Photo/Special arrangement
"ജാതി വിവേചനവും കെടുകാര്യസ്ഥതയും മൂലം പഠനം ദുസ്സഹമായി കൊണ്ടിരിക്കുകയാണ് ഇവിടെ. മികച്ചൊരു പഠനകാലഘട്ടം പ്രതീക്ഷിച്ച് എത്തിയ ഞങ്ങള്‍ക്ക് ലഭിച്ചത് തീര്‍ത്തും മോശം അനുഭവങ്ങളാണ്", പറയുന്നത് കെ. ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളാണ്. ചലചിത്ര പഠനമേഖലയില്‍ കേരളത്തില്‍ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട സ്ഥാപനത്തിലാണ് ഈ കെടുകാര്യസ്ഥത.
ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് കെ.ആര്.നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരത്തിലാണിപ്പോള്‍. വിദ്യാര്‍ത്ഥികളും ജീവനക്കാരും ക്രൂരമായ ജാതി വിവേചനമാണ് നേരിടുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വീപ്പര്‍ ജോലിക്കാരെ കൊണ്ട് ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്ന കാര്യം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാഗത്ത് നിന്നാണ് ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുന്നതെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളും ജീവനക്കാരും നേരിടുന്ന ജാതി വിവേചനം, സംവരണ അട്ടിമറി, അക്കാദമിക്ക് രംഗത്തെ പിഴവുകള്‍ , വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഇല്ലായ്മ, ഇ- ഗ്രാന്‍ഡ് വിതരണത്തിലെ മെല്ലെപോക്ക്, എന്നിവയാണ് സമരസമിതി ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. കോവിഡ് സമയത്ത് ക്ലാസുകള്‍ കൃത്യമായിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ അരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കോട്ടയത്തുള്ള കെ. ആര് നാരായണന് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ മെല്ലെ പോക്കിലാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പുതിയ ബാച്ച് തുടങ്ങി ഒരു മാസമായിട്ടും കൃത്യമായ സിലബസ്സോ അക്കാദമിക്ക് കലണ്ടറോ നല്‍കിയിട്ടില്ല. ഇ- ഗ്രാന്‍ഡ് വിതരണത്തില്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനം വരെ ഉപേക്ഷിക്കേണ്ട സ്ഥിതിഗതികളുണ്ടായി. ഈ പ്രശ്നവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയില്‍ ഇപ്പോഴും നിലവിലുണ്ട്.
ഇ- ഗ്രാന്റ് വിതരണത്തിന്റെ പ്രശ്നമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പലപ്പോഴും ഇതിലെ പാളിച്ച കാരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്.എസ്.സി എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഫീസ് ഇളവുകളെ കുറിച്ച് അധികൃതര്‍ക്ക് തന്നെ വ്യക്തതയില്ല.
സാമ്പത്തിക പ്രശ്നം മൂലം വിദ്യാര്‍ത്ഥികള്‍ ഇത്രയും ബുദ്ധിമുട്ടുമ്പോഴും അതിന് വേണ്ട നടപടിയെടുക്കാന്‍ മാനേജ്മെന്റ് തയ്യാറാവുന്നില്ല.
താങ്ങാനാവാത്ത കാന്റീന് ഫീസ്
കാന്റീന് ഫീസ് അധികമാണെന്നും ഇത് കുറയ്ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഡയറക്ടര്‍ എടുത്തിട്ടില്ല. ഭക്ഷണത്തിനായി ഒരോ മാസവും വലിയൊരു തുക ഇവിടെ വേണ്ടിവരുന്നുണ്ട്. ഈ ഗ്രാന്‍ഡ് കൃത്യമായി ലഭിക്കാത്ത സാഹചര്യം വരുമ്പോള്‍ കാന്റീന് ഫീസ് അടയ്ക്കാന്‍ മിക്ക വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുന്നു. പലരും ഭക്ഷണം പോലും ഒഴിവാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഡയറക്ടറോട് ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ നടപടിയെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കാന്റീന് പ്രശ്നത്തെ പറ്റി ഒരിക്കല്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോള്‍ രണ്ടു സ്പോണ്‍സര്‍മാരെ ലഭിച്ചുണ്ടെന്നും അര്‍ഹരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എ്ന്നാല്‍ തങ്ങള്‍ക്ക് വേണ്ടത് ചാരിറ്റി ആവശ്യമില്ലെന്നും സബ്സീഡി നിരക്കില്‍ ഏവര്‍ക്കും ഭക്ഷണമാണ് നല്‍കേണ്ടതെന്നും പറഞ്ഞു. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് തന്നെ ചാരിറ്റിയല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
