കി വലിയ രാഷ്ട്രീയനേട്ടം കൊയ്യാന്‍ അവസരം നല്‍കുന്ന രാഷ്ട്രീയ ഇടപെടല്‍ ഉപാധിയായി ഹര്‍ത്താലുകള്‍ മാറിയിരിക്കുന്നു.

സമൂഹത്തിന്റെ നിസ്സഹായാവസ്ഥ

അധികാരപ്പാര്‍ട്ടികളൊന്നും അധികാരത്തിലുള്ളപ്പോള്‍ ഹര്‍ത്താല്‍ നടത്തുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. എന്നാല്‍, അവര്‍ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ കിട്ടുന്ന ഒരവസരവും പാഴാക്കുകയുമില്ല. ഇതിലടങ്ങിയിട്ടുള്ള അവസരവാദം അവര്‍ക്ക് പ്രശ്‌നവുമല്ല. ജനങ്ങളും അതില്‍ അസ്വാഭാവികതയൊന്നും കാണുന്നുമില്ല. മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടുവരുന്ന ഹര്‍ത്താലുകളോട് മലയാളിസമൂഹം പൊരുത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം അവധികിട്ടി എന്നു സന്തോഷിക്കുന്നവര്‍ പോലുമുണ്ട്. എന്നാല്‍, അപ്രതീക്ഷിതമായും ചുരുങ്ങിയ സമയത്തിനുള്ളിലും പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നു എന്നത് ഒരു വസ്തുതയാണ്. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ദൃശ്യമാവുന്ന പ്രതിഷേധവും രോഷവും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് വേദികളില്ല. ബഹുഭൂരിപക്ഷം ജനങ്ങളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ടുബാങ്കുകളായി കഴിഞ്ഞിട്ടുള്ളതുകൊണ്ട് കേരളത്തില്‍ ഒരു പൊതുസമൂഹം തന്നെ ദൃശ്യമല്ലെന്നതാണ് യാഥാര്‍ഥ്യം. മലയാളിസമൂഹം നേടിയെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്രബുദ്ധത ഫലത്തില്‍ ഈ സമൂഹത്തെ കൊണ്ടെത്തിച്ചിട്ടുള്ളത് ഇത്തരം നിസ്സഹായാവസ്ഥയിലാണ്.

ഇത്രയധികം ഹര്‍ത്താലുകള്‍ ചുരുങ്ങിയ ഇടവേളകളില്‍ നേരിടേണ്ടിവരുന്ന മറ്റൊരു സമൂഹം ഇന്ത്യയിലോ ലോകത്തില്‍ തന്നെയോ കാണാനാവില്ല. അടുത്തകാലം വരെയും കേരളം നേരിട്ടുകൊണ്ടിരുന്ന വലിയൊരു പരാധീനത നിരന്തരമായ ട്രേഡ് യൂണിയന്‍ സമരങ്ങള്‍ നിമിത്തം ഇവിടെ പണം മുടക്കാന്‍ പുറത്തുള്ളവരും ഇവിടെയുള്ളവര്‍ തന്നെയും മടിച്ചു നില്‍ക്കുന്നു എന്നതായിരുന്നു. കേരളത്തിന്റെ ഉത്പാദനമേഖലകള്‍  ഏറെക്കാലം മുരടിച്ചുനിന്നത് അതുകൊണ്ടായിരുന്നു എന്നു വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും ഈ വിമര്‍ശനം ഗൗരവപൂര്‍വം ഉള്‍ക്കൊള്ളുകയും അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്തതോടെ സമീപകാലത്ത് മുന്‍ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റമുണ്ടായി. കേരളത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ വലിയൊരു പരിധിവരെ ഈ മാറ്റം അംഗീകരിച്ചുവരികയാണ്. അതിന്റെ ഗുണം ഇവിടത്തെ ഉത്പാദനമേഖലകളിലെല്ലാം കണ്ടുതുടങ്ങിയിട്ടുമുണ്ട്.

ഉയരുന്ന ജനവികാരം

ഇങ്ങനെയൊരു അന്തരീക്ഷത്തിലാണ് അടുത്തകാലത്തായി ആവര്‍ത്തിച്ചുള്ള ഹര്‍ത്താലുകളിലൂടെ കേരളത്തിനു ബന്ദു സംസ്ഥാനമെന്ന പേര് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപകരെ ഭയപ്പെടുത്തുന്ന പഴയ അന്തരീക്ഷം തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്ന ചര്‍ച്ച പല കോണുകളിലും ആരംഭിച്ചു കഴിഞ്ഞു. വീണ്ടും ഇങ്ങനെയൊരു പേര് വീണാല്‍ പിന്നെ അത് മാറ്റിയെടുക്കുക എളുപ്പമായിരിക്കുകയില്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിനെതിരായി ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി പ്രകടമായി എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്ന സംഗതിയാണ്. ഈ ഹര്‍ത്താലിന് കാരണമായി ഉന്നയിക്കപ്പെട്ട സംഭവത്തിന്റെ ദുരൂഹതയെക്കാള്‍ ആവര്‍ത്തിച്ചുള്ള ഹര്‍ത്താലുകള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ തന്നെയാണ് ഈ ജനവികാരത്തിനു പിന്നിലുള്ളത്. കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവടക്കാര്‍ ഹര്‍ത്താല്‍ ദിവസം സംഘടിതമായി കടകള്‍ തുറന്നതും വരാനിരിക്കുന്ന ഹര്‍ത്താലുകളെയും തങ്ങള്‍ ഇങ്ങനെ നേരിടുമെന്ന് പ്രഖ്യാപിച്ചതും പുതിയൊരു തുടക്കമായി കാണാം. ഈ കച്ചവടക്കാര്‍ പ്രകടിപ്പിക്കുന്ന ജാഗ്രതയിലേക്ക് മുഴുവന്‍ മലയാളിസമൂഹവും ഉയര്‍ന്നുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

(രാഷ്ട്രീയ - സാമൂഹിക  നിരീക്ഷകനാണ് ലേഖകന്‍)

content highlights: K Venu speaks against Harthals of recent times