എല്ലാവരും എന്തേ മൗനത്തിലായത്?


ഹമീദ് ചേന്നമംഗല്ലൂര്‍

അവകാശതുല്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുംമേല്‍ ചിലര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുന്ന അക്കൂട്ടര്‍ വേറെ ചിലര്‍ നടത്തുന്ന അതേ കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകളയുകയാണ്

.

മലപ്പുറം ജില്ലയില്‍ പാതിരമണ്ണയിലെ ഒരു മദ്രസയുടെ സമ്മേളനത്തില്‍വെച്ച് പത്താം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിക്ക് മതയാഥാസ്ഥിതികനില്‍നിന്നേല്‍ക്കേണ്ടിവന്ന അപമാനം സ്ത്രീത്വത്തിന്റെമേലാണ് വന്നുപതിച്ചത്. സ്ത്രീയായി ജനിച്ചതിന്റെപേരില്‍മാത്രം നേരിടുന്ന അവഗണനകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ എത്രമാത്രം ശക്തമാണ് എന്ന് ആ സംഭവം തെളിയിച്ചു. സ്ത്രീത്വത്തിനുമേല്‍ ഇത്രയും വലിയൊരു അപമാനം വന്നുവീണിട്ടും നമ്മുടെ ഫെമിനിസ്റ്റ് തുല്യതാവാദികളും പ്രതികരണ സാംസ്‌കാരിക നായകരും രാഷ്ട്രീയപ്പാര്‍ട്ടികളും ഒരക്ഷരംമിണ്ടാതെ മൗനത്തിലേക്ക് പിന്‍വലിഞ്ഞതേന്തേ ?

കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ 2019 ജനുവരി ഒന്നിന് സവിശേഷസ്ഥാനമുണ്ട്. അന്നാണ് കാസര്‍കോടു തൊട്ട് തിരുവനന്തപുരംവരെ 620 കിലോമീറ്റര്‍ നീളത്തില്‍ ഇവിടെ വനിതാമതില്‍ രൂപപ്പെട്ടത്. പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന സുപ്രീംകോടതിവിധിക്കെതിരേ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പുകളോടുള്ള പ്രതികരണമായിരുന്നു വനിതാമതില്‍. സംസ്ഥാനം കൈവരിച്ച സാമൂഹിക പരിഷ്‌കരണ നേട്ടങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍വോപരി ആണ്‍-പെണ്‍ സമത്വം ദൃഢീകരിക്കുന്നതിനുമാണ് ഇടതുപക്ഷസര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണയോടെ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ നായകത്വത്തില്‍ വനിതാമതില്‍ തീര്‍ക്കപ്പെട്ടത്.

അതേ കേരളത്തില്‍ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ മേയ് ഏഴിന് നടന്ന സംഭവം നോക്കൂ. മലപ്പുറം ജില്ലയില്‍ രാമപുരത്തിനടുത്ത് പാതിരമണ്ണില്‍ ഒരു മദ്രസയുടെ സമ്മേളനത്തില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരസ്വീകരണത്തിന് വേദിയിലേക്ക് ക്ഷണിച്ചതിനെതിരേ മതയാഥാസ്ഥിതിക പണ്ഡിതന്‍ കലിതുള്ളി. തന്റെ സംഘടന പിന്തുടരുന്ന മതിവിശ്വാസപ്രകാരം സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുകൂടാ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കേരളം കൈവരിച്ച നവോത്ഥാനക്കുതിപ്പുകള്‍ക്ക് കടകവിരുദ്ധമാണ് ആ നിലപാടെങ്കിലും അതിനെതിരേ ശബ്ദിക്കാന്‍ പുരോഗമനപക്ഷത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന മഹിളാസംഘടനകള്‍പോലും മുന്നോട്ടുവരുകയുണ്ടായില്ല!

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫെമിനിസ്റ്റാശയങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യതയുള്ള പ്രദേശമാണ് നമ്മുടെ മലയാളനാട്. ഭാഷാപ്രയോഗങ്ങളിലെ പുരുഷമേധാവിത്വപരതയെ വിമര്‍ശിക്കുന്നവര്‍പോലും ഇവിടെയുണ്ട്. ചരിത്രം (History) എന്നത് അവന്റെ കഥ(His story)യാണെന്നു എടുത്തുകാട്ടുന്ന അത്തരക്കാര്‍ ആള്‍ക്കൂട്ടം എന്ന വാക്കിനുപകരം പുരുഷാരം എന്ന പദമുപയോഗിക്കുന്നതിലെ ആണ്‍കോയ്മത്വംപോലും ചൂണ്ടിക്കാണിച്ചതു കാണാം. മനുഷ്യന്‍ സമം അവന്‍ എന്ന കാഴ്ചപ്പാടും ആ ഗണത്തില്‍പ്പെട്ടവരുടെ നിശിതവിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. (അവരുടെ താദൃശചെയ്തികള്‍ തെറ്റാണെന്ന വാദം ഇവിടെ തെല്ലുമില്ല).

പദപ്രയോഗങ്ങളിലും ഭാഷാശൈലികളിലും മാത്രമല്ല, മറ്റു മേഖലകളിലും അരങ്ങുവാഴുന്ന പുരുഷമേധാവിത്വപരതയെ തുറന്നുകാട്ടാനും അതിനെതിരേ പൊതു അവബോധം വളര്‍ത്താനും കേരളത്തിലെ പെണ്‍പക്ഷവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതും നമ്മുടെ കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യമാണ്. 'സ്വാതന്ത്ര്യവാദിനി' എന്ന വെബ്സൈറ്റ് അതിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നത്രേ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സംസ്ഥാനത്തുണ്ടായ സ്ത്രൈണ ഉണര്‍വുകളിലേക്ക് ഈ വെബ്സൈറ്റ് കൈചൂണ്ടുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ വിമോചനപ്പോരാട്ടങ്ങളെ 'വന്‍ കടയല്‍ (great churning) എന്നും 'മഹാ തുറവി' (great opening) എന്നും വിശേഷിപ്പിക്കുന്ന സ്വാതന്ത്ര്യവാദിനി ആ കാലയളവില്‍ ജ്വലിച്ചുനിന്ന, എന്നാല്‍ പലപ്പോഴും തമസ്‌കരിക്കപ്പെടുകയോ പ്രാന്തീകരിക്കപ്പെടുകയോ ചെയ്ത പെണ്‍നക്ഷത്രങ്ങളെ സമൂഹസമക്ഷം അവതരിപ്പിക്കുന്നു. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ദളിത് വനിതാ പ്രബോധക മറിയയും സ്ത്രീത്തൊഴിലാളികളുടെ നേതാവായിരുന്ന കശുവണ്ടിത്തൊഴിലാളി ഗോമതിയുംതൊട്ട് 1920-'50 കാലത്ത് നിയമസഭാംഗങ്ങളായിരുന്ന ഡോ. മേരി പുന്നന്‍ ലൂക്കോസും തോട്ടക്കാട്ട് മാധവിഅമ്മയും എലിസബത്ത് കുരുവിളയും എ.വി. കുട്ടിമാളുഅമ്മയും അന്നാ ചാണ്ടിയും സി.സി. രുദ്രാണിയും മീനാക്ഷിയുമടക്കമുള്ളവര്‍ പെണ്‍കരുത്തിന്റെ പ്രതിനിധാനങ്ങളാണ്. പില്‍ക്കാലത്ത് ലക്ഷ്മി എന്‍. മേനോന്‍ എന്നറിയപ്പെട്ട ലക്ഷ്മിക്കുട്ടി അമ്മയെ 1962-ല്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ വിശേഷിപ്പിച്ചത് 'mannish woman' (പുരുഷസമാന സ്ത്രീ) എന്നായിരുന്നു എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ സാമൂഹിക -രാഷ്ട്രീയ ഉണര്‍വുകളുടെ ചരിത്രത്തില്‍നിന്നെന്നപോലെ സംസ്ഥാനത്തിനും ഇന്ത്യാ റിപ്പബ്ലിക്കിനും വെളിയില്‍ സംഭവിച്ച അത്തരം ഉണര്‍വുകളില്‍നിന്നുകൂടി സ്ത്രീകള്‍ പുറന്തള്ളപ്പെട്ടതിനെക്കുറിച്ചും നമ്മുടെ സ്ത്രീപക്ഷവാദികള്‍ ബോധവതികളാണ്. സാമൂഹിക മുന്നേറ്റങ്ങളിലും വിപ്ലവങ്ങളിലും സ്ത്രീകളുടെ കര്‍തൃത്വം കാണാതിരിക്കുകയും അവരെ വിപ്ലവങ്ങളുടെ ഇരകളായി മാത്രം അടയാളപ്പെടുത്തുകയും ചെയ്യുന്ന രീതി പാശ്ചാത്യനാടുകളിലും പൗരസ്ത്യനാടുകളിലുമുണ്ട്. ആന്‍ മെക്സിന്റ്റോക്കും സിന്‍തിയ എന്‍ലോയും ജോന്‍നേഗലും മറ്റും ദേശീയ പ്രസ്ഥാനങ്ങളിലെയും ദേശീയസ്വാതന്ത്ര്യസമരങ്ങളിലെയും അധീശത്വപരമായ പുരുഷത്വത്തെ വിമര്‍ശനാത്മകമായി വിശദീകരിച്ചത് കാണാം. അവരുടെയെല്ലാം വിചാരങ്ങളുടെ സ്വാധീനം നമ്മുടെ പെണ്‍പക്ഷവാദികളുടെ ചിന്തകളിലും ദര്‍ശിക്കാവുന്നതാണ്.

വിമോചനപ്രസ്ഥാനങ്ങളിലും ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളിലുംവരെ അധീശത്വപരമായ പുരുഷത്വത്തിന്റെ സാന്നിധ്യവും സ്ത്രീപങ്കാളിത്ത തമസ്‌കരണവും വസ്തുതകളുടെ പിന്‍ബലത്തോടെ തൊട്ടുകാണിക്കുന്ന ഫെമിനിസ്റ്റുകള്‍ കേരളത്തിലുണ്ടായിട്ടും അവരാരും പൊതുവേദികളില്‍ സ്ത്രീകള്‍ കയറിക്കൂടാ എന്ന മതശാസനത്തിനെതിരായി നാവനക്കുകയുണ്ടായില്ല. ശബരിമലവിഷയത്തില്‍ യുവതികള്‍ക്കുവേണ്ടി ശബ്ദിച്ചവര്‍ പാതിരമണ്ണയിലെ സംഭവത്തില്‍ മൗനം ഭജിച്ചു!

സമീപകാലത്ത് ജനശ്രദ്ധനേടിയ സംഘടനയാണ് ഡബ്ല്യു.സി.സി. (വിമന്‍ ഇന്‍ സിനിമ കളക്ടീവ്). ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിനേത്രികളടക്കമുള്ള സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പുരുഷമേധാവിത്വപരതയ്ക്കെതിരേ ഉയര്‍ന്നുവന്ന പെണ്‍കൂട്ടായ്മയാണത്. സമൂഹത്തില്‍ പൊതുവേ കാണപ്പെടുന്ന ആണ്‍വാഴ്ച സിനിമാമേഖലയിലെന്നപോലെ മറ്റുതുറകളിലുമുണ്ടെന്ന് അറിയാത്തവരല്ല ആ സംഘടനയിലുള്ളവര്‍. സ്ത്രീ വിവേചനത്തിനെതിരെയുള്ള പല ചര്‍ച്ചകളിലും ഡബ്ല്യു.സി.സി.യുടെ തലപ്പത്തുള്ളവരില്‍ പലരും സജീവമായി പങ്കെടുക്കാറുമുണ്ട്. എന്നിട്ടും പരീക്ഷയില്‍ നേടിയ മികച്ച വിജയത്തിനുള്ള സമ്മാനം പൊതുവേദിയില്‍ കയറി വാങ്ങാനുള്ള ഒരു പതിനഞ്ചുകാരിയുടെ ആഹ്‌ളാദത്തിനും അവകാശത്തിനും നേരെ മതാധീശത്വപരമായ പുരുഷത്വം ഖഡ്ഗമുയര്‍ത്തിയപ്പോള്‍ ഡബ്ല്യു.സി.സി.യുടെ ജിഹ്വയും പണിമുടക്കി!

അവകാശതുല്യതാ നിഷേധം, ആവിഷ്‌കാര (അഭിപ്രായ) സ്വാതന്ത്ര്യഹനനം തുടങ്ങിയ വിഷയങ്ങളില്‍ പല പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രമുഖനേതാക്കളുടെയും പ്രതികരണം വളരെ സെലക്ടീവാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കേ, എന്തിന് ഫെമിനിസ്റ്റുകളുടെയും ഡബ്ലു.സി.സി.യുടെയും മാത്രം പ്രതികരണദാരിദ്ര്യത്തെ (പ്രതികരണ വൈമുഖ്യത്തെ) വിമര്‍ശിക്കുന്നു എന്ന ചോദ്യം അപ്പുറത്തുനിന്നുയരുന്നത് ഇവിടെക്കേള്‍ക്കാം. ശരിയാണ്; നമ്മുടെ മതേതരരാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ വിദ്യാര്‍ഥി-യുവജന-മഹിളാ സംഘടനകളും സാംസ്‌കാരിക നായകര്‍ എന്ന ബഹുവിചിത്ര അഭിധാനത്തില്‍ അറിയപ്പെടുന്നവരും അഭിപ്രായസ്വാതന്ത്ര്യനിഷേധത്തിനും ലിംഗസമത്വ നിരാകരണത്തിനും മനുഷ്യാവകാശധംസനത്തിനുമെതിരേ പ്രതികരിക്കുമ്പോള്‍ മതവും ജാതിയും കക്ഷിരാഷ്ട്രീയവുമൊക്കെ അളന്നുതൂക്കിനോക്കിയേ അങ്ങനെ ചെയ്യാറുള്ളൂ. അവകാശതുല്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുംമേല്‍ ചിലര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുന്ന അക്കൂട്ടര്‍ വേറെ ചിലര്‍ നടത്തുന്ന അതേ കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകളയും. മലപ്പുറം ജില്ലയിലെ മദ്രസാ ചടങ്ങിലുണ്ടായ സംഭവത്തിനുനേരെയുമുണ്ടായി ഈ കണ്ണുചിമ്മല്‍ അഥവാ ഇരട്ടത്താപ്പ്, നമ്മുടെ പൊതുവിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രതികരണദാരിദ്ര്യം അത്യന്തം ലജ്ജാവഹം എന്നേ പറയാനാവൂ.

മേല്‍സൂചിപ്പിച്ച ഇരട്ടത്താപ്പിന് സമീപകാല ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ബെംഗളൂരുകാരി പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും കോയമ്പത്തൂരുകാരനായ യുക്തിവാദി എച്ച്. ഫാറൂഖിന്റെയും വധത്തോടുള്ള പ്രതികരണം ഒന്നാമതായെടുക്കാം. 2017-ല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഹിന്ദുതീവ്രാദികളായിരുന്നെങ്കില്‍ ഏതാണ്ട് അതേകാലത്ത് ഫാറൂഖിന്റെ ജീവനെടുത്തത് മുസ്ലിം തീവ്രവാദികളായിരുന്നു. രണ്ടു സ്വതന്ത്രചിന്തകരുടെയും ഹത്യയ്ക്കുനേരെ ഒരേ അളവിലും ശക്തിയിലും പ്രതികരിക്കേണ്ട നമ്മുടെ 'പുരോഗമന'രാഷ്ട്രീയക്കാരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഗൗരിയുടെ വധത്തിനെതിരേ രൂക്ഷപ്രതികരണം നടത്തിയപ്പോള്‍ ഫാറൂഖിന്റെ കൊലയ്‌ക്കെതിരേ അവരുടെ കണ്ഠങ്ങളില്‍നിന്ന് അരയക്ഷരംപോലും പുറപ്പെട്ടില്ല!

മറ്റൊരുദാഹരണമത്രേ പെരുമാള്‍ മുരുഗന്റെയും ഷിറിന്‍ ദല്‍വിയുടെയും കാര്യങ്ങളില്‍ സ്വീകരിക്കപ്പെട്ട നിലപാട്. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്റെ 'മാതൊരു ഭാഗന്‍' എന്ന നോവലിനെതിരേ 2015-ല്‍ ഹിന്ദു പ്രതിലോമശക്തികള്‍ രംഗത്തുവന്നു. താന്‍ സാഹിത്യരചന നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കേണ്ട ഗതികേടുണ്ടായി ആ നോവലിസ്റ്റിന്. ആ നാളുകളില്‍ മുരുഗനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ 'പുരോഗമനശക്തി'കളെല്ലാം മുന്നോട്ടുവന്നിരുന്നു. ഏറെ വൈകുംമുമ്പാണ് മുംബൈയില്‍നിന്നു പ്രസിദ്ധപ്പെടുത്തുന്ന 'അവഥ്നാമ' എന്ന ഉര്‍ദു മാസികയുടെ വനിതാ എഡിറ്ററും മുസ്ലിം സമുദായക്കാരിയുമായ ഷിറിന്‍ ദല്‍വിക്കെതിരേ ഇസ്ലാമിക തീവ്രവാദികള്‍ കളത്തിലിറങ്ങിയത്. ഫ്രഞ്ച് മാസികയായ 'ഷാര്‍ലി ഹെബ്ദോ'യില്‍വന്ന പ്രവാചക കാര്‍ട്ടൂണ്‍ തന്റെ മാഗസിനില്‍ ചേര്‍ത്ത ഒരു ലേഖനത്തോടൊപ്പം പുനഃപ്രസിദ്ധീകരിച്ചതിനായിരുന്നു ദല്‍വിയെ തീവ്രവാദികള്‍ വേട്ടയാടിയത്. കേരളത്തിലെ മതേതരപാര്‍ട്ടികളോ പ്രസ്താവനാവ്യായാമത്തിലേര്‍പ്പെടുന്ന സാംസ്‌കാരിക തമ്പുരാക്കന്മാരോ ഒന്നും ഷിറിന്‍ ദല്‍വിക്കെതിരേയുള്ള നീക്കത്തില്‍ പ്രതിഷേധിക്കാനോ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ തയ്യാറായില്ല.

മൂന്നാമതൊരു ഉദാഹരണംകൂടി പറയാം. പാകിസ്താനി ഗായകന്‍ ഗുലാം അലി ഡല്‍ഹിയിലും മുംബൈയിലും അവതരിപ്പിക്കേണ്ട ഗസല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആറുവര്‍ഷംമുമ്പ് ഇന്ത്യയില്‍ വന്നു. ശിവസേനയടക്കമുള്ള വര്‍ഗീയശക്തികളുടെ എതിര്‍പ്പുകാരണം ആ പരിപാടി നടന്നില്ല. ഭൂരിപക്ഷവര്‍ഗീയ പ്രതിനിധാനങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഗുലാംഅലിയെ ഇങ്ങോട്ട് ക്ഷണിക്കുകയും അദ്ദേഹം തിരുവനന്തപുരത്തും കോഴിക്കോട്ടും ഗസല്‍ ആലാപനം നടത്തുകയും ചെയ്തു. അത് നല്ലകാര്യം. പക്ഷേ, ബംഗ്‌ളാദേശില്‍നിന്ന് മുസ്ലിം തീവ്രവാദികളാല്‍ ആട്ടിയോടിക്കപ്പെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി ഇന്ത്യയില്‍ അഭയാര്‍ഥിയായി ജീവിക്കുന്ന ഒരെഴുത്തുകാരിയുണ്ട് -തസ്ലിമ നസ്റീന്‍. നമ്മുടെ ഇടതുമതേതര പാര്‍ട്ടിക്കാരോ വലതുമതേതര പാര്‍ട്ടിക്കാരോ ഒന്നും ആ സാഹിത്യകാരിയെ ഒരു പരിപാടിക്കുപോലും കേരളത്തിലേക്ക് ക്ഷണിച്ച ചരിത്രമില്ല. ഭൂരിപക്ഷതീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്ന കലാസാഹിത്യപ്രതിഭകളെ ആദരിക്കുകയും ന്യൂനപക്ഷ തീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്ന കലാസാഹിത്യപ്രതിഭകളെ ആദരിക്കാതിരിക്കുകയും ചെയ്യുന്നു നമ്മുടെ മതേതരരാഷ്ട്രീയക്കാരും സാംസ്‌കാരികപ്രഭുക്കളും.

ഒരൊറ്റ ചോദ്യം ഉന്നയിച്ചുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം. മൂന്നരവര്‍ഷംമുമ്പ് ശബരിമല യുവതീപ്രവേശത്തിനെതിരേ ഭൂരിപക്ഷ സമുദായത്തിലെ ചില സംഘടനകളില്‍നിന്നുയര്‍ന്ന രൂക്ഷമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ നവോത്ഥാനമൂല്യങ്ങള്‍ പരിരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നല്ലോ വനിതാമതില്‍ സൃഷ്ടിക്കപ്പെട്ടത്. സംശയമില്ല, പ്രകീര്‍ത്തനീയമായിരുന്നു ലിംഗസമത്വത്തില്‍ അടിവരയിടുന്ന ആ നടപടി. പക്ഷേ, മറുപടികിട്ടേണ്ട ഒരു ചോദ്യം ബാക്കിനില്‍ക്കുകയാണ്: ഭൂരിപക്ഷസമുദായത്തില്‍ മാത്രം മതിയോ നവോത്ഥാനവും സാമൂഹിക പരിഷ്‌കരണവും?

Content Highlights: is renaissance and social reform only reserved for the majority community alone?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented