സീതാറാം യെച്ചൂരി | പി. ജി ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
നല്ല പക്വമതികളാണ് കേരളത്തിലെ വോട്ടര്‍മാരെന്ന് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. 2004ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയേയും വാജ്പേയി സര്‍ക്കാരിനേയും തടഞ്ഞു നിര്‍ത്താന്‍ മതേതര-ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കുമെന്ന് സി.പി.എം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസും കൂടി ഉള്‍പ്പെട്ടതായിരുന്നു ആ മുന്നണി. എന്നിട്ടും കേരളത്തിലെ 20 ലോക്സഭാസീറ്റുകളില്‍ പതിനെട്ടിലും ഇടതുപക്ഷം വിജയിച്ചെന്നും കോണ്‍ഗ്രസിന് ഒറ്റ സീറ്റു പോലും നേടാനായില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ ഒറ്റ എം.എല്‍.എ മാത്രമേ ബി.ജെ.പിക്കുള്ളൂ. കോണ്‍ഗ്രസ് പിന്തുണയോടെയാണ് വിജയിച്ചതെന്ന് അവരുടെ ഏക എം.എല്‍.എ തന്നെ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസിനു വോട്ടു നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി. ഇത്തരം അവിശുദ്ധകൂട്ടുകെട്ടുകള്‍ എതിര്‍ക്കപ്പെടണമെന്നും യെച്ചൂരി പറഞ്ഞു
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പി. കെ മണികണ്ഠൻ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം
അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?
ബി.ജെ.പി അവകാശപ്പെടുമ്പോഴേ അവര്‍ക്കു വലിയ വിജയമുണ്ടാവാന്‍ പോവുന്നില്ല. അസമില്‍ പോലും സ്ഥിതിഗതികള്‍ അവര്‍ക്ക് അനുകൂലമല്ല. അവിടെ ബി.ജെ.പി മുന്നണിയും മതേതര ജനാധിപത്യ മുന്നണിയും തമ്മില്‍ കടുത്ത മത്സരമാണവിടെ. ബോഡോ വിഭാഗം എന്‍.ഡി.എ വിട്ടത് ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കും. തമിഴ്‌നാട്ടില്‍ ഡി.എം.കെ നയിക്കുന്ന മുന്നണി നന്നായി മുന്നേറുന്നു. വലിയ തോതിലുള്ള വിജയമുണ്ടാവും. പുതുച്ചേരിയില്‍ ചെറുതെങ്കിലും ശക്തമായ മത്സരമാണ്. വ്യക്തമായ ത്രികോണമത്സരത്തിലാണ് പശ്ചിമബംഗാള്‍. ഇതില്‍ ഏറ്റവും ദുര്‍ബലര്‍ ബി.ജെ.പിയാണ്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമുണ്ടാവുന്ന പതിവു മാറി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താന്‍ പോവുകയാണ് കേരളത്തില്‍.
ഈ സംസ്ഥാനങ്ങളിലൊന്നും ബി.ജെ.പിയുടെ പ്രൊപ്പഗാന്‍ഡ വിജയിക്കാന്‍ പോവുന്നില്ല. ഇതിനെല്ലാം പുറമെ, ആഭ്യന്തരപ്രശ്നങ്ങളില്‍ ഉലയുകയാണ് ബി.ജെ.പി. മറ്റു പാര്‍ട്ടികളുടെ എം.എല്‍.എമാരെയും സ്ഥാനാര്‍ഥികളെയും വിലയ്ക്കു വാങ്ങുന്നു. ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ അവരുടെ ഓഫീസ് അക്രമിച്ചു. കേരളത്തിലും സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കലഹമുണ്ടായി. നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടിയുണ്ടാവും. അതു ദേശീയരാഷ്ട്രീയത്തിലും പോസിറ്റീവായ ചലനങ്ങളുണ്ടാക്കും.
കര്‍ഷക പ്രക്ഷോഭമടക്കമുള്ളവ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?
കര്‍ഷകപ്രക്ഷോഭം, പൊതുമേഖലയുടെ സ്വകാര്യവത്കരണം, തൊഴിലാളിപ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ സംസ്ഥാനങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ നടക്കുന്നു. ജനങ്ങളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങളാണ് ജനവിധി നിര്‍ണയിക്കുക. അതിന്റെ ആകെത്തുകയാവും തിരഞ്ഞെടുപ്പുഫലം. ഇന്ധനവില വര്‍ധന പോലെ ജനങ്ങള്‍ക്കുമേല്‍ ദുരിതം അടിച്ചേല്‍പിക്കുകയാണ് ബി.ജെ.പി. പലരും ഗ്യാസ് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നില്ല. കാരണം അവര്‍ക്കതിന്റെ ചെലവു താങ്ങാനാവുന്നില്ല. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് തൊഴിലില്ലായ്മ വീണ്ടും കൂടി. പട്ടിണി വര്‍ധിക്കുന്നു. എല്ലാ വിയോജിപ്പുകളേയും ബി.ജെ.പി കടന്നാക്രമിക്കുന്നു. ഇതൊക്കെ ബി.ജെ.പിയുടെ തിരിച്ചടിക്കു കാരണങ്ങളാവും.
എന്താണ് ഇടതുപക്ഷത്തിന്റെ സാധ്യതകള്‍? ഇടതുപക്ഷത്തിനു ജനങ്ങളെന്തിനു വോട്ടു ചെയ്യണം?
ഇത്തവണ ഇടതുസാന്നിധ്യം മുന്‍കാലങ്ങളേക്കാള്‍ മെച്ചപ്പെടും. തമിഴ്‌നാട്ടില്‍ ഡി.എം.കെ നയിക്കുന്ന മുന്നണി മതേതര സര്‍ക്കാരുണ്ടാക്കും. ഞങ്ങള്‍ക്ക് നിയമസഭയില്‍ മികച്ച പ്രാതിനിധ്യമുണ്ടാവും. അസമില്‍ വലിയ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ നിയമസഭയിലെത്താന്‍ പോവുന്നു. പശ്ചിമബംഗാളില്‍ സംയുക്ത മോര്‍ച്ച (ഐക്യമുന്നണി)യുടെ ഭാഗമാണ് സി.പി.എം. ഈ മോര്‍ച്ച ഒരു ബദലായി മാറിക്കഴിഞ്ഞു.
കേരളത്തില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോഴും കോവിഡ് സമയത്തുമൊക്കെ ഇടതുസര്‍ക്കാരിന്റെ പ്രതികരണവും പ്രവര്‍ത്തനവും വലിയ തോതില്‍ അംഗീകാരം നേടി. തങ്ങള്‍ക്കു വേണ്ടി ഒരു സര്‍ക്കാരുണ്ടെന്നാണ് ജനങ്ങളുടെ ചിന്ത. തദ്ദേശ തിരഞ്ഞെടുപ്പില്‍ അതു പ്രകടമായി. കേരളത്തില്‍ ഓരോ അഞ്ചു വര്‍ഷവും മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുന്ന പതിവുരീതിക്കു പകരം തുടര്‍ഭരണം നേടി ഇടതുപക്ഷം ഇത്തവണ ചരിത്രം കുറിക്കും. ഇങ്ങനെ, നാലു സംസ്ഥാനങ്ങളിലും ഇടതുസാന്നിധ്യം വലിയ തോതില്‍ വര്‍ധിക്കും.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടതുപക്ഷത്തിനു മാത്രമേ ബദല്‍ നയങ്ങളുള്ളൂ. പൊതുമേഖല വിറ്റഴിക്കുകയോ പൊതുമുതല്‍ കൊള്ളയടിക്കുകയോ അല്ല രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗം. രാജ്യത്തെ വിഭവസ്രോതസുകള്‍ പ്രയോജനപ്പെടുത്തി പൊതുനിക്ഷേപം കൂട്ടി അടിസ്ഥാന സൗകര്യം വികസിപ്പിക്കണം. അതുവഴി പുതിയ തൊഴിലുകളും സൃഷ്ടിക്കാനാവും. യുവാക്കള്‍ക്ക് തൊഴില്‍ കിട്ടിയാല്‍, ജീവനക്കാര്‍ക്കു കുടിശ്ശികയുുള്ള ശമ്പളം ലഭിച്ചു കഴിഞ്ഞാല്‍, ആഭ്യന്തര ഉപഭോഗം വര്‍ധിക്കും. അങ്ങനെ, സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കും. ഇങ്ങനെ, ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ നയങ്ങളാണ് ജനങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രയാസങ്ങള്‍ക്കുള്ള പരിഹാരം. ഈ ബദലിനു വേണ്ടി ഞങ്ങള്‍ വോട്ടു ചോദിക്കുന്നു.
പക്ഷെ, കേരള സര്‍ക്കാരിനെതിരേയുള്ള വിവാദങ്ങള്‍ തിരിച്ചടിയാവില്ലേ? അതില്‍ തിരുത്താനൊന്നുമില്ലേ?
