'ഇ ബുള്‍ ജെറ്റ്' യൂട്യൂബ് ചാനലിലെ അവതാരകരെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അതിക്രമം കാട്ടിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന 'നെപ്പോളിയന്‍' വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ തിങ്കളാഴ്ച രാവിലെ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. 

ആര്‍.സി. ബുക്കില്‍ നിന്ന് വ്യത്യസ്തമായി വണ്ടി നിറം, അനുമതിയില്ലാത്ത കൂളിങ് ഫിലിം ഒട്ടിക്കല്‍, പിന്നിലെ ബ്രേക്ക്ലൈറ്റ് അവ്യക്തമാകുന്ന സ്റ്റിക്കറുകള്‍, മുന്നിൽ ഒന്‍പത് ലൈറ്റുകള്‍ , പിന്നില്‍ സൈക്കിള്‍സ്റ്റാന്‍ഡുകളും ഏണിയും,  തുടങ്ങിയ വലിയ നിയമലംഘനങ്ങളാണ് ഇവര്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും പ്രസ് ബോര്‍ഡും വെച്ചു. എല്ലാം ചേര്‍ത്ത് 43,400 രൂപയാണ് പിഴയടയ്‌ക്കേണ്ടത്. ഇവരുടെ ഫാന്‍ ഫോളോവേഴ്‌സിനു നിസ്സാര കുറ്റമായി ഇക്കാര്യങ്ങള്‍ തോന്നാമെങ്കിലും മറ്റുള്ളവരുടെ ജീവന്‍ വരെ അപകടത്തിലക്കുന്ന നിയമലംഘനങ്ങളാണ് ഇവയില്‍ പലതും. സാമൂഹിക മാധ്യമങ്ങളിൽ നിയമലംഘനം നടത്തിയവരെ അനുകൂലിച്ച് വരെ ഒരു വിഭാഗം രംഗത്തുണ്ട്.

shaji madhavan
ഷാജി മാധവന്‍

ഈ സാഹചര്യത്തിൽ എന്തൊകൊണ്ടാണ് വാഹനങ്ങളുടെ രൂപമാറ്റത്തിന്റെ കാര്യത്തില്‍ നിയമങ്ങള്‍ ഇത്രത്തോളം കര്‍ശനമാക്കുന്നത് എന്നതിനെകുറിച്ച് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍

വാഹനങ്ങളുടെ രൂപമാറ്റം നിയമപരമായി അനുവദിക്കുന്നില്ല. ഇതില്‍ എംവിഡി നല്‍കി വരുന്ന ഇളവുകള്‍ എന്തെല്ലാമാണ്. പൊതുവെ പിഴയീടാക്കാത്ത ചെറു കാര്യങ്ങള്‍ എന്തെല്ലാമാണ്?

ആള്‍ട്ടറേഷന്‍ അനുവദിക്കാവുന്ന വളരെ കുറച്ചു മേഖലകളേ ഉള്ളൂ. ഒരു വാഹനം ഇറക്കിയാല്‍ അതില്‍ രൂപമാറ്റങ്ങളൊന്നും തന്നെ അനുവദിക്കാന്‍ കഴിയുന്നതല്ല. പക്ഷെ പെട്രോള്‍ വാഹനങ്ങളെ എല്‍പിജിയായി കണ്‍വെര്‍ട്ട് ചെയ്യാം, ഡീസലാണെങ്കില്‍ സിഎന്‍ജി ആയോ എല്‍എന്‍ജിയായോ കണ്‍വെര്‍ട്ട് ചെയ്യാമെന്നൊക്കെ ആക്ടില്‍ തന്നെ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. പുറമെ കാണുന്നതില്‍ കളറാണ് മാറ്റാന്‍ കഴിയുന്നത്. പ്രത്യേക പര്‍പ്പസിനായി ആര്‍ടിഒയ്ക്ക് ബോധ്യമുണ്ടെങ്കില് റോഡ് സേഫ്റ്റിയെ ബാധിക്കില്ലെങ്കില്‍ മാറ്റാം. അത് ആര്‍ടിഒക്ക് അപേക്ഷ കൊടുത്ത് അനുമതി ലഭിച്ചാല്‍ മാത്രം. അതിനായി പ്രത്യേകം ഫീസും അടക്കണം. ഭിന്ന ശേഷിക്കാര്‍ക്ക് അനുയോജ്യമായി ഉള്ള മാറ്റങ്ങളും നിയമപരമായി അനുവദിക്കാറുണ്ട്. ടാക്‌സിയായി ഓടുന്നത് സ്വകാര്യ വാഹനമാക്കാം, പ്രൈവറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നത് ടാക്‌സിയും ആക്കാം. അത്തരത്തില്‍ വളരെ കുറച്ചു മേഖലകളിലേ ആള്‍ട്ടറേഷന്‍ അനുവദിക്കുന്നുള്ളൂ. വാഹനങ്ങളുടെ ആൾട്ടറേഷൻ പ്രോത്സാഹിപ്പിക്കാത്തത് അത് സുരക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാണ്.

ആൾട്ടറേഷന്റെ ഭാഗമായി ചുറ്റിലും വെക്കുന്ന ക്രാഷ് ഗാര്‍ഡുകൾ കാല്‍നടക്കാരന്റെ ജീവന് ഭീഷണിയാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ എയര്‍ ബാഗ് പ്രവര്‍ത്തിപ്പിക്കുന്നതിന് തടസ്സം ഉണ്ടാക്കമെന്നും. അതേ കുറിച്ചെല്ലാം ഒന്നു വിശദീകരിക്കാമോ?

ബുള്‍ ബാര്‍ ആണത്, ക്രാഷ് ഗാര്‍ഡല്ല. അത് നിയമവിരുദ്ധമാണ്. ബുള്‍ ബാര്‍ ഉരുക്ക് കൊണ്ട് ഉണ്ടാക്കിയതിനാല്‍ അതൊരാളെ ഇടിച്ചാൽ ആൾക്ക് വലിയ പരിക്ക് പറ്റും. കാറിന്റെ ബമ്പറുകള്‍ ഭൂരിഭാഗവും ഫൈബര്‍ ആണ്. ഫൈബര്‍ ഭാഗം ഇടിക്കുന്നതും ഇരുമ്പുകൊണ്ടുള്ള ബുള്‍ബാര്‍ ഇടിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടാമത്തെ കാര്യം ഇത്തരം ബുൾബാറുകൾ ഉള്ള വണ്ടികൾ അപകടത്തിൽപെട്ടാൽ എയര്‍ബാഗ് പ്രവർത്തിപ്പിക്കാതെ വരും. സെന്‍സേഴ്‌സ് പ്രവര്‍ത്തിക്കാതിരിക്കാൻ ഇടവരുന്നതുകൊണ്ടാണത്. അതിനാലാണ് ഇത്തരത്തിലുള്ള ആള്‍ട്ടറേഷന്‍ ചെയ്യരുതെന്ന് പറയുന്നത്.

ഇത്തരത്തില്‍ ബുള്‍ ബാറുകള്‍ വെച്ചതുമൂലം അപകടങ്ങളില്‍ ജീവന്‍ നഷ്ടമാവുകയോ മറ്റ് ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്ത കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

അപകടങ്ങളുടെ കാരണങ്ങളെ പ്രത്യേകമായി വിവേചിച്ചു പറയുന്ന കണക്കുകളൊന്നും തന്നെ നമ്മുടെ പക്കലില്ല. ആക്‌സിഡന്റ് ഇന്‍വസ്‌റ്റേഗഷനിലോ കേസ് ഹിസ്റ്ററിയിലോ ഇതൊന്നും അക്കൗണ്ട് ചെയ്യപ്പെടുന്നില്ല എന്ന ന്യൂനത നിലവിലുണ്ട്. പക്ഷെ അതിലെല്ലാം മാറ്റം വരാന്‍ പോവുകയാണ്.കേന്ദ്രസര്‍ക്കാര്‍ ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷനെ പ്രത്യേക ഏജന്‍സിയായി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 

ഒരിക്കല്‍ ഞാന്‍ മലപ്പുറത്ത് ജോലി ചെയ്യുമ്പോള്‍ ഓട്ടോറിക്ഷയില്‍ നിയമവിരുദ്ധമായി നടത്തിയ ആള്‍ട്ടറേഷന്‍ മൂലം ഒരാള്‍ ദാരുണമായി മരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയുടെ സൈഡില്‍ അഡീഷണല്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ബാറുകള്‍ ചിലർ ഘടിപ്പിക്കാറുണ്ട്. അത്തരത്തിലൊരു ഓട്ടോ മോട്ടോര്‍സൈക്കിളുകാരനെ ഇടിച്ചപ്പോള്‍ ഈ കമ്പി പൊട്ടി ബൈക്ക് യാത്രികന്റെ കഴുത്തിലൂടെ തുളച്ചു കയറി . സംഭവസ്ഥലത്തു വെച്ചു തന്നെ അയാള്‍ മരണപ്പെടുകയായിരുന്നു. അങ്ങനെ കുത്തികേറിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അയാള്‍ ചെറിയ പരിക്കുകളുമായി രക്ഷപ്പെട്ടേനേ. 

ലോകം മുഴുവന്‍ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.  2019ല്‍ റോഡ് സേഫ്റ്റി നിയമ ഭേദഗതി വന്നു. സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണങ്ങനെ മാറ്റം വരുത്തിയത്. അതിന്റെ ഭാഗമായി പിഴത്തുക 14 വര്‍ഷത്തിനു ശേഷം കൂട്ടി. ബോഡി കോഡ് വന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ ബോഡി പാര്‍ട്‌സ് പ്രത്യേകം തീപിടിക്കാത്തതും ഇന്റേണൽ ഇന്‍ജുറി കുറയ്ക്കുന്ന തരത്തിൽ ഇരുമ്പു ഫ്രെയിമുകള്‍ ഒഴിവാക്കി ഫൈബര്‍ ആക്കണമെന്ന് നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച്  അപകടം നടക്കുന്ന സമയത്ത് ബസ്സിനുള്ളിലെ ഇരുമ്പുകമ്പികളിൽ തലയിടിച്ചും മറ്റും നിരവധി യാത്രക്കാർക്കാണ് മരിക്കുകയോ ഗുരുതര പരിക്കു പറ്റുകയോ ചെയ്തിട്ടുള്ളത്. അങ്ങനെ ഓരോ ജീവനും രക്ഷിക്കാന്‍ പല നിയമങ്ങളും നമ്മള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇരുമ്പുകൊണ്ടുള്ള വാഹനങ്ങളില്‍ ഇരുന്നാല്‍ സുരക്ഷിതത്വം കൂടുതലാണെന്ന തോന്നലല്ലേ പൊതുവേയുള്ളത്. ഫൈബറിനേക്കാള്‍ ഇരുമ്പ് ബോഡി പാര്‍ട്‌സുള്ള വാഹനത്തിനാണ് സുരക്ഷിതത്വം എന്നല്ലേ പൊതുവേ പറയാറ്?

കാറുകളില്‍ ഡ്രൈവര്‍ കോ ഡ്രൈവര്‍ സീറ്റിനു മുമ്പുള്ള ഭാഗം ക്രംപൾ  സോണ്‍ എന്നാണ് പറയാറ്. ഇടിയേറ്റാല്‍ മുന്നിലെ ഭാഗം ചളുങ്ങി ഒടിഞ്ഞുമടങ്ങി ചുരുങ്ങി വരാന്‍ പാകത്തിലാണ് അതിന്റെ നിര്‍മ്മിതി. അങ്ങനെ ചളുങ്ങുന്നത് ന്യൂനതയല്ല. സ്‌ട്രോങ് ആയി ഇരിക്കുമ്പോള്‍ ആ ഇടിക്ക് ശക്തി കൂടുകയും അതിന്റെ ആഘാതം ഉള്ളിലെ യാത്രക്കാരിലുണ്ടാക്കുകയും ചെയ്യും. എറിയപ്പെട്ട പോലെ ഉള്ളിലെ യാത്രക്കാരുടെ ശരീരം മുന്നോട്ടായും. സീറ്റ് ബെല്‍റ്റിട്ടാലും കഴുത്ത് മുന്നോട്ട് പോയി കഴുത്തിനു ഡാമേജ് വരും. ഇന്റേണല്‍ പാര്‍ട്‌സിനു വലിയ ഇളക്കം വരും. ഇന്റേണല്‍ ബ്ലീഡിങ്ങുണ്ടാക്കും. നേരത്തെ പറഞ്ഞപോലെ ബുള്‍ ബാറുകളിൽ ഇടി വരുമ്പോൾ ഇടിയുടെ ആഘാതം ചേസിസ് ഫ്രെയിമിലേക്കും അത് പിന്നീട് ഇംപാക്ട് ചേസിലും ചേസിലേത് പ്ലാറ്റ്‌ഫോമിലേക്കും പ്ലാറ്റ്‌ഫോമിലെ ആഘാതം സീറ്റിലിരിക്കുന്ന ആളുകളിലേക്കുമെത്തും. അങ്ങനെ നമ്മള്‍ എടുത്തെറിയപ്പെട്ടപോലെയാവും. അതിനാൽ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഓരോ നിയമവും വരുന്നത്. അത് നടപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.

മുമ്പിൽ മാത്രം ഒൻപത് ലൈറ്റുകളാണ് പിടിച്ചെടുത്ത നെപ്പോളിയൻ വാഹനത്തിൽ കൂടുതലായി ഉണ്ടായിരുന്നത്. ലൈറ്റില്‍ വരുത്തിയ രൂപമാറ്റം കാരണം  ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ എന്തൊക്കെയാണ്?

രാത്രി ഡ്രൈവ് ചെയ്യുന്നവരെല്ലാം പറയുന്ന പരാതിയാണ് എതിരേ വരുന്ന വാഹനങ്ങള്‍ പലനിറത്തിലുള്ള ലൈറ്റിട്ടോടിക്കുന്നത്. ഡിം ലൈറ്റ് ഡിസൈന്‍ തന്നെ എതിരേ വരുന്ന വാഹനങ്ങളോടിക്കുന്നവരുടെ കണ്ണുകളെ ഡിസ്റ്റര്‍ബ് ചെയ്യാത്ത തരത്തിലുള്ളതാണ്. ഡിമ്മടിക്കാനോ പൊസിഷന്‍ മാറ്റാനോ സാധിക്കാതെ ഒരുപാട് പുതിയ ലൈറ്റുകള്‍ ഫിറ്റു ചെയ്യുന്നത് എതിരേ വരുന്നയാളുകളുടെ കാഴ്ചയ്ക്ക തകരാര്‍ വരുത്തുകയും അവര്‍ അപകടങ്ങളില്‍പ്പെടുകയും ചെയ്യും. 

വാഹനമോടിക്കാനുള്ള ഒരാളുടെ ശേഷിയെ ഈ ലൈറ്റുകള്‍ ബാധിക്കുന്നുണ്ട്. ഇത്തരം ലൈറ്റുകൾ ക്ഷീണം ഉണ്ടാക്കുകയും ഇന്‍ഡെയറക്ട് ആയി ഉറക്കത്തിലേക്ക് തള്ളിവിടുകയും ചെയ്യും. വാഹനം ഓടിക്കാനുള്ള കഴിവിനെയും റിയാക്ട് ചെയ്യാനുള്ള കഴിവിനെയുമെല്ലാം അത് ഇല്ലാതാക്കും.

