നമിത ജോർജ്ജ്
വേദനയും മാനസിക- ശാരീരിക സംഘര്‍ഷങ്ങളുമായി ആര്‍ത്തവദിനങ്ങള്‍ കഴിച്ചുകൂട്ടുന്ന സ്ത്രീകള്‍ നിരവധിയാണ്. വേദനസംഹാരികളില്‍ അഭയം തേടിക്കൊണ്ടാണ് പലരും ആ ദിവസങ്ങളെ തള്ളിനീക്കുന്നത്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ അവര്‍ക്കു മതിയായ വിശ്രമം ലഭിക്കണമെന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കുസാറ്റിലാണ് ആദ്യമായി ആര്‍ത്തവാവധി നല്‍കണമെന്ന തീരുമാനം കൈക്കൊണ്ടത്.വിദ്യാര്‍ഥി യൂണിയന്റെ ആവശ്യപ്രകാരമായിരുന്നു സര്‍വകലാശാല വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടത്. പിന്നാലെ കേരള സാങ്കേതിക സര്‍വകലാശാലയും സമാന ഉത്തരവ് പുറത്തിറക്കി. ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കാനും തീരുമാനമായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദുവാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. പതിനെട്ടു വയസ്സു തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി അറുപതു ദിവസത്തെ പ്രസവാവധിയും അനുവദിക്കുകയുണ്ടായി.
വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി ഉള്‍പ്പെടെ ഹാജര്‍ 73% ആയി നിശ്ചയിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനാവശ്യമായ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ നിലവില്‍ 75% ഹാജരാണ് വേണ്ടത്. ഇപ്പോഴിതാ ചരിത്രപരമായ മാറ്റത്തിലേക്കുള്ള തുടക്കം സാധ്യമായതിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് കുസാറ്റിലെ യൂണിയന് ചെയര്‍പേഴ്സണായ നമിത ജോര്‍ജ്.
ഇതാണ് ഏറ്റവും സന്തോഷിച്ച ദിവസം
ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസം എന്നൊന്നുണ്ടെങ്കില്‍ അത് ഈ ദിവസമാണ് എന്നു പറയുകയാണ് നമിത. പറഞ്ഞാല്‍ ആരും വിശ്വസിക്കണമെന്നില്ല, പക്ഷേ ആ വാര്‍ത്ത വായിച്ചയുടന്‍ ശരിക്കും കരയുകയായിരുന്നു എന്നു പറയുന്നു നമിത.
"എന്നെ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി വ്യക്തിപരവും വൈകാരികവുമാണ് ഈ ദിവസം. ഞങ്ങള്‍ സുഹൃത്തുക്കള്‍ എപ്പോഴും പറയുന്ന കാര്യമായിരുന്നു ഇത്. കുസാറ്റില്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേരളം മുഴുവന്‍ ഇത് നടപ്പിലാക്കാന്‍ നമുക്ക് എന്തു ചെയ്യാനാവും എന്ന ചര്‍ച്ചകളായിരുന്നു നടത്തിയിരുന്നത്. മന്ത്രി ബിന്ദു മാഡത്തെ കണ്ട് കത്ത് നല്കിയാലോ എന്നൊക്കെ കരുതിയിരുന്നു. എസ്.എഫ്.ഐ.യുടെ വിദ്യാര്‍ഥിനി കമ്മിറ്റിയുടെ ഭാഗമായി കത്ത് കൊടുക്കാം എന്നൊക്കെയാണ് കരുതിയിരുന്നത്. അത്തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. യൂണിയന്റെ ആഭിമുഖ്യത്തില്‍ കത്ത് കൊടുക്കാനിരിക്കുകയായിരുന്നു. ആ സമയത്താണ് എസ്.എഫ്.ഐയുടെ സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച കത്ത് എല്ലാ സര്‍വകലാശാലകളുടെയും പേരില്‍ അയക്കുന്നത്. വൈകാതെ നടപടിയുമുണ്ടായി.
"പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ എല്ലാവരും ഈ വിഷയത്തെ ഏറ്റെടുത്തു എന്നതാണ് ഏറ്റവും അഭിമാനം തോന്നിയ കാര്യം. രാഷ്ട്രീയങ്ങള്‍ക്കും വ്യക്തിതാത്പര്യങ്ങള്ക്കുമൊക്കെ അപ്പുറത്തുള്ള ഒരു വിഷയമായാണ് കോളേജിലെ സഹപാഠികളെല്ലാം ഇതിനെ ഏറ്റെടുത്തത്. ക്യാമ്പസില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി എന്നതും സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇപ്പോഴത്തെ തലമുറയില്‍ ഏറെ ആണ്‍കുട്ടികളും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ അത്യാവശ്യം പൊതുബോധം ഉള്ളവരാണ്. അവരൊന്നും എന്തിനാണ് ഈ ആര്‍ത്തവാവധി എന്നൊന്നും ചോദിക്കില്ല. ഇതേക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരാണ് നെഗറ്റീവ് കമന്റുകളുമായെത്തുന്നത്.
Also Read
"ഡിസംബര്‍ 22-നാണ് യൂണിയന് ഭാരവാഹിയായി ചുമതലയേല്‍ക്കുന്നത്. ആദ്യം ചെയ്തുതീര്‍ക്കണം എന്നാഗ്രഹിച്ച സ്വപ്നമായിരുന്നു ആര്‍ത്തവാവധി. ജനുവരി മൂന്നിന് കത്ത് കൊടുത്തു, പതിമൂന്നിന് ഓര്‍ഡറായി കേരളം മുഴുവന്‍ ചര്‍ച്ചയായി എന്നതൊക്കെ ഏറെ സന്തോഷം നല്കുന്നു. ആ ചുവടുപിടിച്ച് സംസ്ഥാനത്തെ കോളേജുകളാകെ ഇത് നടപ്പിലാക്കാനുള്ള തീരുമാനം കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട്. എന്നുകരുതി ആദ്യമായി ഞങ്ങളുടെ യൂണിയന് ആലോചിച്ച് നടപ്പാക്കിയ കാര്യവുമല്ലിത്. ഇതിനുവേണ്ടി കാലങ്ങളായി വാദിക്കുന്ന നിരവധി പേരുണ്ടാകും. എങ്കിലും ആ മാറ്റത്തിലേക്ക് ഞങ്ങളുടെ ചുവടുവെപ്പുകൂടി കാരണമായി എന്നത് നിസ്സാരമായി കാണുന്നില്ല. കാലങ്ങളായി ആര്ത്തവാവധിക്കുവേണ്ടി വാദിച്ച ഓരോരുത്തര്‍ക്കുമുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയാണ്."
സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടായിരുന്നു
"ഇത്തരത്തിലൊരു ആവശ്യവുമായി ബിന്ദു മാഡത്തിനെ കാണണം എന്ന് ആഗ്രഹിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അതിനായി കാത്തിരിക്കുക തന്നെയായിരുന്നു. ആര്ത്തവാവധിക്കൊപ്പം പ്രസവാവധിയും നല്‍കിയിട്ടുണ്ട്. അതും എടുത്തുപറയേണ്ടുന്നതാണ്. പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ ഇവിടെ നിയമപ്രകാരം വിവാഹം കഴിക്കാം. വിവാഹിതരാകുമ്പോള്‍ ഇത്തരത്തിലുള്ള സാധ്യതകളും മുന്നില്‍ കാണേണ്ടതുണ്ട്. അവരെക്കൂടി പരിഗണിച്ചത് വലിയ മാറ്റമാണ്. സ്ത്രീക്ക് ചില പ്രത്യേക സമയങ്ങളില്‍ വേണ്ട പരിഗണന, കരുതല്‍ എന്നതിലേക്കാണ് ഈ തീരുമാനങ്ങളെല്ലാം എത്തിച്ചേരുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കണമെങ്കില്‍ ഇത്തരം പരിഗണനകള്‍ നല്‍കിയേ തീരൂ."
സ്കൂളുകളിലും വേണം ഈ മാറ്റം
സ്കൂള്‍ വിദ്യാര്‍ഥികളില്‍ കൂടി ആര്‍ത്തവാവധി എത്തിച്ചേരണമെന്ന് ആഗ്രഹമുണ്ടെന്നു പറയുകയാണ് നമിത. സര്‍ക്കാര്‍ അതുകൂടി പരിഗണനയില്‍ എടുക്കുമെന്നതാണ് തന്റെ പ്രതീക്ഷയെന്നും നമിത പറയുന്നു.