സംവരണ അട്ടിമറി
സംവരണ അട്ടിമറി നടത്താന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ മറ്റൊരു പ്രധാന പരാതി. "2022 ബാച്ച് അഡമിഷന് സമയത്ത് എഡിറ്റിങ്ങ് വിഭാഗത്തില്‍ പത്ത് സീറ്റില്‍ നാലെണ്ണം ഒഴിഞ്ഞു കിടന്നിരുന്നു. സീറ്റുകള്‍ ഒഴിച്ചിടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. എന്നിട്ടും ദളിത് വിദ്യാര്‍ത്ഥിയായ ശരത്തിന് സീറ്റ് നിഷേധിച്ചു. മികച്ച പ്രകടനം പരീക്ഷയിലും അഭിമുഖത്തിലും കാഴ്ച്ച വെച്ച വിദ്യാര്‍ത്ഥിയാണ് ശരത്ത്", വിദ്യാർഥി കൗൺസിൽ പ്രസിഡന്റ് ശ്രീദേവ് പറയുന്നു
ഇവിടെ ഇത്തരത്തില്‍ നടക്കുന്ന സംവരണ അട്ടിമറി കാരണം ദളിത് വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുകളും ഫെലോഷിപ്പുകളും നഷ്ടപ്പെടുന്നു. പലരും സാമ്പത്തിക ബാധ്യത കാരണം കോഴ്സ് പൂര്‍ത്തിയാക്കാനാവാതെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് പോവുന്നു. ചിലര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായുള്ള നിയമപോരാട്ടത്തിലാണ്. ഫീസ് സംവരണം ലഭിക്കേണ്ടവര്‍ക്ക് മനപ്പൂര്‍വം നല്‍കുന്നില്ലെന്നും ഇതിനായുള്ള നടപടികള്‍ മെല്ലെപോക്കിലാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഒ.ഇ.സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിക്ക് നിയമപരമായി ലഭിക്കേണ്ട ഫീസ് ഇളവ് ലഭിക്കാത്തതിനാല്‍ ടിസി വാങ്ങി പോയ സംഭവവും ഇവിടെയുണ്ടായി
അഡ്മിഷന് സമയത്ത് കൃത്യമായ റിസര്‍വേഷന്‍ പാലിച്ചിട്ടില്ലെന്നതാണ് മറ്റൊരു ആരോപണം. പുതിയ ഡയറക്ഷന്‍ കോഴ്സ് ബാച്ചിലെ 10 വിദ്യാര്‍ത്ഥികള്‍ ജനറര്‍ കാറ്റഗറിയിലുള്ളവരാണ്. 15 ശതമാനം റിസര്ഷന് കാറ്റില്‍ പറത്തിയാണ് അഡ്മിഷനെന്ന് സമരസമിതി ആരോപിക്കുന്നു
കൃത്യമായ മെറിറ്റ് ലിസ്റ്റോ വെയിറ്റിങ്ങ് ലിസ്റ്റോ പ്രസിദ്ധീകരിക്കാതെയാണ് അഡ്മിഷന് നടത്തിയത്. ഇതിനു പുറമോ ഇന്റിമിനിറ്റി ബോണ്ടെന്ന പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന ബോണ്ടില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പിടുകയും വേണം. ഈ ബോണ്ടില്‍ കുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഡയറക്ടര്‍ പുതുക്കുന്ന നിയമങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ പിന്തുടരാന് ബാധ്യസ്ഥരാണ്, കോഴ്സ് ദൈര്‍ഘ്യം എപ്പോള്‍ വേണമെങ്കിലും ഡയറക്ടര്‍ക്ക് മാറ്റി നിശ്ചയിക്കാം വകുപ്പ് മേധാവിയുടെ അനുവാദമില്ലാതെ ക്യാംപസിന് പുറത്ത് പോവരുത് ഇത് ലംഘിച്ചാല്‍ പിഴ എന്നിവയാണ് ബോണ്ടിലെ പുതിയ നിബന്ധനകള്‍
കേസിൽ നിന്ന് പിന്നോട്ടില്ല
വളരെ കഷ്ടപ്പെട്ട് എന്‍ട്രന്‍സ് എഴുതിയാണ് കോളേജിലേക്ക് എത്തിയത്. സിനിമയോടുള്ള പാഷനുമായി വരുന്ന ഒരു കുട്ടി ഇവിടെത്തെ മാനേജ്മെന്റില്‍ നിന്ന് വളരെ നിരുത്തരവാദിത്ത്വപരമായ നിലപാടാണ് നേരിടേണ്ടി വരുന്നത് വിദ്യാര്‍ത്ഥിയായിരുന്ന അനന്തപത്മനാഭന് പറയുന്നു. ഇ-ഗ്രാന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോളേജില്‍ മുന്‍പ് സമരം നടന്നിരുന്നു. ഇതേ തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ പഠനശേഷം ചെയ്യേണ്ടിയിരുന്ന പ്രധാന പ്രോജക്റ്റില്‍ നിന്ന് യാതൊരു അറിയിപ്പും കൂടാതെ അനന്തപത്മനാഭനെ മാറ്റിനിര്‍ത്തി. ഇതിനെതിരെ ഇദ്ദേഹം ഹൈക്കോടതിയില്‍ കേസും നല്‍കിയിരുന്നു. കേസ് പിന്‍വലിക്കാന്‍ പലതരത്തിലും സമ്മർദ്ദമുണ്ട്. പക്ഷേ പിന്നോട്ടേക്കിനിയില്ല. ഇതെനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല. എനിക്കൊപ്പവും ഇനി പിന്നിലും വരുന്നവര്‍ക്ക് കൂടിയുള്ളതാണെന്ന് അനന്തപത്മനാഭന് പറയുന്നു
കോഴ്സ് കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റ് എവിടെ?