ടയര്‍ മാറ്റം, പെയിന്റിങ മാറ്റം, സ്റ്റിക്കര്‍ പാടില്ല എന്നിങ്ങനെയുള്ള കാര്യത്തിൽ കർശന നിയമം പാലിക്കണമെന്ന കോടതിവിധിയുണ്ടല്ലോ. ഇത് പാടില്ല എന്ന പറയുന്നതിലെ ശാസ്ത്രീയത വിവരിക്കാമോ?

ഒരു വെള്ളയില്‍ കറുപ്പ് സ്റ്റിക്കറുള്ള മാരുതി ഒരാളെ ഇടിച്ചിട്ടാല്‍ ദൃക്‌സാക്ഷികളും അപകടത്തില്‍പ്പെട്ടവരും അതിനെ ഐഡന്റിഫൈ ചെയ്യുന്നത് കറുപ്പും വെള്ളയും നിറമുള്ള കാര്‍ ആയിട്ടായിരിക്കും. എന്നാല്‍ അപകടം കഴിഞ്ഞാല്‍ ഇവര്‍ക്ക് നിറം മാറ്റാനോ സ്റ്റിക്കര്‍ പറിക്കാനോ ഉള്ള സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ അത് ക്രൈമിനെ സഹായിക്കും. ക്രൈമുമായി ബന്ധപ്പെട്ട് സ്റ്റിക്കറുകള്‍ ദുരുപയോഗം ചെയ്യപ്പെടും. 

ഇനി ടയറിന്റെ കാര്യത്തിലാണേൽ വാഹനത്തിന്റെ എന്‍ജിന്‍ സ്പീഡ്, ഗിയര്‍ റേഷ്യോ, ഫ്യുവല്‍ എക്കണോമി, റോഡ് ഗ്രിപ് എന്നിവയെല്ലാം കണക്കാക്കിയാണ് വാഹനത്തിനനുയോജ്യമായ ടയര്‍ കമ്പനികള്‍ ഇറക്കുന്നത്. അത് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല. ഓഫ് റോഡ് പര്‍പ്പസിനു പൊതു നിരത്തിലല്ലാതെ ടയർ മാറ്റുന്നതിൽ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റ് ഇടപെടാറില്ല. അത്തരം വിട്ടുവീഴ്ചകളും ചെയ്യാറുണ്ട്.

വാഹനത്തിന്റെ ബ്രേക്ക് എഫിഷ്യന്‍സിയെ ബാധിക്കല്‍, സ്റ്റിയറിങ്ങില്‍ ലോഡ് കൂടുതല്‍ വരല്‍, ഫ്യുവല്‍ എക്കണോമിയെ ബാധിക്കുന്നതിലൂടെ മലിനീകരണ തോത് കൂടൽ എന്നിവയൈല്ലാം ടയര്‍ ആള്‍ട്ടറേഷന്റെ പ്രത്യാഘാതങ്ങളാണ്.

ചൂട് കാലാവസ്ഥയില്‍ ഒട്ടും ടിന്റഡ് ഗ്ലാസ്സിലാതെ യാത്രചെയ്യേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടല്ലേ. മാത്രവുമല്ല വിഐപികൾ കർട്ടനിട്ട് യാത്രചെയ്യുന്നെന്ന പരാതിയുമുണ്ട്  ചിലർക്കെങ്കിലും

സൈഡ് ഗ്ലാസ്സുകള്‍ക്ക് 75 ശതമാനം ട്രാന്‍സ്പരന്‍സി ഉണ്ടാവണം.  ക്രിമിനല്‍ ആക്ടിവീറ്റീസ് തടയുന്നതുമായി ബന്ധപ്പെട്ടാണ് ജഡ്ജ്‌മെന്റ് സ്‌ട്രോങ് ആയി വന്നത്. പ്രത്യേകിച്ച് നിർഭയ സംഭവത്തിനു ശേഷം. മുഖ്യമന്ത്രിമാര്‍, ചീഫ് ജസ്റ്റിസുമാര്‍ തുടങ്ങീ ചുരുങ്ങിയ ആളുകള്‍ക്ക് കര്‍ട്ടനിട്ട് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ രാജ്യത്ത് പല  ജഡ്ജിമാരും അങ്ങനെ കര്‍ട്ടനുപയോഗിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

ഹോണ്‍ ഫ്രീക്വന്‍സി മാറ്റവും സൈലന്‍സറില്ലാതെ ഓടിക്കുന്ന പ്രവണതയും ചെറുപ്പക്കാരിൽ പലരിലും കാണുന്നുണ്ട്. ഈ പ്രവണതയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ്. സൈലന്‍സറിന്റെ കാര്യത്തില്‍ എംവിഡി അത്ര സ്ട്രിക്ടല്ല എന്ന് തോന്നിയിട്ടുണ്ട്?

കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുന്നുണ്ട്. ഇത്തരക്കാരെ കണ്ട് അവരുടെ വീടുകളില്‍ പോയി കുടുംബാംഗങ്ങളുടെ മുമ്പില്‍ വെച്ച് അവര്‍ക്ക് ബോധവത്കരണം നടത്തി വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഇത് തുടങ്ങിയത്. നിയമവിരുദ്ധമായ ആള്‍ട്ടറേഷന്‍ ചെയ്യരുതെന്ന് വര്‍ക്ക്‌ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇനി ഹോണ്‍ കള്‍ച്ചര്‍ വളരെ മോശമാണ് പലയാളുകളുടേതും. ക്ഷമയില്ലാത്ത പെരുമാറ്റ രീതിയാണത്. ഹോണടിയിൽ നിന്നു തന്നെ ഒരാളുടെ സ്വഭാവം മനസ്സിലാവും. നടന്നു പോകുമ്പോള്‍ എക്‌സ്‌ക്യൂസ്മി പറയും പക്ഷെ ഹോണടിക്കുമ്പോള്‍ നീട്ടിപ്പിടിച്ചടക്കും. 

ഹോണടിയും സൈലൻസറില്ലാതെ വണ്ടിയോടിക്കലും സൗണ്ട് പൊലൂഷന്‍ ഉണ്ടാക്കുന്നതു മാത്രമല്ല സ്‌ട്രോക്, ബിപി എന്നിവയുള്ള രോഗികള്‍ക്ക് ഹോണ്‍ വലിയ പ്രശ്‌നമാണ്. ഗര്‍ഭിണികള്‍ അനുവദനീയമല്ലാത്ത ഹോണ്‍ ഫ്രീക്കന്‍സിക്ക് എക്‌സപോസ്ഡ് ആകുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ശ്രവണാരോഗ്യത്തെ വരെ ബാധിക്കുമെന്ന ചില പഠനങ്ങളുണ്ട്. പല കേൾവി പ്രശ്‌നങ്ങൾക്കും ഇത്തരത്തിൽ കഠോരമായ ശബ്ദങ്ങൾക്ക് എക്‌സ്‌പോസ്ഡ് ആകുന്നത് ഒരു കാരണമാണ്.

ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് ഒരുപാട് കച്ചവടക്കാരുണ്ട്. അവര്‍ക്ക് തൊഴിലില്ലാതാവും, ഇതൊരു വേറെ ആര്‍ട്ട് ആണ് എന്ന് തുടങ്ങിയ പരിവേദനങ്ങള്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോള്‍ നാം കേള്‍ക്കുന്നതാണ്. 

മദ്യം സ്വന്തമായി ഉണ്ടാക്കി കൊടുക്കുന്നത് നടക്കുന്ന കാര്യമാണോ. ഉണ്ടാക്കാന്‍ അനുമതിയില്ലാത്ത ഓട്ടോമൊബൈല്‍ പാര്‍ട്‌സ് ഉണ്ടാക്കുന്നതും അതുപോലെ നിയമവിരുദ്ധമാണ്. ആഹാരത്തിന്റെയും മരുന്നിന്റെയുമെല്ലാം ക്വാളിറ്റി ഇപ്പോൾ പരിശോധിക്കപ്പെടുന്നില്ലേ. അത് പോലെ തന്നെയാണ് സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിലും. എല്ലാം ഇനിയും കൂടുതൽ കർശനമാവുകയേയുള്ളൂ.

ഇത്തരം നിയമലംഘനങ്ങളുടെ കാര്യത്തിൽ പ്രത്യേക ഏജ് ഗ്രൂപ്പ് എന്നൊന്നുണ്ടോ?

18നും 25നുമിടയിലുള്ളവരിലാണ് ഇത്തരം ആള്‍ട്ടറേഷൻ പ്രവണത കൂടുതലായും കണ്ടുവരുന്നത്. അപകടം ഉണ്ടാകുന്നതുവരെ എനിക്കിത് സംഭവിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് അവരിത് ചെയ്യുന്നത്.

"പിങ്ക് പോലീസിന്റെ വണ്ടിക്ക് പിങ്ക് നിറം കൊടുത്തല്ലോ, സാധാരണക്കാരന് മാത്രമേ ആള്‍ട്ടറേഷന്‍ നിയമം ബാധകമുള്ളോ" എന്ന തരത്തില്‍  പ്രചാരണം  നടക്കുന്നുണ്ട്. 

എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി വാഹനങ്ങൾ, ആംബുലന്‍സ്, ഫയര്‍ സര്‍വ്വീസ്, കെ എസ് ആര്‍ടിസി എന്നിവക്ക് ഓരോ കളർ പാറ്റേണ്‍ ഉണ്ട്. ജനങ്ങളുടെ സുരക്ഷാ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ അവയെ എളുപ്പം തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരം വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകിയിരിക്കുന്നത്.

പിങ്ക് പോലീസ് വാഹനത്തിനെ എവിടെ നിന്നും എത്രയും പെട്ടെന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കാവണം. അതിനാണ് പ്രത്യേക കളര്‍കോഡ്. അങ്ങനെ അനുമതി നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അത്തരം വിവരക്കേടിനെയൊക്കെ ഖണ്ഡിക്കേണ്ടത് ഗതികേടാണ്. മാത്രവുമല്ല രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വാഹനങ്ങള്‍ക്ക് റോഡിലൂടെ പോകുമ്പോള്‍ വഴിയൊരുക്കി കൊടുക്കേണ്ട കടമ കൂടിയുണ്ട് നമുക്ക്. അതെല്ലാം നിറം അനുസരിച്ചല്ലേ കഴിയൂ. കാക്കിയൂണിഫോമും സ്റ്റാറുമെല്ലാം വെച്ച് ഞങ്ങളും നടന്നോട്ടെ എന്ന പ്രചാരണവും കേൾക്കേണ്ടിവരുമോ?

നിയമം ശക്തമായി നടപ്പാക്കിയതിലൂടെ ആക്‌സിഡന്റ് നിരക്കില്‍ പ്രതീക്ഷാ നിര്‍ഭരമായ എന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ?

മുന്‍വർഷങ്ങളിൽ നിന്ന് ആക്‌സിഡന്റ് മരണങ്ങളില്‍ 25 ശതമാനം  കുറവുണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ പരിഗണിക്കാതെ തന്നെ കോവിഡ് റസ്ട്രിക്ഷൻ ഇല്ലാത്ത സമയങ്ങളിലാണ് ഈ വലിയ മാറ്റം കാണുന്നത്.

content highlights: interview with deputy transport commissioner Shaji Madhavan