"പ്രായോഗിക തലത്തില്‍ അതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നുണ്ട്. കോളേജ് തലത്തിലെ വിദ്യാര്‍ഥികളില്‍ ആര്‍ത്തവം എന്നു പറയുമ്പോള്‍ കുറച്ചുകൂടി സ്വീകാര്യതയുള്ള ഇടമാണ്. സഹപാഠികളായ പെണ്‍കുട്ടികള്‍ ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള പക്വതയും പാകതയും അവര്‍ക്കുണ്ട്. പക്ഷേ, സ്കൂളുകളിലെ അവസ്ഥ അതല്ല. ഉടുപ്പില്‍ ഒരു ചോരക്കറ കണ്ടാല്‍പ്പോലും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. സ്കൂള്‍കാലത്ത് അത്തരത്തിലുള്ള നിരവധി അനുഭവങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. ഇന്ന് പൊതു ഇടത്തില്‍ ആര്ത്തവാവധിക്കു വേണ്ടി വാദിക്കുന്ന എനിക്കുപോലും സ്കൂള്‍ കാലങ്ങളില്‍ അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ആര്‍ത്തവം എന്നു പറയാന്‍ പോലും മടിച്ചിരുന്ന കാലമുണ്ട്. ഒരിക്കല്‍ പീരിയഡ്സ് ആയ ഒരു ദിവസം പാഡ് ചോദിക്കാനുള്ള മടിമൂലം പേപ്പര്‍ ചുരുട്ടി വച്ച് ഇരുന്നിട്ടുണ്ട്. അത്രപോലും ഇതേക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കൈവന്നിരുന്നില്ല. ആ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് ആര്‍ത്തവസമയത്ത് അവധി ലഭിക്കുന്നത് മാനസികവും ശാരീരികവുമായ വിശ്രമത്തിന് ഗുണം ചെയ്യും. തൊഴിലിടങ്ങളിലുള്‍പ്പെടെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരേണ്ടതുണ്ട്."
ലൈംഗികവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും പ്രശ്നം
ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത തന്നെയാണ് ആര്‍ത്തവം എന്ന വാക്കുപോലും തുറന്നുപറയാന്‍ പലരും മടിക്കുന്നതിനു പിന്നില്‍. കഴുകിക്കളഞ്ഞാല്‍ പോകുന്ന സാധനമല്ലേ ഇത് എന്നൊക്കെ ചോദിക്കുന്നവരോട് എന്ത് പറയാനാണെന്ന് ചോദിക്കുകയാണ് നമിത. ആര്‍ത്തവം എല്ലാവരിലും ഒരു പോലെയല്ല എന്നതാണ് അക്കൂട്ടര്‍ ആദ്യം മനസ്സിലാക്കേണ്ടത്. ചിലരില്‍ അത് തീവ്രമായ വേദനയും മാനസിക സംഘര്‍ഷവുമൊക്കെ ഉണ്ടാക്കുന്നെങ്കില്‍ ചിലരില്‍ അത് വളരെ സാധാരണമായി കടന്നുപോകും. ആര്‍ത്തവത്തെ മഹത്വവല്‍ക്കരിക്കണം എന്നൊന്നും പറയുന്നില്ല, അതിന്റെ ആവശ്യവുമില്ല. പക്ഷേ, ആ അവസ്ഥയെ മാനിക്കാന്‍ പഠിക്കണം. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീത്വത്തെയും മഹത്വവല്ക്കേണ്ടതില്ല, സാധാരണ മനുഷ്യരായി തന്നെ കണ്ടാല്‍ മതി. പക്ഷേ, നോര്‍മലൈസ് ചെയ്യുകയാണ് വേണ്ടത്. ആ വാക്കുപോലും ഇപ്പോള്‍ പ്രശ്നകരമാണ് എന്നും നമിത ചൂണ്ടിക്കാണിക്കുന്നു.
"ആര്‍ത്തവത്തെ നോര്‍മലൈസ് ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാണ് പ്രത്യേകം അവധി നല്‍കുന്നത് എന്നു ചോദിക്കുന്നവരുണ്ട്. ബുദ്ധിമുട്ടുകളുടെ തീവ്രത കുറച്ചുകാണും എന്നതല്ല മറിച്ച്, ബുദ്ധിമുട്ടാര്‍ന്ന ആ അവസ്ഥയെ വളരെ നോര്‍മലായി ചര്‍ച്ച ചെയ്യണം എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള സംസാരങ്ങളും ചര്‍ച്ചകളുമൊക്കെയാണ് ആര്‍ത്തവം എന്നത് നോര്‍മലൈസ് ചെയ്യുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്."
