Representative image/Balu
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നല്കിയ വാഗ്ദാനമായിരുന്നു ഫയലുകൾ ഇനി ചുവപ്പുടയില് കുരുങ്ങില്ലെന്നത്. എന്നാൽ അതേ ചുവപ്പുനാട കാരണം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ ഏഴ് പേരാണ് പെൻഷൻ പറ്റിയ ശേഷവും ആനുകൂല്യങ്ങൾക്കായി ഓഫീസുകൾ തോറും അലയുന്നത്. 1989-ലെ പി.എസ്.സി. വിജ്ഞാപനം പ്രകാരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍മാരായി ജോലിക്ക് കയറിയ ഈ ഏഴ് പേര്‍ക്ക് പറയാനുള്ളത് 11 വര്‍ഷത്തെ നീതിനിഷേധത്തിന്റെ കഥയാണ്. സുപ്രീം കോടതി അര്‍ഹതയുണ്ടന്ന് വിധിച്ചിട്ടും സ്ഥാനക്കയറ്റത്തിനും ആനുകൂല്യങ്ങള്‍ക്കുമായി ഇപ്പോഴും ഓഫീസുകള്‍ തോറും കയറിയിറങ്ങുകയാണ് ഈ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍.
1996-ല്‍ ബി.ഡി.ഒമാരായി നിയമനം ലഭിച്ച ഇവര്‍ക്ക് സീനിയര്‍ ബി.ഡി.ഒമാരായി ഗ്രേഡ് സ്ഥാനക്കയറ്റം നല്കി. 1999-ല്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയനുസരിച്ച് 2000-ല്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍മാരുമായി. എന്നാല്‍, 1993-ല്‍ ജനറല്‍ റിക്രൂട്ട്മെന്റ് വഴി ബി.ഡി.ഒമാരായി കയറിയവര്‍ ഇതിനെതിരേ രംഗത്തുവന്നു. ഇത്തരത്തില്‍ ജോലിക്ക് കയറിയ 48 പേര് ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴ് പേരുടെ പ്രമോഷന് നടപടികളും മറ്റു ആനുകൂല്യങ്ങളും അവതാളത്തിലായി.
" സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ബി.ഡി.ഒ. വിജ്ഞാപനം വരുന്നത്. ആ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് അപേക്ഷിച്ചത്. ആഗ്രഹിച്ചത് പോലെ ജോലിയും കിട്ടി. എന്നാല്‍ ആ ജോലിയില്‍ ലഭിക്കേണ്ട പ്രമോഷനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി കോടതി കയറി ഇറങ്ങി മടുത്തു." പ്രേമാനന്ദന് രോഷത്തോടെ പറയുന്നു.
വിരമിച്ച ശേഷവും തനിക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയറങ്ങുകയാണ് പ്രേമാനന്ദന് ഉള്‍പ്പെടെയുള്ള കുറച്ച് ബി.ഡി.ഒമാര്‍. "പോരാട്ടത്തിനിടെ രണ്ടു പേര് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നേടാനാവാതെ മരിച്ചു. ലഭ്യമാകേണ്ട പ്രമോഷന് ലഭിച്ചിരുന്നുവെങ്കില്‍ പെന്ഷന് തുക അതിനനുസരിച്ച് കൂടിയിട്ടുണ്ടാവും. ഞങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട പെന്ഷന് പോലും ഇപ്പോള്‍ ലഭിക്കുന്നില്ല"- പ്രേമാനന്ദന് പറയുന്നു.
"ഹൈക്കോടതിയില്‍ ഈ ഏഴു പേരുടെയും പ്രമോഷന് തടയുന്ന നടപടിക്കെതിരേ ഇവര്‍ സുപ്രീം കോടതിയിൽ കേസ് കൊടുത്തു. 2011-ല്‍ ഞങ്ങളുടെ വാദങ്ങള്‍ക്ക് ശരിവെച്ചു കൊണ്ടു വിധി വരികയും സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ കേരള ഹൈക്കോടതിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിധി പുറപ്പെടുവിച്ച് 11 വര്‍ഷങ്ങള്‍ക്കിപ്പുറവും ലഭിക്കേണ്ട ഒരു ആനുകൂല്യവും ലഭിച്ചില്ല. ഞങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്."- പ്രേമാനന്ദന് പറയുന്നു.
സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള അപ്പീല്‍ നിലനില്ക്കുമ്പോള് തന്നെ ഈ എഴു പേരുടെ കാര്യം പരിഗണിക്കാതെ മറ്റുള്ളവർക്കു പ്രൊമോഷന് നല്കി. ഈ വിധിയെ ഗ്രാമവികസന കമ്മീഷണറേറ്റും തദ്ദേശ സ്വയംഭരണവകുപ്പും അട്ടിമറിച്ചുവെന്നും ഇവര്‍ പറയുന്നു.
'നിയമപരമായി ഞങ്ങളുടെ പ്രമോഷന് യാതൊരു തരത്തിലുമുള്ള നിയമപ്രശ്നങ്ങളുമില്ല. പ്രമോഷനായി പരിഗണിക്കുന്നത് അഡ്വൈസ് മെമ്മോ ലഭിച്ച് സമയം മുതലാണ്. സ്റ്റേറ്റ് സര്‍വീസില്‍ എല്ലാവര്ക്കും ബാധകമായ നിയമമാണിത്. എന്നാല്‍, ഈ സീനിയോറിറ്റി ലിസ്റ്റിനെ മറികടന്നു കൊണ്ട് ആ 48 പേര്‍ക്ക് പ്രമോഷന് കൊടുക്കുകയും ഞങ്ങളെ നിഷ്ക്കരുണം തഴയുകയും ചെയ്തു.- പ്രേമാനന്ദന് പറയുന്നു.
എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരമാണ് ഈ എഴ് പേര് തൊഴിലില്‍ പ്രവേശിച്ചത്. ബാക്കിയുള്ള 43 പേര് ജനറല്‍ റിക്രൂട്ട്മെന്റ് വഴിയാണ് കയറിയത്. പ്രമോഷനായി സംവരണം പരിഗണിക്കരുതെന്നും സീനിയോറിറ്റി നോക്കുമ്പോള്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴിയുള്ള തിയതി നോക്കരുതെന്നായിരുന്നു അവരുടെ വാദം.
വളരെ വലിയ നീതികേടാണ് ഞങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. 2022 ജനുവരിയില്‍ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പരാതി നല്‍കിയതാണ്. എന്നാല്‍ അതിനെന്തു നടപടിയെടുത്തുവെന്ന് അറിയില്ല. 48 പേരില്‍ ഒരാള്‍ പിരിഞ്ഞ പോയ ഒഴിവിലാണ് എനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അതായത് ഞങ്ങളെക്കാള്‍ പിന്നില്‍ വന്ന 48 പേര് ഒഴിയുമ്പോഴാണ് ഞങ്ങള്‍ ഏഴ് പേരുടെയും സീനിയോറിറ്റി പരിഗണിച്ച് പ്രമോഷന് നല്‍കുന്നത്. ഇത് എന്ത് ന്യായമാണ്? പ്രേമാനന്ദന് ചോദിക്കുന്നു. 2011-ലാണ് എനിക്ക് പ്രമോഷന് ലഭിച്ചത്. 2008-ല്‍ ലഭിക്കേണ്ട ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തികയാണ് നീതിനിഷേധത്തിലൂടെ നഷ്ടമായത്. ആളും അധികാരവും കൈയാളുന്ന ഒരു വലിയ വിഭാഗത്തിനതിരെ ഞങ്ങളെ പോലുള്ളവര്‍ പൊരുതുമ്പോള്‍ എന്തു സംഭവിക്കും? പ്രേമാനന്ദന് ചോദിക്കുന്നു
കെഎസ് ആന്‍ജ് എസ് എസ് ആര് നിയമപ്രകാരം ഈ ഏഴ് പേര്‍ക്കും ലഭിക്കേണ്ട സ്ഥാനക്കയറ്റ വ്യവസ്ഥകള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുവദിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോലും സര്‍ക്കാരോ സര്‍വീസ് സംഘടനകളോ എത്തിയില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. കേസിന്റെ കാര്യങ്ങള്‍ക്കെല്ലാം ആരുടെയും സഹായം ലഭിക്കാതെയാണ് ഇവര്‍ മുന്നോട്ടുപോയത്. പ്രശ്നപരിഹാരത്തിനായി സര്‍വീസ് സംഘടനകളുമായി ബന്ധപ്പെട്ടെങ്കിലും ആരും ഇടപ്പെട്ടില്ലെന്ന് ഇവര്‍ പറയുന്നു. അധികാരികളില്‍നിന്നും ഇക്കാലയളവില്‍ നിരവധി സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ച് ഓര്‍ക്കാന്‍ പോലും വയ്യ. ഈ പോരാട്ടം ഔദാര്യത്തിനല്ല, അവകാശത്തിനുവേണ്ടിയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു
സാമ്പത്തികമായി അത്ര മികച്ച നിലയില്ല ഈ ഏഴുപേരും പട്ടികവര്‍ഗ/പട്ടികജാതി കോളനികളില്‍ നിന്നാണ് ഭൂരിഭാഗം ആളുകളും വരുന്നത്. കേസിനായി വലിയൊരു തുക തന്നെ ചെലവായി. തങ്ങള്‍ക്ക് ലഭിക്കേണ്ട നീതിക്കായി പരിശ്രമിക്കാവുന്നതിന്റെ പരാമവധി പോവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍. 2008 മുതല്‍ ലഭിക്കേണ്ട പ്രമോഷന് തരണം. സാമ്പത്തികമായി ലഭിക്കേണ്ട ആനികൂല്യങ്ങള്‍ കിട്ടണം. അവകാശങ്ങള്‍ നിഷേധിച്ചവര്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കുകയും വേണം. ഇതാണ് ഇവരുടെ ആവശ്യം.
Content Highlights: Job Benefits denial For Sc,ST Communities in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..