കടുത്തസമ്മര്‍ദം, നീളുന്ന വിചാരണ, ശിക്ഷിക്കപ്പെടാത്ത പ്രതികള്‍, നഷ്ടപ്പെടുന്ന വിദ്യാഭ്യാസം... പോക്‌സോ കേസുകളുടെ നടത്തിപ്പില്‍ കുരുങ്ങി ഇരകളായ കുട്ടികള്‍. നിയമം നടപ്പാക്കുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് പ്രായോഗിക നിര്‍ദേശങ്ങള്‍ പുറത്തിറക്കി. എന്നാല്‍, പോലീസ് മാത്രം വിചാരിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളല്ലിത്.
നിയമത്തിനുമുന്നിലെത്തുന്ന 90 ശതമാനം കേസുകളിലും പ്രതികള്‍ ബന്ധുക്കളോ അടുത്ത പരിചയക്കാരോ ആണെന്ന് പോലീസ് പറയുന്നു. ഇരകള്‍ക്കുമേലുള്ള സമ്മര്‍ദം വര്‍ധിക്കാനും കേസുകളില്‍ തെളിവില്ലാതാകാനുമുള്ള പ്രധാന കാരണമിതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സമ്മര്‍ദങ്ങളെല്ലാം അതിജീവിച്ച് കേസ് മുന്നോട്ടുപോയാല്‍തന്നെ 18 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. വിദ്യാഭ്യാസം നഷ്ടമാകുന്നതും വിചാരണ തീരുംവരെ അനുഭവിക്കുന്ന ഒറ്റപ്പെടലും മറ്റും പലപ്പോഴും ജീവിതകാലം മുഴുവന്‍ ബാധിക്കുകയും ചെയ്യുന്നു.
നിയമം നിര്‍മിച്ച 2012 മുതലുള്ള കേസുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ പതിനായിരത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പരാതികിട്ടി മൂന്നുമാസത്തിനകം കുറ്റപത്രം നല്‍കണമെന്നും ഒരുവര്‍ഷത്തിനുള്ളില്‍ വിചാരണ തീരണമെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുമ്പോഴാണിത്.
കുറ്റവാളിക്ക് ജാമ്യം, ഇരയ്ക്ക് അപ്രഖ്യാപിത തടവ്
ജാമ്യം കിട്ടുന്നതോടെ കുറ്റവാളി സ്വതന്ത്രനാകുന്നു. എന്നാല്‍, ഇരയുടെ അപ്രഖ്യാപിത തടവ് വിചാരണ കഴിയുംവരെ നീളുന്നു. പലപ്പോഴും കുടുംബത്തില്‍നിന്ന് അകലെ നിര്‍ഭയകേന്ദ്രത്തിലായിരിക്കും ഈ കുട്ടികളുടെ താമസം. നിര്‍ഭയകേന്ദ്രങ്ങളില്‍ മറ്റുകേസുകളില്‍പ്പെട്ടവര്‍ക്കൊപ്പമാണ് ഇവര്‍ കഴിയേണ്ടിവരുന്നത്.
ഈ സാഹചര്യത്തില്‍ ഇരയുടെ സ്വാഭാവിക ചുറ്റുപാടുകളില്‍നിന്ന് മാറ്റാതെ സംരക്ഷണം നല്‍കാനുള്ള സംവിധാനം ഒരുങ്ങണമെന്ന നിര്‍ദേശം പോലീസ് മുന്നോട്ടുവെക്കുന്നു. ഇരകള്‍ മാറിത്താമസിക്കുകയും കുറ്റവാളികള്‍ നാട്ടില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുമുണ്ട്.
മൊഴിയെടുപ്പ് ഇരുപതിലധികം തവണ
ഇരകളായ കുട്ടികള്‍ ഇരുപതിലേറെ തവണ ദുരന്തം വിശദീകരിക്കേണ്ടിവരുന്നു. മൊഴിയെടുപ്പിന്റെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് പുറത്തിറക്കിയ പ്രായോഗിക നിര്‍ദേശങ്ങളില്‍ പറയുന്നത്. പോക്‌സോ കേസുകള്‍ സംബന്ധിച്ച് ഐ.ജി. ശ്രീജിത്ത് നടത്തിയ പഠനത്തിന്റെ തുടര്‍ച്ചയായാണ് ഈ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
മൊഴിയെടുപ്പ് വീഡിയോ, ഓഡിയോ രീതികളില്‍ പകര്‍ത്തുകയോ ഒരുമിച്ച് മൊഴിയെടുക്കുകയോ ചെയ്യുകയെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനമായുള്ളത്. സംഭവം ആവര്‍ത്തിച്ചുപറയേണ്ടിവരുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ സമ്മര്‍ദത്തിലാകുമെന്ന് പഠനം പറയുന്നു.
മറ്റു നിര്‍ദേശങ്ങള്‍
* പീഡനവിവരം അറിയിക്കുന്ന അധ്യാപികമാരുടെയോ കൗണ്‍സലര്‍മാരുടെയോ രഹസ്യമൊഴിയുള്‍പ്പെടെയുള്ളവ പല എഫ്.ഐ.ആറിലും കാണുന്നില്ല. പകരം ബന്ധുക്കളുടെ മൊഴികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതികള്‍ എന്നതിനാല്‍ കൂറുമാറ്റസാധ്യത കൂടുന്നു. ഇതിനാല്‍ കേസ് ആദ്യമായി പോലീസില്‍ അറിയിക്കുന്നവരുടെ മൊഴിയും വിശദമായി രേഖപ്പെടുത്തണം.
* നിലവില്‍ മൂന്നു പോക്‌സോ കോടതികള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക പോക്‌സോ കോടതികള്‍ ആരംഭിക്കണം.
*ഇരയുടെ ജനനത്തീയതി തെളിയിക്കാനുള്ള രേഖകള്‍ നല്‍കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്നു. ഇതുണ്ടാകരുത്.
* ഇരകളെയും അന്വേഷണസംഘത്തെയും ബന്ധിപ്പിക്കുന്ന വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എന്ന സംവിധാനം മിക്കകേസുകളിലും ഉണ്ടാകുന്നില്ല. ഇരയ്ക്കുനേരെ ഭീഷണികളും മറ്റും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വി.എല്‍.ഒ.മാരെ നിയോഗിക്കണം. വി.എല്‍.ഒ.മാര്‍ക്ക് പരിശീലനവും നല്‍കണം.