കൂട്ടംകൂടിപോയല്ല വാക്സിനെടുക്കേണ്ടത്,ഗുരുതര രോഗത്തില്‍ നിന്നുള്ള സംരക്ഷണം രണ്ടാം ഡോസിനു ശേഷം മാത്രം'


നിലീന അത്തോളി

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഏഴുശതമാനം മാത്രമേ മ്യൂട്ടേഷന്‍ സംഭവിച്ച കേസുകളുള്ളൂ. ഏഴുശതമാനം മ്യൂട്ടേഷന്‍ സംഭവിച്ചു എന്നുകരുതി ഇത്രയധികം കേസുകളൊന്നും വര്‍ധിക്കില്ല. ഈ വര്‍ധനക്കുള്ള കാരണം തിരഞ്ഞെടുപ്പാണ്

എ സന്തോഷ് കുമാർ

കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞേ ഗുരുതര രോഗത്തില്‍ നിന്ന് സംരക്ഷണം ലഭിക്കൂവെന്ന് കേരള കോവിഡ് ഡെസ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എ. സന്തോഷ് കുമാര്‍. വാക്‌സിനെടുത്ത ഉടനെ സംരക്ഷണം ലഭിക്കില്ല. എന്നാല്‍ തെറ്റിദ്ധാരണ മൂലം കൂട്ടംകൂടി വാക്‌സിനേഷനായി ജനം ക്യൂ നില്‍ക്കുകയാണ്. അതിനാല്‍ സുരക്ഷിതമായി വാക്‌സിനെടുക്കണമെന്നും അതിനു ശേഷവും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും എ സന്തോഷ് കുമാര്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കൂടുന്നതിനനുസരിച്ചുള്ള വര്‍ധനവ് ഗുരുതര രോഗബാധിതരുടെ എണ്ണത്തിലുണ്ടാവും. അതിനാൽ ഐസിയുകള്‍ നിറയാനുള്ള സാധ്യതയുണ്ട്. രോഗവ്യാപനം പരിധി വിട്ടാൽ നിലവിലെ കിടക്കകൾ പോരാതെ വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കോവിഡിന്റെ രണ്ടാംതരംഗവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടിയും ഇനി നാം സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും മാതൃഭൂമി ഡോട്ടകോമിനോട് സംസാരിക്കുകയായിരുന്നു എ. സന്തോഷ് കുമാര്‍.

രാജ്യം മുഴുവന്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉലഞ്ഞിരിക്കുകയാണ്. ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന രോഗികളുടെ വാര്‍ത്തകള്‍ വല്ലാത്ത ഭീതിയുണര്‍ത്തുന്നുണ്ട്. കേരളത്തിലും അങ്ങനെ ഒരവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ.

ഇതുവരെയുള്ള നമ്മുടെ വിലയിരുത്തല്‍ പ്രകാരം അങ്ങനെ ഒരവസ്ഥയില്ല. പക്ഷെ വരില്ലാന്ന് ഉറപ്പിച്ചു പറയാനും സാധിക്കില്ല. പുതിയ കോവിഡ് തരംഗത്തില്‍ ഭാഗ്യവശാല്‍ മരണം കൂടുതലല്ല. അതാണ് ചെറിയ സമാധാനം. പക്ഷെ വ്യാപന നിരക്ക് കൂടുതലാണ്. ഗുരുതരാവസ്ഥയില്‍ക്കിടക്കുന്നവരുടെ നിരക്കും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലല്ല. പക്ഷെ കോവിഡ് കേസുകള്‍ കൂടുന്നതിനനുസരിച്ചുള്ള വര്‍ധനവ് ഗുരുതര രോഗബാധിതരുടെ എണ്ണത്തിലും ഉണ്ടാവും. അതുകൊണ്ട് തന്നെ ഐസിയുകള്‍ നിറയാനുള്ള സാധ്യതയുണ്ട്. ക്രമാതീതമായ വര്‍ധന ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. അതേസമയം രണ്ടാം തരംഗം ഒന്നാമത്തേതിനേക്കാള്‍ ഭീതിയുണര്‍ത്തുന്നതെന്ന് കരുതേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ കിടക്കകളും ഐസിയുകളും നിറഞ്ഞു കവിയേണ്ട സമയം കഴിഞ്ഞു.

മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ആയതുകൊണ്ടാണോ കേസുകള്‍ ഇത്രയധികം ഉയരാനുള്ള കാരണം?

കേരളത്തില്‍ മ്യൂട്ടേഷന്‍ പരിശോധിക്കാനുള്ള സാമ്പിളുകള്‍ കൃത്യമായി അയക്കുന്നതുകൊണ്ട് തന്നെ നമ്മുടെ കൈവശം കൃത്യമായ ഡാറ്റയുണ്ട്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഏഴുശതമാനം മാത്രമേ മ്യൂട്ടേഷന്‍ സംഭവിച്ച കേസുകളുള്ളൂ. ഏഴുശതമാനം മ്യൂട്ടേഷന്‍ സംഭവിച്ചു എന്നുകരുതി ഇത്രയധികം കേസുകളൊന്നും വര്‍ധിക്കില്ല. ഈ വര്‍ധനക്കുള്ള കാരണം തിരഞ്ഞെടുപ്പാണ്. കേരളത്തിൽ നേരത്തെ എല്ലാ വിധ പ്രോട്ടോക്കോളും ഒരു പരിധിവരെ ജനം പാലിച്ചിരുന്നു. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് എല്ലാവരും പെരുമാറിയത്. ഇത് ഒരു പരിധിവരെ കോവിഡ് കേസുകൾ സംസ്ഥാനത്ത് കുറച്ചിരുന്നു . എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ജനം ആ ജാഗ്രത കൈവിട്ടു.

ഡല്‍ഹിയിലൊന്നും ഇലക്ഷനില്ലായിരുന്നല്ലോ. അവിടെയെങ്ങനെയാണ് ഇത്രയധികം വ്യാപനമുണ്ടായത്?

മിക്കവാറും എല്ലായിടത്തും തിരഞ്ഞെടുപ്പുണ്ടായിരുന്നല്ലോ. മഹാരാഷ്ട്രയില്‍ പ്രാദേശിക ഇലക്ഷന്‍ വന്നിരുന്നു. ഡല്‍ഹിയും മുംബൈയും ഒരു പക്ഷെ ഒരുപാടാളുകള്‍ കടന്നു പോകുന്ന സ്ഥലമായതിനാലാവണം അവിടെയെല്ലാം വർധനവുണ്ടായത്. മാത്രവുമല്ല കേരളത്തിലെ ജനങ്ങൾ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് നടന്നതുപോലുള്ള ജാഗ്രത മറ്റ് സംസ്ഥാനങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. അവിടെയെല്ലാമുള്ള ജനങ്ങൾ ആദ്യമേ എക്സ്പോസ്ഡ് ആയി. അവിടെയൊന്നും കേരളത്തിലെപ്പോലെ കൃത്യമായ പ്രോട്ടോക്കോൾ പാലനവും അത്തരം മാതൃകാപരമായ സമീപനങ്ങളും ഇല്ലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ ജനം ജാഗ്രത കൈവിട്ടു.

ബോംബെയില്‍ ഡബിള്‍ മ്യൂട്ടേഷന്‍ സംഭവിച്ചിരുന്നു. നമ്മുടെ ഏഴ് ശതമാനത്തിനേക്കാള്‍ കൂടുതലാണ് ബോംബെയിലെ മ്യൂട്ടേഷന്‍. ആന്ധ്രപ്രദേശിലാണ് ഏറ്റവും അധികം മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയുള്ളത്. 30 ശതമാനത്തോളം വരുമത്. വളരെ കൂടുതലാണത്.

കേരളത്തില്‍ നിലവില്‍ ഏഴ് ശതമാനം മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് കേസുകളുണ്ടെന്ന് പറഞ്ഞല്ലോ. എത്ര ശതമാനം വരെ മ്യൂട്ടേഷന്‍ കേസുകളായാലാണ് ഭയപ്പെടേണ്ട സാഹചര്യം വരുന്നത്.