കോഴ്സ് കഴിഞ്ഞ പല വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന പരാതിയും വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്..ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ കോഴ്സ് ദൈര്‍ഘ്യം, റോള്‍ നമ്പര്‍ എന്നിവയെല്ലാം തെറ്റായിട്ടാണ് നല്‍കിയത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ല. പലതവണ ഡയറക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ജീവനക്കാരോടും വിവേചനം
മിക്ക ജീവനക്കാരും ഡയറക്ടറുടെ ജാതി വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് പരാതി വിദ്യാർഥികളും സാക്ഷിപ്പെടുത്തുന്നു. സ്വീപ്പര്‍ ജോലിക്കാര്‍ക്ക് ഡയറക്ടറുടെ വീട്ടിലെ പണിയുമെടുക്കണം. ശൗചാലയം കൈകൊണ്ട് തന്നെ കഴുകി വൃത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇപ്പോള്‍ സ്വന്തമായി വാഹനമുള്ളവരെയാണ് ഡയറക്ടറുടെ വീട്ടില്‍ ഔദ്യോഗികമല്ലാത്ത ജോലി ചെയ്യാനായി വിളിക്കുന്നത്. അതിഥികള്‍ ആരെങ്കിലും എത്തുന്ന വിശേഷ ദിവസങ്ങളിലും വിളിയുണ്ടാകും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ജീവനക്കാരെ വിനിയോഗിക്കരുതെന്ന് നിയമം നിലനില്‍ക്കെയാണ് സ്വീപ്പര്‍ തസ്തികയിലുള്ളവരോടുള്ള ഈ ക്രൂരത.
പ്രായപരിധി കഴിഞ്ഞത് അറിയാത്ത ഡയറക്ടര്‍
2021 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന മാനേജിങ്ങ് ഡയറക്ടര്‍മാരുടെ ഉയര്‍ന്ന പ്രായപരിധി 65 ആക്കി നിജപ്പെടുത്തിയിട്ടും ഇതൊന്നും വകവെയ്ക്കാതെയാണ് 68 വയസുകാരനായ ഡയറക്ടര്‍ ഇവിടെ തുടരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവാനാണ് വിദ്യാർഥികളുടെ തീരുമാനം. ഈ വിഷയങ്ങളെ കുറിച്ചുള്ള ഡയറക്ടറുടെ
കെ. ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഓഫീസ് നല്കിയ പ്രതികരണം
- നിയമവിരുദ്ധമായി സ്വീപ്പിങ്ങ് തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിച്ചിട്ടില്ല. അധിക സമയം ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതിന് കൃത്യമായ വേതനം നല്‍കിയിട്ടുണ്ട്.
- താളം തെറ്റി കിടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളെ ഏകീകരിച്ച് ജോലിക്കാരുടെ അറ്റന്‍ഡന്‍സ്, പഞ്ചിങ്ങ് സമയം എന്നിവയെല്ലാം കൃത്യമാക്കി. ഇതില്‍ എതിര്‍പ്പുള്ളവര്‍ ഇവിടെയുണ്ട്
- കോവിഡിന്റെ സാഹചര്യത്തിലാണ് കോഴ്സ് നീണ്ടു പോയത്. ഇതേ തുടര്‍ന്നാണ് ഇ- ഗ്രാന്‍ഡ് വിതരണത്തില്‍ സാങ്കേതിക പ്രശ്നം നേരിട്ടത്. മനപൂര്‍വ്വം ആരുടെയും ഗ്രാന്‍ഡ് വൈകിപ്പിച്ചിട്ടില്ല.
- കൃത്യമായ പരീക്ഷയും ഇന്റര്‍വ്യുവും കഴിഞ്ഞാണ് അഡ്മിഷന് നടത്തുന്നത്. നിര്‍ദേശിക്കപ്പെട്ട സ്കോര്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്.
Content Highlights: K R Narayanan film institute student stirke against caste discrimination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..