'സാര്‍/ചേട്ടന്‍ ആലപ്പാട് വിഷയത്തെപ്പറ്റി അഭിപ്രായം പറയണം. പല വാര്‍ത്തകളും വരുന്നു, പലതും പരസ്പര വിരുദ്ധവും. ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.' ഒരു നൂറു പേരെങ്കിലും ഇതുവരെ പബ്ലിക്കിലും പ്രൈവറ്റിലും വന്നു പറഞ്ഞു.

'share cheyyy' എന്ന നിര്‍ദ്ദേശത്തോടെ ഒരു കുട്ടി സംസാരിക്കുന്ന വീഡിയോ പല സുഹൃത്തുക്കളും അയച്ചു തന്നു.

എന്റെ സുഹൃത്ത് ഹരീഷ് ഈ വിഷയത്തില്‍ പലപ്രാവശ്യം പോസ്റ്റിയത് കണ്ടു.

എന്റെ ഫേസ്ബുക്ക് സുഹൃത്തായ സിബി ആലപ്പാട്ടെ പഞ്ചായത്ത് മെമ്പാണ്. അവിടുത്തെ സ്ഥലം സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മുന്നില്‍ തന്നെയുണ്ട്.

പരിസ്ഥിതി വിഷയത്തില്‍ യുവ സുഹൃത്തുക്കള്‍ ഇടപെടുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്, ആവുന്നതു പോലെ ഞാനവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പോരാത്തതിന് ഖനനം, പരിസ്ഥിതി നാശം, കാലാവസ്ഥ വ്യതിയാനം ഇതൊക്കെ എനിക്ക് അറിവുള്ള മേഖലകളുമാണ്. ഇക്കാരണങ്ങളാല്‍ ഞാന്‍ ഒരഭിപ്രായം പറയേണ്ടതാണെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല.

ഇതിന് കാരണമുണ്ട്. ഞാന്‍ ഈ വിഷയത്തെ ശാസ്ത്രീയമായി പഠിച്ചിട്ടില്ല, ശാസ്ത്രീയമായ പഠനങ്ങള്‍ ഇതുവരെ കണ്ടതുമില്ല. ഷെര്‍ലക് ഹോംസിന്റെ പ്രശസ്തമായ വാക്യം ഉണ്ടല്ലോ.

'It is a capital mistake to theorize before one has data. Insensibly one begins to twist facts to suit theories, instead of theories to suit facts.'

ഇത് പറയാന്‍ വാസ്തവത്തില്‍ എനിക്കല്പം വിഷമമുണ്ട്. പൊതുവെ ആളുകള്‍ അവരുടെ പ്രശ്‌നവുമായി വരുമ്പോള്‍ വിഷയം പഠിച്ചിട്ടില്ല, ആവശ്യത്തിന് പഠനങ്ങള്‍ ഇല്ല, പഠനങ്ങള്‍ ശാസ്ത്രീയമല്ല എന്നൊക്കെ ഒഴിവുകഴിവ് പറയുന്നത് തീരുമാനമെടുക്കാന്‍ മടിയുള്ള രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും രീതിയാണ്. ഈ വിഷയത്തില്‍ എനിക്ക് രാഷ്ട്രീയം ഇല്ലാത്തതിനാലും തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം എനിക്കല്ലാത്തതിനാലും ഒഴിഞ്ഞു മാറേണ്ട കാര്യമില്ല.

alappadപക്ഷെ സത്യത്തില്‍ എനിക്കീ വിഷയത്തെക്കുറിച്ച് പത്രത്തിലും ഫേസ്ബുക്കിലും വായിച്ചുള്ള വിവരമേയുള്ളു. അത് എന്റെ കുറ്റം തന്നെയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സിബി എന്നോട് ഈ വിഷയത്തില്‍ അഭിപ്രായം ചോദിച്ചതാണ്. നാട്ടില്‍ വരുന്‌പോള്‍ സ്ഥലം പോയി കാണാമെന്നും അതിന് ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് സിബി സംഘടിപ്പിച്ച മീറ്റിങ്ങുകള്‍ പക്ഷെ പ്രളയത്തില്‍ മുങ്ങിപ്പോയി.