മ്യൂട്ടേഷന്‍ സംഭവിച്ചെന്നു കരുതി ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകണമെന്നില്ല. മ്യൂട്ടേഷന്‍ ഏത് തരത്തിലാണ് സംഭവിക്കുന്നതെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആഘാതം. മ്യൂട്ടേഷന്‍ കാരണം രോഗവ്യാപനം കൂടിയാലും അസുഖത്തിന്റെ കാഠിന്യം കൂടിയാലും മാത്രമേ നമ്മള്‍ ഭയപ്പെടേണ്ടതുള്ളൂ. മ്യൂട്ടേഷന്‍ വൈറസുകള്‍ക്ക് സംഭവിക്കുന്നത് സ്വാഭാവികമാണ്. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ഉള്ള രോഗിയുടെ രോഗാവസ്ഥ കാഠിന്യമേറിയതാണോ എന്നെല്ലാം നാം പരിശോധിക്കുന്നുണ്ട്. ആ തരത്തില്‍ നമ്മളെ ബാധിക്കുന്ന തരത്തിലുള്ള മ്യൂട്ടേഷനുകളെ മാത്രമേ സാങ്കേതികമായി മ്യൂട്ടേഷനായി പരിഗണിക്കുന്നുള്ളൂ. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലുള്ള ആഘാതമുണ്ടാക്കുന്ന മ്യൂട്ടേഷനേ നമ്മള്‍ ആശങ്കപ്പെടേണ്ടതുള്ളൂ.

അപ്പോള്‍ നിലവില്‍ കേരളത്തില്‍ കണ്ടുവരുന്ന മ്യൂട്ടേഷനെ ഭയപ്പെടേണ്ടതില്ലെന്നാണോ?

നിലവില്‍ 440 എന്ന നമ്പറിട്ട കേരളത്തില്‍ കണ്ടുവരുന്ന മ്യൂട്ടേഷന്‍ കാഠിന്യമുള്ളതാണെന്ന് തോന്നുന്നില്ല. വ്യാപനശേഷി കൂടുതലായിരിക്കാം. എന്നിരുന്നാലും ഏഴ് ശതമാനം മ്യൂട്ടേഷന്‍ കൊണ്ട് ഇത്രമാത്രം വ്യാപനം കേരളത്തിലുണ്ടാവില്ല. മാസ്‌ക് ഇടാതെയും സാമൂഹികഅകലം പാലിക്കാതെയും തിരഞ്ഞെടുപ്പ് കാലത്തുണ്ടായ ആള്‍ക്കൂട്ടങ്ങള്‍ ആയിരിക്കാം ഇത്ര കേസുകള്‍ വര്‍ധിക്കാന്‍ കാരണം. നമ്മള്‍ ആന്റിബോഡി പഠനം നടത്തിയിരുന്നു. അത് പ്രകാരം കേരളത്തിലെ 89 ശതമാനം ആളുകള്‍ക്കും കോവിഡ് ഇതുവരെ ബാധിച്ചിട്ടില്ല. 89 ശതമാനം പേര്‍ക്കും കോവിഡ് ഇനിയും വരാന്‍ സാധ്യതയുള്ളവരാണ്. അങ്ങനെയുള്ള നമ്മള്‍ മാസ്‌കില്ലാതെ നടക്കുന്നത് വലിയ പ്രശ്‌നമുണ്ടാക്കും.

രോഗികള്‍ വര്‍ധിച്ച് കിടക്കകള്‍ നിറയുന്ന ഒരവസ്ഥയിലേക്ക് നമ്മള്‍ എത്തുമോ

കിടക്കകള്‍ നിറയാനുള്ള സാധ്യതയുണ്ട്.അതുനേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

ഓക്‌സിജന്‍ ക്ഷാമത്തിന്റെ പ്രശ്നം കേരളത്തിലുണ്ടോ? മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ കയറ്റി അയച്ചത് നമ്മെ ബാധിക്കുമോ?

മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ നിലവില്‍ ആവശ്യത്തിനു നമുക്കുണ്ട്. ആള്‍ ഇന്ത്യ തലത്തില്‍ ആവശ്യം കൂടുമ്പോള്‍ കേരളത്തിനുള്ളത് കേരളത്തിനു മാത്രം എന്ന സമീപനം നമുക്കെടുക്കാനാവില്ലല്ലോ. ഓക്‌സിജന്‍ ഷോര്‍ട്ടേജ് വന്നാലും ചവറ ടൈറ്റാനിയത്തില്‍ നിന്ന് എടുക്കാം. മെഡിക്കല്‍ ഓക്‌സിജന്‍ അല്ലാതെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളും നമുക്കുണ്ട്.

നിലവില്‍ നമ്മുടെ സിസ്റ്റത്തിന് എത്ര കേവിഡ് കേസുകള്‍ വരെ താങ്ങാന്‍ കഴിയും. പിടിവിടുന്ന ഘട്ടത്തിലെത്തുന്നത് എത്ര കേസുകള്‍ വരെ എത്തുമ്പോഴാണ്

നേരിയ ലക്ഷണങ്ങളുള്ളവര്‍ വീട്ടിലിരിക്കുകയും പ്രകടമായ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ വലിയ പ്രശ്‌നങ്ങള്‍ നമുക്കുണ്ടാവില്ല. കാര്യമായ ലക്ഷണങ്ങള്‍ കാണിച്ചിട്ടും വീട്ടിലിരിക്കുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുമ്പോള്‍ മാത്രം ആശുപത്രിയിലെത്തുകയും ചെയ്യുമ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോവുക. അങ്ങനെ ഒരവസ്ഥയില്‍ മരണസാധ്യത കൂടുതലാണ്. നമ്മള്‍ വീട്ടിലിരിക്കുന്നവരെ മോണിട്ടര്‍ ചെയ്യേണ്ടതുണ്ട്. വീട്ടിലിരിക്കുന്നവര്‍ നിരന്തരമായി ഓക്‌സിജന്‍ സാച്ചുറേഷന്‍ സംബന്ധിച്ചു ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കേണ്ടതുണ്ട്. ചുമയുണ്ടായിരുന്നോ ശ്വാസം മുട്ടലുണ്ടായിരുന്നോ എന്നെല്ലാം കൃത്യമായി അറിയിക്കേണ്ടതുണ്ട്.

കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷക്കണം എന്നതാണ് ഏറ്റവും ഐഡിയലായ കാര്യം. എന്നാല്‍ ലോകത്തൊരിടത്തും അത് പ്രായോഗികമല്ല. അതിനാലാണ് ഇറ്റലിയിയെല്ലാം ഇത്രയധികം പേര്‍ മരിച്ചത്. പള്‍സ് ഓക്‌സിമീറ്ററിന് 1000 രൂപയേ വിലയുള്ളൂ. ചെറിയ പിശകുകള്‍ ഉണ്ടെങ്കിലും അതുപയോഗിച്ച് സാച്ചുറേഷന്‍ നമുക്ക് നോക്കാം. അത് സാധ്യമാക്കിയേ പറ്റൂ. വീട്ടിലിരിക്കുന്നവരുടെ സാച്ചുറേഷന്‍ ലെവല്‍ എപ്പോഴാണ് താഴ്ന്നു പോകുന്നതെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളിലാണ് ആളുകള്‍ പെട്ടെന്ന് മരണപ്പെടുന്നത്. സാച്ചുറേഷന്‍ നോക്കാനുള്ള സംവിധാനം വീടുകളിലുണ്ടായേ തീരൂ. നല്ല രോഗലക്ഷണങ്ങൾ കാണിക്കുന്നവരും വീട്ടിലിരിക്കുക എന്നതാണ് വിദേശങ്ങളിലെ പോളിസി. അങ്ങനെ വീട്ടിലിരുന്നവരാണ് വിദേശത്ത് മുഴുവന്‍ മരിച്ചത്. അതിനാലാണ് നമ്മുടെ സര്‍ക്കാര്‍ നേരിയതല്ലാത്ത രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ വീട്ടിലിരുത്തുന്നതിനോട് വലിയ താത്പര്യം കാണിക്കാതിരുന്നത്.

കോവിഡ് പോസിറ്റീവായവരും സമ്പർക്കത്തിലൂടെ കോവിഡ് ഉണ്ടാവണമെന്ന സങ്കല്‍പത്തില്‍ രോഗം പരിശോധിക്കാതെ വീട്ടിലിക്കുന്നവരുമെല്ലാം തന്നെ പള്‍സ് ഓക്‌സിമീറ്റര്‍ ഉപോഗിച്ച് ഓക്‌സിജന്‍ ലെവല്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഗുണം ചെയ്യും

രണ്ടാം തരംഗത്തില്‍ കോവിഡ് ലക്ഷണങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ.

പനി, ചുമ, തൊണ്ടവേദന എന്നിവയൊക്കെ തന്നെയാണ് ലക്ഷണങ്ങള്‍. ചുമ വേഗം തന്നെ പിടിപെടുന്നുണ്ട്. കണ്ണ് ചുമക്കുന്നതും ഛര്‍ദ്ദിയുമൊക്കെ ഇപ്പോ കണ്ടുവരുന്നുണ്ട്. ഡാറ്റ കിട്ടി അനലൈസ് ചെയ്താലേ അക്കാര്യത്തിലെല്ലാം കൃത്യമായി നമുക്ക് കാര്യങ്ങള്‍ പറയാനാവൂ.

നിലവില്‍ വാക്സിന്‍ ക്ഷാമം കേരളം നേരിടുന്നുണ്ടോ.

ഇടക്കിടെ ...വെള്ളിയാഴ്ചയാണ് വാക്സിന്‍ വരേണ്ടതെങ്കില്‍ അപ്പോള്‍ ക്ഷാമം ഉണ്ടാവാറുണ്ട്. നമ്മുടെ വാക്സിന്‍ ഫിക്സഡ് സെന്റേര്‍സില്‍ വാക്സിന്‍ കുറവ് കാണില്ല. പക്ഷെ ഔട്ട് റീച്ചില്‍ ഷോര്‍ട്ടേജുണ്ടാവും.

അപ്പോള്‍ വാക്സിന്‍ ക്ഷാമം എന്ന് പറഞ്ഞു വരുന്ന വാര്‍ത്തകള്‍ എവിടെയുള്ള ക്ഷാമമാണ് യഥാര്‍ഥത്തില്‍?

റസിഡന്‍സ് അസോസിയേഷന്‍ ക്ലബ്ബുകള്‍ എന്നിവ വഴിയെല്ലാം കൊണ്ടു ചെന്ന് വാക്സിന്‍ നല്‍കുന്നതില്‍ ക്ഷാമം ചില സന്ദര്‍ഭങ്ങളില്‍ നേരിടുന്നുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ ഇതുവരെ ക്ഷാമമുണ്ടായിട്ടില്ല. റസിഡന്‍സ് അസോസിയേഷന്‍ പോലുള്ള ഔട്ട്റീച്ച് സെന്ററുകളില്‍ വാക്സിന്‍ നല്‍കുമെന്ന് പറയുകയും കൊടുക്കാന്‍ പറ്റാതെ വരികയും ചെയ്ത സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. അത് ക്ഷാമമാണ്. 130 കോടി ജനങ്ങളെ വാക്സിനേറ്റ് ചെയ്യുക എന്നത് ലോകത്തൊരു സര്‍ക്കാരിനും മാനേജ് ചെയ്യാന്‍ പറ്റുമെന്ന തോന്നുന്നില്ല. ഇനി മെയ് 1 മുതല്‍ 18 വയസ്സിനു മുകളിലുള്ളവരെ വാക്സിനേറ്റ് ചെയ്യുന്നതെങ്ങനെ എന്നത് ഒരു സര്‍ക്കാരിനും മാനേജ് ചെയ്യാനാവില്ല.

പൊതുമേഖലാ സ്ഥാപനങ്ങളെ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏല്‍പിച്ചിരുന്നെങ്കില്‍ ക്ഷാമം ഒഴിവാക്കാമായിരുന്നു എന്നും നിരീക്ഷണമുണ്ട്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉത്പാദിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. കപ്പാസിറ്റി ബില്‍ഡ് ചെയ്യുക എന്നത് പൊടുന്നനെ പറ്റുന്ന കാര്യമല്ലല്ലോ.

