രിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സ്വയം പര്യാപ്തയാവണമെന്നും ഉറപ്പിച്ചാണ് ശോഭ വിശ്വനാഥ് എന്ന യുവതി  ഒരു വ്യവസായ സംരംഭകയായത്. വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിര്‍മാണസ്ഥാപനം നേടിയെടുത്ത പ്രശസ്തി ശോഭയുടെ ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും മാത്രം ഫലമാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ മാത്രം സംരംഭക എന്ന നിലയിലും സാമൂഹികപ്രവര്‍ത്തക എന്ന നിലയിലും പത്ത് വര്‍ഷം കൊണ്ട് നേടിയ പേരും പെരുമയും കൈവിട്ടു പോകുമെന്ന ഭീതി കുറച്ചു മണിക്കൂറുകള്‍ അലട്ടിയപ്പോഴാവണം ഇത്രയും കാലം പൊരുതി നിന്ന പ്രതിബന്ധങ്ങള്‍ മറന്ന് ഇനി ജീവിച്ചിരിക്കേണ്ട എന്ന് ഒരു നിമിഷനേരത്തേക്കെങ്കിലും ആ പെണ്‍മനസ് ചിന്തിച്ച് പോയത്.

Sobha Viswanath
ശോഭ വിശ്വനാഥ് | Photo : Facebook

ജാമ്യം നേടിയ ഉടന്‍ തന്നെ കാണാനെത്തിയ ശോഭ അത്തരത്തിലുള്ള അവസ്ഥയിലായിരുന്നെങ്കിലും  തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാണ് ശോഭ ആവശ്യപ്പെട്ടതെന്ന് ശോഭയുടെ നിയമപോരാട്ടത്തില്‍ എല്ലാ വിധ പിന്തുണയും നല്‍കിയ തിരുവനന്തപുരത്തെ സീനിയര്‍ അഭിഭാഷകനായ അശോക് നായര്‍ പറയുന്നു. നിയമപോരാട്ടത്തിനോ നിയമസഹായത്തിനോ വേണ്ടി മുന്നോട്ട് വരുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോഴും കുറഞ്ഞൊരു ശതമാനമായി തുടരുമ്പോള്‍ അതിനുള്ള കാരണങ്ങളും ശോഭ വിശ്വനാഥിന്റെ കേസിലുണ്ടായ വ്യത്യസ്തമായ വഴിത്തിരിവുകള്‍, നേരിടേണ്ടി വന്ന പ്രതിസന്ധികള്‍, നിയമവ്യവസ്ഥയിലെ പോരായ്മകള്‍, പോലീസിന്റെ മനോഭാവം എന്നിവയെ കുറിച്ച് അഡ്വക്കേറ്റ് അശോക് നായര്‍ സംസാരിക്കുന്നു.

ശോഭ വിശ്വനാഥിന്റെ കേസില്‍ നടന്നത് വിശദമാക്കാമോ?

ജനുവരി 21 നാണ് ശോഭ വിശ്വനാഥിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്ന് പോലീസ് കഞ്ചാവ് കണ്ടെടുക്കുന്നത്. തുടര്‍ന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യം(ബെയ്ലബിള്‍ ഒഫന്‍സ്)എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രാത്രി എട്ടരയോടെ ശോഭയെ വിട്ടയച്ചു. അതിന് ശേഷമാണ് സംഭവത്തില്‍ ഒളിഞ്ഞിരിക്കുന്ന ചതി പുറത്തു കൊണ്ടു വരണമെന്നും സത്യാവസ്ഥ തെളിയിക്കണമെന്നുള്ള തീരുമാനത്തില്‍ എത്തിച്ചേരുന്നത്.

ഇത്തരത്തിലൊന്ന് തെളിയിക്കേണ്ടി വരുമ്പോള്‍ ആദ്യം നമുക്ക് വേണ്ട സഹായം പോലീസിന്റെ ഭാഗത്ത് നിന്ന് തന്നെയാണ് ലഭിക്കേണ്ടത്. സാമൂഹികമായി വളരെയധികം ഇടപെടലുകള്‍ നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ലഹരിയുള്‍പ്പെടെയുള്ളവയുമായി ബന്ധമുണ്ടായിരിക്കുമെന്ന് നമ്മുടെ സമൂഹത്തിനും പോലീസിനും പൊതുവെ ഒരു മുന്‍വിധിയുണ്ട്. ആ മുന്‍വിധി തകര്‍ക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ.

സത്യാവസ്ഥ തെളിയിക്കാന്‍ ഈ കേസില്‍ ഒരു പുനരന്വേഷണമോ(re investigation) തുടരന്വേഷണമോ(further investigation) നടത്തേണ്ടതുണ്ട്. തുടരന്വേഷണം നടത്തുന്നത് ആദ്യം അന്വേഷണം നടത്തിയ ഏജന്‍സി തന്നെയായതിനാല്‍ അതില്‍ അനുകൂലമായ പുരോഗതിക്കുള്ള സാധ്യത കുറവാണ്. അതിനാല്‍ ഒരു പുനരന്വേഷണത്തിന് ശ്രമിക്കുന്നതാണ് നല്ലതെന്ന് ശോഭയോട് പറഞ്ഞു. തുടര്‍ന്ന് ഡിജിപിയെ സമീപിച്ച് പോലീസിന്റെ അന്വേഷണത്തിലെ പാളിച്ചകള്‍, വൈരുധ്യങ്ങള്‍ എന്നിവ സൂചിപ്പിച്ച് ഒരു പരാതി നല്‍കി. പിന്നീട് മുഖ്യമന്ത്രിക്കും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പരാതി നല്‍കി.

മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി എന്ന കേള്‍ക്കുമ്പോള്‍ അത് വളരെ എളുപ്പമായിരുന്നു എന്ന് തോന്നാം. പക്ഷെ ഡിജിപിയെ നേരിട്ടു കാണാന്‍  നാലോ അഞ്ചോ വട്ടം രാവിലെ മുതല്‍ വൈകുന്നേരം നാലര മണിവരെ ഭക്ഷണം പോലും കഴിക്കാതെ ശോഭയ്ക്ക് കാത്തിരിക്കേണ്ടി വന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ല, മറിച്ച് ഡിജിപിയുടെ കോവിഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗികത്തിരക്കുകള്‍ മൂലമാണ് അങ്ങനെ സംഭവിച്ചത്. നേരിട്ട് കണ്ട് പരാതി നല്‍കിയപ്പോള്‍ തന്നെ കൂടുതല്‍ മികച്ച ഒരു അന്വേഷണസംഘത്തെ പുനരന്വേഷണത്തിന് നിയോഗിക്കാം എന്ന് അദ്ദേഹം ഉറപ്പു നല്‍കി.

തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം കാണാനെത്തിയപ്പോള്‍ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് നല്‍കി ഉത്തരവായി എന്ന് ഡിജിപി അറിയിക്കുകയും ചെയ്തു. പിന്നീട് അസിസ്റ്റന്റ് കമ്മീഷണര്‍ അമ്മിണിക്കുട്ടന് കേസിന്റെ അന്വേഷണചുമതല നല്‍കി. അദ്ദേഹം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ അന്വേഷണം ആരംഭിച്ചു.

കേസില്‍ പോലീസിന്റെ സഹകരണത്തെ കുറിച്ച്

ആദ്യം തയ്യാറാക്കിയ എഫ്ഐആറില്‍ വീവേഴ്സ് വില്ലേജില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ ശോഭ അവിടെ ഉണ്ടായിരുന്നതായും ശോഭ തന്നെയാണ് കഞ്ചാവ് കാണിച്ചു കൊടുത്തതെന്നുമാണ്  രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്ഥാപനത്തില്‍ നിന്ന് നാര്‍ക്കോട്ടിക് വിഭാഗം കഞ്ചാവ് കണ്ടെത്തിയ ശേഷമാണ് ശോഭയെ പോലീസ് അവിടേക്ക് കൂട്ടി വന്നതെന്നതിന് സാക്ഷികളും തെളിവുകളും ഉണ്ടായിരുന്നു. ഈ വൈരുധ്യമാണ് ക്രൈംബ്രാഞ്ചിന് ശോഭയുടെ കാര്യത്തില്‍ അല്‍പമെങ്കിലും ഒരു വിശ്വസനീയത ജനിപ്പിച്ചത്.

സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കാന്‍ ഒരു വിദഗ്ധനെ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. 'ഇത്രയും മെനക്കെടേണ്ട, രണ്ടായിരം രൂപ പിഴയടക്കേണ്ട കാര്യമേയുള്ളൂ, അതടച്ച് പൊയ്ക്കോളൂ' എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. മറിച്ച് ഇതേ കാര്യം ക്രൈംബ്രാഞ്ചിനോടാവശ്യപ്പെട്ടപ്പോള്‍ അവര്‍ സഹകരിക്കാനും സംഭവത്തിന്റെ തലേ ദിവസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും തയ്യാറായി.

തുടര്‍ന്നാണ് കേസ് തെളിയിക്കാന്‍ സഹായകമായ സൂചനകള്‍ ലഭിച്ചു. സംശയമുള്ള വ്യക്തികളെ കുറിച്ച് പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു. അതനുസരിച്ച് സ്ഥാപനത്തിലെ മുന്‍ജീവനക്കാരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെ പ്രതിയായ ഹരീഷ് ഹരിദാസുമായുള്ള ബന്ധം അയാള്‍ വെളിപ്പെടുത്തി. ഹരീഷിന്റെ പ്രേരണയില്‍ കഞ്ചാവ് കൂടാതെ സ്ഥാപനത്തിലെ ഒരു ടോയ്ലറ്റ് ഫ്ളഷില്‍ അയാള്‍ തന്നെ ഒളിപ്പിച്ച ഗര്‍ഭനിരോധനഉറകളും ഐപില്ലുകളും ക്രൈംബ്രാഞ്ചിന് അയാള്‍ എടുത്തു നല്‍കി. ഈ വസ്തുക്കള്‍ പോലീസന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല.

സ്ത്രീകള്‍ പൊതുവെ നിയമപോരാട്ടത്തിനായി മുന്നോട്ട് വരുന്നത് കുറവാണെന്ന അഭിപ്രായമുണ്ടോ, തങ്ങള്‍ക്കുള്ള നിയമപരിരക്ഷകള്‍ സ്ത്രീകള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നത് ഒരു വസ്തുതയാണോ?

നിയമപോരാട്ടത്തിനോ നിയമത്തിന്റെ സഹായം അഭ്യര്‍ഥിച്ചു വരുന്നതോ ആയ സ്ത്രീകളുടെ എണ്ണം ഈ കാലത്തും ഇരുപത് ശതമാനത്തില്‍ താഴെ മാത്രമാണ്. സ്ത്രീകള്‍ക്കായി ധാരാളം നിയമങ്ങളും നിയമസംവിധാനങ്ങളും നിയമപഠനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിയമസഹായവും ലഭ്യാണെങ്കിലും അത് ഉപയോഗപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. നമുക്ക് ചുറ്റും ഗാര്‍ഹിക പീഡനങ്ങളോ ഭര്‍തൃപീഡനങ്ങളോ അനുഭവിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. പക്ഷെ അതിനെ കുറിച്ച് തുറന്ന് പറയാനോ അതില്‍ നിന്ന് പുറത്തു വരാനോ സ്വയം രക്ഷപ്പെടുത്താനോ തയ്യാറാവാതെ എല്ലാം സഹിച്ച് കഴിയുന്നവരാണ് അധികവും. സ്ത്രീകളതിന് തയ്യാറാവുന്നില്ല എന്നതാണ് ഏറ്റവും വിഷമകരമായ സത്യം. 

നിയമവ്യവസ്ഥയെ സമീപിക്കുന്നതിലെ കാലതാമസം / നിയമസഹായം തേടാതിരിക്കുന്നത് കുറ്റകൃതങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുമോ? 

വീട്ടിലോ പൊതുസ്ഥലത്തോ ഒരു ഒരാള്‍ക്ക് നേരെ, അത് സ്ത്രീയോ പുരുഷനോ ആകട്ടെ, ഒരു കുറ്റകൃത്യം നടന്നാല്‍ എത്രയും പെട്ടെന്ന് സഹായത്തിനായി നമുക്ക് സമീപിക്കാവുന്നത് ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനെയോ പോലീസ് അധികാരികളെയോ ആണ്. ചെറുതോ വലുതോ ആയ കുറ്റകൃത്യമാകട്ടെ പ്രതികരിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാതിരിക്കുമ്പോള്‍ അത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ വര്‍ധിക്കും. ഒരു പരാതിയിലോ പ്രതികരണത്തിലൂടെയോ  നമുക്കൊഴിവാക്കാവുന്ന പല ദുരന്തങ്ങളും-ഈയടുത്ത് നടന്ന പല ആത്മഹത്യകളും കൊലപാതകങ്ങളും ഇത്തരത്തിലുള്ള അവഗണനയുടെ ഫലമായുണ്ടായതാണെന്ന കാര്യം പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. 

നിസ്സാരമായി ഒഴിവാക്കപ്പെടുന്ന പല ഉപദ്രവങ്ങളും ഉദാഹരണത്തിന് ബസ്സില്‍ ഒരു പെണ്‍കുട്ടിക്ക് നേര്‍ക്കുണ്ടാകുന്ന ഒരു അതിക്രമത്തെ കുറിച്ച് പരാതിയുയരാത്ത സാഹചര്യം അത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹനമായി തീരുകയാണ്. പ്രതികരണം ഉണ്ടാകുന്ന പക്ഷം പിന്നീടൊരിക്കല്‍ ആ കൃത്യം ചെയ്യുന്നതിന് മുമ്പ് അത്തരം വ്യക്തികള്‍ ഒന്ന് മടിക്കുകയോ ചിലപ്പോള്‍ അതില്‍ നിന്ന് പിന്‍മാറുകയോ ചെയ്യും. നിയമസഹായം തേടുന്നത് കുറ്റകൃത്യങ്ങളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നതില്‍ സംശയമൊന്നുമില്ല. പക്ഷെ ഭൂരിഭാഗം പേരും അതിന് മടിക്കുന്നതാണ് സമൂഹത്തിലുണ്ടാകുന്ന പല ദുരന്തങ്ങള്‍ക്കും കാരണം.  

നിലവിലെ നിയമവ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടതുണ്ട് അഭിപ്രായമുണ്ടോ? നീതി നടപ്പാക്കുന്നതില്‍ / നീതി ലഭിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയില്‍ കുറവ് വരുത്തുന്നുണ്ടോ? 

ബ്രിട്ടീഷ്‌കാലത്തെ നിയമങ്ങള്‍ തന്നെയാണ് നാമിപ്പോഴും പിന്തുടരുന്നത്. ശാസ്ത്രവും സാങ്കേതികതയും ഏറെ പുരോഗമിച്ച് ഈ കാലഘട്ടത്തിലും കോടതിയ്ക്കോ നിയമവ്യവസ്ഥയ്ക്കോ അക്കാലത്ത് രൂപപ്പെടുത്തിയ വളയത്തിനുള്ളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേസ് ജയിപ്പിക്കാനോ നിര്‍ണായക വഴിത്തിരിവിലേക്കെത്തിക്കാനോ സാധിക്കുകയുള്ളൂ. അതൊരു അപര്യാപ്തതയാണ്.

ശോഭയുടെ കേസിലും അത് തന്നെയാണ് സംഭവിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ നിയമം വ്യവസ്ഥ ചെയ്യുന്ന വിധത്തില്‍ ശോഭയ്ക്ക് ജാമ്യം ലഭിച്ചു. ഒരു പെണ്‍കുട്ടിയെ ട്രാപ് ചെയ്യാനായി മറ്റൊരിടത്ത് നിന്ന് കഞ്ചാവ് വാങ്ങി മറ്റൊരാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി സൂക്ഷിച്ചു വെച്ച പ്രതിയും ചെയ്തിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. ഇതൊക്കെ നിയമത്തിന്റെ പോരായ്മകളാണ്. ഇത്രയൊക്കെയേ സംഭവിക്കുകയുള്ളൂ എന്നൊരാള്‍ക്ക് തോന്നിക്കഴിഞ്ഞാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അതിനാല്‍ തന്നെ തീര്‍ച്ചയായും നിയമങ്ങളില്‍ മാറ്റം വരണം.

ഇപ്പോഴും നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന സംവിധാനം നിയമവ്യവസ്ഥ തന്നെയാണ്. അതിലുള്ള വിശ്വാസ്യത ഇപ്പോഴും ജനങ്ങള്‍ക്ക് നഷ്ടമായിട്ടില്ല. പക്ഷെ നീതി നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം ഒരു ഗുരുതരപ്രശ്‌നം തന്നെയാണ്. നിയമത്തെ സമീപിക്കുന്നതില്‍ വരുന്ന കാലതാമസം, തുടര്‍നടപടികളിലുണ്ടാവുന്ന കാലതാമസം തുടങ്ങിയ കാര്യങ്ങളില്‍ പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ നീതിന്യായസംവിധാനം കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. 

വൈകി ലഭിക്കുന്ന നീതി പലപ്പോഴും ഒരു പരിഹാരമാകണമെന്നില്ല. മൂന്നോ നാലോ വര്‍ഷം ഒരു വ്യക്തി ഒരു പ്രശ്‌ന പരിഹാരത്തിന് കോടതി കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കാന്‍ അന്തിമതീരുമാനം വൈകുന്ന സാഹചര്യത്തില്‍ ഇടക്കാലആശ്വാസമെന്ന തരത്തില്‍ ബദലായ ഒരു നീക്കം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് ജനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചേക്കാം എന്നാണ് എന്റെ അഭിപ്രായം. 

നീതിവ്യവസ്ഥയുടെ കാവല്‍ക്കാര്‍ എന്നറിയപ്പെടുന്ന പോലീസുകാരുടെ മനോഭാവം? 

പോലീസുകാരുടെ മനോഭാവം പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതില്‍ നിന്ന് വളരെ മാറിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ള ഒരു പാട് പേര്‍ ഈ സെക്ടറിലേക്ക് കടന്നുവന്നത് പോലീസിന്റെ മനോഭാവത്തില്‍ കാര്യക്ഷമമായ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോഴും നിയമസഹായം തേടി നമുക്കാദ്യം സമീപിക്കാവുന്നത് പോലീസിനെ തന്നെയാണ്. അടിപിടിയാവട്ടെ, വസ്തുതര്‍ക്കമാവട്ടെ, വീട്ടിലെ പ്രശ്‌നങ്ങളാവട്ടെ ആദ്യം നമ്മുടെ മനസ്സില്‍ വരുന്നത് പോലീസിന് പരാതി നല്‍കാം എന്നാണ്. പരാതിയുടെ വ്യാപ്തമനുസരിച്ച് പോലീസിന്റെ പ്രതികരണത്തിലും പ്രവര്‍ത്തനമികവിലും സ്വാഭാവികമായും ഏറിയും കുറഞ്ഞുമിരിക്കാം. 

അതേ സമയം ശാസ്ത്രീയാന്വേഷണം വേണ്ടിടത്തും ഉത്തരവാദിത്വപരമായുള്ള വിഷയങ്ങളിലും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ അന്വേഷണം തന്നെയാണ് നടക്കുന്നത്. എല്ലാ സെക്ടറുകളിലും ചില നെഗറ്റീവ് ആസ്‌പെക്ട്‌സ് ഉള്ളതു പോലെ പോലീസിങ്ങിലും ചില പിന്തിരിപ്പന്‍ ഘടകങ്ങള്‍ ഉണ്ടാകാം. അത് സ്വാഭാവികമാണ്. മൊത്തം പോലീസ് സേനയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നില്ല. പഴയ പോലീസായി പലരും ഇപ്പോഴുമുണ്ട്, പക്ഷെ എന്നാലും മുന്‍കാലത്തേക്കാള്‍ പോലീസിന്റെ ബേസിക് ആറ്റിറ്റിയൂഡില്‍ വളരെയധികം മാറ്റമുണ്ട്. 

 

 

Content Highlights: Interview with Sobha Viswanath's Advocate Ashok Nair