അശുദ്ധിയും അയിത്തവുമല്ലിത്
സര്‍വകലാശാലകളിലെ ആര്‍ത്തവാവധിയെ പണ്ടു കാലത്തെ അയിത്തവും മാറ്റിനിര്ത്തലുമായി താരതമ്യപ്പെടുത്തുന്നവര്ക്കും നമിതയുടെ പക്കല്‍ കൃത്യമായ മറുപടിയുണ്ട്. "പണ്ടത്തെ കാലത്ത് സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നത് അശുദ്ധിയുടെ പേരിലായിരുന്നു. മാത്രമല്ല, അത് അടിച്ചേല്പ്പിക്കപ്പെട്ടതും ആയിരുന്നു. ഇതങ്ങനെയല്ല, ഇവിടെ ചോയ്സ് ആണ്. ആര്‍ത്തവമുള്ള ദിവസങ്ങളില്‍ പൊതുഇടങ്ങളിലേക്ക് വരരുത് എന്നല്ല, മറിച്ച് ആ സമയത്തെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിശ്രമിക്കാനുള്ള അവസരം നല്‍കുകയാണ്. കൂടുതല്‍ സജീവമായി പൊതുഇടങ്ങളില്‍ നില്ക്കാന് വേണ്ടി ശരീരത്തിന് നല്കുന്ന ചെറിയൊരു വിശ്രമസമയം മാത്രമാണത്. എന്റെ ശരീരത്തിന് അവകാശപ്പെടുന്ന വിശ്രമം. അത്ര മാത്രമേ ഇതിനെ കാണേണ്ടതുള്ളു".
ജെന്‍ഡര്‍ ഇക്വാലിറ്റിയുമായി കൂട്ടിക്കുഴക്കേണ്ട
"തുല്യതയ്ക്കും ജെന്‍ഡര്‍ ഇക്വാലിറ്റിക്കും വേണ്ടി വാദിക്കുന്നവര്‍ക്ക് എന്തിനാണ് ആര്‍ത്തവാവധി എന്ന് ചോദിക്കുന്നരോടും നമിതയ്ക്ക് ചിലതു പറയാനുണ്ട്. ജെന്‍ഡര്‍ ഇക്വാലിറ്റി എന്നതുതന്നെ എല്ലാവര്ക്കും തുല്യ അവസരം നല്‍കലാണ്. ഓരോ മനുഷ്യര്‍ക്കും തുല്യ അവസരങ്ങള്‍ ഉണ്ടാകണം. ഒരു സ്ത്രീ മാനസികമായും ശാരീരികമായും സുഖമില്ലാതിരിക്കുന്ന ആര്‍ത്തവദിനങ്ങളില്‍ അവര്‍ മറ്റുള്ളവരുടെ തുല്യസ്ഥാനത്തല്ല. അതുകൊണ്ട് ആ സമയത്ത് പ്രത്യേക പരിഗണന ലഭിച്ചാല്‍ മാത്രമേ തുല്യതയിലേക്ക് എത്താനാവൂ. ഒരു കാര്യം നേടിയെടുക്കാന്‍ ഒരു സമൂഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അതിന് നല്കുന്ന പരിഗണനയായേ കാണേണ്ടതുള്ളു. സ്ത്രീ എന്ന നിലയില്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരുണ്ട്. ഇത്തരത്തിലുള്ള പിന്തുണകള്‍ അവര്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.
"ആര്‍ത്തവം എന്ന വാക്ക് മടികൂടാതെ സംസാരിക്കാനും ചര്‍ച്ച ചെയ്യാനും സമൂഹം തയ്യാറാകുന്നുണ്ടല്ലോ. അതുതന്നെ സ്വാഗതാര്‍ഹമായ മാറ്റമാണ്. കേരളത്തിലെ ഈ തീരുമാനം മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരു മാറ്റത്തിനു പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കാം." നമിത പറഞ്ഞുനിര്‍ത്തുന്നു.
Content Highlights: Interview with namitha george, the person behind the menstrual leave in colleges, social
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..