വാക്‌സിന്‍ ക്ഷാമം എസ്‌കേപ് മ്യൂട്ടന്‍സ് സാധ്യത ഉണ്ടാക്കുമോ. കഴിഞ്ഞ ദിവസം ഡോ. ഇക്ബാല്‍ എഴുതിയ ലേഖനത്തില്‍ എസ്‌കേപ് മ്യൂട്ടന്‍സിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു

വാക്സിൻ ക്ഷാമം എസ്കേപ് മ്യൂട്ടൻസ് സാധ്യതയുണ്ടാക്കിയേക്കാം. എന്നാല്‍ അതിന് നമുക്ക് തെളിവൊന്നുമില്ല. ഉദാഹരണത്തിന് ആന്റിബയോട്ടിക് ഒരളവില്‍ കുറവ് കഴിക്കുകയാണെങ്കില്‍ രോഗാണു മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി സ്വയം ഉണ്ടാക്കും. ആ സാധ്യത വെച്ച് കൊറോണ വൈറസ് എസ്‌കേപ് മ്യൂട്ടന്‍സ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗവ്യാപനം കൂടിയതോടെ വാക്‌സിനെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ പോവുകയാണ്. ഇത് വാക്‌സിനേറ്റ് ചെയ്യുന്നത് മൂലമുണ്ടാകുന്ന ഗുണത്തേക്കാളേറെ ദോഷം ചെയ്യില്ലേ?

ഇങ്ങനെ ആള്‍ക്കൂട്ടമുണ്ടായാല്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് വരെ കോവിഡ് രോഗം ബാധിക്കുന്ന അവസ്ഥയുണ്ടാക്കും. അത് ജനം ശ്രദ്ധിക്കണം. അതുകൊണ്ടാണ് റജിസ്‌ട്രേഷന്‍ സ്ട്രിക്ട് ആക്കുന്നത്. വാക്‌സിന്‍ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞേ വാക്സിനെടുത്തയാൾക്ക് ഗുരുതര രോഗത്തിൽ നിന്നുള്ള സംരക്ഷണം ലഭിക്കൂ.

വാക്‌സിനെടുത്ത ഉടനെ സംരക്ഷണം ലഭിക്കുന്നില്ല എന്ന് പലര്‍ക്കും അറിവില്ല. അതിനാലാണ് ഇങ്ങനെ ആള്‍ക്കൂട്ടം. മാസ്‌ക് നിര്‍ബന്ധമാണ്. മാത്രവുമല്ല വാക്‌സിനെടുത്തവര്‍ക്ക് രോഗപ്രതിരോധ ശേഷി കിട്ടിയാലും നമുക്ക് വാഹകരാവാന്‍ പറ്റും. മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് നമ്മള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്. രണ്ട് ഡോസ് എടുത്ത ഒരുപാട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വന്നിട്ടുണ്ട്. ആരും ഐസിയുവിലായിട്ടില്ല. മരിച്ചതായും അറിവിലില്ല. വാക്‌സിന്‍ എടുക്കുന്നതു കൊണ്ട് നമ്മള്‍ ഉദ്ദേശിച്ചതു തന്നെ ജീവന് ഭീഷണി വരുന്ന രോഗാവസ്ഥ ഇല്ലാതാക്കുക എന്നതാണ്.

കോവിഷീൽഡ് വാക്‌സിന്റെ രണ്ടാംഡോസ് 56 ദിവസം കഴിഞ്ഞും എടുക്കാന്‍ പറ്റിയില്ലെങ്കില്‍ കുഴപ്പമുണ്ടോ?

12 ആഴ്ച വരെയുള്ള ഗാപ്പ് (84 ദിവസം) കോവിഷീൽഡിനെ സംബന്ധിച്ചിടത്തോളം കുഴപ്പമില്ല. ആരോഗ്യരംഗത്തെ ബോധവത്കരണം ഇപ്പോഴും 56 ദിവസ (എട്ട് ആഴ്ച)ത്തെ ഇടവേളയാണ് അഭികാമ്യമായ സമയമായി പറയുന്നത്. അതില്‍ നമുക്ക് ഉറച്ച് നില്‍ക്കാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented