പൊതു ആരോഗ്യം അവഗണിച്ചുകൊണ്ട് ഒരു പരിഷ്‌കൃതസമൂഹത്തിനും മുന്നോട്ടുപോകാനാവില്ലെന്നും ഈ ഉത്തരവാദിത്വത്തില്‍നിന്ന് ഭരണകൂടങ്ങള്‍ ഒളിച്ചോടിയതിന്റെ ഫലമാണ് ഇന്നിപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നതെന്നും ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രത്തില്‍ വൈറോളജിവിഭാഗം മേധാവിയായിരുന്ന ഡോ. ജേക്കബ് ജോണ്‍ പറയുന്നു. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന്

അടുത്തിടെ ഔട്ട്ലുക്ക് വാരികയില്‍ എഴുതിയ ലേഖനത്തില്‍ പൗരസമൂഹത്തിന്റെ ആരോഗ്യം രാഷ്ട്രത്തിന്റെ  ഉത്തരവാദിത്വമാണെന്നും ഒരു ഭരണകൂടത്തിനും അതില്‍നിന്ന് ഒളിച്ചോടാനാവില്ലെന്നുമാണ് താങ്കള്‍ വ്യക്തമാക്കിയത്. കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ ഇന്ത്യ നേരിടുന്ന വലിയൊരു  വെല്ലുവിളിയാണിത് എന്നാണോ താങ്കള്‍ സൂചിപ്പിക്കുന്നത്


അലോപ്പതിയെ നമുക്ക് കൂടുതല്‍ കൃത്യമായി  സയന്റിഫിക് മെഡിസിന്‍ (ശാസ്ത്രീയ വൈദ്യം) എന്ന് വിശേഷിപ്പിക്കാം. പരമ്പരാഗത ചികിത്സാരീതികളില്‍നിന്ന്  സയന്റിഫിക് മെഡിസിനെ വേറിട്ടതാക്കുന്നത് പ്രധാനമായും രണ്ടുഘടകങ്ങളാണ്-ശാസ്ത്രവും രാഷ്ട്രീയ പ്രത്യയശാസ്ത്രവും. അലോപ്പതിയുടെ ഏതുവിഭാഗവും ശാസ്ത്രീയമായി ചോദ്യംചെയ്യപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്യേണ്ടതായിട്ടുണ്ട്. ഒരു രോഗവും ശൂന്യതയില്‍നിന്നുണ്ടാവുന്നില്ല. അതിനൊരു പരിസരമുണ്ട്. ഈ പരിസരം കൈകാര്യം ചെയ്യുന്നതിലൂടെ മാത്രമേ രോഗങ്ങള്‍ കൃത്യമായി ചികിത്സിക്കാനാവുകയുള്ളൂ. ഇവിടെയാണ് വൈദ്യത്തിന്റെ രാഷ്ട്രീയം കടന്നുവരുന്നത്. ക്രമസമാധാനപാലനം ഭരണകൂടത്തിന്റെ ചുമതലയാണെന്ന് പറയുന്നതുപോലെത്തന്നെയാണ് പൊതു ആരോഗ്യവും ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് പറയുന്നത്. ജനങ്ങളുടെയും പരിസ്ഥിതിയുടെയുംമേല്‍ വ്യാപകമായി നിയന്ത്രണാധികാരമുള്ളത് ഭരണകൂടങ്ങള്‍ക്കാണ്. അതുകൊണ്ടാണ് പകര്‍ച്ചവ്യാധികളില്‍നിന്ന് ജനതയെ സംരക്ഷിക്കേണ്ടത് ഭരണകൂടങ്ങളാണെന്ന് പറയേണ്ടിവരുന്നത്.

1848-ല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്  ഇംഗ്ലണ്ടില്‍ നിലവില്‍വരുന്നുണ്ട്. ഒന്നരനൂറ്റാണ്ടിനിപ്പുറവും ഇന്ത്യയില്‍ ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല


പബ്‌ളിക് ഹെല്‍ത്ത് നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. പക്ഷേ, പബ്ലിക് ഹെല്‍ത്ത് ഇല്ലാത്ത ഒരു രാജ്യത്ത് ഇത് പഠിക്കാമെന്നല്ലാതെ പ്രയോഗത്തിന് അവസരമില്ല. ഇതാണ് നമ്മള്‍ നേരിടുന്ന ദുര്യോഗം. പൗരസമൂഹത്തിന്റെ ആരോഗ്യം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണെന്ന രാഷ്ട്രീയചിന്തയില്‍നിന്നാണ് യൂറോപ്യന്‍ ജനാധിപത്യസമൂഹങ്ങളില്‍ പൊതുആരോഗ്യം യാഥാര്‍ഥ്യമായത്.  ആരോഗ്യപരിപാലനമേഖലയില്‍ ഇംഗ്ലണ്ടിലെ  നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്ന ആശയമൊക്കെ ഈ രാഷ്ട്രീയ വീക്ഷണത്തിന്റെ മുകുളമാണ്. അസുഖബാധിതരാവുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. പക്ഷേ, ഈ രോഗങ്ങള്‍ ചികിത്സിക്കുന്നതിനുള്ള ചെലവ് അസുഖബാധിതരായവര്‍ത്തന്നെ വഹിക്കേണ്ടിവന്നാല്‍ സമത്വവും നന്മയും മുറുകെപ്പിടിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതുപോലൊരു പാതകം മറ്റൊന്നില്ല. രോഗത്തിനുപുറമേയുള്ള പീഡനമാണിത്. ചികിത്സയ്ക്കായി  പബ്ലിക്ഫണ്ട് ഉപയോഗിക്കുക എന്ന ആശയം ആധുനിക  ജനാധിപത്യസമൂഹങ്ങളുടെ വളര്‍ച്ചയുടെ ചിത്രംകൂടിയാണ്.

ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനുള്ള വഴിയെന്താണ്


= പബ്‌ളിക് ഹെല്‍ത്ത് സ്വന്തം ഉത്തരവാദിത്വമായി ഭരണകൂടം ഏറ്റെടുക്കണം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനമെങ്കിലും ഇതിനായി മാറ്റിവെക്കണം (ഇന്ത്യയുടെ ജി.ഡി.പി. 200 ലക്ഷം കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെവരുമ്പോള്‍ മൂന്നുശതമാനമെന്നത് ആറുലക്ഷം കോടി രൂപവരും).  എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പങ്കാളിത്തം ഇതിലുണ്ടാവണം.

കോവിഡിന്റെ രണ്ടാംവ്യാപനം ഉടനെ ഉച്ചസ്ഥായിയിലെത്തുമോ


= മിക്കവാറും അടുത്തയാഴ്ചതന്നെ രണ്ടാംവ്യാപനം ഉച്ചസ്ഥായിയിലേക്കെത്തും.  ജൂണ്‍ അവസാനത്തോടെ പഴയതുപോലെ താഴേക്കുവരും.

വൈറസിന്റെ വകഭേദം കൂടുതല്‍ മാരകമാണോ

= കൂടുതല്‍ പേര്‍ മരിക്കുന്നത് വ്യാപനം കൂടുതല്‍ ആളുകളിലേക്കെത്തുന്നതുകൊണ്ടാണ്. നൂറുപേര്‍ അസുഖബാധിതരായാല്‍ ഒരാളാണ് മരിക്കുന്നതെങ്കില്‍ പതിനായിരം പേര്‍ക്ക് രോഗംപിടിച്ചാല്‍ നൂറുപേര്‍  മരിക്കും. നമുക്കറിയാവുന്നിടത്തോളം വൈറസ് കൂടുതല്‍ അപകടകാരിയായിട്ടില്ല. പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തേണ്ടത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്  (ഐ.സി.എം.ആര്‍.) ആണ്. പക്ഷേ, ഇത് പറയാനോ ചോദിക്കാനോ ഇവിടെ ആളുണ്ടോ?  ഇവിടെയൊക്കെയാണ് പബ്ലിക് ഹെല്‍ത്തിന്റെ പ്രസക്തി. പബ്‌ളിക് ഹെല്‍ത്തുണ്ടായിരുന്നെങ്കില്‍ ഓരോ ജില്ലയിലും സംസ്ഥാനങ്ങളിലും പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരുണ്ടാവും, ബയോസ്റ്റാറ്റിസ്റ്റിക്‌സിലും എപ്പിഡമിയോളജിയിലും ആളുണ്ടാവും. വിശദമായ പഠനങ്ങളിലൂടെമാത്രമേ വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്താനാവുകയുള്ളൂ. ഐ.സി.എം.ആറിന്റെ ഭാഗത്തുനിന്ന്  ഇക്കാര്യത്തില്‍ സുതാര്യമായ നടപടികളുണ്ടാവുന്നില്ല എന്നത് തീര്‍ച്ചയായും ആശങ്കാജനകമാണ്.

കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ കോവിഡ്-19 നെ നേരിടാനുള്ള ദൗത്യം നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സിക്ക് കൈമാറിയതിനെ താങ്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. 

= സുനാമിയോ ഭൂകമ്പമോപോലുള്ള ദുരന്തങ്ങള്‍ കൈകാര്യം ചെയ്താണ് എന്‍.ഡി.എം.എ.
ക്ക് പരിചയം. നാശനഷ്ടങ്ങള്‍ നീക്കംചെയ്ത് പുനരധിവാസം ഉറപ്പാക്കുകയാണ് അവരുടെ പ്രവൃത്തി മേഖല. ഒരു പകര്‍ച്ചവ്യാധി നേരിട്ടുള്ള അനുഭവസമ്പത്ത് അവര്‍ക്കില്ല. എന്‍.ഡി.എം.എ. കാര്യക്ഷമമായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ വാക്‌സിനേഷനില്‍ നമ്മള്‍ നേരിടുന്ന പ്രതിസന്ധി ഉടലെടുക്കുമായിരുന്നില്ല. അധികാരത്തിന്റെ കേന്ദ്രീകരണമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കിയത്. പബ്‌ളിക് ഹെല്‍ത്തില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനം തേടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശുഷ്‌കാന്തി കാണിച്ചില്ല.