ഇപ്പോള്‍ ഈ വിഷയം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുന്നു, പല സെലിബ്രിറ്റികളും ഏറ്റെടുത്തിരിക്കുന്നു. നല്ല കാര്യം. അതേസമയം തന്നെ ഈ വിഷയത്തില്‍ എതിരഭിപ്രായം വരുന്നു, ഈ വിഷയത്തില്‍ രാഷ്ട്രീയ ചായ്വുകള്‍ ആരോപിക്കപ്പെടുന്നു, സാമ്പത്തിക താല്‍്പര്യങ്ങളുണ്ടെന്ന് പരോക്ഷമായ ആരോപണങ്ങള്‍ വരുന്നു. പൊതുമേഖലയിലുള്ള ഖനനം നിര്‍ത്തിയിട്ട് സ്വകാര്യമായി കരിമണല്‍ ഉപയോഗിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കപ്പെടുന്നു. കേരളത്തിലെ പ്രകൃതി സംരക്ഷിക്കപ്പെടണം എന്നും ആലപ്പാടുകാരുടെ നാട് ഇല്ലാതാകരുതെന്നും ആഗ്രഹിക്കുന്ന ശരാശരി മലയാളികള്‍ കണ്‍ഫ്യൂഷനിലായതുകൊണ്ടാണ് എനിക്ക് ഇത്തരത്തില്‍ മെസ്സേജുകള്‍ വരുന്നത്.

ഖനനം നടത്തുന്നത് പൊതുമേഖലാ സ്ഥാപനമാണെന്നതോ സമരത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയം ഉണ്ടെന്നതോ വാസ്തവത്തില്‍ ഈ വിഷയത്തില്‍ പ്രസക്തമല്ല. ഇത്തരം സാഹചര്യങ്ങളില്‍ രാഷ്ട്രീയം എന്താണെങ്കിലും ഉണ്ടാകും, രാഷ്ട്രീയക്കാര്‍ പ്രശ്‌നത്തെ ഉപയോഗിക്കാന്‍ നോക്കും, പ്രശ്‌നത്തില്‍ സ്വന്തം പക്ഷം നില്‍ക്കുന്ന രാഷ്ട്രീയക്കാരെ ഉപയോഗിക്കാന്‍ പരിസ്ഥിതി പ്രസ്ഥാനക്കാരും ശ്രമിക്കും. ഇതൊക്കെ നാട്ടുനടപ്പാണ്. പക്ഷെ അതുകൊണ്ടൊന്നും ഈ ഖനനം എന്നത് ആലപ്പാടിന്റെ ഭാവിയെ ബാധിക്കുന്ന ഒന്നാണോ എന്ന അടിസ്ഥാന പ്രശ്‌നത്തിന് മാറ്റമുണ്ടാകുന്നില്ല. എന്തിന്, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം വരുന്‌പോള്‍ ഖനനം നിയമവിധേയമാണോ എന്നത് പോലും പ്രസക്തമല്ല. ലോകത്തില്‍ ധാരാളം പ്രദേശങ്ങളില്‍ വനങ്ങള്‍ വെട്ടി നശിപ്പിച്ചത് സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സുമായി മല കയറിയവരായിരുന്നു. അപ്പോള്‍ ഒരു പ്രവര്‍ത്തി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമോ എന്നതാണ് അടിസ്ഥാന വിഷയം. അല്ലാതെ വിഷയം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയ ചായ്വുകളോ സാന്പത്തിക താല്പര്യങ്ങളോ അല്ല.

ഖനനം മൂലം വന്‍ പരിസ്ഥിതി നാശവും സമൂഹങ്ങളുടെ അസ്തിത്വം ഇല്ലാതാകുന്നതും ഒക്കെ ലോകത്ത് പലയിടത്തും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കൊളംബിയയില്‍ സ്വര്‍ണ്ണ ഖനനത്തിന് വേണ്ടി ഒരു നദിയെ മൊത്തം കൊന്നുകളഞ്ഞിട്ടുണ്ട്, നദിയുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് നാടുവിട്ട് പോകേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലവും അല്ലാതേയും വര്‍ഷം തോറും കടല്‍ കയറി ആളുകള്‍ക്ക് സ്വന്തം നാട് വിട്ട് പോകേണ്ടി വന്നത് ഞാന്‍ ഇപ്പോഴും കാണുന്നുണ്ട്. ഇന്‍ഡോനേഷ്യയിലെ സെമാറാന്‍ഗ് അത്തരം ഒരു പ്രദേശമാണ്. ഒരു കാര്യം കൂടി. കടലും കരയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇപ്പോഴും ശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിട്ടില്ല. ഒരു തുറമുഖം ഉണ്ടാക്കാന്‍ വേണ്ടി ആലപ്പാട് പോലെ ഒരു പ്രദേശത്ത് അറുപത് മീറ്റര്‍ വീതിയില്‍ കടലും കായലും തമ്മില്‍ ഒരു കനാല്‍ ഉണ്ടാക്കിയപ്പോള്‍ ആ കായലിന്റെ യഥാര്‍ത്ഥ അഴിമുഖം മുഴുവന്‍ കടല്‍ അടച്ചു കളഞ്ഞത് ഞാന്‍ കണ്ടിട്ടുണ്ട്. അതേ സമയം മറ്റിടങ്ങളില്‍ അത് വന്‍ തോതില്‍ കരയെ കടലെടുക്കുന്നതിലേക്ക് നയിച്ചു. ശാസ്ത്രജ്ഞന്മാരുടെ മോഡല്‍ ഒന്നും ഇവിടെ എപ്പോഴും ശരിയാവാറില്ല. അപ്പോള്‍ എത്ര സ്ഥലം ഇതിന് മുന്‍പ് നഷ്ടപ്പെട്ടു, എത്ര ചെറിയ പ്രദേശത്താണ് ഖനനം നടത്തുന്നത് എന്നതൊന്നും അത്ര പ്രധാനമല്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെയും കരുതലോടേയും വേണം കാര്യങ്ങള്‍ ചെയ്യാന്‍. 

alappad

അതുകൊണ്ട് ആലപ്പാട്ടെ ആളുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ വെറുതേ തള്ളിക്കളയാന്‍ പറ്റില്ല. തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. അതിന് ശരിയായ അടിസ്ഥാന വസ്തുതകള്‍ പ്രധാനമാണ്. വൈകാരികമായി, വസ്തുതകളുടെ അഭാവത്തില്‍, അല്ലെങ്കില്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തില്‍, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തില്‍, സെലിബ്രിറ്റികള്‍ പറയുന്നത് കേട്ട് ഒക്കെ നമ്മള്‍ ഒരു വിഷയത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യരുത്. ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാതെ തീരുമാനമെടുക്കുന്ന സമൂഹം തല്‍ക്കാലം ശരിയായ തീരുമാനത്തില്‍ എത്തിയാല്‍ പോലും അടിസ്ഥാനമായി ഒരു പ്രോഗ്രസീവ് സമൂഹം അല്ല.

ഇവിടെയാണ് എന്റെ പ്രശ്‌നം വരുന്നത്, ആലപ്പാടിന്റെ കാര്യത്തില്‍ ആധികാരികമായ ഒരു അഭിപ്രായം പറയാനുള്ള വസ്തുതകള്‍ എന്റെ പക്കലില്ല. പക്ഷെ ലോകത്തെവിടെ നിന്നെങ്കിലും ഇത്തരത്തില്‍ ഒരു പ്രശ്‌നം എന്റെ അടുത്ത് വന്നാല്‍ ഒരു പരിസ്ഥിതി വിദഗ്ദ്ധന്‍ എന്ന നിലയില്‍ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുക എന്ന് പൊതുവില്‍ പറയാം.