അവയൊക്കെ രാഷ്ട്രീയമായ വേട്ടയാണെന്നതില്‍ തര്‍ക്കമില്ല. എന്തെങ്കിലും തിരുത്തല്‍ ആവശ്യമെങ്കില്‍ അതു ചെയ്യുന്നവരാണ് ഞങ്ങള്‍. ആവശ്യമായ ഘട്ടങ്ങളില്‍ അതു ചെയ്തിട്ടുമുണ്ട്. അതു ജനങ്ങള്‍ക്കുമറിയാം. കേന്ദ്രാന്വേഷണ ഏജന്‍സികളായ സി.ബി.ഐയും ഇ.ഡിയുമൊക്കെ എങ്ങനെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഉപയോഗിക്കപ്പെടുന്നതെന്നു ജനങ്ങള്‍ കാണുന്നുണ്ടല്ലോ. എന്നാല്‍, സ്വര്‍ണക്കടത്തടക്കമുള്ള വിഷയങ്ങള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് അജണ്ടയായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. അതുവഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. തദ്ദേശതിരഞ്ഞെടുപ്പില്‍ അതൊന്നും ഫലവത്തായില്ല. നിയമസഭാതിരഞ്ഞെടുപ്പിലും അതു വിജയിക്കാന്‍ പോവുന്നില്ല.
ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍, പാര്‍ട്ടിക്കാര്‍ ക്യാപ്റ്റനെന്നു വിളിക്കുന്ന മുഖ്യമന്ത്രി തന്നെയാവുമോ സര്‍ക്കാരിന്റേയും ക്യാപ്റ്റന്‍?
ഇടതുപക്ഷം ചരിത്രം കുറിക്കാന്‍ പോവുകയാണ് കേരളത്തില്‍. ഉറപ്പായും കേരളത്തില്‍ തുടര്‍ഭരണമുണ്ടാവും. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ക്യാപ്റ്റനാണ് സഖാവ് പിണറായി. നിലവില്‍ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. ക്യാപ്റ്റന്‍ വിജയിക്കുമ്പോള്‍ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളത്തെ കരയേറ്റാന്‍ എന്താണ് പരിഹാര നിര്‍ദേശം?
ഇതു കേരളത്തിന്റെ മാത്രം പ്രശ്നമല്ല. കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് ഇതിനൊക്കെ കാരണം. റബ്ബറിനും കയറിനുമൊക്കെ പ്രത്യേകം ബോര്‍ഡുകളുണ്ട് കേരളത്തില്‍. കേന്ദ്രനയങ്ങളെ തുടര്‍ന്ന് അവയും അതിജീവിക്കാന്‍ പാടുപെടുന്നു. ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ച ബദല്‍ നയങ്ങളാണ് ഇതിനൊക്കെ പരിഹാരം. പൊതുമേഖലയില്‍ നിക്ഷേപം കൂട്ടണം. അടിസ്ഥാനസൗകര്യം വികസിപ്പിക്കണം. തൊഴിലുകള്‍ സൃഷ്ടിക്കണം. നമ്മുടേതായ വിഭവസ്രാതസുകള്‍ പ്രയോജനപ്പെടുത്തണം. സഹകരണമേഖല ശക്തമാണ് കേരളത്തില്‍. ഉല്പാദനവും വിപണനവും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിയണം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ രംഗത്ത് എന്തൊക്കെ ചെയ്യാനാവുമെന്നു കൂടിയാലോചിച്ചു തീരുമാനിക്കും.
കേരളത്തിലും ബംഗാളിലുമൊന്നും ബി.ജെ.പി ഭരണത്തിലില്ല. എന്നിട്ടും ബി.ജെ.പിയാണല്ലോ സി.പി.എമ്മിന്റെ മുഖ്യശത്രു?
ഈ സംസ്ഥാനങ്ങളില്‍ മിക്കതിലും ബി.ജെ.പി വലിയൊരു പാര്‍ട്ടിയല്ല. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ ജൂനിയര്‍ പാര്‍ട്ണറാണവര്‍. ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ സാധ്യമായ ബദല്‍ ബി.ജെ.പിയാണെന്ന ചിന്ത ജനങ്ങളിലുണ്ടായി. കൂടാതെ, ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസുമൊക്കെ മത്സരിച്ചതു വെവ്വേറെയായിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെയല്ല. കടുത്ത ത്രികോണമത്സരം നടക്കുന്നു. സംയുക്ത മോര്‍ച്ചയുടെ വിശ്വാസ്യത ഉയര്‍ന്നു കഴിഞ്ഞു. തൃണമൂല്‍ വിരുദ്ധവോട്ടുകള്‍ ബി.ജെ.പിയിലേയ്ക്കു പോവില്ല. തൃണമൂലിനെ തോല്പിക്കാതെ ബി.ജെ.പിയെ ചെറുക്കാനാവില്ല.
കേരളത്തില്‍ ഒറ്റ എം.എല്‍.എ മാത്രമേ ബി.ജെ.പിക്കുള്ളൂ. കോണ്‍ഗ്രസ് പിന്തുണയോടെയാണ് വിജയിച്ചതെന്ന് അവരുടെ ഏക എം.എല്‍.എ തന്നെ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസിനു വോട്ടു നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി. ഇത്തരം അവിശുദ്ധകൂട്ടുകെട്ടുകള്‍ എതിര്‍ക്കപ്പെടണം. കേരളത്തില്‍ ബി.ജെ.പിയെ തടഞ്ഞു നിര്‍ത്തണമെങ്കില്‍ യു.ഡി.എഫിനെ തോല്‍പിച്ചേ തീരൂ. ഇങ്ങനെ, നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പു വരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
മതമൗലികവാദിയെന്നു വിമര്‍ശിക്കപ്പെടുന്ന അബ്ബാസ് സിദ്ദീഖിയുമായി ബംഗാളില്‍ സി.പി.എം സഖ്യമുണ്ടാക്കി. അതു തിരിച്ചടിയാവില്ലേ?
മതേതരത്തിലുള്ള ഇടതുപക്ഷത്തിന്റെ വിശ്വാസ്യത ആര്‍ക്കും ചോദ്യം ചെയ്യാവുന്ന ഒന്നല്ല. ഭൂരിപക്ഷവര്‍ഗീയതയേയും എല്ലാതരം മതമൗലികവാദത്തേയും എതിര്‍ത്തു പോകുന്നവരാണ് ഞങ്ങള്‍. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്നാണ് അബ്ബാസ് സിദ്ദീഖി രൂപവത്കരിച്ച പാര്‍ട്ടിയുടെ പേര്. ആദിവാസിവിഭാഗക്കാരനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ബ്രാഹ്മണര്‍, ദളിതര്‍ തുടങ്ങീ എല്‍.ജി.ബി.ടി അംഗങ്ങള്‍ വരെയുണ്ട് അവരുടെ സ്ഥാനാര്‍ഥിപട്ടികയില്‍. 'ഞങ്ങളെല്ലാം ഭാരതീയരാണെ'ന്ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് റാലിയില്‍ ഒന്നല്ല മൂന്നു തവണ അബ്ബാസ് സിദ്ദീഖി പ്രതിജ്ഞയെടുത്തു. വേദിയില്‍ വെച്ചു തന്നെ ഈ മുദ്രാവാക്യമുയര്‍ന്നു. പിന്നെ, അദ്ദേഹത്തിന്റെ മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. വിശ്വാസം രാഷ്ട്രീയത്തിലും ഭരണത്തിലും കൂട്ടിക്കലര്‍ത്തുമ്പോഴേ പ്രശ്നമുള്ളൂ. കേരളത്തില്‍ വലിയൊരു വിഭാഗം വിശ്വാസികളെ പ്രതിനിധീകരിക്കുന്നവരല്ലേ മുസ്ലീംലീഗ്. അവരുമായി ഞങ്ങള്‍ മുമ്പു സഹകരിച്ചിട്ടുണ്ടല്ലോ. ആയതിനാല്‍, വ്യക്തിപരമായ മതവിശ്വാസം വേറെ, രാഷ്ട്രീയം വേറെ. രണ്ടിനേയും രണ്ടായി കാണണം.
ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്ന സി.പി.എം കേരളത്തില്‍ അവരെ എതിര്‍ക്കുമ്പോള്‍ വോട്ടര്‍മാര്‍ക്കെങ്ങനെ ബോധ്യപ്പെടും?
നല്ല പക്വമതികളാണ് കേരളത്തിലെ വോട്ടര്‍മാര്‍. 2004ലെ അനുഭവം നോക്കൂ. അന്നത്തെ ലോക്സഭാതിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയേയും വാജ്പേയി സര്‍ക്കാരിനേയും തടഞ്ഞു നിര്‍ത്താന്‍ മതേതര-ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കുമെന്ന് സി.പി.എം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. കോണ്‍ഗ്രസും കൂടി ഉള്‍പ്പെട്ടതായിരുന്നു ആ മുന്നണി. സ്വാഭാവികമായും ഞങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും കേരളത്തിലെ 20 ലോക്സഭാസീറ്റുകളില്‍ പതിനെട്ടിലും ഇടതുപക്ഷം വിജയിച്ചു. കോണ്‍ഗ്രസിന് ഒറ്റ സീറ്റു പോലും നേടാനായില്ല.
conten highlights: Interview with Sitaram Yechury


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..