കേരളത്തിന്റെ അവസ്ഥ താരതമ്യേന ഭേദമാണോ?

= പത്തുകൊല്ലംമുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഈ വിഷയത്തില്‍ സമഗ്രമായൊരു ചട്ടക്കൂടുണ്ടാക്കാന്‍ നീക്കമുണ്ടായി. കേരളത്തിലെ പബ്ലിക് ഹെല്‍ത്ത് മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ലക്ഷ്യം. അന്ന്  ധനമന്ത്രിയായിരുന്ന കെ.എം. മാണി 11 കോടി രൂപ ഇതിനായി അനുവദിച്ചു. പക്ഷേ, സംസ്ഥാന ആരോഗ്യവകുപ്പ് ഈ നീക്കം അട്ടിമറിച്ചു. അന്നത് നടന്നിരുന്നെങ്കില്‍ കോവിഡുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണത്തിലും മറ്റും നമ്മള്‍ വളരെ മുന്നിലെത്തുമായിരുന്നു. മരണകാരണം എന്താണെന്നറിയാന്‍ താത്പര്യമുള്ള ഒരേയൊരു ഏജന്‍സി  പബ്ലിക് ഹെല്‍ത്ത് മാത്രമായിരിക്കും. ഒരു പകര്‍ച്ചവ്യാധികാരണം പത്ത് ആശുപത്രികളില്‍ പത്തുപേര്‍ മരിച്ചാല്‍ ആശുപത്രികള്‍ക്ക് അതൊരു വിഷയമല്ല. പക്ഷേ, ആ വിവരം പബ്ലിക് ഹെല്‍ത്തിന്  വളരെയധികം പ്രയോജനംചെയ്യും. 

ഡോക്ടര്‍മാരുടെ ലോബി പബ്ലിക് ഹെല്‍ത്തിനോട് പൊതുവേ അനുകൂലമല്ല. കൂടുതല്‍ രോഗികളുണ്ടാവുന്നതിലാണ് അവര്‍ക്ക് താത്പര്യം. പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടാല്‍ രോഗികളുടെ എണ്ണം കുറയും. പക്ഷേ, ജനാധിപത്യത്തില്‍ ഭരണകൂടങ്ങളുടെ അന്തിമ ഉത്തരവാദിത്വം ജനങ്ങളോടാണ്. അതുകൊണ്ടുതന്നെ ഒരു പരിഷ്‌കൃതസമൂഹത്തിനും പബ്‌ളിക് ഹെല്‍ത്തിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല.

സംഭവിക്കരുതാത്തതാണ് നടന്നത്

ഒരിക്കലും സംഭവിക്കരുതാത്തതാണ് നടന്നത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാവ് (സിറം ഇന്‍സ്റ്റിറ്റ്യൂട്ട്) ഇന്ത്യയിലാണ്. ലോകത്തെ രണ്ടാമത്തെ വാക്‌സിന്‍വിപണിയും ഇന്ത്യയാണ്. 
കൃത്യമായി ആസൂത്രണംചെയ്തിരുന്നെങ്കില്‍ കോവിഡിനെതിരേയുള്ള വാക്‌സിനേഷന്‍ സുഗമമായി നടക്കേണ്ടതായിരുന്നു. പക്ഷേ, വിലനിര്‍ണയം വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ വാക്‌സിന്‍നയം പൊളിച്ചെഴുതി.  50 കോടി ജനങ്ങള്‍ 600 രൂപ വെച്ച് രണ്ടുഡോസ് സ്വകാര്യ ആശുപത്രികളില്‍നിന്നെടുത്താല്‍ 60,000 കോടി രൂപയുടെ വരുമാനമാണ് വാക്‌സിന്‍വിപണിയിലുണ്ടാവുക. എന്തിനാണ് ഇങ്ങനെ ഒരു നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് എന്ന ചോദ്യം ചോദിക്കപ്പെടുകതന്നെ വേണം.  പ്രതിദിനം നാലുലക്ഷത്തോളം ആളുകള്‍ അണുബാധിതരാവുകയും 3500-ഓളം പേര്‍ പ്രതിദിനം മരിച്ചുവീഴുകയും ചെയ്യുമ്പോഴാണ് സ്വകാര്യ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സൂപ്പര്‍ ലാഭമുണ്ടാക്കാനുള്ള പരിസരം തീര്‍ക്കപ്പെട്ടിരിക്കുന്നത്.