1. ആലപ്പാട് പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ തൊണ്ണൂറ് ശതമാനം കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' ക്യാന്പയിന്‍ പറയുന്നത്. ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്. ഒറ്റ നോട്ടത്തില്‍ അവിശ്വസനീയവും. പക്ഷെ ഈ വിഷയത്തിലെ ഏറ്റവും സുപ്രധാനമായ കണക്കാണ് ഇത്. അതുകൊണ്ട് തന്നെ അത് ശരിയായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു കാര്യങ്ങളാണ് അറിയേണ്ടത്.

(എ) കൃത്യമായി എത്ര സ്ഥലമാണ് കടലിലോ കായലിലോ നഷ്ടപ്പെട്ടിരിക്കുന്നത് ?

(ബി) നഷ്ടത്തിന്റെ നിരക്ക് ഇപ്പോള്‍ കൂടിവരികയാണോ, കുറയുകയാണോ അതോ സ്റ്റെഡി ആണോ ?

(സി ) സ്ഥലം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഖനനത്തിന് പങ്കെന്താണ് ?

(ഇവിടെ തൊണ്ണൂറു ശതമാനമല്ല പത്തൊന്പത് ശതമാനമാണ് നഷ്ടപ്പെട്ടതെങ്കിലും അത് പ്രാധാന്യമുള്ള കാര്യമാണ്. കൃത്യമായി അറിയുക എന്നതാണ് കൂടുതല്‍ പ്രധാനം)

2. 1990 കള്‍ മുതലുള്ള ഉപഗ്രഹ ചിത്രം ഉപയോഗിച്ച് കൃത്യമായി കടലെടുക്കുന്നതിന്റെ കണക്കും ഖനനത്തിന്റെ വ്യാപ്തിയും കണ്ടുപിടിക്കാന്‍ കഴിയും. ഇത് തീര്‍ച്ചയായും ചെയ്യണം. വളരെ എളുപ്പത്തിലും അധികം ചിലവില്ലാതെയും ചെയ്യാവുന്ന കാര്യമാണ്.

3. കാലാവസ്ഥ വ്യതിയാനം ആലപ്പാടില്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. 2050 ല്‍ ആലപ്പാടിന്റെ തീരദേശം എങ്ങനെ ആയിരിക്കും?, ഒരു മീറ്റര്‍ സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ എത്ര മാത്രം സ്ഥലം ആലപ്പാടിന് നഷ്ടപ്പെടും?, എത്ര ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും ? (നാഷണല്‍ ഓഷ്യാനോഗ്രഫിക്ക് ഇന്‍സ്റ്റിട്യൂട്ട് എല്ലാം ഇക്കാര്യത്തില്‍ കേരളത്തിന്റെ മൊത്തം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് ആലപ്പാട്ടെ കാര്യത്തില്‍ പ്രത്യേകമായി പ്രോജക്റ്റ് ചെയ്താല്‍ മതി).

4. ആലപ്പാടില്‍ ഇപ്പോള്‍ ഖനനം നടത്തുന്നവരുടെ ഇനിയുള്ള പ്ലാനുകള്‍ എന്താണ്?. എത്ര മാത്രം പ്രദേശമാണ് ഖനനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?, എത്ര നാളുകള്‍ കൂടി ഖനനം ചെയ്യാനാണ് പ്ലാന്‍?, സര്‍ക്കാരിന്റെ നയവും പദ്ധതികളും എന്താണ്?

5. ഖനനം ചെയ്യുന്ന പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷിക്കാനും ഖനനം അവസാനിപ്പിച്ചു കഴിയുന്‌പോള്‍ ആ സ്ഥലം ജനങ്ങള്‍ക്ക് വീണ്ടും ഉപയോഗ യോഗ്യമാക്കുന്നതുമാണ് ആഗോളമായി ഇപ്പോള്‍ 'ഉത്തരവാദിത്തമുള്ള ഖനന സംവിധാനങ്ങള്‍' ആയി കണക്കാക്കപ്പെടുന്നത്. ഓരോ വര്‍ഷവും കന്പനികളുടെ ലാഭവിഹിതം എടുത്ത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് പോലെയല്ല ഇത്. കന്പനി അവിടെ നിന്നും പോകുന്ന കാലത്ത് ആ പ്രദേശം ഉപയോഗ യോഗ്യമല്ലെങ്കില്‍ തല്‍ക്കാലം സഹായം കൊടുത്തിട്ട് എന്ത് കാര്യം?. ഇത്തരം 'Long Term Decommissioning/Restoration plan'എന്തൊക്കെയാണ്?

alappad

ഇത്രയും വിവരങ്ങള്‍ കിട്ടിയാല്‍ ഈ വിഷയത്തില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ പറ്റും. ആരുടെയെങ്കിലും അടുത്ത് ഇത്തരം വിവരങ്ങളുണ്ടെങ്കില്‍ അയച്ചു തരിക. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ ഈ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കണം. ഇതിന് മൂന്ന് സാധ്യതകളുണ്ട്.

1. കേരള ഗവണ്‍മെന്റ് ഒരു സ്വതന്ത്ര കമ്മീഷനെ വെച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പൊതു മണ്ഡലത്തില്‍ ഇടണം.

2. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ ശാസ്ത്രീയ അടിത്തറയുള്ള സ്ഥാപനങ്ങള്‍ സ്വതന്ത്രമായ ഒരു പഠനം നടത്തി അത് പ്രസിദ്ധീകരിക്കണം.

3. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പോലെ പരിസ്ഥിതി വിഷയത്തില്‍ ഡിഗ്രി കോഴ്സുകള്‍ ഉള്ള ഒരു സ്ഥാപനം ഒരു പ്രോജക്റ്റ് ആയി എടുത്ത് ഈ പഠനം നടത്തണം.

യഥാര്‍ത്ഥ വിദഗ്ദ്ധര്‍ ഒരുമിച്ചു വന്നാല്‍ മൂന്നു മാസം കൊണ്ട് ഇത്തരം പഠനങ്ങള്‍ തീര്‍ക്കാവുന്നതേ ഉള്ളൂ. ഇതിനൊന്നും അധികം ചിലവ് വരുന്ന കാര്യവുമല്ല. എന്റെ പരിചയ മേഖല ആണെങ്കിലും എന്റെ ഔദ്യോഗികമായ ഉത്തരവാദിത്തത്തില്‍ വരുന്ന ഒരു വിഷയമല്ലാത്തതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഒരു പഠനത്തിന് മുന്‍കൈ എടുക്കാന്‍ എനിക്ക് സാധിക്കില്ല. പക്ഷെ അങ്ങനെ ആരെങ്കിലും മുന്‍കൈ എടുത്താല്‍ എല്ലാ സാങ്കേതിക സഹായവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.

അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു കാര്യം കൂടി പറയാം. സാധാരണഗതിയില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വെക്കുന്‌പോള്‍ ഇരുപക്ഷവും അംഗീകരിക്കാറില്ല. പ്രശ്‌നത്തെ തണുപ്പിക്കാനാണെന്ന് ഒരു പക്ഷത്തിന് തോന്നാം. ശാസ്ത്രീയപഠനങ്ങള്‍ വന്നാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സാധ്യതയില്ലെന്ന് മറുഭാഗത്തിനും. അതുകൊണ്ട് രണ്ടുകൂട്ടരും കൂടുതല്‍ പഠനത്തെ എതിര്‍ക്കും. പഠനം ഒന്നും നടക്കില്ല, പിന്നെയും മാസങ്ങളും വര്‍ഷങ്ങളും കഴിയുന്‌പോള്‍ ആരോപണ പ്രത്യാരോപണങ്ങളും സത്യവും അര്‍ദ്ധസത്യവും ഒക്കെയായി വിഷയം അങ്ങനെ കിടക്കും. ആലപ്പാട് അങ്ങനെ ആകില്ല എന്ന് കരുതട്ടെ.

content highlights: Alappad Village, Muralee Thummarukudy, alappad movement